കുറച്ചുകാലങ്ങളായി കാലവര്‍ഷം ആരംഭിക്കുന്നത് തന്നെ സാംക്രമികരോഗങ്ങളുടെ പകര്‍ച്ചക്കാലത്തിന് തുടക്കം കുറിച്ചുകൊണ്ടാണ്. പ്രത്യേകിച്ചും കേരളത്തില്‍. ആശുപത്രികളിലെ ജനങ്ങളുടെ നീണ്ട ദുരിതവരികള്‍, അതോടൊപ്പം രോഗപീഢയേല്‍പ്പിക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ ആഘാതങ്ങള്‍, രാഷ്ട്രീയ കക്ഷികളുടെ പഴിചാരല്‍, അടിയന്തിരപ്രമേയം, ഇറങ്ങിപോക്ക് എന്നിവ ആണ്ടോടാണ്ട് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇക്കുറി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ 'ഡെങ്കി'ക്കാലം പതിവിലും നേരത്തെ എത്തിയിരിക്കുന്നു...

2001 മുതല്‍ക്കാണ് എല്ലാ വര്‍ഷമെന്നോണം ഒരു സീസണ്‍ കണക്കെ ഡെങ്കിപനിയുടെ പകര്‍ച്ചക്കാലം കേരളത്തില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. കേരളത്തിലെ ആദ്യ ഡെങ്കിമരണം സംഭവിച്ചത് 1997ല്‍ കോട്ടയത്തു നിന്നായിരുന്നു. 2013 ലാണ് ഏറ്റവും കനത്ത ഡെങ്കിബാധ കേരളത്തില്‍ പടര്‍ന്നുപിടിച്ചത്. എണ്ണായിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആ വര്‍ഷം 29 മരണങ്ങള്‍ വരെ ഡെങ്കിപ്പനി മൂലമുണ്ടായി. നല്ലൊരു ശതമാനം ജനങ്ങള്‍ സ്വകാര്യമേഖലയെ ആശ്രയിക്കുന്ന കേരളത്തില്‍ ഈ കണക്കുകള്‍ ഇതിലും വളരെ മോശമാകാനേ തരമുള്ളൂ.

ഈ വര്‍ഷം തിരുവനന്തപുരമാണ് തലസ്ഥാന 'ഡെങ്കി നഗരി'യായി മാറിയിരിക്കുന്നത്. ജനറല്‍ ആശുപത്രി രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. അവിടുത്തെ ഡോക്ടര്‍മാരടക്കം പല സ്റ്റാഫുകളും രോഗബാധിതരാണെന്ന ശുഭകരമല്ലാത്ത വാര്‍ത്തയാണ് കേള്‍ക്കാന്‍ സാധിക്കുന്നത്.

വൈറല്‍ പനികള്‍ കൂടുന്നത് എന്തുകൊണ്ട് ?
കഴിഞ്ഞ അഞ്ചു ദശകങ്ങളില്‍ ആഗോളതലത്തില്‍ ഡെങ്കിപ്പനി മുപ്പതു മടങ്ങു വര്‍ധിച്ചെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത്. ആസൂത്രണവും ദീര്‍ഘവീക്ഷണവും ഇല്ലാത്ത നഗരവല്‍ക്കരണമാണ് ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൊതുകിനു പെറ്റുപെരുകാനുള്ള സാഹചര്യങ്ങള്‍ നമ്മള്‍ തന്നെ വഴിയൊരുക്കുന്നു .ശരിയായ അര്‍ത്ഥത്തില്‍ അല്ലെങ്കിലും ഇത് ഒരു ജീവിതശൈലീ രോഗം തന്നെ. ഒരു സാമൂഹിക ജീവിത ശൈലീ രോഗം !

