ഞാനപ്പോഴെല്ലാം കരുതിയത് അവിടെ എന്തോ പൂജ നടക്കുകയാണ് എന്നാണ്. പക്ഷെ, അവസാനം അയാളുടെ കൂടെ ചെല്ലാന്‍ പറഞ്ഞപ്പോഴാണ് നടക്കുന്നത് പൂജയല്ലെന്ന് മനസിലായത്

കൊല്‍ക്കത്ത: മനോഹരമായ കാശ്മീര്‍ താഴ്വാരത്തിലാണ് അവള്‍ ജനിച്ചത്. നാലാമത്തെ വയസില്‍ അമ്മയെ നഷ്ടപ്പെട്ടു. പിന്നീടുള്ള ജീവിതം ക്രൂരനായ അച്ഛന്‍റേയും രണ്ടാനമ്മയുടേയും കൂടെ ആയിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവര്‍ അവളെ സ്കൂളില്‍ വിടുന്നത് നിര്‍ത്തി. 

'എനിക്കോര്‍മ്മയുണ്ട്. അന്ന് വീട്ടില്‍ നിറയെ അതിഥികളായിരുന്നു. ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നെ നിര്‍ബന്ധിച്ച് കൊണ്ടുപോയി ഒരു സാരി ഉടുപ്പിച്ചു. ഒരു വയസ്സായ മനുഷ്യന്‍റെ അടുത്ത് ഇരുത്തി. അയാളെ അതുവരെ ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു. ഞാനപ്പോഴെല്ലാം കരുതിയത് അവിടെ എന്തോ പൂജ നടക്കുകയാണ് എന്നാണ്. പക്ഷെ, അവസാനം അയാളുടെ കൂടെ ചെല്ലാന്‍ പറഞ്ഞപ്പോഴാണ് നടക്കുന്നത് പൂജയല്ലെന്ന് മനസിലായത്.' 

പിന്നെയാണ് അവള്‍ക്ക് മനസിലായത് അവളുടെ വിവാഹം ആയിരുന്നു നടന്നത് എന്ന്. പതിനാല് വയസിന് മൂത്ത ഒരാളായിരുന്നു അവളുടെ ഭര്‍ത്താവ്. കൂട്ടുകാരുടെ കൂടെ കളിക്കുകയും പഠിക്കുകയും ചെയ്യേണ്ട പ്രായത്തില്‍ അവള്‍ അമ്മയായി. ആദ്യരാത്രിയില്‍ തുടങ്ങിയ ക്രൂരപീഡനം ഒരു പതിറ്റാണ്ടോളം നീണ്ടുനിന്നു. ഇത് ബേബി ഹാള്‍ഡര്‍ എന്ന എഴുത്തുകാരിയുടെ ജീവിതമാണ്.

1999ല്‍ തന്‍റെ ഇരുപത്തിയഞ്ചാമത്തെ വയസില്‍ അവര്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചു. കുഞ്ഞുങ്ങളുമായി ദില്ലിയിലേക്ക് ട്രെയിന്‍ കയറി. പുതിയൊരു ജീവിതത്തിനുള്ള തുടക്കമായിരുന്നു അത്. 

പല വീടുകളിലും ബേബി ജോലിക്ക് നിന്നു. ഒരു സിംഗിള്‍ പാരന്‍റ് എന്നതിന്‍റെ എല്ലാ വേദനകളിലൂടെയും, പ്രശ്നങ്ങളിലൂടെയും അവര്‍ കടന്നുപോയി. ഗുരുഗ്രാമില്‍ റിട്ട. ആന്ത്രപോളജി പ്രൊഫസറും എഴുത്തുകാരനുമായ പ്രബോധ് കുമാറിന്‍റെ വീട്ടില്‍ ജോലിക്ക് നിന്ന സമയമാണ് അവരുടെ ജീവിതം മാറിയത്. 

നാല് വര്‍ഷം ബേബി ആ വീട്ടില്‍ ജോലിക്കു നിന്നിരുന്നു. പ്രൊഫസറുടെ വീട്ടിലെ പുസ്തകം നിറഞ്ഞ അലമാര കാണുമ്പോഴൊക്കെ അവളുടെ കൈ എന്തിനോ തരിച്ചു. ആരും കാണാത്തപ്പോള്‍ ചില പുസ്തകങ്ങളൊക്കെ അവളെടുത്ത് വായിച്ചു. അവിടെത്തന്നെ വച്ചു.

