കാദർ ഖാനെ ബാധിച്ച അസുഖം പ്രോഗ്രസീവ് സൂപ്പർന്യൂക്ളിയാർ  പാൾസി (PSP) ആയിരുന്നു.  കണക്കുകൾ പ്രകാരം, ഒരു ലക്ഷത്തിൽ ആറു പേർക്കുമാത്രം വരുന്ന അപൂർവ രോഗം.  തലച്ചോറിലെ ചില കോശങ്ങൾ കാലക്രമേണ നശിച്ചുപോവുന്നതിന്റെ ഫലമായുണ്ടാവുന്ന ഒരു രോഗമാണിത്. ലക്ഷണങ്ങൾ ഏറെക്കുറെ ഒന്നായതിനാൽ പലപ്പോഴും അൽഷിമേഴ്‌സ് അല്ലെങ്കിൽ പാർക്കിൻസൺസ് രോഗങ്ങളുമായി തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട് ഈ അസുഖത്തെ. 
   

ഈ അസുഖം പിടിമുറുക്കുന്നതോടെ കണ്ണിലെ കൃഷ്ണമണികൾ താഴേക്ക് ചലിപ്പിക്കാൻ രോഗിക്ക് കഴിയാതെയാവും. താഴേക്ക് നോക്കണമെങ്കിൽ തല മൊത്തത്തിൽ കുനിക്കേണ്ടി വരും. നടക്കുമ്പോൾ ഇടക്കിടയ്ക്ക് സമനില തെറ്റാൻ തുടങ്ങും. നടത്തം പതുക്കെയാവും. നടക്കുമ്പോൾ മറ്റുള്ളവരുമായി കൂട്ടിയിടിക്കാൻ തുടങ്ങും. പോകെപ്പോകെ ഓർമ്മകൾ രോഗിയെ വിട്ടുപോകും.  മിക്കവാറും കേസുകളിൽ അസുഖം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 60-70വയസ്സിനിടയിലാണ്. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളിൽ MRI സ്കാൻ ചെയ്ത് ഫലത്തെ മറ്റു ക്ലിനിക്കൽ ലക്ഷണങ്ങളുമായി ബന്ധപ്പെടുത്തിയാണ് രോഗം ഡയഗ്‌നോസ് ചെയ്യുന്നത്. 

ഈ അപൂർവ രോഗത്തിന് നിലവിൽ ചികിത്സകൾ ഒന്നുമില്ല. രോഗലക്ഷണങ്ങൾ വഷളാവാതെ കൊണ്ടുപോവാനുള്ള മരുന്നുകൾ മാത്രമേയുള്ളു. ചലനശേഷി മെച്ചപ്പെടുത്താനുള്ള ചില വ്യായാമങ്ങളും മറ്റും ചെയ്യുന്നത് സഹായകരമാവാറുണ്ട്. ഒരു ഘട്ടം കഴിയുമ്പോൾ നടക്കാൻ വാക്കറും മറ്റു ചലനസഹായികളും ഉപയോഗിക്കേണ്ടി വരും. രോഗം മൂർച്ഛിക്കുമ്പോൾ ചലനശേഷി പൂർണ്ണമായും ക്ഷയിക്കും. അവസാനഘട്ടത്തിൽ മരണമടുക്കുന്നതോടെ ഭക്ഷണമിറക്കാനുള്ള കഴിവ് നഷ്ടമാവും. പിന്നെ മാസങ്ങൾക്കുള്ളിൽ രോഗി മരണത്തിന് കീഴടങ്ങാറാണ് പതിവ്. 

ഈ അപൂർവ്വരോഗം ബാധിച്ചവരുടെ പുനരധിവാസത്തിനും സാമൂഹിക പരിചരണങ്ങൾക്കുമായി പല രാജ്യങ്ങളിലും  രോഗികളുടെയും അവരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മകൾ നിലവിലുണ്ട്. അവർ  അസുഖത്തെക്കുറിച്ചുള്ള വിവരങ്ങളും സാന്ത്വനചികിത്സയും പരസ്പരം പങ്കുവെച്ചുകൊണ്ട് രോഗികളുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുന്നു.