പ്രളയത്തില്‍ കണ്ട ഐക്യത്തിന്റെ നേരെ വിപരീതമായിരുന്നു ഈ വിധിയുടെ പ്രത്യാഘാതം. സാമൂഹ്യ പുരോഗതി എന്നതിനപ്പുറം ഭരണഘടന, മൗലികാവകാശം, സ്ത്രീപുരുഷ സമത്വം, നിയമവാഴ്ച്ച എന്നിങ്ങനെ ആധുനിക ഇന്ത്യയുടെ അടിസ്ഥാനപ്രമാണങ്ങളെയൊക്കെ ഉയര്‍ത്തിപിടിക്കുന്നതായിരുന്നു പരമോന്നതനീതിപീഠത്തിന്റെ ഈ വിധി. പക്ഷേ അതൊക്കെ തൃണവല്‍ഗണിച്ചുകൊണ്ട് വിധിക്കെതിരെ ഒരു വലിയ ജനമുന്നേറ്റത്തിനു തന്നെ ഹിന്ദുത്വസംഘടനകള്‍ തിരി കൊളുത്തി. കോടതി വിധിയുടെ ബലത്തില്‍ മലകയറാന്‍ വന്ന യുവതികളെ ബലം പ്രയോഗിച്ച് ഈ ശക്തികള്‍ തടഞ്ഞു. പേ പിടിച്ചവരെ പോലെ ആര്‍ത്തുവിളിച്ചുവന്ന ലക്ഷക്കണക്കിനു പുരുഷന്മാര്‍ ചേര്‍ന്ന് ഏതാനും സ്ത്രീകളെ ആക്രമിക്കുന്നതും ഓടിക്കുന്നതുമായ ദൃശ്യങ്ങള്‍ പ്രബുദ്ധനെന്ന് കരുതപ്പെട്ട മലയാളിക്ക് ലോകമാകെ നാണക്കേട് സൃഷ്ടിച്ചു. ഇതെ തുടര്‍ന്ന് സ്ത്രീപ്രവേശനം ഉറപ്പാക്കി നിയമവാഴ്ച്ച നടപ്പാക്കുന്നതിനു ബാധ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍ അതില്‍ പരാജയപ്പെടുകയും ചെയ്തു. 

''ഇത് ഏറ്റവും നല്ല കാലമാണ്. ഏറ്റവും കെട്ടകാലവും. ഇത് വിവേകത്തിന്റെ യുഗമാണ്. വിഡ്ഢിത്തത്തിന്റെയും. വിശ്വാസത്തിന്റെ വര്‍ഷമാണിത്. വിശ്വാസരാഹിത്യത്തിന്റെയും. പ്രകാശത്തിന്റെ ഋതുവാണിത്. അന്ധകാരത്തിന്റെയും. പ്രത്യാശയുടെ വസന്തകാലം. ഒപ്പം നിരാശയുടെ ശിശിരം. വേണ്ടതെല്ലാം നമ്മുടെ മുമ്പിലുണ്ടായിരുന്നു. എന്നാല്‍ ഒന്നും തന്നെ ഇല്ലായിരുന്നുതാനും. നാമെല്ലാം നേരിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പോകുകയായിരുന്നു. ഒപ്പം നേരെ എതിര്‍ ദിശയിലേക്കും...''

(ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള ചാള്‍സ് ഡിക്കന്‍സിന്റെ നോവല്‍ 'രണ്ട് നഗരങ്ങളുടെ കഥ' യില്‍ നിന്ന്, 1859)

 

ഓരോ സമൂഹത്തിന്റെയും ചരിത്രത്തില്‍ ചില വര്‍ഷങ്ങള്‍ അതിപ്രധാനമാകാറുണ്ട്. കേരളത്തിനു അങ്ങിനെ ഒന്നായിരുന്നു 1924. അതിനു മുമ്പും പിമ്പും സുപ്രധാനമായ വര്‍ഷങ്ങള്‍ പലതും കടന്നുപോയിട്ടുണ്ട്. എങ്കിലും 1924 മായി അത്ഭുതകരമായ സാമ്യവും ചില വൈജാത്യങ്ങളും വഹിച്ചുകൊണ്ട് ചരിത്രത്തില്‍ കയറുന്ന മറ്റൊരു സുപ്രധാന വര്‍ഷമാണ് ഇപ്പോള്‍ അവസാനിക്കുന്ന 2018. 

