ഷോപ്പിംഗിന് പോവുകയായിരുന്ന സ്ത്രീയുടെ കയ്യിൽ നിന്നും അബദ്ധത്തിൽ താഴെ വീണ 50,000 രൂപയുമായി പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ മുങ്ങി യുവാക്കള്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറല്‍.
ജയ്പൂരിലെ ബജാജ് നഗറിൽ കഴിഞ്ഞ ദിവസം അതിനാടകീയമായ ഒരു രംഗം നടന്നു. ബർകത്ത് നഗറിലെ തെരുവിൽ വച്ച് പട്ടാപ്പകൽ എല്ലാവരും നോക്കിനിൽക്കെ ഒരു സ്ത്രീയുടെ പണം യുവാക്കൾ കൈക്കലാക്കി കടന്നു കളഞ്ഞു. പ്രദേശത്ത് ഷോപ്പിംഗിനായി ഇറങ്ങിയതായിരുന്നു സ്ത്രീ. ആ സമയത്താണ് പണം നഷ്ടപ്പെടുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോയിൽ രണ്ട് സ്ത്രീകൾ നടന്നു പോകുന്നത് കാണാം. അതിൽ ഒരു യുവതിയുടെ കയ്യിൽ ഹാൻഡ്ബാഗും ഒരു ജാക്കറ്റ് മടക്കിപ്പിടിച്ചിരിക്കുന്നതും കാണാം.
അവർ റോഡ് മുറിച്ചു കടക്കുന്ന സമയത്ത് ജാക്കറ്റ് ധരിക്കാൻ ശ്രമിക്കവെ അബദ്ധത്തിൽ കയ്യിൽ നിന്നും ഒരു കെട്ട് പണം താഴെ വീണ് പോവുകയായിരുന്നു. അതിൽ ഷോപ്പിംഗിനായി കരുതിയ 50,000 രൂപ ഉണ്ടായിരുന്നു. ഇത് ശ്രദ്ധിക്കാതെ അവർ മുന്നോട്ട് നടന്നു. ആ സമയത്ത് ഇത് കണ്ടുകൊണ്ട് അതുവഴി ബൈക്കിൽ പോവുകയായിരുന്ന രണ്ട് യുവാക്കൾ തങ്ങളുടെ ബൈക്ക് അവിടെ നിർത്തുന്നു. പിന്നീട്, ആ സ്ത്രീയുടെ തൊട്ടുമുന്നിൽ കൂടി ഈ പണവുമായി വേഗത്തിൽ അവിടെ നിന്നും പോകുന്നു.
അധികം വൈകാതെ തന്നെ സ്ത്രീക്ക് തന്റെ പണം നഷ്ടപ്പെട്ട കാര്യം മനസിലായി. അവർ വേഗം തന്നെ ബൈക്കുകാരുടെ പിന്നാലെ പോകാൻ നോക്കുന്നുണ്ടെങ്കിലും അപ്പോഴേക്കും അവർ സ്ഥലം കാലിയാക്കിയിരുന്നു. പിന്നീട് എസ്എച്ച്ഒ ആയ പൂനം ചൗധരി പറഞ്ഞത്, ആ സ്ത്രീയും മകളും വിവാഹ ഷോപ്പിംഗിനായി ജയ്പൂരിൽ എത്തിയതായിരുന്നു എന്നാണ്. ബർകത് നഗറിലെ തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ അവർ ജാക്കറ്റ് ധരിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ്, 50,000 രൂപ അടങ്ങിയ പണത്തിന്റെ കെട്ട് വീണുപോയത്.
ഈ അവസരം മുതലെടുത്ത യുവാക്കൾ റോഡിൽ കിടന്ന പണം തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയ യുവതി ബൈക്ക് യാത്രികനെ പിന്തുടരാൻ ശ്രമിച്ചെങ്കിലും, ഗതാഗതക്കുരുക്ക് കാരണം അയാളെ പിടികൂടാൻ കഴിഞ്ഞില്ല, നിമിഷങ്ങൾക്കുള്ളിൽ അവർ അപ്രത്യക്ഷരാവുകയായിരുന്നു. സംഭവത്തിൽ കേസ് കൊടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.


