അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.

 

മോമിൻ ഖാൻ മോമിൻ എന്ന സുപ്രസിദ്ധ ഉർദു കവിയുടെ  അതിപ്രശസ്തമായ ഗസൽ :  'വോ ജോ ഹം മേം തും മേം കറാറ് ഥാ, തുമേ യാദ് ഹോ കെ നാ യാദ് ഹോ..' - അതാണ് ഈ ലക്കത്തിൽ. 

ബന്ധങ്ങളിലെ ഇഴയടുപ്പം നഷ്ടപ്പെടുന്നതിനെപ്പറ്റിയുള്ള പരിഭവങ്ങളാണ് ഈ ഗസലിൽ. പ്രണയത്തിലോ, ദാമ്പത്യത്തിലോ ഏറെനാൾ ഒന്നിച്ചു കഴിഞ്ഞശേഷം പരസ്പരം പഴയ അടുപ്പം ഇല്ലാതെയായി എന്നു  തോന്നുന്നവർ തമ്മിൽ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ടാകുമല്ലോ. അതാണ് ഈ ഗസലിലുള്ളത്. നമുക്കിടയിൽ ഒരു കാലത്ത് ഉണ്ടായിരുന്ന വല്ലാത്തൊരു ശാന്തി, അത് നിനക്കോർമയുണ്ടോ, അതോ ഇല്ലയോ..?

അർത്ഥവിചാരം 

वो जो हममे तुममे क़रार था, तुम्हें याद हो के नाI  याद हो
वही यानी वादा निभाः का, तुम्हें याद हो के ना याद हो

വോ ജോ ഹം മേം തും മേം കറാറ് ഥാ, തുമേ യാദ് ഹോ കെ നാ യാദ് ഹോ..
വഹി യാനി വാദാ നിബാഹ് കാ, തുമേ യാദ് ഹോ കെ നാ യാദ് ഹോ..

നമുക്കിടയിലുണ്ടായിരുന്ന സമാധാനം, സ്വൈരം.. 
നിനക്കോർമയുണ്ടോ അതോ ഇല്ലേ..?
പാലിക്കണമെന്ന് പരസ്പരം പറഞ്ഞ വാക്കുകൾ 
നിനക്കോർമയുണ്ടോ അതോ ഇല്ലേ..?

എത്രയോ വസന്തങ്ങൾ ഒരുമിച്ചു പിന്നിട്ടു. എത്രയോ മഴക്കാലങ്ങളിൽ ഒന്നിച്ചു നനഞ്ഞു. വേനലുകളിൽ ഒന്നിച്ചു തണലുപിടിച്ചു. നമ്മൾ ഒന്നിച്ചു പിന്നട്ടത് എത്ര സംവത്സരങ്ങളാണ്. ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന് പരസ്പരം ഒരിക്കൽ പോലും വാ തുറന്നു പറഞ്ഞിട്ടുണ്ടാവില്ലെങ്കിലും, നമുക്കിടയിൽ വല്ലാത്തൊരു ശാന്തി, സമാധാനം ഒക്കെയുണ്ടായിരുന്നു. നിന്നെ സങ്കടപ്പെടുത്തുന്നത് ചെയ്യാതിരിക്കാൻ ഞാനും, എന്നെ സന്തോഷിപ്പിക്കുന്നതൊക്കെ ചെയ്യാൻ നീയും അന്ന് ശ്രദ്ധിച്ചിരുന്നു. പരസ്പരം കൈക്കുടന്നയിൽ വെച്ച് നമ്മൾ നോക്കി. നമുക്കിടയിലുണ്ടായിരുന്ന ആയ സുന്ദരമായ പാരസ്പര്യം. പരസ്പരം പാലിക്കണം എന്ന് നമ്മൾ പറയാതെ പറഞ്ഞിരുന്ന ജന്മാന്തര വാഗ്ദാനങ്ങൾ, അത് വല്ലതും നിനക്കോർമ്മയുണ്ടോ....? അതോ ഇല്ലയോ..? 

