Asianet News MalayalamAsianet News Malayalam

'അവള്‍ ചോദിച്ചു, ഇതിനാണോ മിസ്സേ, ഞാൻ മൂന്നുകൊല്ലം ഊണും ഉറക്കോം കളഞ്ഞ് പഠിച്ചെ?' ലിഖിത ദാസ് എഴുതുന്നു

ക്ലാസിലെ ഭൂരിപക്ഷക്കാരായ ഏകദേശം മുഴുവൻ പെൺകുട്ടികളുടെയും വിവാഹമോ വിവാഹ നിശ്ചയമോ കഴിഞ്ഞു, ശേഷിക്കുന്ന മൂന്നോ, നാലോ പെൺകുട്ടികളോട് പകുതി തമാശയായും പകുതി കാര്യമായും ഞാൻ ചോദിച്ചിരുന്നു "അനക്ക് ശരിക്കും ഇഷ്ടായിട്ടല്ലെ കുട്ട്യേ" ന്ന്. 

likhitha das about experience in teacher life
Author
Thiruvananthapuram, First Published Sep 21, 2018, 6:03 PM IST

അധ്യാപകര്‍ക്ക് മാത്രം കാണാനാകുന്ന ചില കണ്ണീരും നിസ്സഹായതയുമുണ്ട്. എഴുതുന്നത് അധ്യാപികയായ ലിഖിത ദാസ് ആണ്. ക്ലാസിലെ പെണ്‍കുട്ടികളെ ക്ലാസ് മുഴുവനാക്കാതെ വിവാഹം കഴിപ്പിച്ചയക്കുന്നതിനെ കുറിച്ചാണ് ലിഖിതയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഏറ്റവും മിടുക്കിയായ വിദ്യാര്‍ഥിനികളിലൊരാള്‍ സ്വന്തം വിവാഹം ക്ഷണിക്കാനെത്തിയതിനെ കുറിച്ചും അവളുടെ സങ്കടത്തെ കുറിച്ചുമാണ് ലിഖിത എഴുതിയിരിക്കുന്നത്. 

മുങ്ങിത്താണുപോവും മുൻപെ അവൾ പിടിക്കുന്ന അവസാനത്തെ പ്രതീക്ഷയായിരുന്നു എന്റെ വിരലുകൾ. ഇങ്ങനെ ഒരുപാട് പെൺകുട്ടികൾക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. പ്രതീക്ഷ പോലും ബാക്കി തരാതെ വീട്ടുകാർ തള്ളിക്കളയുന്ന നൂറുനൂറപേക്ഷകൾ അഞ്ചുവർഷത്തെ അധ്യാപന ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
ക്ലാസിലെ ഏറ്റവും മിടുക്കിയായ അവളുടെ വിവാഹത്തിന് പോകേണ്ട എന്ന് തന്നെയാണ് തീരുമാനം. പുസ്തകം പിടിക്കേണ്ട കൈകളിൽ മൈലാഞ്ചിയിട്ട് ആ മൈലാഞ്ചിയേക്കാൾ ചുവന്ന കണ്ണും ചത്ത മനസുമായി അവൾ തന്റെ കൊലച്ചോറുണ്ണുന്നത് കാണാൻ വയ്യ എന്നും ലിഖിത എഴുതുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: അധ്യാപകർ മാത്രം കാണുന്ന ചില കണ്ണീരുണ്ട്. ഉറക്കം പോലും കെടുത്തുന്ന ചില നോട്ടങ്ങൾ- അറവിന് കൊടുക്കുന്ന മിണ്ടാപ്രാണിയുടേത് പോലെ വേദനയും നിസ്സഹായതയുമൊളിപ്പിച്ച കണ്ണുകൾ. കണ്ണീരു തോരാത്ത ചിലർ, കണ്ണീരു പോലും വറ്റിപ്പോയ ചിലർ...

