വേട്ടയാടുന്നതും ഭക്ഷണം കണ്ടെത്തുന്നതും പുരുഷന്മാരായിരുന്നുവെന്നും, അത് ശേഖരിക്കുന്ന ജോലി മാത്രമേ സ്ത്രീകൾക്കുണ്ടായിരുന്നുള്ളൂവെന്നുമാണ് പണ്ടുമുതലേ നമ്മൾ കരുതിയിരുന്നത്. എന്നാൽ, വേട്ടയാടുന്നത് പുരുഷന്മാർക്ക് മാത്രമുള്ള ഒന്നല്ലെന്നും മറിച്ച് സ്ത്രീകളും പണ്ടുകാലങ്ങളിൽ വേട്ടയാടിയിരുന്നു എന്നുമാണ് പുതിയൊരു കണ്ടെത്തൽ സൂചിപ്പിക്കുന്നത്.    

2018 -ൽ Wilamaya Patjxa -ൽ (ഇന്നത്തെ പെറു) നടന്ന ഖനനത്തിനിടയിൽ ഗവേഷകർ 19 -കാരിയായ ഒരു സ്ത്രീയെ അടക്കം ചെയ്‌ത സ്ഥലം പരിശോധിക്കുകയുണ്ടായി. കല്ല് കൊണ്ടുള്ള ആയുധങ്ങൾ, കത്തി, ഒപ്പം ഒരു മൃഗത്തെ വെട്ടുന്നതിനും മറ്റുമുള്ള ആയുധങ്ങൾ എന്നിവ അവരുടെ ശവക്കുഴിയിൽ നിന്ന് അവർ കണ്ടെത്തുകയുണ്ടായി. ഇത് സ്ത്രീകൾ പണ്ടുകാലങ്ങളിൽ വേട്ടയ്ക്ക് പോയിരുന്നു എന്നതിനുള്ള തെളിവായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ആ സ്ത്രീയുടെ എല്ലുകൾ അവർ ഒരു മാംസാഹാരിയായിരുന്നുവെന്നതിന്‍റെ സൂചനയും നൽകി.    

“ഈ കണ്ടെത്തലുകൾ പുരാതന വേട്ടയാടൽ സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടനയെക്കുറിച്ച് മാറിച്ചിന്തിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കുന്നു. ചരിത്രപരമായി നമ്മൾ കരുതിയിരുന്നത് പുരുഷന്മാർ വേട്ടക്കാരും സ്ത്രീകൾ അത് ശേഖരിക്കുന്നവരുമായിരുന്നു എന്നാണ്. പക്ഷേ, അത് തെറ്റായിരുന്നു” കാലിഫോർണിയ സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞൻ റാണ്ടി ഹാസ് വിശദീകരിച്ചു. 'സമീപകാല വേട്ടയാടൽ സമൂഹങ്ങൾക്കിടയിൽ നിലനിൽക്കുന്ന തൊഴിൽ രീതികൾ ലിംഗ അസമത്വത്തെ വളരെയധികം എടുത്ത് കാണിക്കുന്നവയാണ്. ഇത് ശമ്പളം അല്ലെങ്കിൽ റാങ്ക് പോലുള്ള കാര്യങ്ങളിലെ അസമത്വങ്ങൾ സ്വാഭാവികമാണെന്ന ധാരണ ആളുകളിൽ ഉണ്ടാകാനിടയായി. എന്നാൽ, ആ ധാരണ തെറ്റായിരുന്നു എന്ന് വേണം അനുമാനിക്കാൻ. പണ്ടുകാലത്ത് വേട്ടയാടൽ സമൂഹത്തിൽ  ലിംഗസമത്വം നിലനിന്നിരുന്നു എന്ന് വേണം കരുതാനെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ സമയത്ത് കൂടുതൽ സ്ത്രീ വേട്ടക്കാർ ഉണ്ടായിരുന്നോ എന്നറിയാനുള്ള ശ്രമത്തിലായിരുന്നു ഗവേഷകർ പിന്നീട്. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് കുഴിച്ചെടുത്ത പഴയകാല ശ്‍മശാനങ്ങളിൽ നിന്നുമുള്ള രേഖകൾ പരിശോധിച്ചപ്പോൾ 107 ശ്‍മശാന സ്ഥലങ്ങളിലായി 429 പേരെ കുഴിച്ചിട്ടതായി അവർ കണ്ടെത്തി. ഇതിൽ 27 പേരെ വേട്ടയാടൽ ആയുധങ്ങൾക്കൊപ്പമാണ് അടക്കം ചെയ്യ്തിട്ടുള്ളത്, അതിൽ 11 പേർ സ്ത്രീകളാണ്. ആ കാലഘട്ടത്തിൽ സ്ത്രീകൾ സജീവമായി വേട്ടയിൽ പങ്കെടുത്തിരുന്നുവെന്നും, അതൊരു നിസ്സാര കാര്യമല്ലെന്നും പരിശോധനയ്ക്കുശേഷം ഗവേഷകർ പറഞ്ഞു.