ഈഴവരാദി അവശജാതികള്‍ക്ക് അമ്പലത്തിനു ചുറ്റുമുള്ള വഴി നടക്കാന്‍ വിലക്കിയിരുന്ന സഹസ്രാബ്ദങ്ങളുടെ അയിത്തത്തിനെതിരെ മഹത്തായ വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷമാണ് 1924. മഹാത്മാ ഗാന്ധിയും കോണ്‍ഗ്രസും അയിത്തോച്ചാടനം മുഖ്യ പരിപാടിയായി പ്രഖ്യാപിച്ച ശേഷം രാജ്യത്ത് കോണ്‍ഗ്രസ് നയിച്ച ആദ്യ പ്രക്ഷോഭം. ശ്രീ നാരായണഗുരുവും മഹാത്മാഗാന്ധിയും ഇ വി രാമസ്വാമി നായ്ക്കരും ഉള്‍പ്പെട്ട മഹാവ്യക്തികള്‍ നയിച്ച -അതിനു മുമ്പും പിമ്പും നടന്നിട്ടില്ലാത്ത വിധം ചരിത്രപ്രധാനമായ- മുന്നേറ്റം. കൃത്യം ഒരു വ്യാഴവട്ടത്തിനു ശേഷം പിന്നാക്ക ജാതികള്‍ക്ക് ക്ഷേത്രവാതിലുകള്‍ തുറന്നുകൊടുത്തുകൊണ്ട് ഒരു സാമൂഹ്യവിപ്ലവത്തിനു വഴി തുറന്ന പ്രക്ഷോഭം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച കേരളീയ നവോത്ഥാനചരിത്രത്തിലെ പ്രധാന നാഴികക്കല്ല്. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച വിധം ജാതീയത കൊടികുത്തി വാണിരുന്ന തിരുവിതാംകൂറില്‍ ആദ്യമായി സവര്‍ണ-അവര്‍ണജാതികള്‍ കൈകോര്‍ത്ത പ്രക്ഷോഭം.

1924 നെ ചരിത്രപ്രധാനമാക്കിയ മറ്റൊരു മഹാസംഭവം വൈക്കം സത്യാഗ്രഹം നടക്കുമ്പോള്‍ തന്നെ തിരുവിതാംകൂറിനെ അടിമുടി മുക്കിക്കളഞ്ഞ പ്രളയം തന്നെ. അതിനു എഴുനൂറോളം വര്‍ഷം മുമ്പ് അന്നത്തെ കേരളത്തിന്റെ ഭൂമിശാസ്ത്രത്തെ മാറ്റിമറിച്ച പെരിയാര്‍ പ്രളയത്തിനു ശേഷം ഉണ്ടായ മറ്റൊരു മഹാപ്രളയം. 99 ലെ വെള്ളപ്പൊക്കം എന്ന് പേരില്‍ പഴമക്കാരുടെ ഓര്‍മ്മയില്‍ എന്നും കിടിലം. അതില്‍ മരിച്ചവരുടെ കൃത്യമായ എണ്ണം ഇല്ലെങ്കിലും ആയിരത്തോളം പേര്‍ മരിക്കുകയും ലക്ഷക്കണക്കുനു രൂപ വിലവരുന്ന സ്വത്തുക്കളുടെ നഷ്ടവും കുറിച്ച ആ പ്രളയം കേരളം മാത്രമല്ല തെക്കേ ഇന്ത്യ അന്നു വരെ കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു. 

