Asianet News MalayalamAsianet News Malayalam

മോദി സർക്കാരിനെ വിറപ്പിച്ച ഈ എട്ടുവയസുകാരി ആരാണ്?

അന്ന് ഞാൻ വല്ലാതെ ഒറ്റയ്ക്കായ പോലെ തോന്നി. ഒരു ദിവസം പൊലീസും സെക്യൂരിറ്റി ഗാർഡുകളും എന്നോട് അവിടെനിന്ന് പോകാൻ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. ഞാൻ കരഞ്ഞു. വേനൽക്കാലത്ത് ദില്ലിയിൽ ചൂട് അധികമാണ്. ഞാൻ അതികഠിനമായ ചൂടും, ശക്തമായ മഴയും സഹിച്ച് അവിടെനിന്നു. എന്നിട്ടും  ഞാൻ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഒന്നിലധികം ആഴ്ചകൾ ചെലവഴിച്ചു.

Licypriya kangujam, the youngest climate change activist in India
Author
Manipur, First Published Feb 13, 2020, 3:20 PM IST

ലിസിപ്രിയ കംഗുജം എന്ന പെൺകുട്ടിക്ക് വെറും എട്ട് വയസ്സാണ് പ്രായം. പക്ഷേ, അവളെ ഒരു കൊച്ചുകുട്ടിയെന്ന് പറഞ്ഞു ചെറുതായി കാണാൻ സാധിക്കില്ല. ഒരു എട്ടുവയസ്സുകാരിക്ക് ചെയ്യാൻ സാധിക്കുന്നതിലും അപ്പുറമാണ് അവൾ ഈ ചെറുപ്രായത്തിൽ തന്നെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവർത്തകയ്ക്ക് പറയാൻ ഒരുപാടുണ്ട്. 2019 ഫെബ്രുവരിയിൽ ഏഴാമത്തെ വയസ്സിൽ ഭുവനേശ്വറിലെ സ്കൂളിൽ നിന്ന് പഠിപ്പ് മതിയാക്കി ന്യൂഡൽഹിയിലേക്ക് വണ്ടികയറിയപ്പോൾ അവൾക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ഡൽഹിലെത്തിയ അവൾ പാർലമെന്റ് മന്ദിരത്തിന് പുറത്ത് വെയിലും മഴയും സഹിച്ച് ആഴ്‍ചകളോളം നിന്നു. അവളുടെ കൈയിൽ Dear Mr. Modi & MPs, PASS THE CLIMATE CHANGE LAW! ACT NOW! എന്ന് എഴുതിയ ഒരു ഫലകവും ഉണ്ടായിരുന്നു. 

Licypriya kangujam, the youngest climate change activist in India

 

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ജനിച്ച കംഗുജം കളിച്ചു നടക്കേണ്ട പ്രായത്തിൽ തന്നെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. അവളുടെ മഹത്തായ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അവളെത്തേടി ഒരുപാട് അംഗീകാരങ്ങളും വന്നുചേർന്നു. ഗ്ലോബൽ പീസ് ഇൻഡെക്സ്-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസിൽ നിന്നുള്ള ലോക ശിശു സമാധാന സമ്മാനം, അന്താരാഷ്ട്ര യുവജന സമിതിയിൽ നിന്നുള്ള ഇന്ത്യ സമാധാന സമ്മാനം എന്നിങ്ങനെ ഒന്നിലധികം അവാർഡുകൾ അവൾ നേടി. 2019 -ലെ ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പ്രഭാഷകയായിരുന്നു അവൾ. 

