അമേരിക്കൻ സർക്കാർ പുതിയ PURSUE പദ്ധതിയിലൂടെ പതിറ്റാണ്ടുകളായി രഹസ്യമായി സൂക്ഷിച്ചിരുന്ന യുഎപി/യുഎഫ്ഒ രേഖകൾ പൊതുജനങ്ങൾക്കായി തുറന്നുവിട്ടു. 160-ൽ അധികം രേഖകളും ദൃശ്യങ്ങളും പുറത്തുവിട്ട സർക്കാർ, യുഎഫ്ഒ യാഥാർത്ഥ്യമാണെന്ന് സമ്മതിക്കുമ്പോൾ, അന്യഗ്രഹജീവികളുണ്ടോ എന്ന ചോദ്യത്തിന് ഈ തെളിവുകൾ പരിശോധിച്ച് സ്വയം തീരുമാനിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്നു.

Add Asianetnews as a Preferred SourcegooglePreferred

മേരിക്കൻ സർക്കാരിന്‍റെ രഹസ്യ 'യുഎഎപി' (UAP – Unidentified Anomalous Phenomena) രേഖകൾ പൊതുജനങ്ങൾക്കായി തുറന്നുവിടുന്ന പുതിയ പദ്ധതിയായ Presidential Unsealing and Reporting System for UAP Encounters (PURSUE) ലോകവ്യാപക ശ്രദ്ധ നേടുകയാണ്. അമേരിക്കൻ യുദ്ധ വകുപ്പ് (Department of War) പുറത്തിറക്കിയ ഈ പദ്ധതി, പതിറ്റാണ്ടുകളായി രഹസ്യമായി സൂക്ഷിച്ചിരുന്ന UFO/UAP വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന വാഗ്ദാനത്തോടെയാണ് ആരംഭിച്ചത്. പുതിയ പദ്ധതിയിലൂടെ നിരവധി രേഖകൾ പുറത്ത് വിട്ടുകൊണ്ട് യുഎഫ്ഓ എന്നത് യാഥാർത്ഥ്യമാണെന്നും എന്നാൽ അന്യഗ്രഹ ജീവികളുണ്ടോയെന്ന ചോദ്യത്തിന് രേഖകൾ പരിശോധിച്ച് നിങ്ങൾ തന്നെ സ്വയം തീരുമാനിക്കൂവെന്നാണ് ഔദ്ധ്യോഗീക നിർദ്ദേശം.

160 -ത്തിലധികം രേഖകൾ, ചിത്രങ്ങൾ, വീഡിയോകൾ

ഈ പുതിയ പ്ലാറ്റ്‌ഫോമിലൂടെ ഏകദേശം 160 -ത്തിലധികം രേഖകൾ, ചിത്രങ്ങൾ, വീഡിയോ ദൃശ്യങ്ങൾ, സൈനിക റിപ്പോർട്ടുകൾ, സാക്ഷിമൊഴികൾ, ബഹിരാകാശ ദൗത്യങ്ങളിലെ രേഖകൾ തുടങ്ങിയവ ആദ്യഘട്ടത്തിൽ യുഎസ് സർക്കാർ പുറത്തുവിട്ടു. അമേരിക്കൻ പ്രതിരോധ വകുപ്പ്, ODNI (Office of the Director of National Intelligence), NASA, FBI എന്നിവ ഉൾപ്പെടെയുള്ള ഏജൻസികൾ ഈ സംയുക്ത പ്രവർത്തനത്തിൽ പങ്കാളികളാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. war.gov/ufo എന്ന സൈറ്റിലൂടെയാണ് ഇത്തരം വിവരങ്ങൾ യുഎസ് പറുത്ത് വിടുന്നത്.

UAP എന്ന പദം മുമ്പ് ഉപയോഗിച്ചിരുന്ന UFO എന്ന ആശയത്തിന്‍റെ നവീന രൂപമാണ്. ആകാശത്തോ ബഹിരാകാശത്തിലോ കടലിലോ കണ്ടെത്തിയ. എന്നാൽ വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത വസ്തുക്കളെയോ സംഭവങ്ങളെയോ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. അമേരിക്കൻ പ്രതിരോധ വകുപ്പ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി UAP വിഷയത്തെ ദേശീയ സുരക്ഷയുടെ ഭാഗമായാണ് കണക്കാക്കിയിരുന്നത്. 2022 -ൽ സ്ഥാപിച്ച All-domain Anomaly Resolution Office (AARO) എന്ന വിഭാഗമാണ് ഈ അന്വേഷണങ്ങളുടെ പ്രധാന ചുമതല വഹിക്കുന്നത്.