ക്ലാസിലെ ഭൂരിപക്ഷക്കാരായ ഏകദേശം മുഴുവൻ പെൺകുട്ടികളുടെയും വിവാഹമോ വിവാഹ നിശ്ചയമോ കഴിഞ്ഞു, ശേഷിക്കുന്ന മൂന്നോ, നാലോ പെൺകുട്ടികളോട് പകുതി തമാശയായും പകുതി കാര്യമായും ഞാൻ ചോദിച്ചിരുന്നു "അനക്ക് ശരിക്കും ഇഷ്ടായിട്ടല്ലെ കുട്ട്യേ" ന്ന്. മറുപടി പറയാതെ അന്തിച്ചു നോക്കിയ പതിനേഴോ, പതിനെട്ടോ വയസുള്ള ആ പെൺകുട്ടികളിൽ ഒരാളുടെ കണ്ണിൽ പോലും സ്വപ്നങ്ങളുടെ നേരിയ വെളിച്ചമോ, നാണമോ ഒന്നും കാണാനില്ലായിരുന്നു. ഇഷ്ടമാണെന്ന് നുണപറയാനോ, ഇഷ്ടമല്ലെന്ന് ഉറച്ചു പറയാനോ ധൈര്യം പോരാത്ത എന്‍റെ കുട്ടികൾ.

മുൻബെഞ്ചിലിരുന്ന് എന്നെയും എന്‍റെ ക്ലാസും ഒന്നുവിടാതെ വായിച്ചെടുക്കുന്ന ഒരുത്തി പറഞ്ഞു. " മിസ്സ് നോക്കിക്കൊ, പഠിച്ചു തീർന്നിട്ടെ ഞാൻ കല്യാണം കഴിക്കൂ. ആരു പഠിപ്പ് നിർത്ത്യാലും ഞാൻ ണ്ടാവും മിസ്സിന്റെ ക്ലാസില്". അടുത്ത ദിവസങ്ങളിലൊന്നിൽ അവൾ പതിവില്ലാതെ എന്നെ തിരഞ്ഞു വന്നു. ന്നട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു "മിസ്സെ, ന്റെ കല്യാണം തീരുമാനിച്ചു. ഈ മാസം." ഞാനും ആവർത്തിച്ചു കേൾക്കുന്ന ഒരു പ്രഖ്യാപനം വീണ്ടും കേട്ടല്ലോ എന്നോർത്ത് വെറുതെ ചിരിച്ചു. അവളെന്റെ കയ്യിൽ പതിയെ തൊട്ടു. "നീയും കാലുമാറി ലെ" ന്നുള്ള ചോദ്യം മുഴുവനാക്കുന്നതിനു മുൻപെ വലിയൊര് കരച്ചിലും കൊണ്ട് തലയും താഴ്ത്തി അവളോടി ക്ലാസിൽ കയറി.

പിന്നാലെ ചെന്ന് ഒരുവിധം സമാധാനിപ്പിച്ചപ്പൊ അവൾ സംസാരിച്ചു തുടങ്ങി. "ന്നോട് ഒന്നും ചോയ്ച്ചില്ല ആരും. ഇഷ്ടാണൊ അനക്ക് ന്ന് പോലും. കുറെ ആളുകളുടെ മുന്നിൽ ചെന്ന് ഞാൻ നിന്നു. തിരിച്ച് നടന്ന് പടി കടന്നപ്പഴേക്കും വാപ്പ ഓരോട് പറഞ്ഞു ഒറപ്പിക്കാന്ന്. കല്യാണോം നിശ്ചയോം ഒക്കെ തീരുമാനിച്ച് ന്നോട് പറഞ്ഞു. ഒരിക്കൽ പോലും കൂടപ്പിറപ്പുകളോ, ഉമ്മയോ, വാപ്പയോ ചോയ്ചില്ല അനക്ക് സമ്മതാണോന്ന്. ഇനി കോളേജിലും അയയ്ക്കൂലാന്ന് പറഞ്ഞ്. ഇനിയൊരു നാലുമാസം കൂട്യല്ലെ ഉള്ളൂ, ഈ ഡിഗ്രി മാത്രം ഞാൻ എടുത്തോട്ടെന്ന് പറഞ്ഞ്ട്ട് ആരും കേൾക്കുന്നില്ല. ഇതൊക്കെ ഇത്ര വല്യ പഠിപ്പാന്നുള്ള ചോദ്യാ എല്ലാരും ചോയ്ക്കണെ. പിന്നെന്തിനാ മിസ്സെ, ഞാൻ മൂന്നുകൊല്ലം ഊണും ഉറക്കോം കളഞ്ഞ് പഠിച്ചെ?''