കഠിനപദങ്ങൾ : 

കറാറ് = സ്വൈരം, സമാധാനം, ശാന്തി.
നിബാഹ് = പാലിക്കൽ 

II

कोई बात ऐसी अगर हुई, के तुम्हारे जी को बुरी लगी
तो बयाँ से पहले ही भूलना, तुम्हें याद हो के न याद हो

കോയി ബാത് ഐസി അഗർ ഹുയി, ജോ തുമാരെ ജീ കോ ബുരാ ലഗി..
തോ ബയാൻ സെ പെഹെലെ ഹി ഭൂൽനാ, തുമേ യാദ് ഹോ കെ നാ യാദ് ഹോ..

നിന്റെ ഉള്ളു പൊള്ളിക്കുന്ന  
എന്തെങ്കിലും കാര്യമുണ്ടായാൽ,
അതേക്കുറിച്ച് പരിഭവം പറയും മുന്നേ 
അത് മറന്നുപോവൽ.. 
നിനക്കോർമ്മയുണ്ടോ, അതോ ഇല്ലേ..?

അന്നത്തെ നിന്റെ കാര്യം എത്ര വിചിത്രമായിരുന്നു എന്നോർക്കുന്നുണ്ടോ നീ. ഞാൻ പറയുന്നത് ചിലപ്പോഴെങ്കിലും നിന്റെ ഉള്ളുപൊള്ളിക്കുമായിരുന്നു. എനിക്കറിയാം. എന്നോട് ക്ഷമിക്കുക ഞാൻ അങ്ങനെ ഒരു എടുത്തുചാട്ടക്കാരൻ. എന്നാൽ, നിന്റെ ക്ഷമ, സഹിഷ്ണുത. അന്ന് അതെത്ര വലുതായിരുന്നെന്നോ..? എന്റെ വാക്കുകൾ നിന്നെ മുറിപ്പെടുത്തി എന്നുള്ള പരിഭവം എന്നോടറിയിക്കാനായി മനസ്സിൽ കാത്തുസൂക്ഷിച്ച് ഒടുവിൽ എന്നോട് വെളിപ്പെടുത്താനുള്ള ഒരു അവസരം വരുമ്പോഴേക്കും  നീ അതൊക്കെ മറന്നുകാണും. എന്തായിരുന്നു സങ്കടം എന്ന് ചോദിക്കുമ്പോൾ നീ 'ആ.. ഓർമ്മയില്ല... എന്തോ ഒരു സങ്കടം ഉണ്ടായി.. ഇപ്പോൾ എന്തെന്നോർമ്മയില്ല. എന്തായാലും ഞാൻ ക്ഷമിച്ചു.. വിട്ടു കളയൂ.. ' എന്നാവും.. ആ നീയാണ് ഇന്ന്.. അന്ന്, അങ്ങനെ പരിഭവങ്ങൾ ഓർത്തുവെക്കാൻ പോലുമാവാത്ത എന്റെ സ്നേഹിതയിൽ നിന്നും നീ ഏറെ മാറിപ്പോയി.. അന്നത്തെ ആ നിന്നെ നിനക്ക് ഇന്ന് ഓർമ്മയെങ്കിലുമുണ്ടോ.? അതോ ഇല്ലേ..?

കഠിനപദങ്ങൾ : 

ബയാൻ കർനാ = പറയുക, ഭൂൽനാ = മറക്കുക 

III

वो नये गिलहे वो शिकायतें, वो मज़े-मज़े की हिकायतें
वो हर एक बात पे रूठना, तुम्हें याद हो के न याद हो


വോ നയേ ഗിലെ വോ ശികായതേ.. വോ മസേ മസേ കി ഹികായതേം
വോ ഹർ ഏക് ബാത് പേ രൂഠ്നാ തുജേ യാദ് ഹോ കെ നാ യാദ് ഹോ..

