Asianet News MalayalamAsianet News Malayalam

ഇറച്ചിക്കത്തി കൊണ്ട് മസാജ്; തായ്‍വാനിലെ സ്‍പാകളിലെ വ്യത്യസ്‍തമായ തെറാപ്പി

എന്നാൽ, ഇത് ചെയ്യുന്ന തെറാപ്പിസ്റ്റുകൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, അവർ മോശം മാനസികാവസ്ഥയിലാണെങ്കിൽ, കത്തിയെടുക്കാൻ പാടില്ല. 

Knife massage in Taiwan
Author
Taiwan, First Published Jun 5, 2020, 2:00 PM IST

തായ്‌വാനിൽ പലതരം മസാജുകൾ ലഭ്യമാണ്. അതിലൊന്നാണ് 'ഇറച്ചിക്കത്തി മസാജ്'. കേൾക്കുമ്പോൾ ഭയം തോന്നുമെങ്കിലും സുഖമുള്ളൊരേർപ്പാടാണ് ഇതെന്ന് അനുഭവസ്ഥർ പറയുന്നു. എന്നിരുന്നാലും ഈ കോഴിയേയും പോത്തിനേയും ഒക്കെ വെട്ടാൻ മാത്രം ഉപയോഗിച്ച് കണ്ടിട്ടുള്ള ഇറച്ചിക്കത്തി ഉപയോഗിച്ച് എങ്ങനെ നമ്മുടെ ശരീരം മസാജ് ചെയ്യുമെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. കത്തി മസാജ് തെറാപ്പിസ്റ്റായ എൽസയ്ക്ക് പക്ഷേ അതിനുത്തരമുണ്ട്.

അവരുടെ അഭിപ്രായത്തിൽ, 'കത്തി മസാജ്' അല്ലെങ്കിൽ 'കത്തി തെറാപ്പി' ക്ക് ശാരീരികവും വൈകാരികവുമായ രോഗശാന്തി പ്രദാനം ചെയ്യാൻ കഴിയും. കൂടാതെ 2,000 വർഷത്തിലേറെ പഴക്കമുള്ള ചൈനീസ് ചികിത്സാരീതി കൂടിയാണ് ഇത്. ആളുകളുടെ ശാരീരിക അസ്വാസ്ഥ്യങ്ങൾ പരിഹരിക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും വേദന കുറക്കുന്നതിനും തെറാപ്പിസ്റ്റുകൾ കത്തി മസാജ് ചെയ്യുന്നു. അക്യുപങ്‌ച്വർ പോലുള്ള ഒരു ചൈനീസ് ചികിത്സാരീതിയാണ് ഇത്. കത്തികൾ ശരീരത്തിലെ ചില ഭാഗങ്ങളിൽ ശക്തിയായി അടിക്കുന്നു. അവയിൽ സമ്മർദ്ദം ചെലുത്തി ശരീരത്തിലെ പേശികളുടെ പിരിമുറുക്കം കുറക്കുന്നു. അത് കൂടാതെ സ്റ്റീൽ കത്തികൾക്ക് രോഗം ശമിപ്പിക്കാൻ അദൃശ്യമായ ഒരു ശക്തിയുണ്ടെന്നും പരിശീലകർ വിശ്വസിക്കുന്നു. The Ancient Art of Knife Massage Dao Liao I-Jing Education Center നാല് പതിറ്റാണ്ടായി പരിശീലകരെ ഇത് പഠിപ്പിക്കുന്നു. അവർക്ക് തായ്‌വാനിൽ 36 ശാഖകളുണ്ട്, അതിൽ 15 എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തുറന്നു.  

എന്നാൽ, ഇത് ചെയ്യുന്ന തെറാപ്പിസ്റ്റുകൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, അവർ മോശം മാനസികാവസ്ഥയിലാണെങ്കിൽ, കത്തിയെടുക്കാൻ പാടില്ല. കാരണം അവരുടെ നെഗറ്റീവ് എനർജി ഈ മസാജിങ്ങിലൂടെ വരുന്നവരിലേയ്ക്ക് പകരുമെന്നാണ് അവർ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മോശം മൂഡിലായിരിക്കുമ്പോൾ അവർ മസാജ് ചെയ്യാറില്ല. കൂടാതെ, എല്ലാ പരിശീലകരും അവരുടെ  പൊസിറ്റീവ് എനർജി നിലനിർത്താൻ, സസ്യാഹാരം മാത്രമേ കഴിക്കൂ. എല്ലാ ദിവസവും രാവിലെ 05:00 -ന് മുൻപ് ഉണരുന്ന അവർ, പുലർച്ചെ ശാരീരിക വ്യായാമങ്ങളിൽ മുഴുകുന്നു. കൂടാതെ ദിവസവും 30 മിനിറ്റ് കത്തി ഉപയോഗിച്ച് ഒരു തലയിണയിൽ അവർ മസാജ് പരിശീലിക്കുന്നു.  

തെറാപ്പിസ്റ്റുകൾ മാത്രമല്ല, അവിടെവരുന്നവരും മസാജിനു മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്യണം. 10 മിനിറ്റ് സ്ക്വാറ്റുകൾ ചെയ്യിച്ചും, രണ്ട് മരം കൊണ്ടുള്ള സ്റ്റിക്കുകൾ ഉപയോഗിച്ച് വ്യായാമം ചെയ്യിച്ചും അവരുടെ ഊർജ്ജം മെച്ചപ്പെടുത്താൻ തെറാപ്പിസ്റ്റുകൾ ശ്രമിക്കുന്നു. കോസ്‍മിക് സ്റ്റിക്കുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.  കൂടാതെ കത്തി മസാജ് നിങ്ങളുടെ ദുഷ്‍കർമ്മങ്ങളെ എടുത്തുകളയുമെന്നും അവർ വിശ്വസിക്കുന്നു. വർഷങ്ങളുടെ പരിശീലനം ആവശ്യമാണ് ഈ മസാജിന്, അല്ലാത്തപക്ഷം കത്തികൾ അപകടകരമായേക്കാം. 70 മിനിട്ടോളം നീണ്ടുനിൽക്കുന്ന ഈ മസാജിൽ എന്നാൽ ഇതുവരെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു.

“തുടക്കത്തിൽ കത്തി കണ്ടപ്പോൾ ഞാൻ ഭയപ്പെട്ടു, ഇത് അപകടമായല്ലോ എന്നോർത്തു” കത്തി മസ്സാജ് അനുഭവിച്ച ചിയു മെ-ലാൻ പറഞ്ഞു. “പേടി തോന്നിയ ഞാൻ തെറാപ്പിസ്റ്റിനോട് കത്തിവച്ച് ശക്തിയായി അടിക്കരുത് എന്ന് പറഞ്ഞു. എന്നാൽ, കുറച്ചു കഴിഞ്ഞപ്പോൾ ഇത് വളരെ സുഖകരമായ ഒരനുഭവമായി മാറി” അദ്ദേഹം കൂട്ടിച്ചേർത്തു. "ചെറിയ ചലനങ്ങളിൽ തുടങ്ങി പതിയെ കത്തികൾ വേഗത്തിൽ ശരീരത്തിൽ നീങ്ങാൻ തുടങ്ങി. വല്ലാത്തൊരു സുഖം തോന്നി. ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു." അദ്ദേഹം ഓർത്തു. കേൾക്കുമ്പോൾ വിചിത്രമാണെങ്കിലും, കത്തി മസാജിന് ഒരുപാട് ഗുണങ്ങളുണ്ട് എന്നാണ് പരിശീലകർ അവകാശപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios