മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീകരമായ യുദ്ധമായിരുന്നു രണ്ടാം ലോക മഹായുദ്ധം. 50 മുതൽ 85 ദശലക്ഷത്തോളം ആളുകൾ ആ യുദ്ധത്തിൽ മരണപ്പെടുകയുണ്ടായി. ആ കാലഘട്ടങ്ങളിൽ സോവിയറ്റുകളും നാസികളും അതിക്രൂരമായ കൂട്ടക്കൊലകളും അതിക്രമങ്ങളുമാണ് നടത്തിവന്നത്. ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിൽ സ്ഥിതിചെയ്യുന്ന ലിഡിസ് ഗ്രാമം തുടച്ചുനീക്കുകയായിരുന്നു നാസികൾ നടത്തിയ ഏറ്റവും ക്രൂരമായ പ്രവൃത്തികളിൽ ഒന്ന്.  

നാസികൾ ലിഡിസ് ഗ്രാമത്തിലെ മിക്കവാറും എല്ലാ നിവാസികളെയും കൊന്നുതള്ളി. നാസി ഉദ്യോഗസ്ഥരിലൊരാളായ റെയ്ൻഹാർഡ് ഹെഡ്രി വധിക്കപ്പെട്ടതിനുള്ള പ്രതികാരമായാണ് ഇത് ചെയ്‍തത്. ആ രക്തച്ചൊരിച്ചിലിൽ ഗ്രാമം പൂർണമായും നശിച്ചു. പുരുഷന്മാർ ഒന്നടങ്കം കൊല്ലപ്പെട്ടു. സ്ത്രീകളെയും കൊച്ചുകുട്ടികളെയും വേർതിരിച്ച് തടങ്കൽപ്പാളയങ്ങളിലേക്ക് അയച്ചു. അവരുടെ ജീവിതത്തിലെ അവസാനത്തെ വേനൽക്കാലമായി അത്.  അതിലേയ്ക്ക് നയിച്ച സംഭവം ഇതാണ്. നാസി ഉദ്യോഗസ്ഥനായ റെയ്ൻ‌ഹാർഡ് ഹെഡ്രി കൊല്ലപ്പെട്ടതിനുശേഷം, വെറിപൂണ്ട ഹിറ്റ്ലർ ആ മരണത്തിന് പ്രതികാരം ചെയ്യാൻ ആഗ്രഹിച്ചു. ഇതിനായി ചെക്കോസ്ലോവാക്യയിൽ കൂട്ടക്കൊല നടത്താൻ ഉത്തരവിട്ടു. കൊലയാളികൾക്ക് അഭയം നൽകുന്ന ഗ്രാമങ്ങൾക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കണമെന്നും അയാള്‍ അക്രോശിച്ചു. അങ്ങനെ അഭയം നൽകുന്ന ഗ്രാമവാസികളിൽ മുതിർന്ന പുരുഷന്മാരെ വധിക്കും, സ്ത്രീകളെ തടങ്കൽപ്പാളയങ്ങളിലേക്ക് കൊണ്ടുപോകും, കുട്ടികളെ 'ജർമ്മനൈസ്' ചെയ്യും, ശേഷിക്കുന്നവരെ  കൊല്ലപ്പെടുത്തും എന്നതായിരുന്നു പ്രതികാര നടപടികൾ. ചെക്ക് സൈന്യത്തിലെ ഒരാൾ ആ ഗ്രാമത്തിൽ നിന്നാകയാൽ നാസികൾ ലിഡിസ് ഗ്രാമത്തെ പ്രത്യേകം ലക്ഷ്യമിട്ടു.  

അങ്ങനെ 1942 ൽ ജൂൺ 10 -ന് അർദ്ധരാത്രിക്ക് ശേഷം നാസി ഉദ്യോഗസ്ഥർ ലിഡിസിലെത്തി ഗ്രാമീണരെ പ്രധാന കവലയിലേയ്ക്ക് കൊണ്ടുവന്നു. അവിടെ നിന്ന് 15 വയസ്സിനു മുകളിലുള്ള പുരുഷന്മാരെ ഹൊറോക്സിന്റെ ഫാം ഹൗസിലേക്കും സ്ത്രീകളെയും കുട്ടികളെയും ക്ലാഡ്നോയിലെ ഒരു സ്‍കൂളിലേക്കും കൊണ്ടുപോയി. ഉച്ചയോടെ, നാസികൾ 173 പുരുഷന്മാരെ വധിച്ചു. ഇരകളെ 10 ഗ്രൂപ്പുകളായി പുറത്തെത്തിക്കുകയും ഒരു കളപ്പുരയ്‌ക്കെതിരെ അണിനിരക്കുകയും ചെയ്‍തു. ആളുകളെ ശാന്തമാക്കിയതിന് പകരമായി പ്രാദേശിക പുരോഹിതൻ ജോസെഫ് സ്റ്റെംബാർക്കയോട് അധികൃതർ കരുണ കാണിച്ചുവെങ്കിലും അദ്ദേഹം ജീവനോടെ രക്ഷപ്പെടാന്‍ വിസമ്മതിച്ചു. “ഞാൻ എന്റെ ആളുകൾക്കൊപ്പമാണ് ജീവിച്ചത്, ഇപ്പോൾ ഞാൻ അവർക്കൊപ്പം മരിക്കാൻ ആഗ്രഹിക്കുന്നു” അദ്ദേഹം പറഞ്ഞു. ഭർത്താവിനെ ഉപേക്ഷിക്കാൻ വിസമ്മതിച്ച സ്ത്രീകളെയും വെടിവച്ചു കൊന്നു. ഗ്രാമത്തിൽ നിന്ന് ഓടിപ്പോയ പുരുഷന്മാരെ പിന്നീട് കണ്ടെത്തി കൊലപ്പെടുത്തി. 