എന്നുമുള്ള ആ പരിഭവങ്ങൾ, പരാതികൾ.. നിന്റെ രസം നിറഞ്ഞ വിശേഷങ്ങൾ... 
എന്തുപറഞ്ഞാലുമുള്ള നിന്റെയാ പിണക്കങ്ങൾ, ഒക്കെ നിനക്കോർമ്മയുണ്ടൊ, അതോ ഇല്ലേ..?

നിനക്ക് എന്നുമെന്നും പുതിയ പരിഭവങ്ങളായിരുന്നല്ലോ. നിന്റെ വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരാത്തവയായിരുന്നു. എന്തൊരു രസമായിരുന്നു നിന്റെ കുശലം കേട്ടിരിക്കാൻ. അന്നൊക്കെ നീ, തമാശക്കെങ്കിലും, ഒന്ന് പറഞ്ഞു രണ്ടിന് എന്നോട് പിണങ്ങുമായിരുന്നു. എന്നിട്ട് മിണ്ടാതെ മാറിയിരിക്കും. മറ്റൊന്നിനുമല്ല, ഞാൻ വന്നു പരിഭവം തീർക്കാൻ. നിന്റെ പരാതികൾ, പരിഭവങ്ങൾ, വിശേഷങ്ങൾ, തമാശകൾ, പൊട്ടിച്ചിരികൾ, എന്നോട് പിണങ്ങിച്ചെന്നുള്ള ഒറ്റയ്ക്കിരിപ്പുകൾ, കള്ളക്കരച്ചിലുകൾ, ഞാൻ വന്നു വിളിക്കുമ്പോഴുള്ള പരിഭവം തീരലുകൾ, പുഞ്ചിരികൾ അങ്ങനെ എന്തിനൊക്കെ ഈ വീട് സാക്ഷ്യം വഹിച്ചിരിക്കുന്നു. അതുവല്ലതും ഇന്ന് സദാ സമയം എന്നോട് മുഖം 
വീർപ്പിച്ചിരിക്കുന്ന നിനക്കോർമ്മയുണ്ടോ..? അതോ ഓർമ്മകൾ ഒന്നും ഇല്ലെന്നാണോ.?

കഠിനപദങ്ങൾ : 

ഗിലെ = പരിഭവങ്ങൾ 
ശികായത് = പരാതി 
ഹികായത് = വിശേഷങ്ങൾ 
രൂഠ്നാ = പിണങ്ങുക.. 

IV

कभी हम में तुम में भी चाह थी, कभी हम से तुम से भी राह थी
कभी हम भी तुम भी थे आश्ना, तुम्हें याद हो के न याद हो

കഭി ഹം മേം തും മേം ഭി ചാഹ് ഥീ. കഭി ഹം സെ തും സെ ഭി രാഹ് ഥീ 
കഭി ഹം ഭി തും ഭി ഥേ ആഷ്നാ.. തുമേ യാദ് ഹോ കെ നാ യാദ് ഹോ..

നമുക്കിടയിലും സ്നേഹമുണ്ടായിരുന്നു ഒരിക്കൽ.. 
നമ്മളിലൂടെയും വഴികൾ തുറന്നിരുന്നു ഒരിക്കൽ.. 
ഒരിക്കൽ നമ്മളിരുവരും ആത്മമിത്രങ്ങളുമായിരുന്നു,
ഒക്കെ നിനക്കോർമ്മയുണ്ടൊ, അതോ ഇല്ലേ..?