അപ്പോഴും ഈ രോഗങ്ങളൊക്കെ പെട്ടെന്ന് എവിടെ നിന്ന് പൊങ്ങിവന്നു! പണ്ടൊന്നും ഇതൊന്നും കേട്ടിട്ട് പോലും ഇല്ലല്ലോ !! തുടങ്ങിയ സ്വാഭാവിക സംശയങ്ങള്‍ ഉണ്ടാകാം. ഉദാഹരണത്തിന് ചിക്കുന്‍ഗുനിയയെപ്പറ്റി എഴുതുന്ന നാല്പതുകാരന്‍ മെഡിസിന് പഠിക്കുമ്പോള്‍ 'ചിക്കുന്‍ഗുനിയ' വായില്‍ കൊള്ളാത്ത പേരുള്ള ഒരാഫ്രിക്കന്‍ രോഗമാണ്. ഇന്ന് നമുക്കത് സുപരിചിതമാണ്. ആദ്യം പറഞ്ഞ ഘടകങ്ങളുടെ സ്വാധീനം കൂടാതെ മറ്റു സാമൂഹികമായ കാരണങ്ങള്‍ അതിനുണ്ട്.

ഭൂതലത്തില്‍ ഒരു പ്രത്യേക ഭൂമേഖലയില്‍ കേന്ദ്രീകരിച്ചിരുന്ന വൈറസുകള്‍ക്ക് പരക്കാനുള്ള സാഹചര്യം വല്ലാതെ വര്‍ധിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്തു പസിഫിക് മേഖലയിലെ യുദ്ധകാല കപ്പലോട്ടങ്ങള്‍ക്കും കപ്പല്‍ ചരക്കുകള്‍ക്കുമൊപ്പം കൊതുകുകള്‍ പരന്നതുമൊക്കെ പ്രസരണത്തിന്റെ രീതിയിലെ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടി എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു .അതെന്തായാലും ഭൂപ്രവിശ്യകളുടെ അതിരുകള്‍ പഴങ്കഥയാക്കി മനുഷ്യന്‍ ഇന്ന് ധാരാളം യാത്ര ചെയ്യുന്നു. അതിനോടൊപ്പം വൈറല്‍രോഗങ്ങള്‍ ഒരിടത്ത് മാത്രം ഒതുങ്ങാനുള്ള സാധ്യത കുറയുന്നു.

അതുപോലെ പ്രധാന ഘടകമായി ചൂണ്ടി കാണിക്കപ്പെടുന്ന ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. ഇത്തരം വൈറസുകളുടെ പെരുകലിന് അനുകൂലമായ രീതിയിലുള്ള കാലാവസ്ഥ വ്യതിയാനങ്ങള്‍ ആഗോളതാപനം മൂലം ഇപ്പോള്‍ ഉണ്ടായിരിക്കുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മനുഷ്യന്‍ സൃഷ്ടിച്ച ഇത്രയും ഘടകങ്ങള്‍ കൂടാതെ വൈറസ്സുകള്‍ കൂടുതല്‍ ശക്തരാകാനുള്ള ജനിതക വ്യതിയാനങ്ങള്‍ സ്വയം സ്വീകരിക്കുന്നുണ്ട് എന്നും പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

എന്ത് ചെയ്യാനാകും ?

മൂന്നു കാര്യങ്ങള്‍ വ്യക്തമാണ്.

1.വൈറസിന്റെ സാന്നിധ്യം, വൈറസ് പരത്താനുള്ള കൊതുകുകളും അവയ്ക്ക് പെരുകാനുള്ള സാഹചര്യവും, വൈറസ് പ്രതിരോധം ഇല്ലാത്ത മനുഷ്യര്‍ എന്നീ ഘടകങ്ങള്‍ ഒത്തു വന്നാല്‍ ഡെങ്കി രോഗം വരാം.
2.ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ ഇത് മൂന്നുമുണ്ട്.
3.രോഗബാധിതനായ ഒരു വ്യക്തിയെ പകര്‍ച്ചശേഷിയുള്ള കൊതുകു കടിച്ചതിനുശേഷം രോഗമില്ലാത്ത ഒരാളെ കടിക്കുന്നതിലൂടെയാണ് ഈ രോഗം പടരുന്നത്.