ലിഡിസിനെ ഇല്ലാതാക്കാൻ തീരുമാനിച്ച നാസികൾ കണ്ണിൽകണ്ട എല്ലാ കെട്ടിടങ്ങളും നശിപ്പിക്കുകയും പട്ടണത്തിന് നടുക്ക് ഒരു കുഴിമാടം കുഴിക്കുകയും ചെയ്‍തു. കൂട്ടക്കൊലയ്ക്ക് ഇരയായവരെ അതിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സന്തോഷത്തോടെ ചിത്രീകരിച്ചു. ഞങ്ങളോട് കളിച്ചാൽ എന്തായിരിക്കും ഫലമെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ ഈ ഫൂട്ടേജ് നാസികൾ ഉപയോഗിച്ചു. ക്ലാഡ്‌നോയിൽ, ശേഷിക്കുന്ന ഗ്രാമീണർ അവരുടെ വേണ്ടപ്പെട്ടവരെ കുറിച്ചുള്ള വാർത്തകൾക്കായി കാത്തിരുന്നു. ഗർഭിണികളായ സ്ത്രീകളെയും ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയും അവർ തടങ്കൽ പാളയങ്ങളിലേയ്ക്ക് കൊണ്ടുപോയി. കുഞ്ഞുങ്ങളെ അവരുടെ അമ്മമാരുടെ അടുത്ത് നിന്ന് വേർപെടുത്തി. ജർമ്മൻ മുഖഛായയുള്ള നിരവധി കുട്ടികളെ അവരുടെ രീതിയിൽ വളർത്താനായി കൊണ്ടുപോയി. 

ഒടുവിൽ ലിഡിസ് ഗ്രാമത്തിൽ 173 മുതിർന്ന പുരുഷന്മാര്‍ കൊല്ലപ്പെടുകയും, 184 സ്ത്രീകളെയും തടങ്കൽപ്പാളയങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്‍തു. ബാക്കിയുള്ള 82 കുട്ടികളെ ചെൽനോ ഉന്മൂലന ക്യാമ്പിലേയ്ക്ക് കൊണ്ടുപോയി. അവിടെയുള്ള ഗ്യാസ് മുറികളിൽ കുട്ടികളെ ശ്വാസം മുട്ടിച്ചുകൊന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്ന കുട്ടികൾവരെ അതിലുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു ചെക്ക് വാസ്‍തുശില്പിയും 1924 -ൽ ജനിച്ച അക്കാദമിക് ശിൽപ പ്രൊഫസറുമായിരുന്നു മാരി ഉചിറ്റിലോവ-കുക്കോവ ഇതിനെക്കുറിച്ച് കേൾക്കാനിടയായി. ലിഡിസിൽ നടന്ന സങ്കൽപ്പിക്കാനാവാത്ത ക്രൂരകൃത്യം ഈ കലാകാരിയെ വല്ലാതെ സ്‍പർശിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടി ഓരോ വെങ്കല സ്‍മാരകം പണിയാൻ അവർ തീരുമാനിച്ചു.  

കുട്ടികളുടെ ജീവസുറ്റ എൺപത്തിരണ്ട് വെങ്കല പ്രതിമകൾ ഉണ്ടാക്കാനായി മാരി ഉചിറ്റിലോവ രണ്ട് പതിറ്റാണ്ടെടുത്തു. ഇതിനെക്കുറിച്ച് കേട്ടറിഞ്ഞു നിരവധി പേർ അവരെ സന്ദർശിച്ചു. 1989 മാർച്ചിൽ, മാരി ശില്‍പങ്ങൾ പ്ലാസ്റ്ററിൽ പൂർത്തിയാക്കി. കലാകാരി തന്റെ സമ്പാദ്യം ഉപയോഗിച്ച് ആദ്യത്തെ മൂന്ന് പ്രതിമകളെ വെങ്കലമാക്കി. അതേവർഷം, പക്ഷേ മാരി അപ്രതീക്ഷിതമായി മരിച്ചു, യുദ്ധസ്‍മാരക പദ്ധതി പൂർത്തീകരിക്കാതെ അവശേഷിച്ചു. എന്നാൽ, അവരുടെ മരണശേഷം, ഭർത്താവ് ജെ.വി.ഹാംപ്ൾ ആ ജോലി ഏറ്റെടുത്തു. 1995 -ൽ വെങ്കലത്തിലുള്ള 30 കുട്ടികളെ ലിഡിസിലെ അമ്മമാർക്ക് അദ്ദേഹം തിരികെ നൽകി. അവസാനത്തേത് 2000-ൽ സ്ഥാപിക്കപ്പെട്ടു. നിലവിൽ കൊല്ലപ്പെട്ട 42 പെൺകുട്ടികളും 40 ആൺകുട്ടികളും ആ ദുരന്തത്തിന്റെ വേദനിക്കുന്ന ഓർമ്മയായി താഴ്വരയെ ഉറ്റുനോക്കി കൊണ്ട് ഇന്നും ഗ്രാമത്തിൽ നിലനിൽക്കുന്നു.