Asianet News MalayalamAsianet News Malayalam

ജിഷ: മലയാളി വിലാപങ്ങളുടെ പൊള്ളത്തരം

Jisha rape murder analysis on Malayali hypocrisy
Author
Thiruvananthapuram, First Published May 12, 2016, 1:15 AM IST

Jisha rape murder analysis on Malayali hypocrisy

കേരളത്തില്‍ തങ്ങളുടേതായ വികസന സങ്കല്‍പ്പങ്ങള്‍ മുന്‍നിര്‍ത്തി ഓരോ കക്ഷി രാഷ്ട്രീയക്കാരും തെരഞ്ഞെടുപ്പ് എന്ന ഉത്സവം കൊണ്ടാടുമ്പോഴാണ്, അവരുടെ വികസനസങ്കല്‍പ്പങ്ങളുടെ പൊള്ളത്തരം വെളിവാക്കികൊണ്ടു പെരുമ്പാവൂരില്‍ ജിഷ എന്ന സ്ത്രീ അതിദാരുണമായി കൊല്ലപെടുന്നത്. കൊല്ലപ്പെട്ടത് ദലിതയും ദരിദ്രയും അവിവാഹിതയും ആയ സ്ത്രീ ആണെന്നതും, മരണത്തിനു മുന്‍പായി അതി ഭീകരമായ രീതിയില്‍ ആ സ്ത്രീ പീഡിപ്പിക്കപ്പെട്ടു എന്നുള്ളതും, മലയാളികള്‍ ഏറെ ഘോഷിക്കുന്ന 'കേരള മോഡല്‍' വികസനം എത്രമാത്രം പരിഹാസ്യമായ സംഗതിയാണെന്നു നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇത്രയും ദാരുണമായ മരണം നടന്നിട്ടുപോലും, അത് വളരെ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്ത് ഈ ദുരന്തത്തെ മാധ്യമങ്ങളില്‍ നിന്നും, തദ്വാര പൊതുസമൂഹത്തില്‍ നിന്നും, മറച്ചു പിടിക്കുവാന്‍ പോലീസ് കാണിച്ച വ്യഗ്രത കേരളത്തിലെ ദലിതരും ദലിത് വ്യവഹാരവും നേരിടുന്ന അനുഭവങ്ങളുടെ ഒരു സൂചകം കൂടിയാണ്. ദലിതമായ ഏതൊരനുഭവവും നിസ്സാരമാക്കാനും നിശ്ശബ്ദമാക്കാനും ഉള്ള കേരള രാഷ്ട്രീയ അബോധത്തിന്റെ വ്യഗ്രതയാണു ഇതില്‍ തെളിഞ്ഞു കാണുന്നത്.. സ്വത്വ രാഷ്ട്രീയ'ത്തിന്റെ യുക്തികളും നിലവിളികളും മറച്ചുപിടിക്കുവാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ പാര്‍ലമെന്ററി രാഷ്ട്രീയവും, ജിഷയുടെ അമ്മയുടെ യുക്തികളും നിലവിളിയും മറച്ചു പിടിക്കുവാന്‍ ശ്രമിച്ച പോലീസുകാരുടെ പ്രവൃത്തിയും, വളരെ കൃത്യമായി പറയുകയാണെങ്കില്‍, ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ പോലീസിന്റെ നിഷ്‌കൃയത്വത്തിനെ  കടിച്ചുകീറാന്‍ തയ്യാറായ ഇടതുപക്ഷം നമ്മെ ഓര്‍മിപ്പിക്കുന്നത് ശത്രുവെന്ന് കരുതി സ്വന്തം വാല്‍ കടിച്ചുമുറിക്കുവാനുള്ള ശ്രമത്താല്‍ വട്ടപ്പാലം ചുറ്റുന്ന നായയെയാണ്. ജിഷയുടെ ദാരുണ മരണം നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കില്‍ അത് ഇത്ര മാത്രമാണ്: കേരളത്തിന്റെ നീതിബോധവും വികസനസങ്കല്‍പ്പവും വളരെയേറെ ദലിത് വിരുദ്ധമാണ് എന്ന്.

ജിഷയ്ക്ക് നീതി നല്‍കുക എന്നത് കൊണ്ട് പലരും ഉദ്ദേശിക്കുന്നത് ജിഷയുടെ ഘാതകനെ കണ്ടുപിടിച്ചു അവന്റെ ലിംഗം മുറിച്ചു മാറ്റുക അവന്റെ തല അറുത്തു മാറ്റുക തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികളെയാണ്. സങ്കീര്‍ണമായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇത്ര ലഘുവായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് ഈ പുണ്യ പുരാതന ഭൂമിയുടെ പുരുഷാധിപത്യ പ്രവണതകള്‍ ശിരസ്സാവഹിക്കുന്ന സുരേഷ് ഗോപി, മേജര്‍ രവി തുടങ്ങിയ സവര്‍ണ പുരുഷന്മാര്‍ ആണെന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

1

ആദ്യം മലയാളിയുടെ വിശുദ്ധമായ നീതിബോധത്തിലേക്കും അതിലടങ്ങിയിരിക്കുന്ന ദലിത് വിരുദ്ധതയിലേക്കും വരാം. മലയാളിയുടെ വിശുദ്ധമായ നീതിബോധമാണ് ജിഷയ്ക്ക് നീതി തേടി കൊണ്ടുള്ള ആര്‍ത്തനാദങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്നത്. പക്ഷെ, ജിഷയ്ക്ക് നീതി നല്‍കുക എന്നത് കൊണ്ട് പലരും ഉദ്ദേശിക്കുന്നത് ജിഷയുടെ ഘാതകനെ കണ്ടുപിടിച്ചു അവന്റെ ലിംഗം മുറിച്ചു മാറ്റുക അവന്റെ തല അറുത്തു മാറ്റുക തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികളെയാണ്. സങ്കീര്‍ണമായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇത്ര ലഘുവായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് ഈ പുണ്യ പുരാതന ഭൂമിയുടെ പുരുഷാധിപത്യ പ്രവണതകള്‍ ശിരസ്സാവഹിക്കുന്ന സുരേഷ് ഗോപി, മേജര്‍ രവി തുടങ്ങിയ സവര്‍ണ പുരുഷന്മാര്‍ ആണെന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ രീതിയില്‍ ജിഷയ്ക്ക് നീതി നിര്‍വഹിച്ചു കൊടുക്കുവാന്‍ ഇവരെ പ്രേരിപ്പിക്കുന്ന ഘടകം എന്താകാം?

