Asianet News MalayalamAsianet News Malayalam

"ഒക്കെ ശരിയാവും, ഞാൻ നിന്നെ എന്റടുത്തേക്ക് കൊണ്ടുപോരും''; ഒടുവില്‍ മേജര്‍ വന്നത് ഉയിരറ്റ്, തൃപ്തി ഇനി തനിച്ചാണ്

വിവാഹ ശേഷം വിധി വീണ്ടും വില്ലനായി അവതരിച്ചു. തൃപ്തിക്ക് ഒരു സ്ട്രോക്ക് കൂടി വന്നു. അരക്കു കീഴ്പ്പോട്ട് പൂർണ്ണമായും തളർന്നുപോയി തൃപ്തി. എണീറ്റ് നടക്കാനാകുമായിരുന്നില്ലെങ്കിലും അവർ ഒരാഘോഷങ്ങളിൽ നിന്നും മാറിനിന്നില്ല. തന്റെ ഭാര്യയെ വീൽ ചെയറിൽ മേജർ എല്ലായിടത്തും കൊണ്ടുചെന്നു. ആർമി കുടുംബത്തിൽ അങ്ങനെ മേജർ നായരും തൃപ്തിയും തങ്ങളുടേതായ ഇടം കണ്ടെത്തി.

life of major sashidharan nair and trupti
Author
Pune, First Published Jan 15, 2019, 11:51 AM IST

പുണെയിലെ വാർ മെമ്മോറിയലിൽ ഇന്നലെ ഒരു വൻ ജനക്കൂട്ടം തന്നെ തടിച്ചുകൂടിയിരുന്നു. അതിർത്തിയിൽ ഒരു IED ബോംബ് പൊട്ടിത്തെറിച്ചപ്പോൾ ഇല്ലാതായത് അവരുടെ പ്രിയപ്പെട്ട 'മേജർ നായർ' ആയിരുന്നു. LoC യിലെ നൗഷേറയിൽ പട്രോളിംഗിനിടയിലായിരുന്നു റോഡരികിൽ ഭീകരർ സ്ഥാപിച്ച ഒരു ഇമ്പ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED) ബോംബ്, മേജറിന്റെ പ്രാണനെടുത്തത്. മുപ്പത്തിമൂന്നുകാരനായ മേജർ ശശിധരൻ നായർ പുണെയിൽ സ്ഥിരതാമസമായിരുന്നു. 

പുണെ വൈദ്യുത ശ്‌മശാനത്തിൽ തന്റെ പ്രിയപ്പെട്ടവന്റെ ശരീരം എരിഞ്ഞൊടുങ്ങുമ്പോൾ പുറത്ത് അദ്ദേഹത്തിന്റെ പത്നി തന്റെ വീൽ ചെയറിൽ അപ്രതീക്ഷിതമായ നഷ്ടം ഏൽപ്പിച്ച നടുക്കം വിട്ടുമാറാതെ മരവിച്ചിരുന്നു. ഒരുമാസത്തെ ലീവിനുശേഷം തൃപ്തിയുടെ ഭർത്താവ് തിരികെ അതിർത്തിയിലേക്ക് പുറപ്പെട്ടിട്ട് പത്തുദിവസം മാത്രമേ ആയിരുന്നുള്ളൂ.. 

മേജർ നായരുടെയും തൃപ്തിയുടെയും വിവാഹം കഴിഞ്ഞിട്ട് വെറും ആറു  വർഷമേ ആയിരുന്നുള്ളു എങ്കിലും ആർമി വൃത്തങ്ങളിൽ അവരുടെ പ്രണയകഥയ്ക്ക് ഒരു ഇതിഹാസ പരിവേഷമുണ്ടായിരുന്നു. സുഹൃത്തുക്കൾ വഴിയായിരുന്നു അവർ കണ്ടുമുട്ടിയത്. ഇരുപത്താറുകാരിയായ എംസിഎ ബിരുദധാരി തൃപ്തിയും, ഇരുപത്തേഴുകാരനായ ആർമി മേജർ ശശിധരൻ നായരും ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പരസ്പരം അനുരക്തരായിരുന്നു. പരിചയപ്പെട്ട് വെറും ആറുമാസങ്ങൾക്കുള്ളിൽ തന്നെ അവർ തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞു. 

പിന്നെയാണ് കഥയിലെ ട്വിസ്റ്റ്.. ഒരു സാധാരണ പ്രണയവിവാഹത്തെ ഇതിഹാസ പരിവേഷത്തിലേക്ക് ഉയർത്തുന്ന ഒന്ന്. ശശിധരൻ നായരുടെ മനസ്സിന്റെ വലിപ്പം വെളിപ്പെടുത്തുന്ന ഒന്നും. 

