ഷേംഷാറിലെ വട്ടാനി സ്റ്റേഡിയത്തില്‍ നടക്കുന്ന നാഷണല്‍ ലീഗ് ടൂര്‍ണമെന്‍റ് ദൃശ്യങ്ങളാണ് പരീസ പകര്‍ത്തിയത്.
ഈ ഇറാനിയന്‍ ഫോട്ടോ ജേണലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. വര്‍ഷങ്ങളായി സ്വന്തം രാജ്യത്ത് നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെയുള്ള അപകടകരമല്ലാത്തതും ക്രിയാത്മകമായതുമായ ഒരു സമരം കൂടിയാണ് അത്.
പുരുഷന്മാരുടെ ഫുട്ബോള്‍ മാച്ച് കവര്‍ ചെയ്യുന്ന പരീസ എന്ന ഫോട്ടോ ജേണലിസ്റ്റിന്‍റെ ചിത്രങ്ങളാണ് നവമാധ്യമങ്ങളേറ്റെടുത്തിരിക്കുന്നത്. പുരുഷന്മാരുടെ ഫുട്ബോള്‍ മത്സരം നടക്കുമ്പോള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ പോലും സ്ത്രീകള്‍ക്ക് അനുവാദമില്ല. എന്നാല്‍ ഫോട്ടോ ജേണലിസ്റ്റാണ് പരീസ. അവള്‍ക്ക് ഫുട്ബോള്‍ മാച്ചിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയേ തീരുമായിരുന്നുള്ളൂ. പരീസ പോര്‍ത്തെഹെറിയന്‍ ചെയ്തതാകട്ടെ സമീപത്തെ കെട്ടിടത്തിന്‍റെ മുകളില്‍ കയറിനിന്ന് മത്സരത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി. ജോലിയോടുള്ള ആത്മാര്‍ത്ഥയും അര്‍പ്പണവും ധൈര്യവും കൊണ്ട് പരീസ നടന്നുകയറിയത് ചരിത്രത്തിലേക്കാണ്.
ഇറാനില്‍ പുരുഷന്മാരുടെ ഫുട്ബോള്‍ കളി പകര്‍ത്തുന്ന ആദ്യത്തെ വനിതയാകും ഒരുപക്ഷെ പരീസ. ഷേംഷാറിലെ വട്ടാനി സ്റ്റേഡിയത്തില്‍ നടക്കുന്ന നാഷണല്‍ ലീഗ് ടൂര്‍ണമെന്‍റ് ദൃശ്യങ്ങളാണ് പരീസ പകര്‍ത്തിയത്. വലിയ ലെന്‍സുമേന്തി കെട്ടിടത്തിനു മുകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്ന പരീസയുടെ ചിത്രം വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്.
നിലവിലെ നിയമത്തെ ലംഘിക്കാതെയാണ് പരീസ തന്‍റെ കടമ നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റേഡിയത്തില്‍ നിന്നും വളരെ അകലെ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാല്‍ മാച്ചിന്‍റെ ആദ്യഭാഗം മാത്രമാണ് പരീസ തന്‍റെ കാമറയില്‍ പകര്‍ത്തിയത്. പക്ഷെ, ചരിത്രത്തിലേക്ക് തന്നെതന്നെ ചേര്‍ത്തുവച്ചിരിക്കുക കൂടിയാണ് മിടുക്കിയായ ആ ഫോട്ടോഗ്രാഫര്‍.
ഇറാനില്‍ ഫുട്ബോളും വോളിബോളും സജീവമാണെങ്കിലും സ്റ്റേഡിയത്തിലിരുന്ന് കളികാണാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. സ്ത്രീകള്‍ പുരുഷവേഷത്തിലെത്തി കളി കാണാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.
