സ്ട്രെസിനെ എങ്ങനെ അകറ്റാം? ജ്യോതിലക്ഷ്മി എഴുതുന്നു

സ്ട്രെസ് എന്നുപറയുന്നത് വാസ്തവത്തില്‍ ഒരു വില്ലന്‍ അല്ല. അത് ഭാവിയില്‍ വരാന്‍ പോകുന്ന അസുഖങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിച്ചു തരുന്ന ഒരു സഹായി ആണ്. പക്ഷെ ഈ സഹായി ചൂണ്ടിക്കാണിച്ചുതരുന്ന അവസ്ഥകളെ ഗൗനിയ്ക്കാതെയും അതിനെ തരണംചെയ്യാനുള്ള വഴികള്‍ കണ്ടെത്താതെയും നീങ്ങുമ്പോള്‍ ആണ് പലരും ഗുരുതരമായ അസുഖങ്ങളുടെ വലയില്‍പ്പെടുന്നത്. 

ശാരീരികവും മാനസികവും വൈകാരികവുമായി ആയി ചുമക്കാവുന്നതിലധികം ഭാരങ്ങള്‍ നമ്മള്‍ ചുമക്കേണ്ടിവരുമ്പോള്‍ ശരീരം നമ്മുടെ സ്വയം അതുമനസ്സിലാക്കി നമുക്ക് ബോധ്യപ്പെടുത്തി തരുന്നതിനെയാണ് സ്ട്രെസ് എന്ന് വിളിയ്ക്കുന്നത്. സ്ട്രെസ് എന്നുപറയുന്നത് വാസ്തവത്തില്‍ ഒരു വില്ലന്‍ അല്ല. അത് ഭാവിയില്‍ വരാന്‍ പോകുന്ന അസുഖങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിച്ചു തരുന്ന ഒരു സഹായി ആണ്. പക്ഷെ ഈ സഹായി ചൂണ്ടിക്കാണിച്ചുതരുന്ന അവസ്ഥകളെ ഗൗനിയ്ക്കാതെയും അതിനെ തരണംചെയ്യാനുള്ള വഴികള്‍ കണ്ടെത്താതെയും നീങ്ങുമ്പോള്‍ ആണ് പലരും ഗുരുതരമായ അസുഖങ്ങളുടെ വലയില്‍പ്പെടുന്നത്. 

സ്‌ട്രെസിന്റെ ശരീരശാസ്ത്രം:
ചില പ്രത്യേക സാഹചര്യങ്ങളോട് നമ്മുടെ ശരീരം പ്രതികരിയ്ക്കുന്ന വിധമാണ് നമുക്ക് സ്‌ട്രെസ് ആയി അനുഭവഭേദ്യമാകുന്നത്. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനോട് പ്രതികരിയ്ക്കുന്നതിന്റെ ഭാഗമായി നമ്മുടെ ശരീരം ചില ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിയ്ക്കുന്നു. അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍, നോര്‍ഫിനെഫ്രിന്‍ എന്നിവയാണ് ഇവയില്‍ പ്രധാനികള്‍. ഇത്തരം ഹോര്‍മോണുകള്‍ പൊരുതാനുള്ള സന്ദേശമാണ് നമ്മുടെ ശരീരത്തിന് നല്‍കുന്നത്.

ഇതിന്റെ ഫലമായി പൊരുതുവാന്‍ ശരീരത്തെ സജ്ജമാക്കുന്നതിനായി മാംസപേശികളിലേക്കുള്ള രക്തപ്രവാഹം കൂടുകയും അതോടൊപ്പം മറ്റു ശരീരപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആവുകയും ചെയ്യുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോള്‍ സ്വാഭാവികമായും ചിന്തകളിലും പ്രവര്‍ത്തികളിലും ബുദ്ധിമുട്ടു നേരിടേണ്ടിവരുന്നു. ദഹനം, ഉപാപചയപ്രവര്‍ത്തികള്‍ എല്ലാം ഇതുമൂലം താളം തെറ്റുന്നു.

സ്‌ട്രെസിന്റെ കാരണങ്ങള്‍

  • അമിതമായ ജോലിഭാരം 
  • അമിതമായി മത്സരങ്ങളില്‍ ഏര്‍പ്പെടുന്നത് 
  • ശാരീരികവും മാനസികവുമായുള്ള അപകര്‍ഷതാബോധം 
  • സാമൂഹിക വിവേചനങ്ങള്‍, സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍
  • പുതിയതും അപരിചിതവുമായ ജീവിത സാഹചര്യങ്ങള്‍ 
  • വിട്ടുമാറാത്ത അസുഖങ്ങള്‍, പരുക്കുകള്‍
  • വ്യക്തിബന്ധങ്ങളില്‍ ഉണ്ടാകുന്ന തകര്‍ച്ചകള്‍ 
  • പ്രിയപ്പെട്ടവരുടെ മരണങ്ങള്‍ 
  • ചെറുപ്പത്തില്‍ അനുഭവിച്ച പീഡനങ്ങള്‍, ദുരിതങ്ങള്‍
  • സാമ്പത്തികബുദ്ധിമുട്ടുകള്‍ 
  • കുട്ടികളെയും കുടുബത്തെയും ബാധിച്ച ബുദ്ധിമുട്ടുകള്‍ 