"ഞാൻ വളരെ ചെറുപ്പം മുതലേ എൻ്റെ അച്ഛൻ്റെ കൂടെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിലും, സെമിനാറുകളിലും, വർക്ക് ഷോപ്പുകളിലും പങ്കെടുക്കുമായിരുന്നു. പരിസ്ഥിതിയോട് എനിക്ക് വല്ലാത്ത സ്നേഹവും കരുതലുമാണ്. 2015 -ൽ, നേപ്പാൾ ഭൂകമ്പസമയത്ത്, ദുരിതബാധിതരെ സഹായിക്കാനായി നടത്തിയ ധനസമാഹരണത്തിൽ ഞാനും എൻ്റെ അച്ഛനോടൊപ്പം കൂടി. കുട്ടികൾക്ക് വീടും മാതാപിതാക്കളെയും നഷ്ടപ്പെട്ടത് കണ്ട് ഞാൻ കരഞ്ഞുപോയി" അവൾ പറഞ്ഞു.  
,
മംഗോളിയയുടെ തലസ്ഥാന നഗരമായ ഉലാൻബത്തറിൽ നടന്ന ഏഷ്യാ മിനിസ്റ്റീരിയൽ ഡിസാസ്റ്റർ റിഡക്ഷനിൽ പങ്കെടുക്കാൻ 2018 -ൽ കംഗുജത്തിന് അവസരം ലഭിച്ചു. അന്ന് ആ കൊച്ചു മിടുക്കിക്ക് വെറും ആറുവയസ്സേ ഉണ്ടായിരുന്നുള്ളൂ. അവിടെയാണ് താൻ ആദ്യമായി ലോക നേതാക്കൾക്ക് മുന്നിൽ സംസാരിച്ചതെന്ന് അവൾ പറയുന്നു. അത് അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. അവിടെനിന്ന് തിരിച്ചെത്തിയ അവൾ പരിസ്ഥിതി സംരക്ഷണത്തിനായി ചൈൽഡ് മൂവ്മെന്റ് എന്ന പേരിൽ ഒരു സംഘടന ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കു വയ്ക്കാനായി ലോകത്തിൻ്റെ പല കോണിലേക്കും അവൾ ഇപ്പോഴും യാത്രകൾ തുടരുന്നു. "ഇതുവരെ, ഞാൻ 32 രാജ്യങ്ങളിൽ പോയിട്ടുണ്ട്. ഈ സംഘടന ആരംഭിക്കുമ്പോൾ, ഞാൻ തനിച്ചായിരുന്നു, പക്ഷേ, ഇന്ന് എനിക്ക് ലോകമെമ്പാടും ആയിരക്കണക്കിന് ആളുകള്‍ എനിക്കൊപ്പം പിന്തുണയുമായുണ്ട്." കംഗുജം പറയുന്നു.

Licypriya kangujam, the youngest climate change activist in India

 

അവളുടെ അഭിപ്രായത്തിൽ, ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളും കാലാവസ്ഥാ വ്യതിയാനം വെറും കള്ളമാണ് എന്ന് പ്രചരിപ്പിക്കുന്നു. "പ്രധാനമന്ത്രി മോദി  2015 -ൽ ഫ്രഞ്ച് സർക്കാരുമായി ചേർന്ന് ഇന്റർനാഷണൽ സോളാർ അലയൻസ് (ഐ.എസ്.എ) സ്ഥാപിക്കുകയുണ്ടായി. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ കൽക്കരി ഇറക്കുമതി 13 ശതമാനം വർദ്ധിക്കുകയാണുണ്ടായത്. ഞാൻ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നു: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള ഇന്ത്യയുടെ പുതിയ നിലപാടാണോ ഇത്? ഓസ്‌ട്രേലിയയിൽ നിന്ന് കൽക്കരി വാങ്ങുന്നത് നിർത്താൻ ഞാൻ മോദി സർക്കാരിനോട് ആവശ്യപ്പെടുകയാണ്. കൽക്കരി വാങ്ങാൻ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിനുപകരം, പുനരുപയോഗ ഊർജ്ജം ഉൽപാദിപ്പിക്കാൻ അദ്ദേഹം കൂടുതൽ തുക നിക്ഷേപിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. അത് വിലകുറഞ്ഞതും, യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതുമാണ്" എന്നാണ് ആ കാലാവസ്ഥാ പ്രവര്‍ത്തക പറഞ്ഞത്.