പക്ഷെ, പ്രൊഫസറിത് കണ്ടുപിടിച്ചു. അദ്ദേഹം അവളെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിച്ചു. അവള്‍ക്ക് എന്താണോ ഇഷ്ടം അത് ചെയ്യാന്‍ ഇപ്പോഴും വൈകിയിട്ടില്ലെന്ന് പ്രൊഫസര്‍ അവളെ ഓര്‍മ്മിപ്പിച്ചു. 

സൌത്ത് ഇന്ത്യയിലേക്ക് ഒരു യാത്ര പോകുന്നതിന് തൊട്ടുമുമ്പ് പ്രൊഫസര്‍ അവള്‍ക്ക് ഒരു പേനയും പേപ്പറും നല്‍കി മനസിലുള്ളതെല്ലാം എഴുതാന്‍ പറഞ്ഞു. പക്ഷെ, എന്തെഴുതും എന്ന് മാത്രം അവള്‍ക്ക് മനസിലായില്ല. നഷ്ടപ്പെട്ടുപോയ ബാല്യത്തെ കുറിച്ചോ, ഭീതിദമായ ആദ്യരാത്രിയെ കുറിച്ചോ, പതിമൂന്നാമത്തെ വയസിലനുഭവിച്ച പ്രസവവേദനയെ കുറിച്ചോ, വര്‍ഷങ്ങളായുള്ള ഗാര്‍ഹികപീഡനം ശരീരത്തിലേല്‍പിച്ച മുറിവുകളെ കുറിച്ചോ...

ഇരുപത് വര്‍ഷത്തോളമായി അവളൊരു പുസ്തകത്തിലും ഒന്നും എഴുതിയിട്ടില്ലായിരുന്നു. വാക്കുകളാക്കി എഴുതാനും, അക്ഷരത്തെറ്റില്ലാതെ എഴുതാനുമൊക്കെ അവള്‍ ഒരുപാട് ബുദ്ധിമുട്ടി. പക്ഷെ, അവള്‍ എഴുതാതിരുന്നില്ല. പ്രൊഫസര്‍ തിരികെ എത്തുമ്പോഴേക്കും അവള്‍ നൂറുപേജുകള്‍ എഴുതിയിരുന്നു. 

അവളുടെ ആത്മകഥയായിരുന്നു അത്. അത് വായിച്ച പ്രൊഫസറുടെ കണ്ണുകള്‍ നിറഞ്ഞു.'ആലോ അന്ധാരി' (LIGHT AND DARKNESS) എന്ന് അതിനു പേര് നല്‍കി. അത് സാഹിത്യരംഗത്തുള്ളവരെ കാണിച്ചപ്പോള്‍ അവരതിനെ ആന്‍ഫ്രാങ്കിന്‍റെ ഡയറിയുമായാണ് താരതമ്യപ്പെടുത്തിയത്. 

ഒരുപാട് അവഗണനക്കൊടുവില്‍ കല്‍ക്കത്തയിലെ ഒരു ചെറിയ പബ്ലിഷിങ്ങ് ഹൌസ് അവളുടെ പുസ്തകം പ്രസിദ്ധീകരിക്കാമെന്നേറ്റു. പിന്നീട്, 2006ല്‍ ആലോ അന്ധാരി ഉര്‍വശി ഭൂട്ടാലിയ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തു. അത് ബെസ്റ്റ് സെല്ലറായി. ഇന്ന്, ആ പുസ്തകം 21 പ്രാദേശിക ഭാഷകളിലേക്കും, ഫ്രഞ്ച്, ജാപ്പനീസ്, കൊറിയന്‍, ജര്‍മ്മന്‍ തുടങ്ങി 13 വിദേശഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടു കഴിഞ്ഞു.

അതിനു ശേഷം രണ്ട് പുസ്തകം കൂടി ബേബി എഴുതി. എഴുത്ത് ഇതുവരെ തനിക്ക് ലഭിക്കാത്ത അംഗീകാരം തന്നുവെന്ന് ബേബി പറയുന്നു. സാമ്പത്തികമായി മെച്ചപ്പെട്ടപ്പോള്‍ ബേബി മക്കള്‍ സുബോധ്, തപസ്, പിയ എന്നിവര്‍ക്കൊപ്പം കല്‍ക്കത്തയിലേക്ക് പോയി. ഇഷ്ടപ്പെട്ടത് ചെയ്യാന്‍ പ്രായം ഒരു തടസമേയല്ല. മാത്രവുമല്ല ഒരു മനുഷ്യനെ നിലനിര്‍ത്തുന്നത് അവള്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങളാണ് എന്നാണ് ബേബി ഹാള്‍ഡറുടെ ജീവിതം പറഞ്ഞുതരുന്നത്.

(കടപ്പാട്: ബെറ്റര്‍ ഇന്ത്യ)