ഇതില്‍ പ്രതിരോധം ഉണ്ടാക്കുന്ന വാക്‌സിന്‍ വികസിപ്പിക്കുന്നത് വരെ (അതിനു ശേഷവും) രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. രോഗ സീസണല്ലാത്തപ്പോള്‍ തന്നെ (ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള സമയത്ത്) ഇതിനു ഊന്നല്‍ നല്‍കണം എന്ന് വിദഗ്ധര്‍ പറയുന്നു. പരിഷ്‌കാരിയായ നഗരവാസിയാണ് ഡെങ്കി പരത്തുന്ന 'ഈഡസ് ഈജിപ്റ്റസ് '(Aedes Aegyptus) കൊതുകുകള്‍. അലക്ഷ്യമായി വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍, സംഭരണികള്‍, മുട്ടതോടുകള്‍ മുതലായ വലിപ്പചെറുപ്പമില്ലാതെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലെല്ലാം അവ പെരുകുന്നു. തിങ്ങിപാര്‍ക്കുന്ന നഗരങ്ങള്‍, വെള്ളം നേരത്തെ ശേഖരിച്ച് വെക്കേണ്ടവസ്ഥ വരുന്ന ജലക്ഷാമമൊക്കെ ഇതിന് വഴി വെക്കുന്നു. മലയോര വനമേഖലയില്‍ മറ്റൊരു ബന്ധുവായ 'ഈഡസ് ആല്‍ബോപിക്റ്റസ് (Aedes Albopictus) ആണ് ഇതേ ജോലി ചെയ്യുന്നത്. രോഗം പരത്താന്‍ 'ഈജിപ്പ്റ്റി'യുടെ അത്രേം ശുഷ്‌കാന്തിയില്ലെങ്കില്ലും ധാരാളം അംഗബലമുള്ളത് കൊണ്ട് ഇവരും അപകടം തീര്‍ക്കുന്നു. ഇത്തരത്തിലുള്ള കൊതുകുകളുടെ മുട്ടകള്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ യാതൊരുമാറ്റവും കൂടാതെ കാലങ്ങളോളം കിടക്കും. പെട്ടെന്നൊരു മഴ ചാറിത്തുടങ്ങുമ്പോള്‍ തന്നെയുള്ള കുഞ്ഞു ഈര്‍പ്പം മതിയാകും ഈഡിസ് മുട്ടകള്‍ക്ക് വിരിയാന്‍. അതാണിപ്പോള്‍ തിരുവനന്തപുരത്ത് സംഭവിച്ചത്.

മരുന്നടിക്കുക, കൊതുക് പ്രജനന സങ്കേതങ്ങള്‍ കണ്ടെത്തുക, വീട് വീടാന്തരം സര്‍വ്വേ നടത്തി രോഗികളെ കണ്ടെത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വര്‍ഷംതോറും ആരോഗ്യവകുപ്പ് നടത്തുന്നുണ്ടെങ്കിലും അവയൊന്നും ഒരു ദീര്‍ഘകാല നടപടികളല്ലാന്ന് പറഞ്ഞു ആരോഗ്യവകുപ്പിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. കാരണം ജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലും പിന്തുണയും ഇല്ലാത്തതാണ് പലപ്പോഴും ഇത്തരംനടപടികള്‍ പാളിപോകുന്നതിനു കാരണമാകുന്നത്. സ്വന്തം വീടുകളിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിനിര്‍ത്താതെ ഒഴുക്കികളയാനോ, കൊതുകുകളുടെ പ്രജനനം തടയാനോ നമ്മള്‍ ഓരോരുത്തരും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതില്‍ ചിലയിടങ്ങളില്‍ പ്രയോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന കാര്യംമറക്കുന്നില്ല. ഉദാഹരണത്തിന് വിഴിഞ്ഞത്തു കടലോര മേഖലയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കുമ്പോള്‍ അവരോട് ഏറെക്കാലം ശേഖരിച്ചു വച്ചിരിക്കുന്ന വെള്ളം കമഴ്ത്തി കളയണം എന്നും പറയുന്നത് പ്രായോഗികമല്ല. അങ്ങനെയുള്ള അവസരങ്ങളില്‍ ചെയ്യാനാവുന്നത് വെള്ളം നിറച്ച പാത്രം ആഴ്ചതോറും മാറ്റുക എന്നുള്ളതാണ്. അതോടൊപ്പം പാത്രങ്ങള്‍ കൊതുകുമുട്ടകള്‍ പറ്റി പിടിക്കാതിരിക്കുക എന്ന ഉദ്ദേശത്തോടെ ഉരച്ചു കഴുകുകയും, വെള്ളം നിറച്ചപാത്രങ്ങള്‍ മൂടിവയ്ക്കാനും ശ്രദ്ധിക്കേണ്ടതാണ്.

