വില്യം ബുള്ളക്ക്

പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഫാക്ടറി തൊഴിലാളിയായിരുന്നു വില്യം ബുള്ളക്ക്. അന്നത്തെ കാലത്ത് അതൊരു എളുപ്പമുള്ള ജോലിയായിരുന്നില്ല. കുറവ് ശമ്പളത്തിന് നീണ്ട മണിക്കൂറുകളും അപകടകരമായ സാഹചര്യങ്ങളിൽ പണിയെടുക്കേണ്ടി വന്നിരുന്നു തൊഴിലാളികൾക്ക്. ആരോഗ്യവും, സുരക്ഷയും ഫാക്ടറി ഉടമകളുടെ മുൻ‌ഗണനയല്ലാത്തതിനാൽ, എണ്ണമറ്റ തൊഴിലാളികൾക്ക് യന്ത്രങ്ങളുടെ ഇടയിൽപെട്ട് അവയവങ്ങൾ നഷ്ടപ്പെടുകയും, മരണപ്പെടുകയും വരെ ചെയ്തിരുന്നു. എന്നാൽ, ബുള്ളക്ക് ഒരു സാധാരണ ഫാക്ടറി തൊഴിലാളിയല്ല. വെബ് റോട്ടറി പ്രിന്റിംഗ് പ്രസ്സ് കണ്ടുപിടിച്ച ആളാണ് അദ്ദേഹം. അച്ചടി വേഗത്തിലും കാര്യക്ഷമമായും കൂടുതൽ ലാഭത്തിലും നടത്താൻ സഹായിക്കുന്ന ഒരു യന്ത്രമായിരുന്നു അത്. എന്നാൽ, ഏറ്റവും സങ്കടകരമായ കാര്യം, തന്റെ സമ്പാദ്യം മുഴുവൻ മുടക്കി ഉണ്ടാക്കിയ ആ യന്ത്രം ബുള്ളോക്കിന്റെ ജീവൻ എടുത്തു എന്നതാണ്. യന്ത്രത്തിന്റെ ഡ്രൈവിംഗ് ബെൽറ്റിൽ ബുള്ളക്കിന്റെ കാൽ കുടുങ്ങി. അദ്ദേഹം രക്ഷപ്പെട്ടെങ്കിലും, കാൽ പഴുക്കാൻ തുടങ്ങി. കാല് മുറിച്ച് മാറ്റണമെന്ന് ശസ്ത്രക്രിയാ വിദഗ്ധർ പറഞ്ഞു. എന്നാൽ, ബുള്ളക്ക് ആ ഓപ്പറേഷനെ അതിജീവിച്ചില്ല, വെറും 54 വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു.

ഹെൻറി സ്മോലിൻസ്കി

നോർട്രോപ്പ് പരിശീലനം നേടിയ ഒരു എഞ്ചിനീയറായിരുന്നു ഹെൻറി സ്മോലിൻസ്‍കി. ഒരു ഫ്ലൈയിംഗ് കാർ വിപണിയിലെത്തിക്കാൻ ആഗ്രഹിച്ച അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചു അതിനായി ഒരു കമ്പനി തുടങ്ങി. അദ്ദേഹവും പങ്കാളിയായ ഹാൽ ബ്ലെയ്ക്കും ചേർന്ന് ഒരു കാറും വിമാനവും കൂട്ടിയിണക്കി ഒരു സവിശേഷ ഡിസൈൻ സൃഷ്ടിച്ചു. AVE Mizar എന്നാണ് ആ കാർ അറിയപ്പെടുന്നത്. 1971 -ൽ തന്റെ കമ്പനിയായ അഡ്വാൻസ്ഡ് വെഹിക്കിൾ എഞ്ചിനീയേഴ്സ് വഴി, പറക്കുന്ന കാറുകളുടെ ഒരു പ്രോട്ടോടൈപ്പ് അദ്ദേഹം നിർമ്മിച്ചു. അഡാപ്റ്റീവ് നിയന്ത്രണങ്ങൾ ഉപയോഗിച്ച് ഒരു കാറായോ വായുവിൽ ഒരു വിമാനമായോ ഓടിക്കാൻ പറ്റുന്ന രീതിയിൽ അത് രൂപകൽപ്പന ചെയ്യപ്പെട്ടു. എന്നൽ 1973 സെപ്റ്റംബർ 11 -ന്, ഒരു പരീക്ഷണ പറക്കലിനിടെ വെൽഡുകൾ ഇളകിയതിനെ തുടർന്ന് സ്മോലിൻസ്കിയും സുഹൃത്തും ഹരോൾഡ് ബ്ലെയ്ക്കും മരണപ്പെടുകയായിരുന്നു. 