ആ പ്രളയം കേരളം മാത്രമല്ല തെക്കേ ഇന്ത്യ അന്നു വരെ കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു. 

2018 നെ ചരിത്രപ്രധാനമാക്കുന്ന രണ്ട് സംഭവങ്ങള്‍ക്കും 1924 ലെ സംഭവങ്ങളുമായുള്ള സാമ്യം ശ്രദ്ധേയമാണ്. ഒന്ന് 1924 നു സമാനമായ വെള്ളപ്പൊക്കമാണെങ്കില്‍ മറ്റൊന്ന് വൈക്കം ക്ഷേത്രവഴികളിലെ അവര്‍ണപ്രവേശം പോലെ ശബരിമലക്ഷേത്രത്തിലെ യുവതീപ്രവേശം. ഇവയ്ക്ക് തമ്മിലുള്ള സാമ്യം മാത്രമല്ല വൈജാത്യവും ശ്രദ്ധേയമാണ്. 2018 ലെ വെള്ളപ്പൊക്കത്തിന്റെ വലുപ്പവും അത് സൃഷ്ടിച്ച കെടുതികളും 1924 നേക്കാള്‍ കൂടുതലായിരുന്നെങ്കിലും രണ്ടിന്റെയും പ്രകൃതിശാസ്ത്രപരമായ കാരണങ്ങളും ഭൂമിശാസ്ത്രപരമായ ദിശയും ഏറെക്കുറെ സമാനമായിരുന്നു.

രണ്ട് പ്രളയങ്ങളുടെയും വലുപ്പവും കെടുതിയും തമ്മിലുള്ള താരതമ്യം ഒഴിച്ചാല്‍ എന്താണ് രണ്ടും തമ്മിലുള്ള കാതലായ വ്യത്യാസം? സംശയമില്ല, അതിജീവനത്തിന്റെ കാര്യത്തിലാണത്. 1924 ല്‍ കാണാത്ത തരത്തിലായിരുന്നു 2018 ലെ അതിജീവനം. സാമ്പത്തികവും സാങ്കേതികവും ആശയവിനിമയതലത്തിലും ഒക്കെ ആയി നാം ഇക്കഴിഞ്ഞ ഒരു നൂറ്റാണ്ടോളം കാലം കൊണ്ട് കൈവരിച്ച വലിയ പുരോഗതി തീര്‍ച്ചയായും ഇക്കുറി അതിജീവനത്തെ വലിയ തോതില്‍ സഹായിച്ചുവെന്നതില്‍ തര്‍ക്കമില്ല. പക്ഷേ 2018 നെ അതിനപ്പുറം വ്യത്യസ്തമാക്കിയത് അതിജീവനത്തിനു കേരളീയസമൂഹം എല്ലാ വ്യത്യാസങ്ങളും മറന്ന് മുന്നിട്ടിറങ്ങിയ ആവേശകരമായ കാഴ്ച്ചയാണ്. രാഷ്ട്രീയം, മതം, ജാതി, ലിംഗം, വര്‍ഗ്ഗം എന്നിങ്ങനെയൊക്കെ എത്രയും ശിഥിലമായ കേരളീയ സമൂഹം ഈ പ്രളയത്തെ ഒന്നിച്ചു നേരിടാനും അതിജീവിക്കാനും പ്രദര്‍ശിപ്പിച്ച ഐക്യം ലോകം മുഴുവന്‍ ആദരവോടെ ശ്രദ്ധിച്ചു. കേരളത്തെ ആധുനീകരിച്ച പല മുന്നേറ്റങ്ങളുടെയും പാരമ്പര്യം ഈ ജനകീയഐക്യത്തില്‍ കണ്ടു. 

1924 ല്‍ കാണാത്ത തരത്തിലായിരുന്നു 2018 ലെ അതിജീവനം.