വിവാഹ നിശ്ചയം കഴിഞ്ഞ് എട്ടുമാസം കഴിഞ്ഞപ്പോഴേക്കും തൃപ്തിക്ക് ഒരു മാരക രോഗം പിടിപെട്ടു. മൾട്ടിപ്പിൾ ആർട്ടീരിയോ സ്ക്ളീറോസിസ്. അസുഖം പെട്ടെന്ന് വഷളായി. തൃപ്തിയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു. അവളുടെ ജീവിതം ഒരു വീൽചെയറിൽ ഒതുങ്ങി. മേജറുടെ അഭ്യുദയകാംക്ഷികളിൽ പലരും അദ്ദേഹത്തെ വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി പരമാവധി നിർബന്ധിച്ചുനോക്കി. പക്ഷേ, അപ്പോഴേക്കും മേജർ തൃപ്തിയുമായി വേർപിരിയാനാവാത്തവിധം അടുത്തുകഴിഞ്ഞിരുന്നു. ജീവിതത്തിലേക്ക് അവളെ കൂടെക്കൂട്ടാം എന്ന് വാക്കുകൊടുത്തുപോയ മേജർ ആ വാക്കുതെറ്റിക്കാൻ തയ്യാറായില്ല. 2012 -ല്‍  അവർ വിവാഹിതരായി. 

വിവാഹ ശേഷം വിധി വീണ്ടും വില്ലനായി അവതരിച്ചു. തൃപ്തിക്ക് ഒരു സ്ട്രോക്ക് കൂടി വന്നു. അരക്കു കീഴ്പ്പോട്ട് പൂർണ്ണമായും തളർന്നുപോയി തൃപ്തി. എണീറ്റ് നടക്കാനാകുമായിരുന്നില്ലെങ്കിലും അവർ ഒരാഘോഷങ്ങളിൽ നിന്നും മാറിനിന്നില്ല. തന്റെ ഭാര്യയെ വീൽ ചെയറിൽ മേജർ എല്ലായിടത്തും കൊണ്ടുചെന്നു. ആർമി കുടുംബത്തിൽ അങ്ങനെ മേജർ നായരും തൃപ്തിയും തങ്ങളുടേതായ ഇടം കണ്ടെത്തി. ദയയുടെയും പരിഹാസത്തിന്റെയും നോട്ടങ്ങൾ പതുക്കെ ബഹുമാനത്തിനും സ്നേഹത്തിനും വഴിമാറി. 

മേജർക്ക് കാശ്മീരിലേക്ക് പോസ്റ്റിങ്ങ്‌ കിട്ടിയപ്പോൾ എന്തോ, തൃപ്തിയുടെ മനസ്സ് വല്ലാതെ പിടഞ്ഞു. അതിർത്തിയിൽ നിന്നും ഫോൺ ചെയ്തിരുന്നപ്പോഴൊക്കെ മേജർ തൃപ്തിയോട് 'ഞാൻ ഇതാ വരികയായി' എന്ന് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്.  "ഒക്കെ ഉടൻ ഒക്കെ ശരിയാവും. ഞാൻ നിന്നെ എന്റടുത്തേക്ക് കൊണ്ടുപോരും. നമ്മൾ ഒന്നിച്ചു ജീവിക്കും... " എന്ന് വാക്കുകൊടുത്തിരുന്നു അദ്ദേഹം. മാർച്ചിൽ മേജർ നായർ  ലെഫ്റ്റനന്റ് കേണൽ റാങ്കിലേക്ക് ഉയർത്തപ്പെടാനുള്ളതായിരുന്നു.    സെപ്തംബറിൽ സ്റ്റാഫ് കോളേജ് പരീക്ഷ എഴുതിയെടുത്ത ശേഷം തൃപ്തിയെയും കൊണ്ട് ബിനിഗുരിയിലെ തന്റെ  2/1 GR യൂണിറ്റിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു മേജർ. 

ഇക്കഴിഞ്ഞ രണ്ടാം തീയതി മേജർ ശശിധരൻ നായർ പുണെയിലെ വീട്ടിൽ നിന്നും അതിർത്തിയിലേക്ക് പുറപ്പെടുമ്പോൾ  പെട്ടെന്ന് തിരിച്ചു വരാമെന്ന് വാക്കുകൊടുത്തിട്ടാണ് പോയത്. അദ്ദേഹം തന്റെ വാക്കുപാലിച്ചു. പ്രതീക്ഷിച്ചിരുന്നതിലും നേരത്തെ അദ്ദേഹം തിരിച്ച് വീട്ടിലെത്തി. പക്ഷേ, തൃപ്തി കരുതിയിരുന്ന പോലെ അല്ല. ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ്.. ഉയിരറ്റ്.. അദ്ദേഹം തന്റെ പത്നിയോടുള്ള വാഗ്ദാനം  പാലിച്ചു.. തന്റെ രാജ്യത്തോടും...!
 

Follow Us:
Download App:
  • android
  • ios