ഖുറാൻ, സുന്നത്ത്, ഹദീസ് എന്നിവയുടെ തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ഇസ്ലാമിക നിയമങ്ങളെ അടിസ്ഥാനമാക്കി, മാറിക്കൊണ്ടിരിക്കുന്ന സാമൂഹികവും സാങ്കേതികവുമായ സൗകര്യങ്ങൾ സംഭവങ്ങളും ഇസ്ലാമികമാണോ എന്ന് മുസ്‌ലീങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
എഴുത്ത്: മൻസൂറുദ്ദീൻ ഫരീദി
ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ നേരിട്ട് പരാമർശമില്ലാത്തതാണ് ഇന്ത്യൻ മുസ്ലീങ്ങൾ. അതുകൊണ്ടു തന്നെ ഖുറാനുമായി നേരിട്ട് ബന്ധമുള്ള രാജ്യങ്ങളുമായി അപേക്ഷിച്ച് രക്തദാനം, അവയവദാനം, ഡിഎൻഎ പരിശോധന, സർക്കാർ പദ്ധതികളുടെ പ്രയോജനം, പ്ലാസ്റ്റിക് സർജറി, സ്ത്രീകളുടെ ജോലിക്ക്, ഇൻഷുറൻസ് പോളിസി എടുക്കൽ തുടങ്ങിയവ ഇന്ത്യൻ മുസ്ലിങ്ങൾക്ക് അനുവദനീയമാണ്. ഇന്ത്യയിലെ ഇസ്ലാമിക് ഫിഖ്ഹ് (നിയമശാസ്ത്രം) അക്കാദമിയുടെ ഉത്തരവുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ അനുമതികൾ.
പുതിയ സാങ്കേതികവിദ്യകൾ തങ്ങളുടെ വിശുദ്ധ ഗ്രന്ഥവുമായി സമന്വയിപ്പിക്കാനും മതപരമായ സംശയങ്ങൾ പരിഹരിക്കാനും ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി ഇന്ത്യൻ മുസ്ലീങ്ങളെ സഹായിച്ചു. ദില്ലി ആസ്ഥാനമായുള്ള ഈ സംഘടന 30 വർഷം മുമ്പാണ് സ്ഥാപിതമായത്. മാറിക്കൊണ്ടിരിക്കുന്ന കാലവും സാങ്കേതികവിദ്യയും കാരണം മുസ്‌ലീങ്ങൾക്ക് മുന്നിൽ ഉയർന്നുവന്ന നിരവധി പ്രശ്നങ്ങളും സംഘടന അഭിസംബോധന ചെയ്തു. എങ്കിൽ പോലും ഇനിയും പരിഹരിക്കേണ്ട വിഷയങ്ങളും അനവധിയാണ്. മുസ്ലിം ജനസംഖ്യയിൽ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആ യാഥാർത്ഥ്യവും നാം ജീവിക്കുന്ന കാലഘട്ടവും കണക്കിലെടുക്കുമ്പോൾ സംഘടനയുടെ ചുമതല ബൃഹത്തും നിർണായകവുമാണ്. പുറമെ, ഇസ്‌ലാമികേതര രാജ്യങ്ങളിലെ പ്രശ്‌നങ്ങൾ മുസ്‌ലിം രാജ്യങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് വിഭിന്നമാണ്. ഇസ്ലാമികേതര രാജ്യങ്ങളിലെ മുസ്ലീങ്ങൾക്ക് അവരുടെ പ്രശ്‌നങ്ങൾക്ക് സാംസ്കാരിക വൈവിധ്യത്തോടൊപ്പം ഖുറാന്റെ വീക്ഷത്തിലും ഉത്തരവും പരിഹാരവും കണ്ടെത്തേണ്ടതുണ്ട്.
കാലത്തിന്റെ മാറ്റത്തോടൊപ്പമുണ്ടായ മുസ്‌ലീങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ലോകത്തും ഇന്ത്യക്കകത്തും നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് നിയമശാസ്ത്ര ഗവേഷണം നടത്തുന്നതിനുമാണ് ഫിഖ്ഹ് അക്കാദമി നിലവിൽ വന്നത്. 1989-ൽ മൗലാന ഖാസി മുജാഹിദുൽ ഇസ്ലാം ഖാസ്മി മധ്യേഷ്യയിലെ ഒരു പ്രധാന ഗവേഷണ സ്ഥാപനമായി ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി ഓഫ് ഇന്ത്യ (ഐഎഫ്എ) സ്ഥാപിച്ചു. പുതിയ സാമൂഹിക മാറ്റങ്ങളിൽ നിന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസത്തിൽ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ
ഇന്ത്യയിലും വിദേശത്തുമുള്ള പണ്ഡിതന്മാരുമായി സംഘടന സജീവമായി ബന്ധപ്പെടുകയും ഇടപെടുകയും ചെയ്യുന്നു. സിദ്ധാന്തം, ആരാധന, ആചാരം, സാമൂഹിക, സാമ്പത്തിക, വൈദ്യശാസ്ത്ര, ആധുനിക മാധ്യമങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് ശരീഅത്തിലും മതത്തിലും വഴികാട്ടുമെന്ന് സ്ഥാപനം അവകാശപ്പെടുന്നു. ഐഎഫ്എ ഇതുവരെ 5000 ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും 748 പ്രമേയങ്ങൾ പാസാക്കുകയും ചെയ്തിട്ടുണ്ട്. റമദാനിലെ വൈദ്യചികിത്സ, ലൈംഗിക വിദ്യാഭ്യാസം, സമ്മിശ്ര വിദ്യാഭ്യാസം, അവയവ ദാനം തുടങ്ങിയ വിഷയങ്ങളും ഐഎഫ്എ വിധികളിൽ ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ 32 വർഷമായി അക്കാദമി വിജയകരമായി മുന്നോട്ടുപോകുകയാണെന്ന് സ്ഥാപനവുായി ബന്ധപ്പെട്ട അഹ്മദ് നാദിർ ഗസെമി പറയുന്നു. ഐഎഫ്എയുടെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി നിരവധി വിദേശ കോടതികൾ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. അറബ് എമിറേറ്റുകളിൽ ഐഎഫ്എയുടെ തീരുമാനങ്ങൾ അറബി, ഉറുദു ഭാഷകളിൽ ലഭ്യമാണ്.
