Asianet News MalayalamAsianet News Malayalam

ഇത് പരസ്യചിത്രം മാത്രമല്ല, നിഷയുടെ ജീവിതമാണ്; കണ്ണ് നനയിക്കുന്ന വീഡിയോ

അസുഖം കാരണം ചെറുപ്പത്തിലേ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു നിഷ. ആരും അടുത്തിരിക്കാതെ ഒഴിഞ്ഞുമാറി. പകരാത്ത രോഗമായിരുന്നുവെങ്കിലും കാണുന്നവര്‍ക്ക് ഭയമായിരുന്നു. 

life of nisha vicks ad about Ichthyosis
Author
Thiruvananthapuram, First Published Oct 17, 2018, 6:14 PM IST

വിക്സിന്‍റെ ഈ ക്യാമ്പയിന്‍ വീഡിയോ ആരുടേയും കണ്ണ് നനയിക്കുന്നതാണ്. ഇച്തിയോസിസ് എന്ന ത്വക് രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവുമായാണ് ഈ വീഡിയോ ഇറങ്ങിയിരിക്കുന്നത്. ഇതിനു മുമ്പും ഇത്തരം സാമൂഹ്യപ്രാധാന്യമുള്ള വീഡിയോ വിക്സ് പുറത്തിറക്കിയിരിക്കുന്നു. ട്രാന്‍സ്ജെന്‍ഡറായ അമ്മയുടേയും ദത്തുമകളായ ഗായത്രിയുടേയും വീഡിയോ അന്ന് കോടിക്കണക്കിന് ആളുകള്‍ കണ്ടിരുന്നു. 

ഈ പരസ്യത്തിലെ കാര്യങ്ങള്‍ ജീവിതത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്. ഇച്തിയോസിസ് ബാധിച്ച നിഷ എന്ന പെണ്‍കുട്ടിയുടെയും അവളുടെ വീട്ടുകാരുടെയും അനുഭവമാണിത്. തൊലികള്‍ അടര്‍ന്ന് വീഴുന്ന അവസ്ഥയാണ് ഇച്തിയോസിസ്. നിഷയായി നിഷ തന്നെയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. മൂന്നുമിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. അലോമ, ഡേവിഡ് ലോബോ എന്നിവരാണ് മാതാപിതാക്കളുടെ റോളുകള്‍ ചെയ്തിരിക്കുന്നത്. 

അസുഖം കാരണം ചെറുപ്പത്തിലേ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു നിഷ. ആരും അടുത്തിരിക്കാതെ ഒഴിഞ്ഞുമാറി. പകരാത്ത രോഗമായിരുന്നുവെങ്കിലും കാണുന്നവര്‍ക്ക് ഭയമായിരുന്നു. ഇതില്‍ നിന്നെല്ലാം നിഷയെ ചേര്‍ത്തുപിടിച്ചത് അവളുടെ അമ്മയാണ്. കളിച്ചും ചിരിച്ചും മുറിവുകള്‍ കഴുകിത്തുടച്ചും അവര്‍ നിഷയുടെ ഒപ്പം തന്നെ നിന്നു. അവളുടെ ആത്മവിശ്വാസവും ജീവിതത്തോടുള്ള പ്രതീക്ഷയും തിരികെ വന്നു. രോഗത്തെ നേരിടാനും ജീവിതത്തെ പ്രതീക്ഷയോടെ കാണാനും ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചു. 

അങ്ങനെയാണ് അവള്‍ തന്‍റെ കഥ ലോകത്തോട് പറഞ്ഞത്. അതിലവള്‍ വേറൊരു കാര്യം കൂടി പറഞ്ഞു. തന്‍റെ അച്ഛനും അമ്മയും തന്നെ ദത്തെടുത്തതാണ്. ഇച്തിയോസിസ് ബാധിച്ച നിഷയെ ദത്തെടുത്ത് പൊന്നുപോലെ നോക്കുന്ന ഈ മാതാപിതാക്കളും സ്നേഹമേറ്റ് വാങ്ങുകയാണ്. ഏഴ് ദിവസം കൊണ്ട് ഒന്നരക്കോടിയിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios