Asianet News MalayalamAsianet News Malayalam

ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്‍ത്തിയ വിചിത്രരോഗം, എന്തുകൊണ്ടാണ് ഇവിടെ ആര്‍ക്കും ഉറക്കം മതിയാവാതിരുന്നത്?

താമസിയാതെ അതൊരു പ്രേതനഗരമായി മാറി. മുൻപ് 6,500 നിവാസികൾ ഉണ്ടായിരുന്ന അവിടെ ഒടുവിൽ 130 പേർ മാത്രമായി.

Kazakhstans sleeping disorder
Author
Kazakhstan, First Published Jun 20, 2020, 12:05 PM IST
  • Facebook
  • Twitter
  • Whatsapp

2013 -ൽ കസാക്കിസ്ഥാനിലെ കലാച്ചി എന്ന ചെറിയ ഗ്രാമത്തിലെ താമസക്കാർ ഒരു ദുരൂഹരോഗത്തിന്‍റെ പിടിയിൽപ്പെട്ടു. രാത്രിയിൽ ഉറങ്ങുകയും കാലത്തെഴുന്നേൽക്കുകയാണല്ലോ സാധാരണയായി എല്ലാവരും ചെയ്യുന്നത്. എന്നാൽ, ഇവിടത്തുകാർക്കു ഉറങ്ങാൻ അങ്ങനെ നേരവും കാലവുമൊന്നുമില്ല. ചിലപ്പോൾ പത്രം വായിക്കുമ്പോൾ, നടക്കുമ്പോൾ അതുമല്ലെങ്കിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒക്കെ അവർ ഉറങ്ങിവീഴും. അത് ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുപോകും. ഒടുവിൽ ഉറക്കമുണർന്നാൽ അവർക്ക് അതിനെക്കുറിച്ച് യാതൊരു ഓർമ്മയും കാണില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. ക്ഷീണം, ബലഹീനത, തലവേദന എന്നിവയുമായാണ് അവർ ഉണരുന്നത്.  

പത്രങ്ങൾ ഇതിനെ ഉറക്കരോഗമെന്ന് വിളിച്ചു. ഇതെങ്ങനെ സംഭവിക്കുന്നു എന്നറിയാൻ പല പഠനങ്ങളും നടന്നു. എന്നാൽ, വർഷങ്ങളുടെ പഠനത്തിനുശേഷവും, ഇതിന്‍റെ അടിസ്ഥാന കാരണം കണ്ടെത്താനായില്ല. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്‍തത്  2010 -ൽ ഒരു അയൽഗ്രാമത്തിലാണ്. 2013 -ൽ, കലാച്ചിയിൽ എട്ട് ആളുകൾ ഒരു വാരാന്ത്യത്തിൽ ഉറങ്ങാൻ തുടങ്ങി. കുളിമുറിയിൽ പോകാനോ അല്‍പം ആഹാരം കഴിക്കാനോപോലും ഉണരാനാകാതെ അവർ പാടുപെട്ടു.  

ഇതുകൂടാതെ ആളുകൾക്ക് ഓക്കാനം, തലകറക്കം എന്നിവയും അനുഭവപ്പെട്ടു. അവർ പരിഭ്രാന്തരായി. നൂറിലധികം ആളുകൾ ഒരു ഘട്ടത്തിൽ രോഗബാധിതരായി. ഈ അസുഖം പ്രായമായവരെയും ചെറുപ്പക്കാരെയും ഒരേപോലെ ബാധിച്ചു. കുട്ടികൾ സ്‍കൂളിൽ പോകാതായി. ചിലർ  പേടിസ്വപ്‍നം കണ്ട് ഭയന്നു. ചിറകുള്ള കുതിരകളെയും കിടക്കയിൽ പാമ്പുകളെയും കൈകൾ തിന്നുന്ന പുഴുക്കളെയും കുട്ടികൾ സ്വപ്‍നം കണ്ടതായി ഒരു പത്രക്കുറിപ്പിൽ പറയുന്നു. മാസങ്ങൾ കഴിയുന്തോറും കൂടുതൽ കൂടുതൽ ആളുകളെ ഈ രോഗം ബാധിച്ചു തുടങ്ങി. വളർത്തുമൃഗങ്ങളെ പോലും ഇത് ബാധിച്ചു. ഒരു വെള്ളിയാഴ്ച രാത്രി തന്റെ പൂച്ച മാർക്വിസ് പെട്ടെന്ന് ഭ്രാന്ത് പിടിച്ചപോലെ ചുമരുകളിലും ഫർണിച്ചറുകളിലും മാന്തുകയും വളർത്തു നായയെ ആക്രമിക്കുകയും ചെയ്‍തതായി കാലാച്ചി നിവാസിയായ യെലീന ഷാവോറോങ്കോവ പറയുകയുണ്ടായി.