പാർലമെന്റ് മന്ദിരത്തിന് മുന്നിൽ നിൽക്കുകയും കാലാവസ്ഥാ വ്യതിയാന നിയമം പാസാക്കാൻ പ്രധാനമന്ത്രി മോദിയോട് ആഹ്വാനം ചെയ്യുകയും ചെയ്തു അവൾ. "അന്ന് ഞാൻ വല്ലാതെ ഒറ്റയ്ക്കായ പോലെ തോന്നി. ഒരു ദിവസം പൊലീസും സെക്യൂരിറ്റി ഗാർഡുകളും എന്നോട് അവിടെനിന്ന് പോകാൻ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. ഞാൻ കരഞ്ഞു. വേനൽക്കാലത്ത് ദില്ലിയിൽ ചൂട് അധികമാണ്. ഞാൻ അതികഠിനമായ ചൂടും, ശക്തമായ മഴയും സഹിച്ച് അവിടെനിന്നു. എന്നിട്ടും  ഞാൻ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഒന്നിലധികം ആഴ്ചകൾ ചെലവഴിച്ചു. അതിന് ശേഷമാണ് ആളുകൾ എൻ്റെ പ്രസ്ഥാനത്തെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയത്" അവൾ പറഞ്ഞു. 

Licypriya kangujam, the youngest climate change activist in India

 

ആഴ്ചകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ ആറിലധികം എം‌പിമാർ കംഗുജയെ പിന്തുണക്കാനായി മുന്നോട്ടുവന്നു. അങ്ങനെ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ജൂലൈ 24 -ന് ലോക്സഭയിൽ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ചർച്ച ഉണ്ടായി. ഡൽഹിയിൽ കഴിഞ്ഞ സമയം അവൾക്ക് പഠിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഇപ്പോൾ പഠനം പുനരാരംഭിച്ചു ആ കൊച്ചു മിടുക്കി. "എൻ്റെ അച്ഛനും അമ്മയും എനിക്ക് നല്ല പിന്തുണ നൽകുന്നുണ്ട്. പ്രത്യേകിച്ച് അച്ഛൻ. അച്ഛനാണ് എൻ്റെ ഹീറോ" ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. 

ഇന്ത്യയ്ക്ക് വേണ്ടി വ്യക്തമായ പദ്ധതികൾ അവൾക്കുണ്ട്. കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിന് 2030 -ഓടെ ഫോസിൽ ഇന്ധനം ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങൾ സമ്പൂർണ്ണമായി നിരോധിക്കുക, എന്നിട്ട് അതിന് പകരം സോളാർ, ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരിക. അതുപോലെതന്നെ മരങ്ങൾ മുറിക്കുന്നത് തടയാൻ കർശനമായ നിയമം കൊണ്ടുവരിക. ഹരിതഗൃഹ വാതകങ്ങളുടെ നിയന്ത്രണവും അവളുടെ മനസ്സിലുണ്ട്. ഇത്രയും കാര്യങ്ങളാണ് മോദി സർക്കാർ ഉടൻ നടപ്പാക്കേണ്ടത് എന്ന് അവൾ അഭിപ്രായപ്പെട്ടു. 

Licypriya kangujam, the youngest climate change activist in India

 

തെരുവുകളിൽ നടന്ന നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ, കാലാവസ്ഥാ വ്യതിയാനം സ്കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ നിർബന്ധിത വിഷയമായി ഉൾപ്പെടുത്തണമെന്ന് അവൾ രാജസ്ഥാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയുണ്ടായി. "ജനുവരി 13 -ന് എനിക്ക് രാജസ്ഥാൻ ഡെപ്യൂട്ടി മുഖ്യമന്ത്രി സച്ചിൻ പൈലറ്റിൽ നിന്ന് ഒരു കത്ത് ലഭിച്ചു, എൻ്റെ അഭ്യർത്ഥന നടപ്പിലാക്കുന്നതിനുള്ള കാര്യങ്ങൾ അവർ ആരംഭിച്ചതായി അതിൽ പറയുന്നു, "കംഗുജം പറഞ്ഞു. ഒരുപക്ഷേ, അത് നടപ്പാക്കിയാൽ, ഒരു സ്കൂൾ പാഠ്യപദ്ധതിയിൽ കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യവും, ഏഷ്യയിലെ ആദ്യ രാജ്യവുമാകും ഇന്ത്യ. എട്ട് വയസുള്ള ഒരു കുട്ടി വിചാരിച്ചാൽ പലതും നടക്കുമെന്ന് തെളിയിക്കുകയാണ് കംഗുജം. അവളുടെ പ്രതിഷേധം ഇനിയും ഒരുപാട് നല്ല മാറ്റങ്ങൾ നമ്മുടെ രാജ്യത്ത് കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

Follow Us:
Download App:
  • android
  • ios