
'അയ്യോ എന്റെ രണ്ടു സെന്റ്!'
വര്‍ഷങ്ങള്‍ക്കു മുമ്പാണ് അമ്മ ഇങ്ങനെ വിലപിക്കുന്നത് കേട്ടത്. കുടുംബത്തില്‍ നിന്ന് വീതം കിട്ടിയ പത്തു സെന്റ് റീസര്‍വേ കഴിഞ്ഞപ്പോള്‍ എട്ടു സെന്റായി കുറഞ്ഞപ്പോഴായിരുന്നു അത് . വഴിക്കൊക്കെ പോയിക്കാണുമെന്ന് പറഞ്ഞ് അന്ന് അമ്മയെ സമാധാനിപ്പിച്ചു .പക്ഷേ പിന്നീട് സ്വന്തമായി ഒരു തുണ്ട് മണ്ണെങ്കിലും വാങ്ങാനാശിച്ച കാലത്ത് അതിന്റെ പൊന്നും വില കേട്ടപ്പോഴാണ് അമ്മയുടെ ആ വിലാപത്തിന്റെ ആഴം തിരിച്ചറിഞ്ഞത്. രണ്ടു സെന്റ് തിരിച്ചു പിടിക്കാന്‍ അധികാരികളെ അമ്മ ആവലാതി ബോധിപ്പിച്ചു. പക്ഷേ പ്രയോജനമൊന്നുമുണ്ടായില്ല. പോയതു പോയെന്ന് സ്വയം സമാധാനിച്ച് ആവലാതി സര്‍ക്കാര്‍ കാര്യത്തിന്റെ മുറപ്രകാരത്തിന് വിട്ട് എട്ടു സെന്റിന്റെ കരമടവ് തുടരുന്നു.
ഉള്ളതോ ഒരു തുണ്ട് ഭൂമി. അതും നഷ്ടമാകുമ്പോള്‍ ഞങ്ങളെപ്പോലെ എല്ലാവര്‍ക്കും പോയതു പോകട്ടെയെന്ന് പറയാനാകുമോ? ഇല്ലേയില്ല. ഭൂ സ്വത്തിന് ഇത്ര വിലയുള്ള നാട്ടില്‍ ഒരിക്കലുമാകില്ല. സര്‍ക്കാര്‍ നടപടിക്കുരുക്കില്‍ നിന്ന് സ്വന്തം മണ്ണിന് വിടുതലാക്കാന്‍ നടന്ന് നടന്ന് സഹികെട്ട സാം കുട്ടി ചെയ്ത് എന്താണ്? നിയമം കയ്യിലെടുത്തു . വെള്ളറടയിലെ വില്ലജ് ഓഫിസിന് തീയിട്ടു. റീസര്‍വേയില്‍ നിലം പുരയിടവും പുരയിടം നിലവുമായപ്പോള്‍ ചെമ്മണ്ണാറിലെ ബെറ്റി സജി ചെയ്തതോ ? ജീവനൊടുക്കി. (നിയമം കയ്യിലെടുക്കുന്നതോ വിലപ്പെട്ട ജീവന്‍ വെടിയുന്നതോ പരിഹാരമല്ലെന്ന് തന്നെയാണ് വിശ്വാസം ... അതിനാല്‍ ന്യായീകരിക്കുന്നില്ല. അതു പോലെ അവരെ അതിലേയ്ക്ക് തള്ളി വിട്ട സര്‍ക്കാര്‍ മുറ അതിനെക്കാള്‍ ആയിരം ഇരട്ടി ഗുരുതരമായ കുറ്റകൃത്യമെന്നതിലും ലവലേശം സംശയമില്ല താനും)
50 വര്‍ഷമായിട്ടും അളന്നു തീരാത്തെ കേരളത്തെക്കുറിച്ച് . അളന്നിട്ടും അളവ് തെറ്റുന്നതിനെപ്പറ്റി. റീസര്‍വേയെപ്പറ്റി ഒരു പരമ്പര. അതും ഒരു റിപ്പോര്‍ട്ടര്‍ തന്നെ പല സ്ഥലങ്ങളില്‍ സര്‍വേ പ്രശ്‌നങ്ങള്‍ തേടി അലയുന്ന റോവിങ് റിപ്പോര്‍ട്ടര്‍ എന്ന പുതിയ പരിപാടി. ഏഷ്യാനെറ്റ് ന്യൂസില്‍ നടപ്പാക്കാന്‍ പോകുന്ന നവീനാശയത്തെക്കുറിച്ചും അതിന്റെആദ്യ വിഷയത്തെക്കുറിച്ചും അതിന്റെ അലച്ചിലിനെക്കുറിച്ചും പി.ജി സുരേഷ് കുമാര്‍ പറഞ്ഞപ്പോള്‍ ഓര്‍ത്തത് അമ്മയുടെ സങ്കടത്തെക്കുറിച്ചല്ല. അടുത്ത കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ സാം കുട്ടിയെക്കുറിച്ചും ബെറ്റിയെക്കുറിച്ചുമാണ് .