പെസ്റ്റിസൈഡുകളുടെ സഹായം കൂടാതെ കൊതുകളുടെ എണ്ണം കുറക്കുന്ന കവചജീവികള്‍ (crustaceans), ഗപ്പികള്‍, കൊതുകളുടെ പ്രജനനം തടയുന്ന ബാക്റ്റീരിയകള്‍ മുതലായ ജീവശാസ്ത്രപരമായ (bio environmental) രീതികളും ഈ ദിശയില്‍ പ്രതീക്ഷ തരുന്നു.

ഡെങ്കിപ്പനിയുള്ള ഒരാളെ ഈഡിസ് കൊതുകുകള്‍ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് മറ്റൊരാളെ കടിക്കുമ്പോള്‍ കൊതുകിന്റെ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. 1 മുതല്‍ 3 ആഴ്ചവരെ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ ഈ വൈറസുകള്‍ നിലനില്‍ക്കും. കൊതുകിന്റെ സഹായമില്ലാതെ രോഗമുള്ളവരില്‍ നിന്നും ഡെങ്കിപ്പനി മറ്റൊരാള്‍ക്ക് പകരാനുള്ള സാധ്യത തീരെ ഇല്ല എന്ന് തന്നെ പറയാം.

ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസുകള്‍ നാലുതരത്തിലുള്ളതിനാല്‍ ഒരിക്കല്‍ രോഗം വന്നിട്ടുള്ളവര്‍ക്ക് വീണ്ടും പിടിപെടാന്‍ സാധ്യതയുണ്ട്.

സാധാരണ ഡെങ്കിപ്പനി, ഡെങ്കി ഹെമറാജിക് പനി, ഡെങ്കു ഷോക്ക് സിന്‍ഡ്രോം എന്നീ മൂന്നുതരത്തില്‍ ഡങ്കിപ്പനി ബാധിക്കാറുണ്ട്.
പനിയും ശരീരവേദനയുമായി പ്രത്യക്ഷപ്പെടുന്നതാണ് സാധാരണ ഡെങ്കു ഫീവര്‍ (D.F.).
രക്തസ്രാവത്തില്‍ കലാശിക്കുന്നതാണ് ഡെങ്കു ഹെമറേജിക് ഫീവര്‍ (D.H.F.)
രക്തസമ്മര്‍ദവും നാഡിമിടിപ്പും തകരാറിലാക്കുന്ന പനിയാണ് ഡെങ്കു ഷോക്ക് സിന്‍ഡ്രോം (D.S.S.)

പൊതുവെ കാണപ്പെടുന്ന ലക്ഷണങ്ങള്‍
പെട്ടെന്നുള്ള കഠിനമായ പനി.
അസഹ്യമായ തലവേദന.
നേത്രഗോളങ്ങളുടെ പിന്നിലെ വേദന.
വിശപ്പില്ലായ്മയും രുചിയില്ലായ്മയും.
നെഞ്ചിലും കൈയിലും അഞ്ചാംപനിയിലെ പോലുള്ള പാടുകള്‍ ഉണ്ടാവുക, മനംപുരട്ടലും ഛര്‍ദ്ദിയും.