Photo: Gettyimages

എന്നാല്‍ 2018 ന്റെരണ്ടാമത്തെ മഹാസംഭവത്തില്‍ അതായിരുന്നില്ല സ്ഥിതി. ശബരിമലയിലെ യുവതീപ്രവേശത്തെചൊല്ലി ദശാബ്ദങ്ങളായി കോടതികളിലും സമൂഹത്തിലും തുടര്‍ന്നിരുന്ന ഒരു വലിയ തര്‍ക്കം പരിഹരിച്ചുകൊണ്ടായിരുന്നു സെപ്തംബര്‍ 28 നു സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചത്. യുവതീപ്രവേശം കോടതി അംഗീകരിച്ചതോടെ സ്ത്രീ ശാക്തീകരണത്തിന്റെ സുപ്രധാന സൂചികകളിലൊക്കെ ഇന്ത്യയിലേറ്റവും മുന്നേറ്റം കൈവരിച്ച കേരളത്തിന്റെ തന്നെ മറ്റൊരു ചുവടുവെയ്പ്പായി ഇത്. പക്ഷേ, പിന്നീടുണ്ടായത് മറ്റൊരു കഥയാണ്. 

പ്രളയത്തില്‍ കണ്ട ഐക്യത്തിന്റെ നേരെ വിപരീതമായിരുന്നു ഈ വിധിയുടെ പ്രത്യാഘാതം. സാമൂഹ്യ പുരോഗതി എന്നതിനപ്പുറം ഭരണഘടന, മൗലികാവകാശം, സ്ത്രീപുരുഷ സമത്വം, നിയമവാഴ്ച്ച എന്നിങ്ങനെ ആധുനിക ഇന്ത്യയുടെ അടിസ്ഥാനപ്രമാണങ്ങളെയൊക്കെ ഉയര്‍ത്തിപിടിക്കുന്നതായിരുന്നു പരമോന്നതനീതിപീഠത്തിന്റെ ഈ വിധി. പക്ഷേ അതൊക്കെ തൃണവല്‍ഗണിച്ചുകൊണ്ട് വിധിക്കെതിരെ ഒരു വലിയ ജനമുന്നേറ്റത്തിനു തന്നെ ഹിന്ദുത്വസംഘടനകള്‍ തിരി കൊളുത്തി. കോടതി വിധിയുടെ ബലത്തില്‍ മലകയറാന്‍ വന്ന യുവതികളെ ബലം പ്രയോഗിച്ച് ഈ ശക്തികള്‍ തടഞ്ഞു. പേ പിടിച്ചവരെ പോലെ ആര്‍ത്തുവിളിച്ചുവന്ന ലക്ഷക്കണക്കിനു പുരുഷന്മാര്‍ ചേര്‍ന്ന് ഏതാനും സ്ത്രീകളെ ആക്രമിക്കുന്നതും ഓടിക്കുന്നതുമായ ദൃശ്യങ്ങള്‍ പ്രബുദ്ധനെന്ന് കരുതപ്പെട്ട മലയാളിക്ക് ലോകമാകെ നാണക്കേട് സൃഷ്ടിച്ചു. ഇതെ തുടര്‍ന്ന് സ്ത്രീപ്രവേശനം ഉറപ്പാക്കി നിയമവാഴ്ച്ച നടപ്പാക്കുന്നതിനു ബാധ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍ അതില്‍ പരാജയപ്പെടുകയും ചെയ്തു. 

1924 ല്‍ നിന്ന് നൂറോളം വര്‍ഷം പിന്നിടാറാകുമ്പോള്‍ കേരളം മുന്നോട്ടല്ല പിന്നോട്ടാണ് നടന്നതെന്ന് തെളിഞ്ഞു.