ഇവരുടെ ഇപ്രകാരത്തിലുള്ള പ്രതികരണം ബന്ധപ്പെട്ടിരിക്കുന്നത് ജിഷ എന്ന ദലിതയായ സ്ത്രീ സവര്‍ണരായ മലയാളി സ്ത്രീകളുമായി പങ്കുവെക്കുന്ന ഒരു അനുഭവതലവുമായാണ്. കേരളത്തിലെ ദലിതരും സവര്‍ണരുമായ സ്ത്രീകള്‍ പൊതുവായി പങ്കുവെക്കുന്ന ഏറ്റവും പ്രധാനമായ അനുഭവം കേരളത്തില്‍ പെണ്ണായി പിറന്നു എന്ന പച്ച പരമാര്‍ത്ഥം ആണ് (സ്വന്തം ജനനം ഏതു ലിംഗത്തില്‍ വേണം എന്നതും ആരുടെ വയറ്റില്‍ വേണം എന്നതും എവിടെ വേണം എന്നതും നമുക്ക് തിരഞ്ഞെടുക്കാന്‍ പറ്റുന്നതല്ലല്ലോ!). കേരളത്തിലെ സവര്‍ണ സ്ത്രീകളും അവര്‍ണ സ്ത്രീകളും പൊതുവെ അനുഭവിക്കുന്ന കേരളത്തിലെ പെണ്ണുടല്‍ ആവുക എന്ന ആകസ്മികത (അതോ ദുരന്തമോ?) ആണ് നീതിമാന്മാരുടെ പരിഹാരക്രിയയുടെ യുക്തിക്കാധാരം. അതായത്, അവരുടെ യുക്തി പ്രകാരം, ജിഷയ്ക്ക് സംഭവിച്ചത് നാളെ അവര്‍ണ സവര്‍ണ വ്യത്യാസം കൂടാതെ ഏതൊരു മലയാളി സ്ത്രീക്കും സംഭവിക്കാം. തങ്ങളുടെ പെണ്ണുങ്ങള്‍ക്ക് (=സവര്‍ണ പെണ്ണുങ്ങള്‍ക്ക്!) സംഭവിക്കാന്‍ സാധ്യതയുള്ള ഈ അത്യാഹിതം മുന്‍കൂട്ടി ഇല്ലായ്മ ചെയ്യാന്‍ (മിലിറ്ററി  ഭാഷയില്‍ ഓതിയാല്‍, preempt ചെയ്യാന്‍) ആണ് ചുരുക്കത്തില്‍ ഈ രക്ഷാധികാരികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്. ഇവരുടെ ഈ രഹസ്യോദ്ദേശ്യം മനസ്സില്ലാക്കാത്ത ഒരേ ഒരു ജനവിഭാഗമേ ഭൂമി മലയാളത്തില്‍ അവശേഷിക്കുന്നുള്ളൂ. അതീ പാവം വിരാട് പുരുഷന്മാര്‍ തന്നെയാണ്.

രക്ഷാധികാരികളുടെ ഈ നിഷ്‌കളങ്ക മനോഭാവവും വാഴ്ത്തപ്പെട്ട അവരുടെ പരിഹാരക്രിയയും, അവയുടെ എല്ലാ വിശുദ്ധിയോടും കൂടി നമുക്ക് അനുവദിച്ചു നല്കാം. സമ്മതിച്ചു, സുന ചെത്തി മാറ്റി സമൂഹത്തില്‍  'മാതൃകാ പുരുഷനെ' സൃഷ്ടിച്ചാല്‍, ഒരു മാതിരിപ്പെട്ട ആണുങ്ങള്‍ ഒക്കെ ബലാല്‍സംഗം ചെയ്യാന്‍ ഭയക്കും (ഭീരുക്കളായ ഈ ആണുങ്ങളില്‍ ഭൂരിഭാഗവും നിലവില്‍  ബലാല്‍സംഗത്തിനുള്ള ശിക്ഷ ഓര്‍ത്തു തന്നെ ഈ കൃത്യത്തിനു ആവതില്ലാത്തവര്‍  ആണെന്നുള്ളതാണ് വാസ്തവം). അപ്പോഴും ശിക്ഷാഭയമില്ലാത്ത hardened ആയ കുറ്റവാളികളെ; സൈക്കോപാത്തുകളെ; സെക്‌സ് മാനിയാക്കുകളെ, ഇത്തരം  ശിക്ഷകള്‍ കൊണ്ട് നാം എങ്ങനെ ഭയപ്പെടുത്തും എന്ന് വ്യക്തമാകുന്നില്ല. ഇനി, നീചജന്മങ്ങളുടെ തല വെട്ടിയും അവയവങ്ങള്‍ മുറിച്ചു മാറ്റിയും സമൂഹത്തിനെ വിമലീകരിക്കാം എന്ന് ഈ ശുദ്ധാത്മക്കള്‍ക്കൊപ്പം വിശ്വസിക്കാം എന്ന് വിചാരിച്ചാലോ, ആ നിമിഷം തന്നെ അങ്ങിനെ മുന്‍പ് വിശ്വസിച്ചിരുന്ന; അപ്രകാരം ശിക്ഷ നടപ്പാക്കിയിരുന്ന ഒരു ജന്മത്തിനെ ഓര്‍മ വരും. മൂപ്പര്‍ ഒന്നാന്തരം സൈക്കോപ്പാത്  ആയിരുന്നു എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. പേര് പറഞ്ഞാല്‍, ഒരു പക്ഷെ, അറിയുമായിരിക്കും: അഡോള്‍ഫ് ഹിറ്റ്‌ലര്‍. നീതിമാന്‍ ജനുസ് രക്തവുമായി ജനിച്ച ഒരു പ്രാക്തന ഋഷി.  ഇത്തരം ഓര്‍മ്മകള്‍ വിടാതെ പിന്തുടരുന്നതുകൊണ്ട് ഇത്തരക്കാരുടെ പുണ്യ പുരാതന വിശ്വാസവുമായി സമരസപ്പെടാന്‍ ഞാന്‍ വലിയ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. മാത്രമല്ല, അപ്പോഴും, എന്നെ സംബന്ധിച്ചിടത്തോളം, ഒരു സംശയം ബാക്കി നില്ക്കുന്നുണ്ട്. ഇങ്ങനെ കുറ്റവാളികളുടെ ലിംഗവും തലയും അരിഞ്ഞുതള്ളി ഇവര്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന വാഗ്ദത്ത ഭൂമിയില്‍, ദലിതയും ദരിദ്രയും നിരാലംബയും ആയി ജനിക്കുന്നവള്‍, പ്രസ്തുത കാരണങ്ങള്‍ നിമിത്തം അനുഭവിക്കുന്ന സവിശേഷമായ അധികാരരാഹിത്യത്തെ ഇവരുടെ 'ലിംഗച്ഛേദ' സിദ്ധാന്തം എങ്ങനെയാണു അഭിമുഖീകരിക്കുന്നത് എന്ന്. ഇവരുടെ സിദ്ധാന്തത്തിന്റെ കാക്കി നിക്കര്‍ ഊരി പരതിയാല്‍ പോലും, ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടില്ല. കാരണം വളരെ ലളിതമാണ്. ഇവരുടെ ലക്ഷ്യം ജിഷയോ ജിഷയെ പോലുള്ള സ്ത്രീകളോ അനുഭവിക്കുന്ന സാമൂഹ്യബഹിഷ്‌കരണം, ചൂഷണം, വിഭവരാഹിത്യം, മാനസിക പീഡനം എന്നിങ്ങനെ അവരുടെ ദുരിതജീവിതത്തിനാധാരമായ സംഗതികള്‍ പരിഹരിക്കലല്ല; മറിച്ചു, രക്ഷിതാവ് കളിച്ചു പിന്‍ വാതിലിലൂടെ തന്റെ തന്നെ സ്ത്രീകളുടെ 'മാനം' സംരക്ഷിക്കലാണ്.

