വൃദ്ധമന്ദിരങ്ങളില്‍ ജീവിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. സതേണ്‍ ഇന്ത്യയിലെ വിവിധ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ച് ബിബിസിക്കു വേണ്ടി ഫോട്ടോഗ്രാഫര്‍ സയാന്‍ ഹസ്റ തയ്യാറാക്കിയ റിപ്പോര്‍ട്ട്. 

അറുപത് വയസോ അതിലധികമോ പ്രായമുള്ള 100 മില്ല്യണ്‍ ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് 2011 -ലെ സെന്‍സസ് പറയുന്നത്. ജീവിതരീതിയിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. കൂട്ടുകടുംബം മാറി അണുകുടുംബമായി. പല മക്കള്‍ക്കും ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി മാതാപിതാക്കള്‍ താമസിക്കുന്ന നഗരങ്ങളില്‍ നിന്നോ, രാജ്യങ്ങളില്‍ നിന്നോ തന്നെ മാറിത്താമസിക്കേണ്ടി വന്നു.

''എനിക്ക് ശരിക്ക് ചെവി കേള്‍ക്കില്ല, ശരിക്ക് നടക്കാനും കഴിയില്ല.'' വൃദ്ധസദനത്തില്‍ കഴിയുന്ന സുമതിയെന്ന 76 വയസുകാരി പറയുന്നു. പ്രായത്തിന്‍റേതായ പല പ്രശ്നങ്ങളും ഇതുപോലെ സുമതിക്കുണ്ട്. 

അവരുടെ കുടുംബത്തിനെ പരിചരിച്ചാണ് അവരുടെ ജീവിതത്തിന്‍റെ ഏറിയ പങ്കും കഴിഞ്ഞിരുന്നത്. പക്ഷെ, ഇപ്പോള്‍ ഈ വൃദ്ധസദനത്തിലെ ജീവിതം തനിക്ക് സന്തോഷം തരുന്നുവെന്നാണ് അവര്‍ പറയുന്നത്. 'ഞാന്‍ വീട്ടില്‍ പോയിട്ട് എന്ത് ചെയ്യാനാണ്. അവിടെ ചെന്ന് എന്‍റെ മക്കള്‍ക്ക് ഒരു ഭാരമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെ'ന്നും സുമതി പറയുന്നു. 

80 വയസായ പരമേശ്വര്‍ പറയുന്നു, അഞ്ച് വര്‍ഷം മുമ്പാണ് അദ്ദേഹം വൃദ്ധസദനത്തിലെത്തിയത്. ''അന്നുതൊട്ട് രാത്രികളില്‍ ഉറങ്ങാനേ കഴിയാറില്ല. നിങ്ങളുടെ വയസുകാലത്ത് നിങ്ങളുടെ വീട്ടുകാര്‍ നിങ്ങളെ സ്നേഹിക്കുകയോ കൂടെ നില്‍ക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ഈ വൃദ്ധ സദനങ്ങള്‍ നിങ്ങള്‍ക്ക് താമസിക്കാന്‍ ഒരിടം നല്‍കുകയും ഭക്ഷണം നല്‍കുകയും ചെയ്യും.'' മൂന്നു വര്‍ഷം മുമ്പാണ് പരമേശ്വറിന്‍റെ ഭാര്യ മരിച്ചത്. അമ്പത് വര്‍ഷം അവര്‍ ഭാര്യാ-ഭര്‍ത്താക്കന്മാരായി ജീവിച്ചിരുന്നു. അവരില്ലാത്തത് തന്നെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. 

പരമേശ്വറിന് ഇടതുകണ്ണിന് കാഴ്ചയില്ല. പക്ഷെ, എന്നിട്ടും എ്ലലാ ദിവസവും അദ്ദേഹം പത്രം വായിക്കും. രാഷ്ട്രീയവും കായികവുമാണ് ഏറെ ഇഷ്ടം. അതുപോലെ മിക്ക രാവിലെകളും അദ്ദേഹം യോഗ പ്രാക്ടീസ് ചെയ്യും. 