Photo: RK Sreejith / TOI

വിധി നടപ്പാക്കാനുള്ള ഇടതുപക്ഷസര്‍ക്കാരിന്റെ നടപടികള്‍ ശബരിമലയെ തകര്‍ക്കാനുള്ള കമ്യൂണിസ്റ്റ്് ഗൂഢാലോചനയാണെന്നും അതിനപ്പുറം വിശ്വാസത്തിനും ദൈവത്തിനുമെതിരെയുള്ള അവിശ്വാസികളുടെ നീക്കമാണെന്നും പ്രചരിപ്പിക്കപ്പെട്ടു. അതോടെ വിമോചനസമരത്തിലെന്നപോലെ വിവിധമതങ്ങളിലെ വിശ്വാസികളുടെ ഒരു കൂട്ടായ്മയ്ക്ക് മതനേതാക്കള്‍ രൂപം നല്‍കി. മുസ്ലിം, കൃസ്ത്യന്‍ മതനേതാക്കള്‍ പരസ്യമായി വിധിക്കെതിരെ രംഗത്ത് വന്നു. പക്ഷേ അധികം വൈകാതെ അപ്രതീക്ഷിതമായി മറ്റ് ചില ചലനങ്ങള്‍ നടന്നു. വിധിക്കെതിരെ ഹിന്ദുത്വസംഘടനകളും പൊതുവേ ഹിന്ദു സമുദായവും നിലകൊണ്ടെങ്കിലും അധികം വൈകാതെ ഇതിലെ ജാതീയമായ വേര്‍ തിരിവുകള്‍ വെളിപ്പെടാന്‍ ആരംഭിച്ചു.

ഒരിക്കല്‍ തങ്ങളുടേതായിരുന്ന ശബരിമല പിടിച്ചടക്കിയ സവര്‍ണര്‍ക്ക് സ്വന്തം ആധിപത്യം നിലനിര്‍ത്തുകയെന്ന ലക്ഷ്യം യുവതീപ്രവേശവിരുദ്ധ പ്രസ്ഥാനത്തിനുണ്ടെന്ന് അവര്‍ണസമുദായങ്ങള്‍ കണ്ടെത്തി. കേരളത്തിന്റെ നവോഥാനമുന്നേറ്റങ്ങളിലൊക്കെ അവശവിഭാഗങ്ങളോട് പൊതുവേയും സ്ത്രീവിമോചനത്തിനോട് പ്രത്യേകിച്ചും എതിര്‍ത്തുനിന്ന യാഥാസ്ഥിതികമതവിഭാഗങ്ങളാണ് സ്ത്രീപ്രവേശത്തിനെതിരെ ഇന്ന് ഇറങ്ങിയിട്ടുള്ളതെന്ന് വിലയിരുത്തപ്പെട്ടു. പ്രതിഷേധത്തിന്റെ സാമൂഹ്യ നേതൃത്വം പന്തളം രാജകുടുംബം, യോഗക്ഷേമസഭ, എന്‍ എസ് എസ് എന്നിവയുടെ കൈകളില്‍ ഉറച്ചപ്പോള്‍ പിന്നാക്ക സമുദായങ്ങളുടെ സംശയവും ഉറച്ചു. എസ് എന്‍ ഡി പിയും കെ പി എം എസുമായി കൈകോര്‍ത്ത് ഒട്ടേറെ പിന്നാക്ക സമുദായങ്ങളെയും ഉള്‍പ്പെടുത്തി വനിതാമതില്‍ എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ട് വെച്ചതോടെ സവര്‍ണ-അവര്‍ണ വേര്‍തിരിവ് രൂഢമൂലമാവുകയും ചെയ്തു. ചില പിന്നാക്കസമുദായങ്ങള്‍ വിധിക്കെതിരെയുള്ള പ്രസ്ഥാനത്തില്‍ തുടര്‍ന്നെങ്കിലും എന്‍ എസ് എസ് ഒരു വശത്തും എസ് എന്‍ ഡി പി മറുവശത്തും മുന്നില്‍ നിന്നതോടെ കേരളസമൂഹത്തിലെ പരമ്പരാഗതമായ വേര്‍തിരിവ് ആവര്‍ത്തിക്കുകയായി. 