സുന ചെത്തി മാറ്റി സമൂഹത്തില്‍  'മാതൃകാ പുരുഷനെ' സൃഷ്ടിച്ചാല്‍, ഒരു മാതിരിപ്പെട്ട ആണുങ്ങള്‍ ഒക്കെ ബലാല്‍സംഗം ചെയ്യാന്‍ ഭയക്കും (ഭീരുക്കളായ ഈ ആണുങ്ങളില്‍ ഭൂരിഭാഗവും നിലവില്‍  ബലാല്‍സംഗത്തിനുള്ള ശിക്ഷ ഓര്‍ത്തു തന്നെ ഈ കൃത്യത്തിനു ആവതില്ലാത്തവര്‍  ആണെന്നുള്ളതാണ് വാസ്തവം). അപ്പോഴും ശിക്ഷാഭയമില്ലാത്ത hardened ആയ കുറ്റവാളികളെ; സൈക്കോപാത്തുകളെ; സെക്‌സ് മാനിയാക്കുകളെ, ഇത്തരം  ശിക്ഷകള്‍ കൊണ്ട് നാം എങ്ങനെ ഭയപ്പെടുത്തും

കുറ്റവാളിയുടെ ലിംഗം മുറിച്ചു മാറ്റിയാലോ അദ്ദേഹത്തിനെ പരസ്യമായി തല്ലി കൊന്നാലോ ഒരു പക്ഷെ സാമൂഹ്യാധികാരവും 'അടച്ചുറപ്പും' ഉള്ള വീട്ടിലെ സ്ത്രീകള്‍ക്ക് നാളെ സുരക്ഷിതമായി ഉറങ്ങുവാന്‍ സാധിച്ചെന്നിരിക്കും (അത് തന്നെ സംശയാസ്പദമാണ്), പക്ഷെ അത്തരം ശിക്ഷാരീതികള്‍ കൊണ്ട് സാമൂഹ്യാധികാരം ഇല്ലാത്ത, അടച്ചുറപ്പുള്ള വീടുകളില്‍ താമസിക്കുവാന്‍ ഭാഗ്യമില്ലാത്ത സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാം എന്ന് സങ്കല്‍പ്പിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു സമാനമായ ഒരു രാസക്രിയ ആണ്. കാര്യങ്ങള്‍ സാമാന്യവല്‍ക്കരിച്ച് (generalize) അവതരിപ്പിച്ചു സവര്‍ണരുടെ സവിശേഷമായ (particular) കാര്യങ്ങള്‍  സാധിച്ചെടുക്കുന്ന 'മലയാളി'യുടെ കുശാഗ്ര ബുദ്ധി ഇത്തരം അവസരങ്ങളില്‍ പോലും വര്‍ത്തിക്കുന്നുണ്ട് എന്നതാണ് ദുഖകരമായ വസ്തുത.

നാളെ 'ജിഷമാര്‍' ഉണ്ടാവുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് കുറ്റവാളിയെ ശിക്ഷിച്ചുകൊണ്ട് മാത്രമാവരുത്. ശിക്ഷയോടൊപ്പം തന്നെ നാളെ ഒരു സ്ത്രീയും തിരസ്‌കൃത ജീവിതം നയിക്കേണ്ടി വരുന്ന ഒരു അഭിശപ്ത ജന്മമായി ജീവിക്കുന്നില്ല എന്ന് ഉറപ്പാക്കികൊണ്ട് വേണം ഇത്തരം ദുരന്തങ്ങളെ നാം ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കേണ്ടത് (ഇപ്പറഞ്ഞത് സംവരണവിരുദ്ധരുടെ ഒരു കാലത്തെയും ആശങ്ക (concern) അല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണു  പറയുന്നത്).

അടച്ചിട്ടതോ അടച്ചിടാത്തതോ ആയ മുറിയില്‍ കിടന്നു ഉറങ്ങുമ്പോള്‍; രാവ് പകല്‍ വ്യത്യാസമില്ലാതെ തനിച്ചു യാത്ര ചെയ്യുമ്പോള്‍, തന്നെ ആരും ഉപദ്രവിക്കില്ല എന്നുള്ള മാനസിക സ്വാസ്ഥ്യം എല്ലാ സ്ത്രീയുടെയും അവകാശമാണ്. എപ്പോഴെല്ലാം അവളുടെ സുരക്ഷയ്ക്ക് ഭംഗം വരുന്നുവോ, അപ്പോഴെല്ലാം അവളുടെ സുരക്ഷ ഉറപ്പാക്കുന്നവിധം ഉള്ള സാമൂഹ്യ സുരക്ഷാസംവിധാനങ്ങളാണ് നമുക്ക് വേണ്ടത്. ഘാതകനെ പരസ്യമായി വധിച്ച് വളരെ അക്രമാസക്തമായ (charged) ഒരു 'ആള്‍ക്കൂട്ട'ത്തിനെ സൃഷ്ടിക്കുന്ന (പരസ്യ വിചാരണ ചെയ്യുവാന്‍ വെമ്പല്‍ കൊള്ളുന്ന പലരും അവസരം കിട്ടിയാല്‍ ബലാല്‍സംഗവീരന്മാര്‍ ആവാന്‍ ശേഷിയുള്ളവരാണെന്നുള്ളതു മറ്റൊരു വസ്തുത) ഒരു സമൂഹത്തിന് സ്ത്രീകള്‍ക്ക് മാനസികമായ സുരക്ഷാബോധം നല്കുവാന്‍ കഴിയും എന്നുള്ളത്  ഒരു മിഥ്യാസങ്കല്‍പ്പം ആവാനേ തരമുള്ളൂ. അത്തരം സമൂഹങ്ങളില്‍, ആര്, തന്നെ എപ്പോള്‍ പീഡിപ്പിക്കും എന്നുള്ള ഒരിക്കലും അവസാനിക്കാത്ത ഒരു ഭയത്താലും ഉദ്വേഗത്താലും ആയിരിക്കും അവള്‍ ജീവിക്കുന്നുണ്ടാവുക. ഒരു തരത്തിലുമുള്ള സൃഷ്ട്യോന്മുഖമായ ചിന്തയിലും അവള്‍ക്കു വ്യാപരിക്കുവാന്‍ കഴിയില്ല. ഈ പറഞ്ഞ പ്രകാരം വന്യമായ, അക്രമാസക്തമായ ഒരു സമൂഹമായി കേരളം മാറി എന്നുള്ളതിന്റെ തെളിവാണ് രാജേശ്വരി എന്ന് പേരുള്ള ജിഷയുടെ അമ്മ ജീവിതം മുഴുവന്‍ തന്റെ പെണ്മക്കളെ കുറിച്ചോര്‍ത്തു അനുഭവിച്ച ഉദ്ദ്വേഗവും ഭയവും. അതിന്റെ മറ്റൊരു തെളിവാണ് 'പ്രബുദ്ധരായ' മലയാളികളുടെ അടിയേറ്റ്, പൊരി വെയിലത്ത് മരിച്ചു വീണ 'അപരിഷ്‌കൃതനായ' അന്യ സംസ്ഥാനതൊഴിലാളി. ചുരുക്കത്തില്‍, സുരേഷ് ഗോപിയും മേജര്‍ രവിയും നടത്തുന്ന ദീനത നിറഞ്ഞ ആക്രോശം രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ചികില്‍സക്കുള്ളതല്ല. മറിച്ച്, അത് രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ രോഗലക്ഷണം ആണ്.