ഇന്ന് നമ്മളെക്കണ്ടാൽ തികഞ്ഞ അപരിചിതർ എന്ന് തോന്നുമല്ലേ ആർക്കും. ഒരു കാലത്ത് നമ്മുടെ ഇടയിലും സ്നേഹമുണ്ടായിരുന്നു. തമ്മിൽ അടങ്ങാത്ത ആത്മദാഹമുണ്ടായിരുന്നു. നമ്മൾ ഒന്നിച്ചു വെട്ടിത്തുറന്നിട്ടുണ്ട് എത്ര കാനനപാതകൾ..? നമ്മൾ ഒന്നിച്ചു കേറിയിറങ്ങിയിട്ടുണ്ട് എത്ര കാടുകൾ, മേടുകൾ..? നമ്മൾ പരസ്പരം തിരഞ്ഞത്ര മറ്റാര് ചെയ്തുകാണും? സ്നേഹത്തിലേക്ക് വഴിമാറും മുമ്പ് നമ്മളെക്കാൾ അടുപ്പമുള്ള സ്നേഹിതർ വേറെയുണ്ടായിരുന്നോ..? ഇന്ന് പരസ്പരം വെറുപ്പിന്റെ നോട്ടങ്ങൾ എറിഞ്ഞുകൊണ്ട് വെട്ടിത്തിരിഞ്ഞ് നടന്നുപോകുമ്പോൾ നീ ഓർക്കേണ്ട ഒന്നുണ്ട്, ഏറ്റവും വലിയ അടുപ്പത്തിന്റെ കരയിൽ നിന്നുമാണ് നമ്മളിപ്പോൾ ഈ മരുഭൂമിയിൽ എത്തിയിരിക്കുന്നത് എന്ന സത്യം. പാരസ്പര്യത്തിന്റെ ആ പൂക്കാലമൊക്കെ നിനക്ക് ഓർമ്മയുണ്ടോ, അതോ ഇല്ലേ..?

കഠിനപദങ്ങൾ : 
ചാഹ് = സ്നേഹം, രാഹ് = വഴി, ആഷ്നാ - ആത്മമിത്രം 

V

जिसे आप कहते थे बावफ़ा, जिसे आप गिनते थे आश्ना
मैं वही हूँ “मोमिन”-ए-मुब्तला, तुम्हें याद हो के न याद हो


ജിസേ ആപ് കെഹ്തെ ഥേ ബാവഫാ, ജിസേ ആപ് ഗിൻതെ ഥേ ആഷ്നാ 
മേം വഹീ ഹൂം 'മോമിൻ' എ മുത്ബലാ, തുമേ യാദ് ഹോ കെ നാ യാദ് ഹോ.

നീ വിശ്വസ്തനെന്ന് എണ്ണിയിരുന്നവൻ 
നീ ആത്മ മിത്രമായി കരുതിയിരുന്നവൻ 
ആ പാവം പീഡിതൻ തന്നെയാണിന്നും ഞാൻ 
ഒക്കെ നിനക്കോർമ്മയുണ്ടൊ, അതോ ഇല്ലേ..?

ഇത് ഗസലിന്റെ മഖ്തയാണ്. ഷായറിന്റെ തഖല്ലുഫ് വരുന്നിടം. കവി പറയുകയാണ്.. ഒരു കാലത്ത്, ഞാൻ നിന്റെ വിശ്വസ്തനായിരുന്നു. എന്തിനുമേതിനും നിനക്ക് ഞാൻ മതിയാകുമായിരുന്നു. നിന്റെ ആത്മമിത്രമായി നീ എന്നെ എന്നും ചൂണ്ടിക്കാണിക്കുമായിരുന്നു ആർക്കും. മോമിൻ എന്ന ആ നിർഭാഗ്യവാൻ തന്നെയാണ് ഞാനിന്നും.. എനിക്ക് ഒരു മാറ്റവുമില്ല. മാറിയത് നീയാണ്. എല്ലാം മറന്നത് നീയാണ്. ഓർത്തു നോക്കൂ, നമുക്കിടയിൽ ഒരിക്കലുണ്ടായിരുന്ന ആ സ്വൈരത്തിന്റെയും സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും, ഇഴയടുപ്പത്തിന്റെയും കാലത്തെ.. നിനക്കതൊക്കെ ഓർമ്മയുണ്ടോ..? അതോ.. ഇല്ലേ..? 