യു.ഡി.എഫ് തറവാട് വിടുന്നതിന്റെ 'സങ്കടം' കെ.എം മാണി പങ്കുവച്ച ചരല്‍ക്കുന്നിലെ വാര്‍ത്താ സമ്മേളനത്തിലിരിക്കുമ്പോഴും കടും കട്ടിയായ ഭൂ പ്രശ്‌നങ്ങളിലേയ്ക്കിറങ്ങേണ്ടിവരുന്നതിന്റെ ചിന്താഭാരത്തിലായിരുന്നു ഞാന്‍. കുറെ മനുഷ്യരും അവരുടെ മണ്ണിന്റെ പ്രശ്‌നവുമാണ്. അതെല്ലാം അറിയാവുന്ന ഉദ്യോഗസ്ഥര്‍ (അങ്ങനെയാണല്ലോ കരുതേണ്ടത് ) കൈക്കൊള്ളുന്ന നടപടിക്രമത്തിന് കാരണമായ നിയമപ്രശ്‌നവുമാണ് മറുവശത്ത് .
റീസര്‍വേയ്ക്ക് അടിസ്ഥാനം സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്തെ സെറ്റില്‍ മെന്റ് റജിസ്റ്റര്‍. അതായത് രാജഭരണ കാലമെന്നോ കോളനിവാഴ്ച കാലമെന്നോ വിളിക്കാമെന്ന കാലത്ത് അളന്നു തിരിച്ചു തീര്‍പ്പാക്കിയ ഭൂരേഖ ( വടക്കന്‍ വീരഗാഥ സിനിമയിലെ എം.ടി ഡയലോഗില്‍ പാതി കടമെടുത്ത് പറയട്ടെ ,അവര്‍ അളന്നു തിരിച്ചത് തെറ്റാണെന്ന് പറയാനുള്ള പഠിപ്പ് തികഞ്ഞിട്ടില്ല മക്കളെ). അതിനൊപ്പം സ്വാതന്ത്ര്യം കിട്ടിയ ശേഷം വില്ലേജില്‍ തയ്യാറാക്കിയ കരമടവ് റജിസ്റ്ററും ( ബി.ടി.ആര്‍ )തണ്ടപ്പേര്‍ റജിസ്റ്ററും .( സ്ഥലത്തിന്റെ നിജ സ്ഥിതി നോക്കാതെ തയ്യാറാക്കിയതല്ല ,കണ്ടെഴുത്ത് രേഖകളെന്ന് വിദഗ്ധ വിമര്‍ശനം ).
66 ല്‍ അളവ് തുടങ്ങി. ആദ്യ അളവ് പത്തു വര്‍ഷക്കാലത്തോളം തുടര്‍ന്നു . പക്ഷേ അളന്നു തിരിച്ചത് രേഖയിലാക്കി നടപ്പാക്കിയത് പിന്നെയും 30 വര്‍ഷങ്ങള്‍ കഴിഞ്ഞ. ഇക്കാലയളവിനിടെയുണ്ടായ ഭൂമി കൈമാറ്റങ്ങളൊന്നും കൃത്യമായ പ്രതിഫലിപ്പിക്കാതെ റീസര്‍വേ നടപ്പിലാക്കി . 881 വില്ലേജുകളില്‍ റീസര്‍വേ പ്രാബല്യത്തിലായി . പിന്നാലെ പരാതി പ്രളയം ( അലഞ്ഞു തിരിയല്‍ റിപ്പോര്‍ട്ടര്‍ തയ്യാറെടുപ്പിനുള്ള വിവരശേഖരണത്തിനിടെ മനസിലാക്കിയെടുത്തത്). എന്നാല്‍ എല്ലാ പരാതികളും ന്യായമാണെന്ന് മുന്‍ വിധിയൊന്നുമില്ല.

റീ സര്‍വേ കൊണ്ട് മുറിവേറ്റവര്‍.
സാം കുട്ടിയുടെ ജയില്‍വാസത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസ് 'അന്വേഷണം' കാണുക
..........................................................................................................................................................................................................