ഇരകളല്ലാത്ത, രക്ഷാധികാരികളായ ആള്‍ക്കൂട്ടത്തിന്റെ കൊലവിളിയും, മകളെ കൊന്നവനെ കൊല്ലണമെന്ന നിരാലംബയായ ഒരമ്മയുടെ ദീനരോദനവും രണ്ടായിത്തന്നെ കാണണം.

നാളെ 'ജിഷമാര്‍' ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തേണ്ടത് കുറ്റം ചെയ്തതിനു ശേഷമുള്ള ശിക്ഷയിലൂടെ മാത്രമല്ല. അത് കുറ്റം ചെയ്യുന്നതിന് മുന്‍പുള്ള ശിക്ഷണത്തിലൂടേയും ആകണം. ഒരു സ്ത്രീയേയും തന്റെ നോട്ടത്തിലൂടെ  ഷാക് ലെക്കോന്റെ (Jacques Lacan ) ഭാഷയില്‍ പറഞ്ഞാല്‍, 'look'ലൂടെ  ഭോഗവസ്തു ആക്കാതെ സ്വന്തമായ അവകാശവും അധികാരവും വ്യക്തിത്വവും ഉള്ള ഒരാളായി സ്ത്രീയെ കാണുവാന്‍ വേണ്ട പരിശീലനം നല്‍കി അതിനു അവനെ പ്രാപ്തനാക്കുക എന്നതായിരിക്കണം ശിക്ഷണത്തിന്റെ മൗലികമായ ലക്ഷ്യം. അതിന് 'മാതാപിതാക്കന്മാരും ഗുരുക്കന്മാരും' ആദ്യം ചെയ്യേണ്ടത് കണ്ണൂര്‍ ASP ആയിരുന്ന കാലത്തെ  തന്റെ രക്ഷാകര്‍തൃസേവനം  അച്ചാമ്മ വര്‍ഗീസിനെ ഓര്‍മിപ്പിച്ച് അവളെ 'കൈകാര്യം' ചെയ്യുന്ന ഭരത് ചന്ദ്രന്‍ സാറിന്റെ സിനിമകള്‍ ആണ്‍കുട്ടികളെ കാണാതിരിക്കുവാന്‍ പ്രേരിപ്പിക്കുക എന്നതാണ്. ഇനി അഥവാ അവര്‍ അത്തരം സിനിമകള്‍ കാണുകയാണെങ്കില്‍, അത്തരം സിനിമകള്‍ക്ക് കയ്യടിക്കുകയാണെങ്കില്‍, ഭരത് ചന്ദ്രന്റെ യുക്തികള്‍ രോഗാതുരമായ ഒരു മെയില്‍ഷോവനിസ്റ്റ് മനസ്സിന്റെ ജല്‍പ്പനങ്ങളും പുലമ്പലുകളും ആണെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. തന്റെ 'മുഖം' സ്ത്രീയുടെ മനസ്സില്‍ ബലമായി അടിച്ചേല്‍പ്പിക്കാന്‍ വ്യഗ്രത കാണിക്കുന്ന, ആണെന്ന വാക്കിന്റെ അര്‍ത്ഥം ഭാര്യയെ പഠിപ്പിക്കുവാന്‍ ഭര്‍ത്താവിനെ ഉപദേശിക്കുന്ന ഭരത് ചന്ദ്രന്‍ സാര്‍ ചെയ്യുന്നത് തന്നെയാണു ബലാല്‍സംഗം എന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്; ഘാതകന്റെ ലിംഗത്തിന് വേണ്ടി ധാര്‍മിക കൊലവിളി നടത്തുന്നവന്റെ ഉള്ളില്‍, ഘാതകന്റെ രീതി പിന്തുടരാന്‍ ആഗ്രഹിക്കുന്ന ഒരു ക്രിമിനല്‍ ഉണ്ടെന്ന് ആണ്‍കുട്ടികളോട് പറയുകയാണ് വേണ്ടത്. ദീപക് ശങ്കരനാരായണന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ച ഒരു ബിംബം പങ്കുവെക്കുകയാണെങ്കില്‍, ബസ്സില്‍ 'ജാക്കി' (എന്തൊരു രോഗാതുരമായ പദം, അല്ലെ?)  വെച്ചു സുഖിച്ചു  നില്‍ക്കുന്നവനെതിരെ ഏതെങ്കിലും സ്ത്രീ പ്രതികരിക്കുന്ന നിമിഷം അവനെ തല്ലാനായി രൂപപ്പെടുന്ന 'ആള്‍ക്കൂട്ട'ത്തിന്റെ മുന്‍പന്തിയില്‍ അവന്റെ പിന്നില്‍ 'ജാക്കി' വെക്കാന്‍ ക്യൂ നിന്നിരുന്ന നീതിമാന്മാരും കാണും. തല്ലുന്നതും ശിക്ഷിക്കുന്നതും ഒക്കെ കൊള്ളം. പക്ഷെ ഇരയല്ലാത്ത, കാണി മാത്രമായ ഈ ആള്‍ക്കൂട്ടം നടപ്പില്ലാക്കുന്നത് നീതിയാണെന്നും മറ്റും ദയവുചെയ്ത് അങ്ങ് തള്ളരുതേ! അവര്‍ നടപ്പിലാക്കുന്നത്, ആള്‍ക്കൂട്ടത്തെക്കുറിച്ചു പഠിച്ച എലിയാസ് കാനേറ്റി (Elias Canetti) തന്റെ വിഖ്യാതമായ 'Crowds and Power' എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചത് പോലെ, ആള്‍ക്കൂട്ടത്തിന്റെ സവിശേഷമായ ഒരു മനോഘടനയുടെ ബലതന്ത്രം മാത്രമാണ്.