PURSUE പദ്ധതി

അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ 'പരമാവധി സുതാര്യത' (total transparency) എന്ന നിർദേശമാണെന്ന് പുതിയ PURSUE പദ്ധതി ആരംഭിക്കാൻ കാരണമെന്ന് ഔദ്യോഗിക പ്രസ്താവനകൾ സൂചിപ്പിക്കുന്നു. മുൻ യുഎസ് സർക്കാരുകൾ ഇത്തരം വിഷയങ്ങളെ പൊതു സമൂഹത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നുവെന്നും ഇപ്പോൾ ജനങ്ങൾക്ക് തന്നെ ഈ രേഖകൾ പരിശോധിച്ച് അഭിപ്രായം രൂപപ്പെടുത്താനുള്ള അവസരം നൽകുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

പുറത്തുവന്ന രേഖകളിൽ ഏറ്റവും കൂടുതൽ ചർച്ചയായത് അപ്പോളോ ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. ചില രേഖകളിൽ ബഹിരാകാശ യാത്രികർ ചന്ദ്രനടുത്ത് പ്രകാശമുള്ള അജ്ഞാത വസ്തുക്കൾ കണ്ടതായി പരാമർശങ്ങളുണ്ട്. അപ്പോളോ 17 ദൗത്യത്തിലെ ചില ട്രാൻസ്‌ക്രിപ്റ്റുകളിൽ 'തിളങ്ങുന്ന വസ്തുക്കളെ' കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

യുഎഫ്ഒ / യുഎപികളുടെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ടെങ്കിലും പുറത്തുവന്ന രേഖകളിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉറപ്പിക്കുന്ന വ്യക്തമായ തെളിവുകളൊന്നുമില്ലെന്നാണ് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥരുടെ അഭിപ്രായം. പല ദൃശ്യങ്ങൾക്കും സ്വാഭാവികമോ സാങ്കേതികമോ ആയ വിശദീകരണങ്ങൾ ഉണ്ടാകാമെന്നും ഇത് ചിലത് അപൂർണ്ണ ഡാറ്റയുള്ള സംഭവങ്ങളാണെന്നും AARO മുൻ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

UAP വിഷയത്തിൽ അമേരിക്കൻ സർക്കാർ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയതിന്‍റെ പശ്ചാത്തലം ദേശീയ സുരക്ഷയാണ്. യുഎസിന്‍റെ തന്ത്രപ്രധാനമായ സൈനിക മേഖലകളുടെ സമീപത്ത് കണ്ടെത്തിയ തിരിച്ചറിയാൻ കഴിയാത്ത ഡ്രോണുകൾ, പ്രകാശ വസ്തുക്കൾ, അതിവേഗത്തിൽ സഞ്ചരിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്ന മറ്റ് ചില വസ്തുക്കൾ എന്നിവ കണ്ടെത്തിയ സാഹചര്യത്തിൽ, വിദേശ ശക്തികളുടെ രഹസ്യ സാങ്കേതിക വിദ്യകളാണോ ഇതിന് പിന്നിലെന്ന് പരിശോധിച്ചെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരുന്നു.

നിങ്ങൾക്കും പറയാം

2023 -ൽ അമേരിക്കൻ പ്രതിരോധ വകുപ്പ് UAP സംബന്ധിച്ച റിപ്പോർട്ടുകൾ സ്വീകരിക്കാൻ പ്രത്യേക ഓൺലൈൻ സംവിധാനം ആരംഭിച്ചിരുന്നു. നിലവിലെ അല്ലെങ്കിൽ മുൻ സൈനിക ഉദ്യോഗസ്ഥർക്കും സർക്കാർ കരാർ ജോലിക്കാർക്കും അവരുടെ അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇതിലൂടെ സാധിച്ചു.

National Archives-ലും ഇതിനകം നിരവധി UFO/UAP രേഖകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അമേരിക്കൻ രേഖാശേഖര വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡൻഷ്യൽ ലൈബ്രറികളിൽ പോലും ഇത്തരം രേഖകൾ ലഭ്യമാണെന്നും 2024 -ലെ National Defense Authorization Act പ്രകാരം വിവിധ ഏജൻസികൾ അവരുടെ കൈവശമുള്ള UAP രേഖകൾ പൊതുജനങ്ങൾക്കായി കൈമാറേണ്ടതുണ്ടെന്നും ഔദ്യോഗിക നിർദേശങ്ങളിൽ പറയുന്നു.

