പതിനെട്ട് വർഷം പ്രാണന്റെ പാതിയായി കൂടെയുണ്ടായിരുന്ന ഒരുവനാണ് പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ മകളെയും കൂട്ടി ലക്ഷ്മിയുടെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയത്. ബാലഭാസ്കറിനെയും തേജസ്വനിയെയും വിധി മരണത്തിന്റെ രൂപത്തിൽ വന്ന് വിളിച്ചിറക്കി കൊണ്ടുപോയി എന്ന് പറയുന്നതാകും ശരി. 

പതിനെട്ട് വർഷം പ്രാണന്റെ പാതിയായി കൂടെയുണ്ടായിരുന്ന ഒരുവനാണ് പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ മകളെയും കൂട്ടി ലക്ഷ്മിയുടെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയത്. സംഗീത സംവിധായകനും വയലിസ്റ്റുമായി ബാലഭാസ്കറിനും കുടുംബത്തിനും സംഭവിച്ച അപകടത്തെക്കുറിച്ച് ഞെട്ടലോടെയാണ് മലയാളികള്‍ അറിഞ്ഞത്. ഭാര്യ ലക്ഷ്മിക്കും മകള്‍ തേജസ്വനി ബാലയ്ക്കുമൊപ്പം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ പോയി മടങ്ങുന്പോഴായിരുന്നു അപകടം. 

ബാലഭാസ്കറിനെയും തേജസ്വനിയെയും വിധി മരണത്തിന്റെ രൂപത്തിൽ വന്ന് വിളിച്ചിറക്കി കൊണ്ടുപോയി എന്ന് പറയുന്നതാകും ശരി. ഒരാഴ്ച മുമ്പ് നടന്ന അപകടത്തിൽ നിന്നും ലക്ഷ്മി ഇപ്പോഴും ബോധത്തിലേക്ക് എത്തിയിട്ടില്ല. മകൾ തേജസ്വിനി ബാല അപകടം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ മരിച്ചിരുന്നു. ജീവിതത്തിനും മരണത്തിനും ഇടയിലുളള നൂൽപ്പാലത്തിലൂടെ ബാലഭാസ്കർ നടന്നു നീങ്ങിയത് ഏഴുദിവസം. ഇന്ന് പുലർച്ചെ ഒരു മണിക്ക് ഹൃദയാഘാതം മൂലം ബാലഭാസ്കറും ഈ ലോകത്തില്‍ നിന്ന് മടങ്ങിപ്പോയി. അതോടെ സ്വര്‍ഗ്ഗം പോലൊരു വീട്ടില്‍ ലക്ഷ്മി തനിച്ചായി. 

രണ്ട് ദിവസം മുമ്പ് തന്നെ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ വെന്റിലേറ്ററിൽ തന്നെയായിരുന്നു ഇരുവരും. കുത്തി വച്ച മരുന്നിന്റെ സമയം കഴിയുമ്പോൾ ലക്ഷ്മി ഇടയ്ക്ക് ബോധത്തിലേക്ക് തിരികെ വന്നിരുന്നു. അപ്പോഴെല്ലാം അവർ അന്വേഷിച്ചത് രണ്ട് വയസ്സുകാരി മകൾ തേജസ്വിനിയെക്കുറിച്ചാണ്. സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ച കുഞ്ഞിന്റെ മൃതദേഹം രണ്ട് ദിവസത്തോളം എംബാം ചെയ്ത് സൂക്ഷിച്ചിരുന്നു. എന്നാൽ ലക്ഷ്മിയുടെ വീട്ടുവളപ്പിൽ തന്നെ ബന്ധുക്കളുടെ തീരുമാനപ്രകാരം മൃതദേഹം സംസ്കരിക്കുകയാണുണ്ടായത്. അവസാനമായി മകളെ ഒരുനോക്ക് കാണാൻ ബാലഭാസ്കറിനോ ലക്ഷ്മിക്കോ കഴിഞ്ഞില്ല. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ‌ നിന്ന് ലക്ഷ്മിയുടെ കൈ പിടിച്ചതാണ് ബാലഭാസ്കർ. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ പ്രണയിച്ചു തുടങ്ങിയ രണ്ടുപേർ. പ്രണയത്തിന്റെ എല്ലാ എതിർപ്പുകളെയും അതിജീവിച്ച് 2000 ‍ഡിസംബർ 16നായിരുന്നു വിവാഹം. ബാലുവിന്റെ വളർച്ചയുടെ ഓരോ പടിയിലും ലക്ഷ്മി സഹയാത്രികയായി. വേദികളിൽ നിന്നും വേദികളിലേക്ക്, പ്രശസ്തിയിലേക്ക് ബാലഭാസ്കർ എന്ന വയലിനിസ്റ്റ് കുതിച്ചുയർന്നപ്പോൾ ലക്ഷ്മിയുടെ പ്രണയം എല്ലാത്തിനും സാക്ഷിയായി. ഒടുവിൽ പതിനാറ് വർഷങ്ങൾക്ക് ശേഷം ഇവരുടെ പ്രണയ സം​ഗീതജീവിതത്തിലേക്ക് ജാനിയെത്തി. കാത്തിരിപ്പിന്റെ എല്ലാ സങ്കടങ്ങളെടെയും നിഷ്ഫലമാക്കുകയായിരുന്നു ജാനി എന്ന തേജസ്വിനി ബാല. 

രണ്ടാമത്തെ വയസ്സിൽ അമ്മയ്ക്ക് സങ്കടം മാത്രം നൽകി തേജസ്വിനി ബാല അച്ഛനൊപ്പം യാത്ര പോകുമ്പോൾ ലക്ഷ്മി ആശുപത്രിക്കിടക്കയിൽ തനിച്ചാണ്. പൊന്നുമോളും ഭർത്താവുമില്ലാത്തെ ലോകത്തോട് ലക്ഷ്മി എങ്ങനെ പ്രതികരിക്കുമെന്ന നോവോർമ്മയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഒറ്റ പ്രാർത്ഥനയേയുള്ളു അവര്‍ക്ക്. ഈ സങ്കടത്തിൽ നിന്ന് കര കയറാനുളള ധൈര്യം ലക്ഷ്മിക്ക് കൊടുക്കണേ എന്ന്.