 അതുകൊണ്ടുതന്നെ ഇരകളല്ലാത്ത, രക്ഷാധികാരികളായ ആള്‍ക്കൂട്ടത്തിന്റെ കൊലവിളിയും, തശന്റ മകളെ കൊന്നവനെ കൊല്ലണമെന്ന നിരാലംബയായ ഒരമ്മയുടെ ദീനരോദനവും രണ്ടായിത്തന്നെ കാണണം. ജീവിതം മുഴുവന്‍ പലവിധത്തിലുള്ള അവഗണന അനുഭവിച്ച, നരിയ്ക്കും നായ്ക്കും വേണ്ടാത്ത വിധം ജീവിക്കേണ്ടി വന്ന, ഒരു വിധത്തിലുള്ള അധികാരവും ഇല്ലാത്ത, സാമൂഹ്യ  ബഹിഷ്‌കരണം അനുഭവിക്കുന്ന ഒരു സ്ത്രീയുടെ ഉണ്മയുടെ ആഴങ്ങളില്‍ നിന്നു വരുന്ന നിലവിളി വേറെ, പാരമ്പര്യമായി സിദ്ധിച്ച അധികാരവും സാമൂഹിക അംഗീകാരവും മറ്റുള്ളവരുടെ മേലെ അക്രമാസക്തമായി പ്രയോഗിക്കുവാന്‍ വേണ്ട സാമൂഹിക സാഹചര്യം ഉണ്ടാക്കാന്‍ വ്യഗ്രതപ്പെടുന്നവരുടെ കൊലവിളി വേറെ.

ഇത്രയും കാലം നിലവിളിച്ച ഈ അമ്മയുടെ ഒരു നിലവിളി പോലും കേള്‍ക്കുവാന്‍ കൂട്ടാക്കാത്ത, കേട്ടിട്ടും കേട്ടില്ല എന്ന് നടിച്ച നമ്മള്‍, അമ്മയുടെ ഈ നിലവിളിക്ക് മാത്രം നിവൃത്തി ഉണ്ടാക്കികൊടുക്കണമെന്നു ശാഠ്യം പിടിക്കുന്നത്, ഇത്രകാലം നാമെല്ലാം വച്ചു പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥ ഉണ്ടാക്കിയ കുറ്റബോധം മറികടക്കുവാനല്ലെങ്കില്‍ മറ്റെന്തിനാണ്? ഇതിനോടൊപ്പം മനസ്സില്ലാക്കേണ്ട ഒരു സംഗതിയാണ് പെരുമ്പാവൂര്‍ എം.എല്‍.എ ആയ സാജു പോളിനെ കൊല്ലണമെന്ന അമ്മയുടെ നിലവിളിയും. "അമ്മയുടെ ഈ ആവശ്യം സാക്ഷാത്കരിച്ചു ബഹുമാനപെട്ട എം.എല്‍.എയെ വധിച്ചു ജിഷയ്ക്കും അമ്മയ്ക്കും നീതി എത്തിച്ചുകൊടുക്കുവാൻ, നീതി നിർവഹണത്തിന്റെ ആയുഷ്കാല പാട്ടകരാർ എടുത്തിട്ടുള്ള നമ്മളിലെ നീതിമാന്മാർക്കു (=ആൾക്കൂട്ടത്തിനു!) തോന്നാത്തത് എന്തുകൊണ്ടാണ്? അവിടെയാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ചതിന്റെ ഗുട്ടന്‍സ്.

കൊലവിളിയിലൂടെ ജിഷയ്ക്കും ജിഷയുടെ അമ്മയ്ക്കും നീതി നേടിക്കൊടുക്കലൊന്നുമല്ല ആള്‍ക്കൂട്ടത്തിന്റെ ലക്ഷ്യം, മറിച്ചു തന്റെ കൈപിടിയില്‍ ഒതുങ്ങുന്ന ഒരു ഇരയെ കണ്ടെത്തി കൈത്തരിപ്പ് തീര്‍ത്ത് തന്റെ തന്നെ കുറ്റബോധം മറികടക്കല്‍ ആണ് ആള്‍ക്കൂട്ടത്തിന്റെ പരമമായ ലക്ഷ്യം.  എം.എല്‍.എയെ കൊല്ലുവാന്‍ തോന്നാത്ത ആ നല്ല ബുദ്ധി, വേറെ പല അവസരങ്ങളിലും നഷ്ടപ്പെട്ടു പോകുന്നതുകൊണ്ടാണ് കേരളം കൈത്തരിപ്പു തീര്‍ക്കുന്ന ഒരു ഫ്യൂഡല്‍ഫാഷിസ്റ്റ് ആള്‍ക്കൂട്ടമാണെന്നു തീര്‍ത്തു പറയേണ്ടി വരുന്നത്.

ഇത്രയും കാലം നിലവിളിച്ച ഈ അമ്മയുടെ ഒരു നിലവിളി പോലും കേള്‍ക്കുവാന്‍ കൂട്ടാക്കാത്ത, കേട്ടിട്ടും കേട്ടില്ല എന്ന് നടിച്ച നമ്മള്‍, അമ്മയുടെ ഈ നിലവിളിക്ക് മാത്രം നിവൃത്തി ഉണ്ടാക്കികൊടുക്കണമെന്നു ശാഠ്യം പിടിക്കുന്നത്, ഇത്രകാലം നാമെല്ലാം വച്ചു പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥ ഉണ്ടാക്കിയ കുറ്റബോധം മറികടക്കുവാനല്ലെങ്കില്‍ മറ്റെന്തിനാണ്?