2018 നെ വ്യത്യസ്തമാക്കിയത് അതിജീവനത്തിനു കേരളീയസമൂഹം എല്ലാ വ്യത്യാസങ്ങളും മറന്ന് മുന്നിട്ടിറങ്ങിയ കാഴ്ച്ചയാണ്

Photo: Gettyimages

പ്രളയകാലത്തെ ഐക്യത്തിനു ഉടന്‍ തന്നെ ശേഷം ഈ വേര്‍തിരിവ് പ്രകടമായപ്പോള്‍ വാസ്തവത്തില്‍ 1924 ല്‍ നിന്ന് നൂറോളം വര്‍ഷം പിന്നിടാറാകുമ്പോള്‍ കേരളം മുന്നോട്ടല്ല പിന്നോട്ടാണ് നടന്നതെന്ന് തെളിഞ്ഞു. അവര്‍ണരും സവര്‍ണരും ഒന്നിച്ചുനിന്ന് (ചുരുങ്ങിയത് നേതാക്കളെങ്കിലും) പോരാടിയതായിരുന്നു വൈക്കം സത്യാഗ്രഹം. ദേശാഭിമാനി ടി കെ മാധവനും കെ പി കേശവമേനോനും കെ കേളപ്പനും കുറൂര്‍ നമ്പൂതിരിപ്പാടും ടി. ആര്‍. കൃഷ്ണസ്വാമി അയ്യരും പെരിയോരെപ്പോലെയുള്ള ബ്രഹ്മണമേധാവിത്തവിരുദ്ധനേതാവും ഗോവിന്ദന്‍ ചാന്നാരും മാത്രമല്ല എസ് എന്‍ ഡി പിയുടെ കെ എം കേശവനും എന്‍ എസ് എസിന്റെ മന്നത്ത് പദ്മനാഭനും ഒന്നിച്ചുനിന്നു. മാത്രമല്ല പെരിയോരുടെയും മാധവന്റെയും ചാന്നാരുടെയും ജോര്‍ജ്ജ് ജോസഫിന്റെയും ഭാര്യമാര്‍ അടക്കം ഒട്ടേറെ സ്ത്രീകളും മുന്‍നിര പോരാളികളായി അറസ്റ്റ് വരെ വരിച്ചു. ഹിന്ദുസമുദായം ജാതിക്കതീതമായി അവര്‍ണര്‍ക്ക് ഒപ്പം നില്‍ക്കണമെന്നത് ഗാന്ധിജിയുടെ ആഹ്വാനമായിരുന്നു. ഹിന്ദുസമുദായത്തിനുള്ളിലെ അനാചാരത്തിനെതിരെ മറ്റ് മതക്കാര്‍ രംഗത്ത് വന്നാല്‍ ഹിന്ദുക്കളില്‍ ഭിന്നതയുണ്ടാകുമെന്ന നിലപാട് മൂലം മഹാത്മാ ഗാന്ധി, സമരത്തിനെത്തിയ മറ്റ് മതവിഭാഗങ്ങളില്‍പെട്ടവരെയൊക്കെ തന്ത്രപൂര്‍വം മാറ്റിനിര്‍ത്തി. സമുദായത്തെ വിഭജിക്കുന്ന ജാതികള്‍ക്ക് അതീതമായി ഇന്ന് സംഘപരിവാരം ആഗ്രഹിക്കുന്നുവെന്ന് പറയുന്ന 'ഹിന്ദു മഹാ ഐക്യം' ആയിരുന്നു ഇതിലൂടെ ആദ്യമായി സഫലമായതെങ്കിലും അത് അന്നത്തെ കൊടിയ ആചാരത്തിനെതിരെയായിരുന്നു എന്നത് ആ ഐക്യത്തെ തികച്ചും ധനാത്മകമാക്കുന്നു. 

