ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദിയില്‍നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകയാണ് 25 കാരിയായ നാദിയ മുറാദ്. നാദിയയുടെ ജീവിതം സഹനത്തിന്‍റെയും പോരാട്ടത്തിന്‍റെയുമാണ്. മൂന്നു വര്‍ഷത്തോളമാണ് അവള്‍ ഐസിസ് ഭീകരരുടെ തടവില്‍ കഴിഞ്ഞത്. 

സ്റ്റോക്ക്ഹോം: ഐസിസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ നദിയ മുറാദ്, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഡെനിസ് മുക്വെഗ് എന്നിവര്‍ക്കാണ് ഇത്തവണ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം. 

ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദിയില്‍നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകയാണ് 25 കാരിയായ നാദിയ മുറാദ്. നാദിയയുടെ ജീവിതം സഹനത്തിന്‍റെയും പോരാട്ടത്തിന്‍റെയുമാണ്. മൂന്നു വര്‍ഷത്തോളമാണ് അവള്‍ ഐസിസ് ഭീകരരുടെ തടവില്‍ കഴിഞ്ഞത്. അവര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ അനേകം സ്ത്രീകളിലൊരാളായിരുന്നു നാദിയ. 

'നാദിയാസ് ഇനിഷ്യേറ്റീവ്' (Nadia's Initiative)എന്ന സംഘടനയുടെ സ്ഥാപകയുമാണ് നാദിയ. കൂട്ടക്കൊലക്കും, വംശഹത്യക്കും, മനുഷ്യക്കടത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നാദിയാസ് ഇനിഷ്യേറ്റീവ്. ഇരായാവുന്നവരുടെ ജീവിതം പുനര്‍ നിര്‍മ്മിക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

അവളുടെ പത്തൊമ്പതാമത്തെ വയസില്‍ സിഞ്ചാറിലെ കോച്ചോയിലായിരുന്നു അവള്‍, വിദ്യാര്‍ഥിനി. അന്ന്, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഗ്രാമത്തിലെ യസീദി വംശജരെ വളയുകയും അറുന്നൂറോളം പേരെ കൊന്നുകളയുകയും ചെയ്തു. അതില്‍ നാദിയയുടെ അമ്മയും സഹോദരന്മാരും, അര്‍ദ്ധസഹോദരന്മാരുമുണ്ടായിരുന്നു. അക്കൂട്ടത്തിലെ ചെറുപ്പക്കാരികളായ സ്ത്രീകളെ അന്നവര്‍ അടിമകളാക്കി. ആ വര്‍ഷം ആറായിരത്തി എഴുന്നൂറോളം യസീദി സ്ത്രീകളെ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തടവിലാക്കിയിരുന്നു. അതിലൊരാളായിരുന്നു അവളും. മൊസൂളിലേക്കായിരുന്നു അവളെ കൊണ്ടുപോയത്. അവിടെ വച്ച് അവളെയവര്‍ ക്രൂരമായി തല്ലിച്ചതച്ചു, സിഗരറ്റ് വച്ചു പൊള്ളിച്ചു, അവരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കൂട്ട ബലാത്സംഗം ചെയ്തു. ഒരിക്കല്‍ അവളെ തടവിലാക്കിയ ആള്‍ വീട് പൂട്ടാതെ പുറത്തുപോയപ്പോഴാണ് അവള്‍ക്ക് അവിടെ നിന്നും രക്ഷപ്പെടാനായത്. നിനക്ക് വസ്ത്രം വാങ്ങി വരാമെന്നും, അപ്പോഴേക്കും ബലാത്സംഗം ചെയ്യപ്പെടാന്‍ തയ്യാറായിരുന്നോളൂ എന്നും പറഞ്ഞാണ് അയാള്‍ പോയത്. പക്ഷെ, മൂന്നുവര്‍ഷത്തെ നരകയാതനകള്‍ക്കു ശേഷം അവളവിടെ നിന്നും രക്ഷപ്പെട്ടു. 

അടുത്തുള്ളൊരു മുസ്ലീം കുടുംബമാണ് അവളെ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നിയന്ത്രണത്തിലുള്ള സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്. അവളെ അഭയാര്‍ത്ഥി ക്യാമ്പിലെത്താന്‍ അവര്‍ സഹായിച്ചു. അപ്പോഴേക്കും അവളുടെ നാടൊരു ശവപ്പറമ്പായിരുന്നു. ഒന്നും അവശേഷിച്ചിരുന്നില്ല അവിടെ. പിന്നീട്, Government of Baden-Württemberg, Germany- യുടെ അഭയാര്‍ത്ഥികളെ രക്ഷിക്കുന്നതിന്‍റെ ഭാഗമായ പ്രവര്‍ത്തനങ്ങളിലൂടെ നാദിയയും രക്ഷപ്പെട്ടു. അതവളുടെ പുതിയ വീടായി. ഇന്നവള്‍ ജര്‍മ്മനിയിലാണ്. 

2015 ഡിസംബര്‍ 16ല്‍ യു.എന്‍ സെക്യൂരിറ്റി കൌണ്‍സിലില്‍ നാദിയ മനുഷ്യക്കടത്തിനെ സംബന്ധിച്ച് വിഷയമവതരിപ്പിച്ചു. ആദ്യമായിട്ടായിരുന്നു യു.എന്‍ സെക്യൂരിറ്റി കൌണ്‍സിലില്‍ ഈ വിഷയം അവതരിപ്പിക്കപ്പെടുന്നത്. തനിക്കുണ്ടായതും, തന്നെപ്പോലുള്ള ആയിരക്കണക്കിന് പേര്‍ അനുഭവിക്കുന്നതുമായ വേദനകള്‍ അവളോരോന്നായി പറഞ്ഞപ്പോള്‍ കേട്ടിരുന്നവര്‍ വിറങ്ങലിച്ചിരുന്നു. ഒരു അംബാസിഡറെന്ന നിലയില്‍ മനുഷ്യക്കടത്ത്, അഭയാര്‍ത്ഥികള്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരിക്കാന്‍ അവള്‍ മുന്നില്‍ നിന്നു. അവള്‍, ഇരകളെയും, കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടവരേയും കണ്ടു. അവര്‍ക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിച്ചു.

പിന്നീട്, പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. 2016 സെപ്തംബറില്‍ ഔദ്യോഗികമായി 'നാദിയാസ് ഇനിഷ്യേറ്റീവ്' നിലവില്‍ വന്നു. കൂട്ടക്കൊലയുടെ ഇരകളായവര്‍ക്ക് സഹായം നല്‍കി. നിരവധി ഭീഷണികളാണ് ഇതിന്‍റെയൊക്കെ പേരില്‍ അവള്‍ക്ക് നേരിടേണ്ടി വന്നത്. അതേ മാസം തന്നെ അവര്‍ 'യുണൈറ്റഡ് നാഷണ്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം', ഗുഡ് വില്‍ അംബാസിഡറുമായി. 

ഐസിസ് ആയിരക്കണക്കിന് യസീദികള്‍ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പലരും തടവിലാണ് അവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാദിയ. 'ദ ലാസ്റ്റ് ഗേള്‍' ആണ് നാദിയയുടെ ആത്മകഥ. കഴിഞ്ഞ വര്‍ഷത്തെ മികച്ച പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു 'ദ ലാസ്റ്റ് ഗേള്‍'.