 പക്ഷെ ആള്‍ക്കൂട്ടത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നീതിബോധം ഉള്ളതുകൊണ്ടാണ് ആ അമ്മ തന്റെ മകളുടെ ഘാതകനും എം.എല്‍.എയ്ക്കും ഒരേ ശിക്ഷ വിധിക്കുന്നത്. മുഖ്യധാര മാധ്യമങ്ങള്‍ക്കും ചിന്തകര്‍ക്കും സവര്‍ണ ഫെമിനിസ്റ്റുകള്‍ക്കും മനസ്സില്ലാവാത്ത, എന്നാല്‍ തീവ്രമായ സാമൂഹിക ബഹിഷ്‌കരണം അനുഭവിക്കുന്ന മിക്കവാറും എല്ലാ ജനങ്ങള്‍ക്കും എളുപ്പത്തില്‍ മനസ്സിലാവുന്ന പരസ്യമായ ഒരു രഹസ്യ സന്ദേശം പ്രസ്തുത വിധിയില്‍ കോഡിഫൈഡ് ആണ്. അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന സാമൂഹ്യബഹിഷ്‌കരണം, നീതിനിഷേധം തുടങ്ങിയവ, വ്യക്തി ചെയ്യുന്ന ശാരീരിക ബലാല്‍സംഘത്തിനു തുല്യമായ, അല്ലെങ്കില്‍ അതിനെക്കാളും ഭീകരമായ ഒരു സാമൂഹികമായ സംഘ ബലാല്‍ക്കാരം (gang rape) ആയാണ് കീഴാള ജനതകള്‍ക്ക് അനുഭവപ്പെടുന്നത് എന്ന സന്ദേശം. ആ അമ്മ കൃത്യമായി അടയാളപ്പെടുത്തിയത് പോലെ, സാമൂഹികമായ സംഘ ബലാല്‍ക്കാരം അധികാരികളുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി അനുഭവിക്കുന്നതിനാല്‍ ആണ്, ദലിതരും മറ്റു പാര്‍ശ്വവല്‍കൃതരും ക്രിമിനലുകളില്‍ നിന്നും സൈക്കൊപാത്തുകളില്‍ നിന്നും ശാരീരികമായ ബലാല്‍ക്കാരത്തിനു വിധേയമാകുന്നത്. ചുരുക്കത്തില്‍, വ്യക്തികള്‍ ദലിതരുടെ മെക്കിട്ടുകേറുന്നതു അവസാനിക്കണമെങ്കില്‍, സമൂഹവും അധികാരസംവിധാനങ്ങളും ദലിതരുടെമേല്‍ നടത്തുന്ന കുതിരകയറ്റം അവസാനിപ്പിക്കണം. അത് മുഖ്യധാര എന്നുവിളിക്കുന്ന സവര്‍ണതയുടെ വിവിധ രൂപത്തിലുള്ള ആട്ടപകര്‍ച്ചകളുടെ (കോളേജ്  രാഷ്ട്രീയം മുതല്‍  കോടതിവരെയുള്ള, ഫെമിനിസം മുതല്‍ ഫെയ്‌സ്ബുക് വരെയുള്ള, മീന്‍ ചന്ത മുതല്‍ മീഡിയ വരെയുള്ള) നിശിതമായ സ്വയം വിമര്‍ശനത്തിലൂടെ മാത്രമേ സംഭവിക്കൂ. അല്ലാതെ കയ്യില്‍ കിട്ടിയ അഞ്ചാറു ക്രിമിനലുകളുടെ സാമാനം ചെത്തിയാല്‍ സംഭവിക്കുന്നതല്ല.

സാമൂഹികതയെക്കുറിച്ചും വൈയക്തികതയെ കുറിച്ചും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അത്രക്കൊന്നും abtsract അല്ല. എം.എല്‍.എക്കെതിരെ ജിഷയുടെ അമ്മ നടത്തിയ പരസ്യ പ്രതികരണം തന്നെയാണു അതിനു ഏറ്റവും നല്ല നിദാനം. സാജു പോളിനെ രാജേശ്വരി എന്ന ദുര്‍ബലയായ സ്ത്രീ സാമൂഹികമായി വിചാരണ ചെയ്തത് കൊണ്ടുതന്നെ, വ്യക്തിപരമായി അദ്ദേഹത്തിനെ ഇല്ലായ്മ ചെയ്യേണ്ട ഒരാവശ്യവും ദലിത് സമൂഹത്തിനു ഇല്ലാതായിരിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു. ദലിതരെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ഓള്‍റെഡി തന്നെ ഒന്നുമല്ലാതായി കഴിഞ്ഞിരിക്കുന്നു.

പൊതുകാര്യം പറഞ്ഞു 'തന്‍കാര്യം' നടപ്പിലാക്കുന്ന ആ സവര്‍ണ രീതിശാസ്ത്രം പുരുഷന്മാരുടെ മാത്രം കുത്തകയല്ല. അത് സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണെന്ന് വെളിവാക്കുന്നതാണ് 'നടിയും ടിവി  അവതാരകയുമായ' പാര്‍വതിയുടെ ഈ സംഭവത്തോടുള്ള പ്രതികരണം: 'ഇനിയെങ്കിലും പെണ്‍കുട്ടികളെ കൂടുതല്‍ പാവമാക്കരുത്. അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് അവളെ പഠിപ്പിക്കരുത്. പാവങ്ങളായ  പെണ്‍കുട്ടികള്‍ മിണ്ടില്ല എന്നതുകൊണ്ട് തന്നെ അത്തരക്കാരുടെ നേര്‍ക്കാണ് കൂടുതലും ഈ ക്രൂരത നീളുന്നത്.' എത്ര ആലോചിച്ചിട്ടും ഈ പ്രസ്താവന എങ്ങനെയാണു ജിഷയുടെയും ജിഷയുടെ അമ്മയുടെയും ജീവിതത്തില്‍ സംഗതമാകുന്നതെന്ന് എനിയ്ക്കു മനസ്സില്ലാകുന്നില്ല. ഇത് കേട്ടാല്‍ ഇവര്‍ രണ്ടുപേരും ഇത്രയും കാലം പ്രതിഷേധിക്കാതെ ഒരക്ഷരവും ഉരിയാടാതെ ഇരുന്ന മരപ്പാവകള്‍ ആണെന്നാണ് തോന്നുക. കോളനികളിലും പുറമ്പോക്ക് ഭൂമിയിലും ജീവിക്കുന്ന കീഴാളജീവിതങ്ങളെ കുറിച്ച് യാതൊരു ധാരണയും ഈ വ്യക്തിക്ക് ഇല്ല എന്നാണ് ഇതില്‍ നിന്നും എനിക്ക് മനസ്സില്ലായത്. ഞാന്‍ മനസ്സില്ലാക്കിയതു ശരിയാണെങ്കില്‍, ജിഷയും ജിഷയുടെ അമ്മയും സാധ്യമായ രീതിയിലെല്ലാം അവരുടെ ജീവിതത്തിലേക്കുള്ള പുരുഷാധിപത്യ കടന്നുകയറ്റങ്ങളെ ചെറുത്തിരുന്നു. ആ ചെറുത്തുനില്‍പ്പുകള്‍ക്കു പരിഷ്‌കൃത കേരളം നല്കിയ ഓമന പേരാണ് 'ഭ്രാന്ത്'. നവോത്ഥാനവും കേരള മോഡല്‍ വികസനവും എല്ലാം തികഞ്ഞതാണെന്നു കൊണ്ടാടുന്ന ആധുനിക കേരളത്തിന്, ആ കൊണ്ടാടലിനെ മൗലികമായി വെല്ലുവിളിക്കുന്ന, അതിന്റെ പൊള്ളത്തരത്തിനു നേരെ വിമര്‍ശന ശരം തൊടുക്കുന്ന, കീഴാള പ്രതിഷേധങ്ങളെ 'ഭ്രാന്ത്' ആയി മാത്രമേ രേഖപ്പെടുത്തുവാന്‍ കഴിയൂ. ഉമ്മന്‍ ചാണ്ടി, കൊടിയേരി ബാലകൃഷ്ണന്‍, കെ. എം. മാണി. കുഞ്ഞാലിക്കുട്ടി എന്നിങ്ങനെ കക്ഷി രാഷ്ട്രീയഭേദമന്യേ മിക്ക മലയാളികളുടെയും  മുഖത്തു വിരിയുന്ന നവോത്ഥാന കേരളത്തിന്റെ ആ ദീപ്തമായ 'പുഞ്ചിരി' എന്ന 'കുലീനമായ കള്ള'ത്തിനു നേരെ വൃത്തിയായി 'ഊറ തെറി' വിളിക്കുന്ന കീഴാളര്‍, വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയിലെ ''തൊഴിലാളി'യുടെ ആധുനിക കാലത്തിലേക്കുള്ള രൂപപരിണാമം ആണ്. ഇത്തരം ചെറുത്തുനില്‍പ്പുകളോട് 'ആഭിജാത്യത്തിന്റെ വെള്ളികെട്ടിയ' നിസ്സംഗതയും നിശബ്ദതയും പുലര്‍ത്തുന്ന നവോത്ഥാന കേരളത്തിന്റെ 'ഭ്രാന്തി'നു ചികിത്സ നല്കാതെ, വരേണ്യ തറവാടുകളിലെ മാടപ്രാവുകളെ പ്രതികരിക്കുവാന്‍ പഠിപ്പിച്ചാല്‍ തീരുന്നതല്ല ആ അമ്മയുടെയും ജിഷയുടെയും പ്രശ്‌നങ്ങള്‍. തന്റേടവും കരാട്ടെയും പഠിപ്പിച്ചാല്‍ വരേണ്യ സ്ത്രീയുടെ പ്രശ്‌നങ്ങള്‍ തീരുമായിരിക്കും. അതൊന്നും പക്ഷെ പ്രതികരിച്ച്  പ്രതികരിച്ച് കൂടുതല്‍ കൂടുതല്‍ ഭ്രാന്തരായ/പ്രാന്തരായ കീഴാള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല.