ഖുറാൻ, സുന്നത്ത്, ഹദീസ് എന്നിവയുടെ തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ഇസ്ലാമിക നിയമങ്ങളെ അടിസ്ഥാനമാക്കി, മാറിക്കൊണ്ടിരിക്കുന്ന സാമൂഹികവും സാങ്കേതികവുമായ സൗകര്യങ്ങൾ സംഭവങ്ങളും ഇസ്ലാമികമാണോ എന്ന് മുസ്‌ലീങ്ങൾ കണ്ടെത്തേണ്ടതുണ്ട്. കൂട്ടായ തീരുമാനങ്ങളിലൂടെ മാത്രമേ ഇക്കാര്യങ്ങളിൽ പൊതുവായ നിഗമനങ്ങളിൽ എത്തിച്ചേരാനാകൂ. ചില പ്രശ്നങ്ങൾ ഒരു പണ്ഡിതനോ വ്യക്തിക്കോ പരിഹരിക്കാൻ കഴിയില്ല. പണ്ഡിതന്മാരുടെ കൂട്ടായ്മ രൂപീകരിക്കണം. ഈയൊരു ആവശ്യത്തിൽ നിന്നാണ് ഫിഖ്ഹ് അക്കാദമി സ്ഥാപിതമായത്.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള വിപ്ലവകരമായ ചുവടുവെപ്പായിരുന്നു ഐഎഫ്എയുടെ രൂപീകരണം. അതിലെ അംഗങ്ങളെ പ്രമുഖ പണ്ഡിതന്മാരിൽ നിന്നും നിയമജ്ഞരിൽ നിന്നുമാണ് തെരഞ്ഞെടുത്തത്. ആധുനിക വൈദ്യശാസ്ത്രം, സാമൂഹിക ശാസ്ത്രം, നിയമം, മനഃശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ നിന്നുള്ള വിദഗ്ധരുമായും ബന്ധപ്പെടുന്നു. മുസ്‌ലീങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ മതപരവും സാമൂഹികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങൾക്ക് അവർ ഒരുമിച്ച് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നു.
മൗലാന സയ്യിദ് മുന്തുള്ള റഹ്മാനി, മൗലാന അബുൽ ഹസൻ അലി ഹുസ്‌നി നദ്‌വി, മുഫ്തി മുഹമ്മദ് അബ്ദുൽ റഹീം ലജ്‌പുരി, മുഫ്തി നിസാമുദ്ദീൻ ആസ്മി, മൗലാന സയ്യിദ് നിസാമുദ്ദീൻ, മൗലാന അബു അൽ സൗദ് ബഖ്‌വി, മൗലാന മുഹമ്മദ് സലീം ഖാസ്മി, പരേതനായ മുഹമ്മദ് റൗബിനി മൗലാന ഹൊയ്‌നി എന്നിവരെല്ലാം സംഘടനയുടെ ഭാരവാഹിപ്പട്ടികയിലുണ്ടായിരുന്നു. മൗലാന നിമത്തുല്ല ആസ്മി (മുഹദ്ദിസ് ദാർ ഉലൂം ദയൂബന്ദ്) ജനറൽ സെക്രട്ടറി, പ്രശസ്ത നിയമജ്ഞൻ മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി തുടങ്ങിയ പ്രഗൽഭരും സംഘടനയുമായി ബന്ധമുള്ളവർ തന്നെ.
സ്ത്രീകളുടെ അവകാശങ്ങൾ, രാജ്യത്തിന്റെ അഖണ്ഡതയോടുള്ള പ്രതിബദ്ധത, സമാധാനം, ഐക്യം, സഹവർത്തിത്വം, പരിസ്ഥിതി, ജല സംരക്ഷണം, മെഡിക്കൽ പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങൾക്ക് ഫിഖ്ഹ് അക്കാദമി പരിഹാരങ്ങൾ നിർദേശിച്ചിട്ടുണ്ടെന്ന് നാദിർ അഹമ്മദ് ഖാസ്മി പറഞ്ഞു.
(ലേഖനത്തിലെ അഭിപ്രായങ്ങൾ തികച്ചും ലേഖകന്റെ വ്യക്തിപരമായ അഭിപ്രായവും വീക്ഷണവും മാത്രമാണ്.)