കഠിനപദങ്ങൾ : 

ബാവഫാ = വിശ്വസ്തൻ 
ആഷ്നാ = ആത്മമിത്രം 
മുത്ബലാ= പീഡിതൻ


കവി പരിചയം 

കവി മോമിൻ ഖാൻ മോമിൻ ജീവിച്ചിരുന്നത് 1800-1851 കാലഘട്ടത്തിലാണ്. അവിഭക്ത ഇന്ത്യയിൽ ഉറുദു കവിതയുടെ പുഷ്കല കാലം. മിർസാ ഗാലിബും സൗക്കും ഒക്കെ മോമിന് സമകാലികർ. രാഷ്ട്രീയമായ ഒരു സമൂലപരിവർത്തനത്തിനുകൂടി ഇന്ത്യ വഴങ്ങിക്കൊണ്ടിരുന്നകാലം. ബഹാദൂർ ഷാ സഫർ രണ്ടാമന്റെ ഭരണകാലത്ത് മുഗൾ ഭരണത്തിന്റെ അസ്തമയവും ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ഉദയവും സംഭവിച്ചുകൊണ്ടിരുന്ന കാലം. "തും മേരെ സാഥ് ഹോതേ ഹോ ഗയാ / ജബ് കോയി ദൂസ്‌റാ നഹി ഹോതാ.." ( * ക്ലിഷ്ടമായ ശേർ ആണ്, മൊഴിമാറ്റി സൗന്ദര്യം നശിപ്പിക്കുന്നില്ല.. see index for some explanation though) എന്ന മോമിൻറെ ശേർ കേട്ട് സംപ്രീതനായ ഗാലിബ് ഈ രണ്ടുവരികൾക്കു പകരമായി തന്റെ അന്നോളമുള്ള കവിതകളുടെ സമ്പൂർണ്ണ സമാഹാരം (ദീവാൻ) തന്നെ വെച്ചു മാറാൻ തയ്യാറാണെന്ന് അറിയിക്കുകയുണ്ടായി.

അതിസുന്ദരനായിരുന്നു കവി. നിത്യ പ്രണയിയും. പതിനഞ്ചാം വയസ്സിലാണ് ആദ്യ പ്രണയം. അന്നേ അറിയപ്പെടുന്ന കവിയാണ് മോമിൻ.അക്കാലത്തെ പല കവിതകളും അദ്ദേഹം എഴുതിയത് തന്റെ ആദ്യ കാമുകിയ്ക്കു വേണ്ടിയായിരുന്നു. കൗമാരത്തിൽ തന്നെ നെഞ്ചിലേറ്റേണ്ടിവന്ന ആ പ്രണയത്തെക്കുറിച്ചുള്ള വർത്തമാനം നാട്ടിലെങ്ങും പരന്നതോടെ അവൾക്കത് ദുഷ്ക്കീർത്തി സമ്മാനിച്ചാലോ എന്ന് ഭയന്ന് പിന്നെ തന്റെ ഷേറുകളിൽ പ്രണയിയെപ്പറ്റിയുള്ള സൂചനകൾ പോലും കവി  മനഃപൂർവം ഒഴിവാക്കി. 