താമസിയാതെ അതൊരു പ്രേതനഗരമായി മാറി. മുൻപ് 6,500 നിവാസികൾ ഉണ്ടായിരുന്ന അവിടെ ഒടുവിൽ 130 പേർ മാത്രമായി. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം അടച്ച യുറേനിയം ഖനികളാണോ ഇതിന് കാരണമെന്ന് അറിയാൻ ശാസ്ത്രജ്ഞർ അവിടത്തെ ഭൂമി, ജലം, പ്രാദേശിക ഭക്ഷണം എന്നിവ പരിശോധിച്ചു. വായുവിൽ കാർബൺ മോണോക്സൈഡ് ഉണ്ടോയെന്ന് ഗവേഷകർ പരിശോധിച്ചു. ഇനി എന്തെങ്കിലും റേഡിയേഷൻ മൂലമാണോ ഇതെന്നറിയാൻ ആളുകളുടെ മുടിയും കൈവിരലുകളും പരിശോധിച്ചു. എന്നാൽ, ഇത്രയൊക്കെ ശ്രമിച്ചിട്ടും, ഡോക്ടർമാർക്ക് ഒന്നും തന്നെ കണ്ടെത്താനായില്ല.

ഒടുവിൽ അവർ അതിന്റെ കാരണം കണ്ടെത്തി. ഖനികളിൽ നിന്ന് വരുന്ന ഉയർന്ന അളവിലുള്ള കാർബൺ മോണോക്സൈഡും ഹൈഡ്രോകാർബണും ഈ പ്രദേശത്തെ വായുവിൽ കലരുന്നുണ്ടെന്നും അത് ഓക്സിജന്റെ അളവിൽ ഗണ്യമായ കുറവുണ്ടാക്കുന്നുവെന്നും അവർ  മനസ്സിലാക്കി. അതാണ് ഈ ഉറക്കത്തിന്റെ കാരണം. 2015 വേനൽക്കാലത്താണ് ഇത് കണ്ടുപിടിച്ചത്. അപ്പോഴേക്കും മിക്കവരും അവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. ആ വർഷം ഡിസംബർ അവസാനത്തിൽ കസാക്കിസ്ഥാനിലെ നാഷണൽ ന്യൂക്ലിയർ സെന്ററിലെ ശാസ്ത്രജ്ഞർ ഈ വിശദീകരണം സ്ഥിരീകരിച്ചു. ഇതോടെ ബാക്കിയുള്ള താമസക്കാരെയും ഒഴിപ്പിക്കാൻ തുടങ്ങി. എന്നിരുന്നാലും എല്ലാവരും ഈ സിദ്ധാന്തം അംഗീകരിച്ചില്ല. കാരണം എൺപതുകളുടെ തുടക്കത്തിൽ ഖനികൾ സജീവമായിരുന്നില്ല. കാർബൺ മോണോക്സൈഡ് സാധാരണയായി ഖനികൾ പ്രവർത്തിക്കുമ്പോൾ ഉയരുന്ന തീയുടെ ഫലമായി ഉണ്ടാകുന്ന ഒന്നാണ്. പിന്നെ എങ്ങനെയാണ് അടഞ്ഞുകിടക്കുന്ന ഖനികൾ മൂലം ഇതുണ്ടായി എന്ന് പറയുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. 

 

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios