Asianet News MalayalamAsianet News Malayalam

വന്യമൃഗങ്ങള്‍ക്ക് താങ്ങായി ഇദ്ദേഹമുണ്ട്; ഇത് അവര്‍ക്കായി സമര്‍പ്പിച്ച ജീവിതം

വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയത്തിലൂടെ ചിങ്കാര മാനുകള്‍, കൃഷ്ണമൃഗം, ഹനുമാന്‍ കുരങ്ങ്, കാട്ടുമുയല്‍, ദേശാടന കൊക്കുകള്‍, പൂവെരുക്, മയില്‍ തുടങ്ങി അനേകം ജീവികളെയാണ് പീരാറാം രക്ഷപ്പെടുത്തിയത്. 

life of peera ram who helping injured wild animals
Author
Rajasthan, First Published Dec 19, 2018, 3:56 PM IST

പീരാ റാം ബിഷ്നോയി എന്‍.എച്ച് 65 -ന്‍റെ അരികിലായി ഒരു കുഞ്ഞ് പഞ്ചര്‍ റിപ്പയര്‍ ഷോപ്പ് നടത്തിയാണ് ഉപജീവനം നടത്തുന്നത്. പക്ഷെ, ഒരു സാധാരണക്കാരന്‍റെ ജീവിതം എന്നതിനുമപ്പുറത്തേക്ക് അസാധാരണതകളുണ്ട് പീരാ റാമിന്‍റെ ജീവിതത്തിന്. 

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അയാള്‍ 1180 മുറിവേറ്റ വന്യജീവികളെയാണ് രക്ഷിച്ചെടുത്തത്. എന്താണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിന്, ബിഷ്നോയി സമുദായത്തിലെ ഓരോ കുട്ടിക്കും അറിയാവുന്ന അമൃതാ ദേവി ബിഷ്നോയിയുടെ കഥയാണ് അദ്ദേഹത്തിന്‍റെ മറുപടി. ഓരോ മരത്തെയും ജീവികളെയും രക്ഷിക്കാനുള്ള പ്രേരണയായിരുന്നു അമൃതാ ദേവിയുടെ ജീവിതം. 

പടിഞ്ഞാറന്‍ രാജസ്ഥാനിലെ ഒരു ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് പീരാ റാം ജനിച്ചത്. കുട്ടിയായിരിക്കുമ്പോള്‍ മാതാപിതാക്കളുടെ കൂടെ ഫാമിലേക്ക് പോകും. മയില്‍, മാന്‍, മുയല്‍ തുടങ്ങിയ ഒത്തിരി മൃഗങ്ങളെ കാടിന്‍റെ അരികില്‍ അദ്ദേഹം കാണുന്നുണ്ടായിരുന്നു. അവര്‍ പീരാറാമിന്‍റെ മാതാപിതാക്കളുടെ കൃഷിസ്ഥലത്തും എത്തി. 

ഈ ജീവികളെല്ലാം നമ്മുടെ കൃഷി നശിപ്പിക്കുന്നുണ്ടല്ലോ, എന്തുകൊണ്ടാണ് അവയെ ആട്ടി ഓടിക്കാത്തതെന്ന് കുഞ്ഞു പീരാറാം അവന്‍റെ അച്ഛനോട് ചോദിച്ചു. അച്ഛന്‍റെ മറുപടി ഇതായിരുന്നു, 'വന്യജീവികളൊരിക്കലും മനുഷ്യന്‍റെ നാശത്തിനുള്ളതല്ല. ഈ ലോകത്തിലെ ഓരോന്നിന്‍റെയും നിലനില്‍പ്പ് പഞ്ച മഹാഭൂതങ്ങളെ ആശ്രയിച്ചാണ്. ഭൂമി, ആകാശം, കാറ്റ്, തീ, ജലം. എല്ലാ ജീവജാലങ്ങളും ഇതിനെ ആശ്രയിച്ചാണ് ഇവിടെ ജീവിക്കുന്നത്. നമ്മളെ പോലെ എല്ലാ ജീവജാലങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവയൊന്നും ഈ ഭൂമിയില്‍ ഇല്ലെങ്കില്‍ മനുഷ്യരുടെ നിലനില്‍പ്പ് പോലും സാധ്യമാകില്ല.'

വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയത്തിലൂടെ ചിങ്കാര മാനുകള്‍, കൃഷ്ണമൃഗം, ഹനുമാന്‍ കുരങ്ങ്, കാട്ടുമുയല്‍, ദേശാടന കൊക്കുകള്‍, പൂവെരുക്, മയില്‍ തുടങ്ങി അനേകം ജീവികളെയാണ് പീരാറാം രക്ഷപ്പെടുത്തിയത്. 

എങ്ങനെയാണ് ഈ ജീവികളെ രക്ഷിക്കുന്നതിലേക്ക് തിരിഞ്ഞതെന്നും പീരാ റാം ഓര്‍ത്തെടുക്കുന്നു. ''എന്‍റെ ടയര്‍ പഞ്ചര്‍ ഷോപ്പിലേക്ക് നിരവധി പേര്‍ വരാറുണ്ട്. അതില്‍ ഡ്രൈവര്‍മാരാണ് എന്നോട് പറഞ്ഞത് എങ്ങനെയാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ ഈ ജീവികള്‍ അപകടത്തില്‍ പെടുന്നത് എന്ന്. വേഗത്തില്‍ വരുന്ന ബൈക്കുകളും ഫോര്‍വീലറുകളും, വലിയ വാഹനങ്ങളുമെല്ലാം ഈ ജീവികളെ അശ്രദ്ധമായി തട്ടിയിട്ട് പോകുന്നു. എന്‍റെ കടയുടെ അടുത്ത് വനമേഖലയാണ്. അവിടെ ഈ വന്യജീവികളെ സംരക്ഷിക്കാനോ മറ്റോ അധികൃതരോ ഉദ്യോഗസ്ഥരോ ഒന്നുമില്ല.''

ഒരു ദിവസം സാധാരണ പോലെ പീരാറാം വീട്ടില്‍ നിന്ന് കടയിലേക്ക് വരികയായിരുന്നു. അപ്പോഴാണ് അതിവേഗത്തില്‍ വന്ന ഒരു വാഹനം ഒരു ചിങ്കാര മാനിനെ ഇടിച്ചു തെറിപ്പിച്ചത്. ആ ചിങ്കാര മാന്‍ റോഡരികിലേക്ക് വീഴുകയും അതിന് ഗുരുതരമായ അപകം പറ്റുകയും അത് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തു. ഒരു വാഹനം പിടിച്ച് പീരാറാം അതിനെ മൃഗാശുപത്രിയിലെത്തിച്ചു. അയാള്‍ തന്നെ ചികിത്സാ ചെലവ് വഹിച്ചു. പരിക്കേറ്റ മൃഗത്തിന് തല്‍ക്കാലം ഒരു അഭയം കണ്ടെത്തേണ്ടതുണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അയാളതിന് വീട്ടിലേക്ക് കൊണ്ടുവന്നു.

അടുത്ത് അഞ്ച് വര്‍ഷം ഇതേ പോലെ നിരവധി മൃഗങ്ങളെയും പക്ഷികളെയും അയാള്‍ രക്ഷിച്ചു. മുറിവുകളുണങ്ങുന്നതു വരെ വീട്ടില്‍ അഭയം നല്‍കി. ജീവികളോട് സ്നേഹമുള്ള അയാളുടെ വീട്ടുകാരും അവയ്ക്ക് അഭയമായി. അങ്ങനെയാണ് അയാള്‍ സ്വതന്ത്രമായി ഒരു എന്‍.ജി.ഒ തുടങ്ങുന്നത്. ‘Shri Jambheswar Paryavaran evam Jeev Raksha Pardes Sanstha’ എന്ന എന്‍.ജി.ഒ തുടങ്ങുന്നത് 2012 ജൂണ്‍ 5 -ന് പരിസ്ഥിതി ദിനത്തിലാണ്. 

പീരാറാമിന്‍റെ പ്രവൃത്തി ഗ്രാമവാസികളിലും, അടുത്ത ഗ്രാമത്തിലുള്ളവരിലും മതിപ്പുണ്ടാക്കി. അവര്‍ പരിക്കേല്‍ക്കുന്ന മൃഗങ്ങളെ അയാളുടെ അടുത്തെത്തിച്ചു തുടങ്ങി. പക്ഷെ, കാടുമായി ബന്ധപ്പെട്ട് മൃഗങ്ങളെ നായാടുന്നവരിലും മറ്റും അസ്വസ്ഥരാക്കി. അയാള്‍ക്കെതിരെ ചിലര്‍ പരാതിയും നല്‍കി. മൃഗങ്ങള്‍ക്കും മറ്റ് ജീവികള്‍ക്കും വേണ്ട പരിചരണം നല്‍കുന്നില്ല എന്നതായിരുന്നു പരാതി. 

വനംവകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും അയാളുടെ വീട്ടിലെത്തി. പീരാറാമും കുടുംബവും വളരെ നല്ല പരിചരണമാണ് നല്‍കുന്നതെന്ന് ബോധ്യപ്പെട്ട ഉദ്യോഗസ്ഥര്‍ അയാളെയും കുടുംബത്തേയും അഭിനന്ദിച്ചു. വന്യജീവികളെ സംരക്ഷിക്കുന്ന ഓര്‍ഗനൈസേഷനിലെ അംഗത്വവും പീരാറാം അവരെ കാണിച്ചു ബോധ്യപ്പെടുത്തി. അവര്‍ അയാളെ സഹായിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാരില്‍ നിന്ന് അതുവരെ സഹായമൊന്നും ലഭിച്ചിരുന്നില്ല. സര്‍ക്കാരില്‍ നിന്ന് കുറച്ചു ഭൂമി ലഭ്യമാക്കാന്‍ അവര്‍ സഹായം വാഗ്ദാനം ചെയ്തു. ഇതും ശത്രുക്കളെ അസഹിഷ്ണുക്കളാക്കി. 

പരിശോധനകള്‍ക്കായി ഗാര്‍ഡുകളെ നിയമിക്കാമെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ മൃഗങ്ങളെ വേട്ടയാടാനെത്തിയവര്‍ തോക്കുകളും മറ്റും കൊണ്ടാണ് തങ്ങളെ നേരിടുന്നത്. അതിനെ എങ്ങനെ മറികടക്കുമെന്നറിയില്ല. നേരത്തെ തന്നെപ്പോലെ ഒരാള്‍ കൊല ചെയ്യപ്പെട്ടിരുന്നുവെന്നും പീരാറാം പറഞ്ഞു. 25 വയസുകാരനായ ഭിന്യ റാം ബിഷ്നോയി ആണ് ഇങ്ങനെ കൊല ചെയ്യപ്പെട്ടത്. 

ഒടുവില്‍ സ്വന്തം പണം ചെലവഴിച്ച് പീരാറാം മൃഗങ്ങള്‍ക്കായി അഭയകേന്ദ്രം പണിതു. ഭക്ഷണം, മരുന്ന് ഇവയെല്ലാം ഒരുക്കി. അഭ്യുദയാകാംക്ഷികള്‍ ഭക്ഷണവും മറ്റും നല്‍കി. ഇന്ന് ആ അഭയകേന്ദ്രം 2.5 ഹെക്ടറില്‍ നിലനില്‍ക്കുന്നു. 450 മൃഗങ്ങളാണ് ഇവിടെയുള്ളത്. ഒരു ലക്ഷം രൂപയെങ്കിലും ഒരുമാസം ഇവയെ പരിചരിക്കാന്‍ ആവശ്യം വരും. അദ്ദേഹത്തിന്‍റെ സംഘത്തില്‍ 2000 പേരാണുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 1180 മൃഗങ്ങളെയാണ് രക്ഷപ്പെടുത്തിയത്. അസുഖമൊക്കെ ഭേദമായ 100 മൃഗങ്ങളെ കാട്ടില്‍ത്തന്നെ വിട്ടുകഴിഞ്ഞു. 

ചിലപ്പോള്‍ പരിക്കുകള്‍ പൂര്‍ണമായും ഭേദമാകാന്‍ ബുദ്ധിമുട്ടാണെന്നും എങ്കിലും ഒരു മൃഗാശുപത്രിയില്‍ ലഭ്യമാകുന്നതിനേക്കാള്‍ മികച്ച പരിചരണമാണ് ഇവിടെ ലഭ്യമാക്കുന്നതെന്നും പീരാറാം പറയുന്നു. കാരണം, അവിടെ പണത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെങ്കില്‍ ഇവിടെ സ്നേഹമാണ് മുന്നിട്ട് നില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു. റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്‍ഡ് ഫൗണ്ടേഷന്‍ നല്‍കുന്ന എര്‍ത്ത് ഹീറോസ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 

Follow Us:
Download App:
  • android
  • ios