View post on Instagram

സമൂഹ മാധ്യമങ്ങളിലും ചർച്ച

ഇതിനിടെ സോഷ്യൽ മീഡിയയിലും റെഡ്ഡിറ്റ് പോലുള്ള ഓൺലൈൻ കമ്മ്യൂണിറ്റികളിലും PURSUE വൻ ചർച്ചയായി മാറി. ചിലർ ഇത് ചരിത്രപരമായ വെളിപ്പെടുത്തലാണെന്ന് വിശേഷിപ്പിക്കുമ്പോൾ, മറ്റുചിലർ പുറത്തുവന്ന രേഖകളിൽ ഭൂരിഭാഗവും മുമ്പേ ലഭ്യമായ വിവരങ്ങളുടെ പുനരാവിഷ്കാരം മാത്രമാണെന്ന വിമർശനം ഉന്നയിക്കുന്നു. ചില റെഡ്ഡിറ്റ് ഉപയോക്താക്കൾ സർക്കാർ വെബ്സൈറ്റ് അമിത ട്രാഫിക് കാരണം തകരാറിലായതായും രേഖകൾ കൂടുതൽ ഡിജിറ്റൈസ് ചെയ്യേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

പുറത്തുവന്ന രേഖകളിൽ 'ഓറഞ്ച് നിറത്തിലുള്ള പ്രകാശഗോളങ്ങൾ', 'ഒരു വസ്തുവിൽ നിന്ന് മറ്റൊരു വസ്തു പുറത്ത് വരുന്നത് പോലെ തോന്നിയ ദൃശ്യങ്ങൾ', 'നിയന്ത്രിത സൈനിക മേഖലയ്ക്ക് സമീപമുള്ള അജ്ഞാത വസ്തുക്കൾ' തുടങ്ങിയ വിവരണങ്ങൾ ഉണ്ടെന്ന വിവരങ്ങളും ഓൺലൈൻ ചർച്ചകളിൽ സജീവമായി പ്രചരിക്കുന്നു. എന്നാൽ ഇവയെല്ലാം ഔദ്യോഗികമായി അന്യഗ്രഹ സാങ്കേതികവിദ്യയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

വർദ്ധിക്കുന്ന പ്രാധാന്യം

UAP വിഷയത്തെക്കുറിച്ചുള്ള അമേരിക്കൻ സർക്കാരിന്‍റെ സമീപനത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഒരുകാലത്ത് പരിഹാസത്തിനും ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും ഇടയാക്കിയിരുന്ന UFO വിഷയത്തെ ഇപ്പോൾ കോൺഗ്രസ് തലത്തിൽ പോലും ദേശീയ സുരക്ഷാ ചർച്ചകളിൽ ഉൾപ്പെടുത്തുന്നുണ്ട്. NASA വരെ UAP പഠനങ്ങളിൽ പങ്കാളിയാകുന്നത് ഈ വിഷയത്തിന്‍റെ പ്രാധാന്യം വർധിപ്പിച്ചു.

എന്നാൽ, ശാസ്ത്രലോകം ഇപ്പോഴും സൂക്ഷ്മമായ സമീപനമാണ് സ്വീകരിക്കുന്നത്. തെളിവുകളുടെ ഗുണനിലവാരം, ദൃശ്യങ്ങളുടെ വ്യക്തത, റഡാർ ഡാറ്റയുടെ വിശ്വാസ്യത എന്നിവയിൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. അന്യഗ്രഹ ജീവികളുടെ സാന്നിധ്യം തെളിയിക്കാൻ അസാധാരണമായ തെളിവുകൾ വേണമെന്ന ശാസ്ത്രീയ നിലപാടും തുടരുന്നു.

എന്തായാലും PURSUE പദ്ധതിയുടെ ആരംഭം UFO/UAP വിഷയത്തെ വീണ്ടും ആഗോള ചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. വരും ആഴ്ചകളിലും മാസങ്ങളിലും കൂടുതൽ രേഖകൾ പുറത്തുവിടുമെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചു. അതിനാൽ ഭാവിയിൽ കൂടുതൽ വിവാദപരമായ രേഖകൾ പുറത്തുവരുമോ, അതോ ഈ മുഴുവൻ വിഷയവും തിരിച്ചറിയാത്ത സാങ്കേതിക പ്രതിഭാസങ്ങളുടെ ശേഖരമായി മാത്രം ഇതും തുടരുമോ എന്നും ലോകം ഉറ്റുനോക്കുന്നു.