ഡെങ്കു ഹെമറാജിക് പനിയുടെയും ഡെങ്കു ഷോക്ക് സിന്‍ഡ്രോമിന്റെയും ലക്ഷണങ്ങള്‍
ഡെങ്കിപ്പനിക്ക് കാണപ്പെടാറുള്ള ലക്ഷണങ്ങള്‍ക്കു പുറമെ കഠിനമായും തുടര്‍ച്ചയായും അനുഭവപ്പെടുന്ന വയറുവേദന.
ചര്‍മ്മം വിളറിയതും ഈര്‍പ്പമേറിയതുമാവുക.
മൂക്ക്, വായ്, മോണ മുതലായവയില്‍ കൂടി രക്തസ്രാവ്രമുണ്ടാവുക.
കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോയുള്ള ഛര്‍ദ്ദി.
അസ്വസ്ഥതയും ഉറക്കമില്ലായ്മയും.
അമിതമായ ദാഹം.
നാഡിമിടിപ്പ് കുറയല്‍.
ശ്വാസോച്ഛാസത്തിന് വൈഷമ്യം.

ഡെങ്കിപ്പനി സീസണില്‍ ഒരു പനി വന്നാല്‍ എന്തു ചെയ്യണം?
നമുക്ക് സാധാരണ പിടിപെടുന്ന പലതരം വൈറല്‍ പനികളില്‍ ഒന്നാണ് ഡെങ്കിപ്പനി. വൈറല്‍ പനി എന്നതു കൊണ്ടു തന്നെ സ്വമേധയാ സുഖപ്പെടാന്‍ സാദ്ധ്യതയുള്ള പനികളില്‍ പെടുന്നതാണ് ഡെങ്കി. അതു കൊണ്ട് ഇതിനെ കുറിച്ച് ഒരുപാട് ആശങ്കപ്പെടേണ്ട കാര്യമില്ല.

പനി തുടങ്ങി ആദ്യ മുന്നോ നാലോ ദിവസങ്ങളില്‍ നല്ല ശരീരവേദനയും ചുവന്ന തിണര്‍ത്ത പാടുകളോ ഉണ്ടാകാം. നല്ലതുപോലെ വിശ്രമം, തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കുക, പിന്നെ പനിക്ക് പാരസെറ്റമോള്‍ ഇവ മൂന്നും മതിയാകും ഭൂരിപക്ഷം പേര്‍ക്കും. വേദന എത്ര കൂടുതലാണെങ്കിലും സ്വയം വേദനാസംഹാരികള്‍ വാങ്ങി കഴിക്കരുത്.

ശ്രദ്ധിക്കേണ്ടവര്‍ ആരെല്ലാം?
ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്നും രക്തസ്രാവം, വയറുവേദന, ഛര്‍ദ്ദി, ഇവയൊക്കെ കാരണം വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവ സൂക്ഷിക്കേണ്ടതാണ്. ഇവര്‍ ആശുപത്രികളില്‍ ചെന്ന് ചികിത്സ തേടണം.
അകാരണമായ ക്ഷീണം, തലകറക്കം , പെരുമാറ്റത്തിലോ ബോധത്തിലോ വ്യത്യാസം എന്നിവയും ഡെങ്കിയുടെ സങ്കീര്‍ണ്ണതകളാകാം.
മൂത്രത്തിന്റെ അളവ് സാധാരണ നിലയില്‍ ഉണ്ടെന്ന് രോഗികള്‍ ഉറപ്പു വരുത്തണം.
ശരീരത്തില്‍ പുതുതായി നീര് വരുന്ന ലക്ഷണം വളരെ ശ്രദ്ധയോടെ കൂടെ കാണണം.
കാലിലോ, മുഖത്തോ, കണ്ണിനു താഴെയോ നീരു പ്രത്യക്ഷപ്പെടാം.
അതുപോലെ തന്നെ വളരെ ഗുരുതരമായ പ്രശ്‌നമാണ് ഇതോടൊപ്പമുള്ള ശ്വാസംമുട്ട്.