പൊതുകാര്യം പറഞ്ഞു 'തന്‍കാര്യം' നടപ്പിലാക്കുന്ന ആ സവര്‍ണ രീതിശാസ്ത്രം പുരുഷന്മാരുടെ മാത്രം കുത്തകയല്ല. അത് സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണെന്ന് വെളിവാക്കുന്നതാണ് 'നടിയും ടിവി  അവതാരകയുമായ' പാര്‍വതിയുടെ ഈ സംഭവത്തോടുള്ള പ്രതികരണം:

2

ഇനി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വികസന സങ്കല്‍പ്പങ്ങളിലേക്ക് വരാം. സ്ഥാനാര്‍ഥി ആരുമായിക്കൊള്ളട്ടെ, ചാനല്‍ ഏതുമായിക്കൊള്ളട്ടെ, വികസനം എന്ന് ഇവര്‍ ധരിച്ചു വച്ചിരിക്കുന്നത് മണ്ഡലത്തില്‍ പണിത പാലത്തിന്റെയും നിരപ്പാക്കിയ റോഡിന്റെയും സ്ഥിതിവിവരക്കണക്കാണ്. അസ്സംബ്ലി ഇലക്ഷനില്‍ നാം തെരഞ്ഞെടുക്കുന്നത് ഒരു പഞ്ചായത്ത് വാര്‍ഡ് മെമ്പറെയല്ല, മറിച്ചു നിയമനിര്‍മാണ സഭയിലെ ഒരംഗത്തെയാണ് എന്നാണ് ഞാന്‍ മനസ്സില്ലാക്കിയിരിക്കുന്നത്. നിയമനിര്‍മാണമാണ് അദ്ദേഹത്തിന്റെ പ്രാഥമികമായ കടമ. തെരഞ്ഞെടുക്കപ്പെട്ട ഒരു സഭ സ്വന്തം ജനതയ്ക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്ന സമയത്ത് പ്രാഥമിക പരിഗണന നല്‍കേണ്ടത് സമൂഹത്തിലെ ഏറ്റവും നിരാലംബരായ  മനുഷ്യര്‍ക്കാണെന്നത് ജനാധിപത്യത്തിന്റെ ഒരു അലിഖിത തത്വമാണ്. ബി. ആര്‍. അംബേദ്കര്‍, നെല്‍സണ്‍ മണ്‍ഡേല എന്നിങ്ങനെ കീഴാളര്‍ക്കു വേണ്ടി പോരാടിയ നേതാക്കന്മാര്‍ മാത്രം കൊണ്ടുനടന്ന ഒരു തത്വം അല്ല മേലെ പറഞ്ഞത്, സാക്ഷാല്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന വര്‍ണാശ്രമ ധര്‍മ്മ പക്ഷപാതിപോലും കൊണ്ടുനടന്നിരുന്ന ഒരു തത്വം ആണിത്. ഈ കാഴ്ചപ്പാടില്‍ നിന്നും ചില ചെറിയ ചോദ്യങ്ങള്‍  ഇവിടത്തെ ഇടതുപക്ഷത്തോടും വലതുപക്ഷത്തോടും ചോദിക്കുവാനുണ്ട്. കേരളത്തിലെ  ആദിവാസികളായ, ദലിതരായ, ദരിദ്രരായ, ഭൂരഹിതരായ, നാടോടികളായ, സ്ത്രീകളായ, കീഴാള ജീവിതങ്ങള്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി എന്ത് നിയമ നിര്‍മ്മാണമാണ് കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ നിങ്ങള്‍ നടത്തിയത്? ഈ കീഴാളജീവിതങ്ങളുടെ ജീവിത സമസ്യകളെക്കുറിച്ച് വ്യക്തമായ അവബോധമുള്ള, അവ പരിഹരിക്കുവാന്‍ ആത്മാര്‍ഥതയുള്ള, അതിനുള്ള വ്യക്തമായ കാഴ്ചപ്പാടും ഇച്ഛാശക്തിയും ഉള്ള എത്ര ജനപ്രതിനിധികളെ  നിങ്ങള്‍ക്ക് മുന്നോട്ടു വെക്കുവാനുണ്ട്? ഇത്തരം അസ്വസ്ഥമായ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുവാനാണോ പാലത്തിന്റെയും റോഡിന്റെയും സ്ഥിതിവിവരക്കണക്കിനെ വികസനം എന്ന പേരിലവതരിപ്പിക്കുന്നത്?