സ്‌ട്രെസിന്റെ ലക്ഷണങ്ങള്‍
ധാരണാപരമായ ബുദ്ധിമുട്ടുകള്‍: ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ്, ആകുലത, മറ്റുള്ളവരെ മനസ്സിലാക്കുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ഉള്ള ബുദ്ധിമുട്ട്

ശാരീരിക ബുദ്ധിമുട്ടുകള്‍: ശാരീരിക വേദനകള്‍, ദഹനക്കുറവ്, മലബന്ധം, വയറിളക്കം, ഇടയ്ക്കിടയ്ക്ക് വരുന്ന ഇന്‍ഫെക്ഷന്‍സ്, നെഞ്ചുവേദന, നെഞ്ചരിച്ചില്‍, മനം പിരട്ടല്‍, തലചുറ്റല്‍, ഉയര്‍ന്ന ഹൃദയമിടിപ്പ്, ലൈംഗിക താല്‍പ്പര്യങ്ങള്‍ കുറയുന്നത്, പെട്ടന്നുള്ള ഭാരക്കൂടുതല്‍/ഭാരക്കുറവ് 

മാനസിക അവസ്ഥകള്‍: ഡിപ്രഷന്‍, ഒറ്റപ്പെടല്‍, സന്തോഷമില്ലായ്മ, ദേഷ്യം, ആവശ്യമില്ലാതെ വിഷമിയ്ക്കുക ദേഷ്യപ്പെടുക, മൂഡ് സ്വിങ്‌സ് തുടങ്ങിയവ

സ്വഭാവവ്യതിയാനങ്ങള്‍: ഉറക്കമില്ലായ്മ, കൂടുതല്‍ ഉറങ്ങുക, വിശപ്പില്ലായ്മ, കൂടുതല്‍ ഭക്ഷണം കഴിയ്ക്കുക, അലസത, ദ്വേഷ്യപ്പെടുക, ചെയ്യേണ്ട ജോലികള്‍ പിന്നേയ്ക്ക് മാറ്റിവെയ്ക്കാനുള്ള പ്രവണത, മറ്റുള്ളവരില്‍ നിന്ന് മാറിപ്പോകാനും കംഫര്‍ട്ട് ഫുഡ്, ഡ്രിങ്ക്‌സ്, സിഗരറ്റ്, ഡ്രഗ്‌സ് എന്നിവയില്‍ അഭയം തേടാനും ഉള്ള പ്രവണത

സ്‌ട്രെസിനെ എങ്ങനെ കൈകാര്യം ചെയ്യാം

  • സ്ട്രെസ് ഉണ്ടാക്കുന്ന കാരണങ്ങളെ കണ്ടെത്തി അവയില്‍ നിന്നും കഴിയുന്നതും മാറി നില്‍ക്കുക. 
  • ഒറ്റപ്പെട്ടുനില്‍ക്കാതെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ സഹായം തേടുക. 
  • ഇഷ്ടപ്പെട്ട ശാരീരിക വിനോദങ്ങളില്‍ (നീന്തല്‍, ഡാന്‍സ്, നടത്തം പോലുള്ളവ) ഏര്‍പ്പെടുക. 
  • ആശ്വാസകരമായ ബ്രീതിങ് ടെക്നിക്സ്, യോഗ, മെഡിറ്റേഷന്‍ ഇവയെല്ലാം സഹായകരമാകും. 
  • പാട്ടുകേള്‍ക്കുക, പുഷ്പങ്ങളുടെ ഗന്ധം ആസ്വദിയ്ക്കുക, എണ്ണതേച്ചുകുളിയ്ക്കുക, നല്ല കാഴ്ചകള്‍ യാത്രകള്‍ എന്നീ സംവേദകമായ പ്രവര്‍ത്തനങ്ങളില്‍ (സെന്‍സറി ആക്ടിവിറ്റീസില്‍) ഏര്‍പ്പെടുക. 
  • ശരീരത്തിന് ആവശ്യത്തിന് വിശ്രമം കൊടുക്കുക. 
  • ആരോഗ്യകരമായ ഭക്ഷണവും ആവശ്യത്തിന് ഉറക്കവും ഉറപ്പുവരുത്തുക. 
  • അതിവൈകാരികതയെ ബുദ്ധി ഉപയോഗിച്ച് നിയന്ത്രിയ്ക്കുക. 
  • അമിതഭാരം എടുക്കാതെ പ്രായോഗികമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ജോലിചെയ്യുക. 
  • സ്വയം നിയന്ത്രിയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉടനെ വൈദ്യസഹായം തേടുക. 

(In collaboration with FTGT Pen Revolution)