പക്ഷേ, എന്നിട്ടും അവിചാരിതമായ ഒരു ദുരന്തത്തിൽ ആ പ്രണയം കലാശിച്ചു. അകാലത്തിൽ മോമിൻറെ കാമുകി മരണത്തെപ്പുൽകി.  അതോടെ സങ്കടത്തിൽ മുങ്ങി കുറേനാൾ നടന്നെങ്കിലും കാലം ആ മുറിവുകൾ പതിയെ ഉണക്കി. തന്റെ  ശികായത്-എ-സിതം എന്ന ആദ്യ സമാഹാരത്തിൽ അദ്ദേഹം തന്റെ ഈ പ്രണയനഷ്ടത്തെപ്പറ്റി പറയുന്നുണ്ട് പിൽക്കാലത്ത്. 
കവിതയ്‌ക്കൊപ്പം വൈദ്യചികിത്സയിലും ജ്യോത്സ്യത്തിലും ഒക്കെ വ്യുത്പത്തിയുണ്ടായിരുന്നു ,മോമിന്. ഒന്നിന് പിറകെ ഒന്നായി നിരന്തരം പ്രണയങ്ങളുണ്ടായി പിന്നീടും. ചികിത്സിക്കാൻ വന്ന ദേവദാസിയും, ഭാവിയറിയാൻ വന്ന സുന്ദരിയായ മറ്റൊരു യുവതിയും ഒക്കെ പല കാലങ്ങളിൽ അദ്ദേഹത്തിന്റെ പ്രണയഭാജനങ്ങളായി, കവിതകൾക്ക് വിഷയവും. മേൽക്കുമേൽ വന്നുപെട്ടുകൊണ്ടിരുന്ന ഈ പ്രണയങ്ങൾക്കിടയിൽ ഇടക്കിടെ പ്രണയ നിരാസങ്ങളും അദ്ദേഹം അനുഭവിച്ചു. അതിൽ നിന്നൊക്കെ നിരന്തരം  ഉദാത്തമായ നിരവധി ഗസലുകളും  ഉടലെടുത്തു.   


രാഗവിസ്താരം 

ബീഗം അക്തർ ഈ ഗസൽ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഭൈരവി രാഗം അടിസ്ഥാനപ്പെടുത്തിയാണ്. ബാബുൽ മോരാ നൈഹർ.., ഭോർ ഭയെ പൻഘട്ട് പേ, ചിംഗാരി കോയി.. തുടങ്ങിയ പല പ്രശസ്ത സിനിമാഗാനങ്ങളും ഇതേ രാഗത്തിൽ അധിഷ്ടിതമാണ്. മധ്യമത്തിന് കൂടുതൽ  സ്വാധീനമുള്ള രീതിയിലാണ് ഈ ഗസൽ കംപോസ് ചെയ്തിരിക്കുന്നത്.  ഇത്രെയേറെ ഗായകരായി എടുത്ത് കംപോസ് ചെയ്യപ്പെട്ട, ആലപിക്കപ്പെട്ട മറ്റൊരു ഗസൽ ഇല്ല.  ബീഗം അക്തറുടെ വേർഷനാണ് കൂട്ടത്തിൽ ഏറ്റവും പ്രശസ്തം.  

വ്യക്തിപരമായ ഇഷ്ടത്തിന്റെ ക്രമത്തിൽ  ആലാപനങ്ങൾ ചുവടെ. 

1. ബീഗം അഖ്‌തർ :

 

2. ഗുലാം അലി

 

3. ഉസ്താദ് ബർഖത്ത് അലി ഖാൻ

 

4. മധുറാണി

 

5. ഫരീദാ ഖാനം

6. മെഹ്ദി ഹസ്സൻ

7. ഉസ്താദ് അഹമ്മദ് ആൻഡ് മുഹമ്മദ് ഹുസ്സൈൻ

 

8. ഉസ്താദ് മസർ അലി ഖാൻ

 

9. ആബിദാ പർവീൺ

 

10. ജഗ്ജിത് സിങ്ങ്

 

11. ഹരിഹരൻ

 

12. നയ്യാരാ നൂർ

 

13. ചിത്രാ സിങ്ങ്

 

 

അടുത്ത ലക്കത്തിലെ ഗസൽ    'ആവാർഗി..'

 

ലക്കം #1 : ചുപ്‌കേ ചുപ്‌കേ രാത് ദിൻ... 
ലക്കം #2 :  ഏക് ബസ് തൂ ഹി നഹി