പാലം പണിതും റോഡ് ടാര്‍ ചെയ്തും നമ്മെ നയിക്കുന്ന ഈ നേതാക്കളുടെ കാലത്ത് ജനിച്ചതാകാം ജിഷയുടെ ഏറ്റവും വലിയ പരാജയം. പാലം പണിതും റോഡ് വെട്ടിയും മാത്രമല്ല ഒരു നേതാവ് തന്റെ ജനതയെ നയിക്കേണ്ടത്. അംബേദ്കര്‍, നെഹ്‌റു തുടങ്ങിയ പാര്‍ലമന്റേറിയന്‍മ്മാരെ നാം ഓര്‍ക്കുന്നതും, വലിയ നേതാക്കളായി അംഗീകരിക്കുന്നതും അവര്‍ നിര്‍മിച്ച റോഡിന്റെയും പാലത്തിന്റെയും സ്ഥിതിവിവരക്കണക്കു വച്ചല്ലല്ലോ! മറിച്ച്, ആധുനിക ഇന്ത്യന്‍ റിപ്പബ്ലിക് രൂപീകരിക്കുന്നതിനു അവര്‍ വഹിച്ച പങ്കും, പാര്‍ലമെന്റിനകത്തും പുറത്തും അവര്‍ നടത്തിയ പോരാട്ടങ്ങളും, കലുഷിതമായ സമയങ്ങളില്‍ സുവ്യക്തമായ കാഴ്ച്ചപ്പാടോടെ അവര്‍ നല്കിയ ബൗദ്ധിക നേതൃത്വവും ആണ് അവരെ സമാനതകളില്ലാത്ത നേതാക്കന്മാര്‍ ആക്കിയത്. അവരുടെ സ്ഥാനത്ത് ഇന്നു നമുക്കുള്ള ഭൂരിഭാഗം നേതാക്കന്മാരും പാലം പണിക്കാരും റോഡ് പണിക്കാരും ആണ് (പാലം പണിയുന്ന, റോഡ് പണിയുന്ന തൊഴിലാളികള്‍ മോശക്കാരെന്ന അര്‍ത്ഥത്തിലല്ല, മറിച്ച് പാലം പണി റോഡ് പണി എന്നതല്ല MLA മാരുടെ പണി എന്ന് സൂചിപ്പിക്കുവാനും, ഇവയുടെയെല്ലാം യഥാര്‍ത്ഥ ക്രെഡിറ്റ് ചെല്ലേണ്ടത് അവ പണിത തൊഴിലാളികള്‍ക്കാണെന്നും ഓര്‍മിപ്പിക്കുവാനും വേണ്ടിയാണ്). അതിനാല്‍ തന്നെ ഭൂരഹിതരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ, ആദിവാസികളുടെയും ദലിതരുടേയും ബഹിഷ്‌കൃത ജീവിതത്തിനെക്കുറിച്ചോ, സ്ത്രീകളുടെ സുരക്ഷിതമില്ലായ്മയെക്കുറിച്ചോ, വിദ്യഭ്യാസത്തെക്കുറിച്ചോ, പരിസ്ഥിതിയെക്കുറിച്ചോ, വിഭവവിനിയോഗത്തെക്കുറിച്ചോ, മൂലധനത്തിന്റെ പുനര്‍വിതരണത്തിന്റെ ആവശ്യകതയെക്കുറിച്ചോ, ഒരു ചര്‍ച്ച നടത്താനോ, മൗലികമായ ഒരു കാഴ്ച്ചപ്പാടവതരിപ്പിക്കുവാനോ ഭൂരിഭാഗം വരുന്ന സ്ഥാനാര്‍ഥികള്‍ക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം.

പാലം പണിതാലോ റോഡ് വെട്ടിയാലോ ഉണ്ടാകുന്ന വികസനം മൂലം പരിഹരിക്കപ്പെടുന്നതല്ല ജിഷയെപ്പോലുള്ളവരുടെ ജീവിതപ്രശ്‌നങ്ങള്‍. അത് ചിലപ്പോഴെങ്കിലും അവരുടെ ജീവിതത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. കാരണം പുതിയ പാലങ്ങളും റോഡുകളും പലവിധത്തിലുള്ള ക്രിമിനലുകള്‍ക്ക് കുറേകൂടി മൊബിലിറ്റി നല്കിയിട്ടുണ്ട്. എന്നാല്‍ മൊബിലിറ്റി ശരിക്കും ആവശ്യമുള്ളത് കീഴാള ജീവിതം നയിക്കുന്നവര്‍ക്കാണ്  സാമൂഹ്യമായും സാമ്പത്തികമായും. അത് നല്കുവാനുള്ള ഭൂരിഭാഗം സംവിധാനങ്ങളും അടച്ചിട്ടിരിക്കുകയാണ്. പകരമായി നിരാലംബരില്‍ നിന്നും ഘടനാപരമായി 'നന്ദിയും തൊഴലും നട്ടെല്ല് വളച്ചുള്ള നില്‍പ്പും' ആവശ്യപ്പെടുന്ന കാരുണ്യ (chartiy) രാഷ്ട്രീയമാണ് ഇപ്പോള്‍ പ്രയോഗത്തിലിരിക്കുന്നത്.

പാലം പണിതാലോ റോഡ് വെട്ടിയാലോ ഉണ്ടാകുന്ന വികസനം മൂലം പരിഹരിക്കപ്പെടുന്നതല്ല ജിഷയെപ്പോലുള്ളവരുടെ ജീവിതപ്രശ്‌നങ്ങള്‍. അത് ചിലപ്പോഴെങ്കിലും അവരുടെ ജീവിതത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.

പാല നിര്‍മാണവും റോഡ് നിര്‍മാണവും കാരുണ്യവിതരണവും മാത്രമായിരിക്കരുത് വികസനപ്രവര്‍ത്തനം. രാഷ്ട്രീയ പ്രവര്‍ത്തനം അരികുജീവിതങ്ങളില്‍ സ്വയം നരകിച്ചില്ലാതാവുന്നവര്‍ക്ക് അവരുടെ ന്യായമായ 'അവകാശങ്ങള്‍' (ശുദ്ധമായ വായു, ശുദ്ധമായ വെള്ളം, പോക്ഷകമൂല്യമുള്ള ഭക്ഷണം, മാന്യമായ പാര്‍പ്പിട സൗകര്യം,  ചിലവു കുറഞ്ഞ മികച്ച വിദ്യാഭ്യാസം, മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കുവാനുള്ള സാഹചര്യം, അപരഭയമില്ലാതെ, മറ്റുള്ളവരുടെ നിന്ദക്കും തിരസ്‌കരണത്തിനും പുച്ഛത്തിനും പാത്രമാകാതെ ജീവിക്കുവാനുള്ള സാഹചര്യം) സ്ഥാപിച്ചുകൊടുക്കുന്നതായിരിക്കണം.  

(പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് പി.വി അനില്‍കമാര്‍ )

 

 

വാവിട്ടു കരഞ്ഞ കേരളം ജിഷയ്ക്കു വേണ്ടിയുള്ള ഹര്‍ത്താല്‍ പരാജയപ്പെടുത്തിയത് എന്തുകൊണ്ട്?​

കെ.പി റഷീദ് എഴുതുന്നു

ജിഷയോടും പ്രതിഷേധക്കാരോടും ചെയ്തത്; അതെ,  അത്ര മോശമൊന്നുമല്ല നമ്മുടെ പൊലീസ്!

പ്രഭാ സക്കറിയാസ് എഴുതുന്നു

ആണായത് വല്യ മിടുക്കൊന്നുമല്ല സാര്‍​

 

Follow Us:
Download App:
  • android
  • ios