93 വയസുള്ള ശാരദ വൃദ്ധസദനത്തിലെത്തിയത് അവരുടെ ഭര്‍ത്താവിന്‍റെ മരണശേഷമാണ്. ഭര്‍ത്താവ് മരിച്ച ശേഷം അവരുടെ ജീവിതം രണ്ട് മക്കളുടെ അടുത്തും മാറിമാറിത്താമസിക്കലായിരുന്നു. ആദ്യത്തെ ആറ് മാസം ഒരു മകന്‍റെ അടുത്താണെങ്കില്‍ അടുത്ത ആറ് മാസം അടുത്ത മകന്‍റെ വീട്ടിലായിരിക്കും. അവര്‍ രണ്ടുപേരും അവധി ആഘോഷിക്കാന്‍ പോകുമ്പോള്‍ ശാരദയെ വൃദ്ധസദനത്തിലാക്കും. താന്‍ മക്കള്‍ക്ക് വേണ്ടാത്ത ഒരാളായി മാറിയെന്ന് പതിയെ ശാരദക്ക് മനസിലായിത്തുടങ്ങി. അങ്ങനെ, മുഴുവനായും വൃദ്ധസദനത്തിലേക്ക് മാറാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

ഞാനൊരു വൃദ്ധസദനത്തില്‍ കഴിയേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇനിയെനിക്ക് ഈ ജീവിതത്തില്‍ ഒന്നും വേണമെന്നില്ല. ഞാന്‍ മരണദിവസവും എണ്ണിക്കഴിയുകയാണ്. 

വൃദ്ധസദനത്തില്‍ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. അവര്‍ വീട്ടില്‍ കഴിക്കുന്നതുപോലെ. ഞങ്ങളാരും ഇവിടെ കഴിയാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ, നമുക്കെല്ലാവര്‍ക്കും ജീവിക്കാനൊരിടവും കഴിക്കാന്‍ ഭക്ഷണവും വേണമല്ലോ. ശാരദ പറയുന്നു. ശാരദക്ക് വായിക്കാനിഷ്ടമാണ് നോവലും ഭക്തിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വായിക്കും. 

'മാറ്റം ലോകത്തിന്‍റെ നിയമമാണ്.' 80 വയസുള്ള സത്യനാരായണന്‍ പറയുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സത്യനാരായണന്‍ ഇവിടെ എത്തിച്ചേര്‍ന്നത്. അപരിചിതരായ കുറേപ്പേര്‍ക്കൊപ്പം ജീവിക്കാനും അഡ്ജസ്റ്റ് ചെയ്യാനും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. 

വീട്ടുകാര്‍ തന്നെ ശ്രദ്ധിക്കാതെ വന്നതോടെയാണ് താന്‍ വൃദ്ധസദനത്തിലെത്തിയതെന്ന് അദ്ദേഹം പറയുന്നു. 'നിങ്ങളൊരു കോടീശ്വരനായിക്കോട്ടെ, ഒരു യാചകനായിക്കോട്ടെ ജീവിതം മുന്നോട്ട് പോവുക തന്നെ ചെയ്യും' എന്നും സത്യനാരായണന്‍ പറയുന്നു. 

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്തുരോഗം ബാധിച്ചതിനെ തുടര്‍ന്നാണ് നാഗരാജ് വൃദ്ധസദനത്തിലെത്തിച്ചേര്‍ന്നത്. ഇനിയും നോക്കാനാകില്ലെന്ന് വീട്ടുകാര്‍ പറയുകയായിരുന്നു. അദ്ദേഹത്തിന് സംഗീതം ഇഷ്ടമാണ്. ഇപ്പോള്‍, തന്‍റെ മുറിയിലുള്ള റേഡിയോയില്‍ സംഗീതം കേട്ടിരിക്കുകയാണ് പ്രിയപ്പെട്ട വിനോദം. 

ജീവിതവും മരണവും എല്ലാം ദൈവത്തിന്‍റെ കയ്യിലാണ്. നമ്മളൊക്കെ അദ്ദേഹത്തിന്‍റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് നൃത്തം ചെയ്യുന്ന വെറും പാവകളല്ലേ- ഈ വര്‍ഷം ആദ്യം അവിടെയെത്തിച്ചേര്‍ന്ന ഹസ്ര പറഞ്ഞിരുന്നു. മാര്‍ച്ച് മാസത്തില്‍ അറുപത്തിരണ്ടാമത്തെ വയസില്‍ മരുന്നും ഭക്ഷണവും കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മരിച്ചു. 

67 വയസായ ലക്ഷ്മി കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ വൃദ്ധസദനത്തിലുണ്ടായിരുന്നു. ജൂണില്‍ അവര്‍ മരിച്ചു. അവരുടെ ശരീരം ഏറ്റുവാങ്ങാന്‍ പോലും ആരും വന്നില്ല. ചടങ്ങുകള്‍ ചെയ്തത് വൃദ്ധസദനത്തിലുള്ളവരായിരുന്നു. 

അവരൊക്കെ ജീവിച്ചിരുന്നുവെന്നതിന് തെളിവായി അവരുടെ കയ്യിലുണ്ടായിരുന്ന വാച്ചും, റേഡിയോയും, ഫോണും മാത്രമാണ് ഇനി അവശേഷിക്കുന്നത്. 

കടപ്പാട്: ബിബിസി