തോമസ് മിഡ്‌ഗ്ലി ജൂനിയർ

അമേരിക്കൻ എഞ്ചിനീയറും രസതന്ത്രജ്ഞനുമായിരുന്നു തോമസ് മിഡ്‌ഗ്ലി. ഗ്യാസോലിൻ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണദ്ദേഹം. കൂടാതെ അദ്ദേഹത്തിന്റെ ജീവിതകാലത്ത് നൂറിലധികം പേറ്റന്റുകൾ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ഒടുവിൽ 51 -ാം വയസ്സിൽ പോളിയോ പിടിപെട്ടപ്പോൾ, അദ്ദേഹം കിടപ്പിലായി. മറ്റുള്ളവരുടെ സഹായമില്ലാതെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കയർ ഉപയോഗിച്ച് അദ്ദേഹം ഒരു സംവിധാനം കണ്ടുപിടിച്ചു. ആദ്യമൊക്കെ വലിയ പ്രശ്‌നമില്ലാതെ അത് പ്രവർത്തിച്ചു. എന്നാൽ 1944 -ൽ, 55 വയസ്സുള്ളപ്പോൾ, അത് കേടാവുകയും ആ കയറിൽ കുരുങ്ങി അദ്ദേഹം മരിക്കുകയുമാണ് ഉണ്ടായത്. 

ഹെൻറി വിൻസ്റ്റാൻലി

ഒരു അന്താരാഷ്ട്ര വ്യാപാരിയും കപ്പൽ ഉടമയുമായിരുന്നു ഇംഗ്ലീഷുകാരനായ ഹെൻ‌റി വിൻ‌സ്റ്റാൻ‌ലിക്ക്. തന്റെ രണ്ടാമത്തെ കപ്പലും പാറയിൽ ഇടിച്ച് തകർന്നപ്പോൾ, ഒരു ലൈറ്റ് ഹൗസ് നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു. വിൻസ്റ്റാൻലി ഒരു എഞ്ചിനീയർ കൂടിയായിരുന്നു. പാറകൾ നിറഞ്ഞ ചെങ്കുത്തായ കടലോരത്ത് അദ്ദേഹം തന്റെ ലൈറ്റ് ഹൗസ് പണിതു. ഒരു കൊടുങ്കാറ്റിനിടെ അദ്ദേഹത്തിന്റെ മുൻ ഡിസൈനുകൾ നശിച്ചപ്പോൾ, മെച്ചപ്പെട്ട ഇരുപത്തിനാലു അടി വ്യാസമുള്ള അടിത്തറയിൽ നിന്ന് എൺപത് അടി ഉയരമുള്ള ലൈറ്റ് ഹൗസ് അദ്ദേഹം വീണ്ടും രൂപകൽപ്പന ചെയ്തു. അന്ന് അഭിമാനത്തോടെ ലോകത്തോട് അദ്ദേഹം പറഞ്ഞു, 'ഏത് വലിയ കൊടുങ്കാറ്റിലും ഈ ലൈറ്റ് ഹൗസ് അതിജീവിക്കും.' വിൻസ്റ്റാൻലിയെ ഒരു നായകനായിട്ടാണ് മത്സ്യത്തൊഴിലാളികൾ കണക്കാക്കിയത്. പിന്നീടുള്ള അഞ്ച് വർഷത്തേക്ക്, എഡ്ഡിസ്റ്റോൺ പാറകളിൽ ഒരു കപ്പൽ പോലും ഇടിച്ചു നശിച്ചില്ല. എന്നാൽ, ഗ്രേറ്റ് ബ്രിട്ടനിലാഞ്ഞു വീശിയ കൊടുങ്കാറ്റ് അദ്ദേഹത്തെയും, ലൈറ്റ് ഹൗസിനേയും കടലിലേയ്ക്ക് വലിച്ചെറിഞ്ഞു.  

ഇസ്മായിൽ ഇബ്നു ഹമ്മദ് അൽ ജവാരി

ഇന്നത്തെ കസാക്കിസ്ഥാനിലെ ഫറാബ് നഗരത്തിൽ ജീവിച്ചിരുന്ന ഇസ്‍മായിൽ ഇബ്‍നു ഹമ്മദ് അൽ ജവാരിയ്ക്ക് പറക്കാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. പക്ഷിയെപ്പോലെ പറക്കുന്ന കലയിൽ തനിക്ക് പ്രാവീണ്യം നേടാമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ഒരു പ്രോട്ടോടൈപ്പ് ഗ്ലൈഡർ ആവിഷ്കരിച്ചു. അത് ഒരു പക്ഷിയുടെ ചിറകിന്റെ മാതൃകയിലായിരുന്നു നിർമ്മിച്ചിരുന്നത്. രണ്ട് തടി ചിറകുകളും കയറും ഉപയോഗിച്ച് പറക്കാൻ അദ്ദേഹം ശ്രമിച്ചു. ഇതിനായി നിഷാപൂരിലെ ഒരു പള്ളിയുടെ മേൽക്കൂരയിൽ നിന്ന് ചാടിയ അദ്ദേഹം പക്ഷേ വീണ് മരിക്കുകയായിരുന്നു. 

മേരി ക്യൂറി

പോളിഷ് ഭൗതികശാസ്ത്രജ്ഞയായ മേരി ക്യൂറി നൊബേൽ സമ്മാനം നേടിയ ആദ്യത്തെ വനിതയായിരുന്നു. മാത്രമല്ല, രണ്ട് വ്യത്യസ്ത ശാസ്ത്രങ്ങളിൽ നോബൽ സമ്മാനം നേടിയ ഒരേയൊരു വ്യക്തിയും അവരാണ്. ക്യൂറിയുടെ ഏറ്റവും വലിയ സംഭാവന റേഡിയോ ആക്ടിവിറ്റിയെക്കുറിച്ചുള്ള അവളുടെ അന്വേഷണമായിരുന്നു. എല്ലാറ്റിനുമുപരിയായി, റേഡിയത്തിന്റെയും പോളോണിയത്തിന്റെയും റേഡിയോ ആക്ടീവ് ഘടകങ്ങൾ കണ്ടെത്തിയതിന്റെ ബഹുമതിയും അവർക്കാണ്. റേഡിയം വേർതിരിക്കുന്നതിനുള്ള ഒരു വഴിയും അവർ കണ്ടെത്തി. എന്നാൽ റേഡിയോ ആക്ടീവ് വസ്തുക്കളുമായുള്ള ദീർഘകാല സമ്പർക്കം അവരുടെ ആരോഗ്യത്തെ ബാധിച്ചു. ഒടുവിൽ രക്താർബുദം ബാധിച്ച് 1934 ജൂലൈ 4 -ന് അവർ മരണപ്പെടുകയായിരുന്നു.   

തോമസ് ആൻഡ്രൂസ്

തോമസ് ആൻഡ്രൂസ് ഒരു ഐറിഷ് ബിസിനസുകാരനും കപ്പൽ നിർമ്മാതാവുമായിരുന്നു. ഡ്രാഫ്റ്റിംഗ് ഡിപ്പാർട്ട്‌മെന്‍റിന്റെ തലവൻ എന്ന നിലയിൽ, തോമസ് ആൻഡ്രൂസ് മൂന്ന് വമ്പൻ സൂപ്പർലൈനറുകളിൽ ജോലി ചെയ്യുകയുണ്ടായി. അതിലൊന്ന് ടൈറ്റാനിക് ആയിരുന്നു. അത് രൂപകൽപ്പന ചെയ്യുമ്പോൾ ഓരോ ഘട്ടവും വിശദമായി ശ്രദ്ധിച്ചുകൊണ്ട്, തോമസ് ആൻഡ്രൂസ് ആദ്യം നിർദ്ദേശിച്ചത് അതിന് കുറഞ്ഞത് 46 ലൈഫ് ബോട്ടുകൾ, വെള്ളമില്ലാത്ത ബൾക്ക്ഹെഡുകൾ, ഇരട്ട ബോഡി ഫ്രെയിം എന്നിവ വേണമെന്നായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഈ നിർദ്ദേശം ഉന്നത ഉദ്യോഗസ്ഥർ അവഗണിച്ചു.1912 ഏപ്രിൽ 14 സതാംപ്ടണിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അതിന്റെ ആദ്യത്തെ യാത്രയിൽ തന്നെ അത് മുങ്ങിയപ്പോൾ, അദ്ദേഹവും അതിലുണ്ടായിരുന്നു.