മലയാളിക്ക് ഒരേ സമയം തല ഉയര്‍ത്തിപ്പിടിക്കാനും ഒപ്പം തല താഴ്ത്താനും വക ഒരുക്കിയ വര്‍ഷത്തിനു വിട

Photo: Shaji Vettipuram \ EPS

പക്ഷേ 2018 ല്‍ എത്തിയപ്പോള്‍ സുപ്രീം കോടതിയിലൂടെ സാമൂഹ്യപുരോഗതിക്ക് അനുകൂലമായി വന്ന ചരിത്രപ്രധാനമായ വിധിക്കെതിരെ ഉയര്‍ന്നത് തികച്ചു യാഥാസ്ഥിതികമായ മുന്നേറ്റം. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പൗരോഹിത്യത്തിനും എതിരെയാണ് ലോകചരിത്രത്തില്‍ നടന്ന നവോത്ഥാന-മതനവീകരണനടപടികളെല്ലാം. ക്രൈസ്തവസഭയില്‍ അസീസിയിലെ ഫ്രാന്‍സിസ് പുണ്യവാളനും ഇറാസ്മസും മാര്‍ട്ടിന്‍ ലൂതറും ജോണ്‍ കാല്‍വിനും ഒക്കെ തിരികൊളുത്തിയ മഹാനവീകരണപ്രസ്ഥാനങ്ങള്‍ ഓര്‍ക്കുക. ഇസ്ലാമിലെ ആദിമ സലഫിയ പ്രസ്ഥാനവും (ഇപ്പോഴത്തെ അല്ല) ലക്ഷ്യമാക്കിയത് പൗരോഹിത്യത്തിനെയും ആചാരങ്ങളെയുമായിരുന്നു. ഹിന്ദുമതത്തിലാകട്ടെ ബുദ്ധനും മഹാവീരനും മുതല്‍ ആദിശങ്കരനും ഭക്തിപ്രസ്ഥാനനായകരും ആധുനികകാലത്ത് രാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും ദയാനന്ദ സരസ്വതിയും ശ്രീ നാരായണഗുരുവും ഒക്കെ ജീവിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം ആചാര-അനുഷ്ഠാന ജീര്‍ണതകള്‍ക്കെതിരെയായിരുന്നു. 

എന്നാല്‍ 2018 ല്‍ കേരളം കണ്ടത് ആചാരാനുഷ്ഠാനങ്ങള്‍ക്കും പൗരോഹിത്യത്തിനും വേണ്ടിയുള്ള മുന്നേറ്റമാണ്. സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ ഭരണഘടനക്കും നിയമവാഴ്ചക്കും ലിംഗസമത്വത്തിനും എതിരെയുള്ള ആ പ്രതിവിപ്ലവത്തിനൊപ്പമായിരുന്നു 94 വര്‍ഷം മുമ്പ് വൈക്കം സത്യാഗ്രഹം നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് കേരളത്തിന്റെ പിന്നാക്കം പോക്കിന്റെ ആഴം വെളിപ്പെടുത്തുന്നു. വിധി നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ സി പി എമ്മിനുള്ളില്‍ പോലും ദേവസ്വം മന്ത്രിയിലൂടെയും ദേവസ്വം അധ്യക്ഷനിലൂടെയും ആദ്യം മുതല്‍ പുറത്തുവന്ന നിലപാടുകള്‍ ഇടതുപക്ഷത്തെയും കീഴടക്കാന്‍ വെമ്പുന്ന പ്രതിലോമതയല്ലാതെ മറ്റൊന്നുമല്ല. അങ്ങിനെ മലയാളിക്ക് ഒരേ സമയം തല ഉയര്‍ത്തിപ്പിടിക്കാനും ഒപ്പം തല താഴ്ത്താനും വക ഒരുക്കിയ വര്‍ഷത്തിനു വിട.