ഡെങ്കിപ്പനി വന്ന് രക്തത്തിലെ കൗണ്ട് കുറഞ്ഞു, ഇനിയെന്ത് ചെയ്യണം?
കൗണ്ട് കുറയുക എന്നത് വളരെ സര്‍വസാധാരണമാണ്. ഇത് വെളുത്ത രക്താണു വോ (WBC), പ്ലേറ്റ്‌ലെറ്റോ ആവാം. ബഹുഭൂരിപക്ഷം ആളുകളിലും പനി മാറുമ്പോള്‍ ഇത് സ്വമേധയാ വര്‍ദ്ധിച്ചു വരും. സാധാരണയായി പ്ലേറ്റ്‌ലെറ്റ് കൗണ്ട് (Platelets) 50,000 ല്‍ താഴെയാകുന്നതു വരെ രക്തസ്രാവം കാണപ്പെടാറില്ല. അതിനാല്‍ ഈ അളവുവരെ പ്ലേറ്റ്‌ലറ്റ് താഴുന്ന രോഗികള്‍ ചികിത്സയോടൊപ്പം രണ്ടു ദിവസം ഇടവിട്ട് കൗണ്ട് ടെസ്റ്റ് ചെയ്യുകയും ചെയ്യണം.

50,000 ല്‍ താഴെ പ്ലേറ്റ്‌ലറ്റ് കുറഞ്ഞാല്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സിക്കുന്നതാണ് നല്ലത്. ഇവരെ നിരന്തരം നിരീക്ഷിക്കുകയും എന്തെങ്കിലും രക്തസ്രാവമുണ്ടായാന്‍ അടിയന്തരമായി ചികിത്സ നല്‍കേണ്ടതുമുണ്ട്. പനി മാറി ഊഷ്മാവ് സാധാരണ അളവിലെത്തി രണ്ടോ മുന്നോ ദിവസത്തിനു ശേഷമാണ് പ്ലേറ്റ്‌ലെറ്റ് കൂടിയതായി കാണാറുള്ളത്.

കൊതുകുകളുടെ പ്രജനന സ്ഥലം.
ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിടുന്നതും വളര്‍ച്ച പൂര്‍ത്തിയാക്കുന്നതും. മേല്‍പ്രസ്താപിച്ച സ്ഥലങ്ങള്‍ കൂടാതെ വെള്ളം നിറച്ചിരിക്കുന്ന വാട്ടര്‍ കൂളര്‍, ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിട്ടുള്ള സോസര്‍, ഒഴിഞ്ഞ പാത്രങ്ങള്‍, ജാര്‍, ഫ്രിഡ്ജ്, വാഴയുടെ പോളകള്‍, മരത്തിന്റെ വിടവുകള്‍ തുടങ്ങിയ സ്ഥലത്തും ഈ കൊതുകുകള്‍ മുട്ടയിടുന്നു.

നിയന്ത്രണങ്ങള്‍
ഈഡിസ് കൊതുകുകളെ നശിപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുക.
കൊതുകുകളുടെ പ്രജനന സ്ഥലങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.
വീട്ടിനുള്ളിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ശരിയായവിധം ഇല്ലായ്മ ചെയ്യുക.
വാട്ടര്‍ കൂളറിലുള്ള വെള്ളം ആഴ്ചതോറും മാറ്റുക.
കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തും മറ്റ് സംഘടനകളും ഒത്തൊരുമയോടെ ഏറ്റെടുക്കുക.

മുന്‍കരുതല്‍
വീടിന്റെയോ ജോലിസ്ഥലങ്ങളുടെയോ പരിസര പ്രദേശങ്ങളില്‍ യാതൊരുകാരണവശാലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.
ഒഴിഞ്ഞപാത്രങ്ങള്‍, ചിരട്ട, ഉപയോഗമില്ലാത്ത ടയര്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക.
വീടിനുള്ളില്‍ കൊതുക് കടക്കാത്തവിധം വലയടിച്ചു സജ്ജീകരിക്കുക (Mosquito proof).
കൊതുകു നിര്‍മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ സഹായിക്കുക.
രോഗിയെ കൊതുകുവലയ്ക്കുള്ളില്‍ കിടത്തുക; അല്ലെങ്കില്‍ കൊതുക് കടക്കാത്ത മുറി സജ്ജീകരിക്കുക.
പോഷകാഹാരവും ധാരാളം പാനീയങ്ങളും രോഗിക്ക് കൊടുക്കുക.
പനിയും രക്തസ്രാവവും ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം ഉടന്‍ ലഭ്യമാക്കുക.

കടപ്പാട്: ഇന്‍ഫോ ക്ലിനിക്ക്