ഒരു മുന്‍ വിധിയുമില്ലാതെ കളത്തിലിറങ്ങിയപ്പോള്‍ ഞാന്‍ അലയുന്നതേയില്ലെന്ന് മനസിലായി.ആകെയുണ്ടായിരുന്ന ഒരു പിടി മണ്ണ് സര്‍ക്കാര്‍ ഭൂമിയായി, പുറമ്പോക്കിലായവരുടെ കണ്ണീരായിരുന്നു മുന്നില്‍. നട്ടു നനച്ച കൃഷി ഭൂമി ആവിയായവരുടെ സങ്കടങ്ങള്‍. സര്‍വേ നമ്പരിന്റെ ഒരക്കം മാറിപ്പോയതിന്റെ പേരില്‍ മക്കള്‍ക്ക് കുടുംബ സ്വത്ത് കൈമാറാനാകാത്തതിന്റെ വൃദ്ധവൃഥകള്‍. പരിഹാരം തേടി സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് ഓഫിസുകളിലേയ്ക്ക് അലയുന്നവരുടെ തീരാനോവുകള്‍. കൈമടക്ക് ചരുത്തുന്ന കറവപ്പശുക്കളായി മാറാന്‍ വിധിക്കപ്പെട്ടവരുടെ ചോരയും നീരും വിയര്‍പ്പായതിന്റെ ദൈന്യത.
അതിന്റെ മറുവശവുംകേട്ടു, കണ്ടു. ഒരു വില്ലേജില്‍ ഒരു സര്‍വേയറെ പോലും കൊടുക്കാനാകാത്ത സര്‍വേ വകുപ്പെന്ന പരാതി. 1664 വില്ലേജുകള്‍. 1652 ജീവനക്കാര്‍. ഇത്രയുമേറെ ഭൂമി അളന്നു തീര്‍ക്കേണ്ടത് ഇത്ര കുറച്ച് ഉദ്യോഗസ്ഥര്‍. അതിനിടയില്‍ വികസന പദ്ധതികള്‍ക്കായുള്ള സ്ഥലവും അളക്കണം . ഇതിനെല്ലാം ഇടയില്‍ എങ്ങനെ അളന്നു തീര്‍ക്കുമെന്ന ചോദ്യവും ന്യായം. രേഖകള്‍ കൃത്യമായ പുതുക്കാതെയും സൂക്ഷിക്കാതെയും റവന്യൂ വകുപ്പ് . സ്ഥലത്തിന്റെ നിജസ്ഥിതി പരിശോധിക്കാതെ ആധാരം നടത്തുന്ന റജിസ്‌ട്രേഷന്‍ വകുപ്പ് .... (ഒന്നിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്ത നാടെന്ന അധിക പ്രസംഗം നടത്താന്‍ തോന്നുന്ന സര്‍ക്കാര്‍ മുറകള്‍ )
ക്ഷമിക്കുക, ഭരണകൂട പരിദേവനങ്ങളെ അതിന്റെ വഴിക്ക് വിടുന്നു .കിഴുവിലത്ത് പുറമ്പോക്കിലായ ഷീജയ്ക്കും അയല്‍ വാസികള്‍ക്കും നീതി കിട്ടണം. അണക്കരയിലെ ജോസഫിന് നഷ്ടമായ 30 സെന്റ് എവിടെയെന്നറിയണം. കരമടച്ചു പെരുവഴിയില്‍ ജീവിക്കുന്നുവെന്ന കറുത്ത ഹാസ്യം സ്വന്തം സ്ഥിതിയെക്കുറിച്ച് പറയുന്ന വാഗമണ്ണിലെ ശിവന്‍ പിള്ളയുടെ ജീവിതത്തിനുമീതെ നിറഞ്ഞ കോട നീങ്ങണം.
നിയമം വിട്ടൊരു പരിഹാരത്തിനായല്ല. വര്‍ഷങ്ങളായി അലയുന്നവരുടെ ആവലാതികള്‍ കേരളം നിര്‍ബന്ധമായും കാണണമെന്ന അനിവാര്യതയ്ക്കായാണ് ഈ യാത്ര. നിയമവഴിയിലൂടെ മാത്രമുള്ള അടിയന്തിര പരിഹാരമാണ് തേടുന്നത്.
അതെ, നാളെ മുതല്‍ റോവിങ് റിപ്പോര്‍ട്ടര്‍ യാത്ര തുടങ്ങുന്നു, വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണെന്ന് ഉറച്ച ബോധ്യത്തോടെ.