ജീവിതത്തിലെ ഇച്ചെറിയ ഒരാഗ്രഹം പോലും നടത്തിത്തരാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാ ഓരെന്നെ വളർത്ത്യെ? ഞാൻ ചോദിക്കുന്നത് നാലേ നാല് മാസാ. അതുപോലും ചോദിച്ചു വാങ്ങാൻ കഴിയാത്ത ഞാൻ എന്തിനു വേണ്ട്യാ ജീവിക്കണേ? ഭക്ഷണം കഴിക്കാനോ ഉറങ്ങാനൊ കഴിയണില്ല മിസ്സെ. കെട്ടാൻ പോവുന്നയാൾ ഗൾഫിൽ എഞ്ചിനീയറാ. ഇത്രേം വിദ്യാഭ്യാസമുള്ള ഒരാൾക്ക് എന്തേ മിസ്സെ പഠിപ്പിന്റെ വില മനസിലാവാത്തെ? ഓർക്ക് ഞാൻ പഠിച്ച് ജോലി കിട്ടീട്ട് കുടുംബം നോക്കേണ്ട ആവശ്യംണ്ടാവില്ല. പക്ഷെ, ഓല് തര്ന്ന ആയിരം ഉറുപ്യയെക്കാ വെലയുണ്ട് മിസ്സെ ഞാൻ സ്വയം അധ്വാനിച്ച് ണ്ടാക്കണ നൂറുറ്പ്യയ്ക്ക്. എന്റെ സുരക്ഷയാ പ്രശ്നം ന്ന് വച്ചാല് ഞാൻ കോളേജിലേയ്ക്കും തിരിച്ചും ഓട്ടൊയിൽ പൊയ്ക്കോളാന്ന് പറഞ്ഞിട്ടും കേട്ടില്ല. നിലനിൽപ്പിന്റെ പ്രശ്നമോർത്ത് അഭിപ്രായം പ്രകടിപ്പിക്കാൻ പോലും പേട്യാ. എന്തിനാ ജീവിക്കണേ ന്ന് ഓർക്ക്വാ." 

ഇടയ്ക്ക് കരഞ്ഞും ഇടയ്ക്ക് സ്വയം നിയന്ത്രിച്ചും വിറച്ചും അവൾ പറഞ്ഞതൊക്കെ ഒരക്ഷരം മിണ്ടാതെ നിന്ന് കേട്ടു. ഇടയ്ക്ക് പലവട്ടം കണ്ണു നിറഞ്ഞു വന്നെങ്കിലും കരഞ്ഞില്ല.വിറയ്ക്കുന്ന അവളുടെ കയ്യിൽ രണ്ടു കൈകൊണ്ടും കൂട്ടിപ്പിടിച്ചു. പറഞ്ഞു തീർന്നൊരു പൊട്ടിക്കരച്ചിലിൽ നിന്ന അവളെ ചേർത്തു പിടിച്ചു. "നീ തിരിച്ചു വരും. ഞാൻ വരുത്തും" എന്നു മാത്രം പറഞ്ഞു. 'എങ്ങനെ?' എന്ന് അവൾ ചോദിക്കരുതേയെന്ന് ഞാൻ പ്രാർത്ഥിച്ചു.

മുങ്ങിത്താണുപോവും മുൻപെ അവൾ പിടിക്കുന്ന അവസാനത്തെ പ്രതീക്ഷയായിരുന്നു എന്റെ വിരലുകൾ. ഇങ്ങനെ ഒരുപാട് പെൺകുട്ടികൾക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. പ്രതീക്ഷ പോലും ബാക്കി തരാതെ വീട്ടുകാർ തള്ളിക്കളയുന്ന നൂറുനൂറപേക്ഷകൾ അഞ്ചുവർഷത്തെ അധ്യാപന ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

ക്ലാസിലെ ഏറ്റവും മിടുക്കിയായ അവളുടെ വിവാഹത്തിന് പോകേണ്ട എന്ന് തന്നെയാണ് തീരുമാനം. പുസ്തകം പിടിക്കേണ്ട കൈകളിൽ മൈലാഞ്ചിയിട്ട് ആ മൈലാഞ്ചിയേക്കാൾ ചുവന്ന കണ്ണും ചത്ത മനസുമായി അവൾ തന്റെ കൊലച്ചോറുണ്ണുന്നത് കാണാൻ വയ്യ..

ചിലപ്പോഴൊക്കെ നമ്മൾ നിസ്സഹായരാണ്. ചേർത്തു പിടിയ്ക്കുന്ന കുഞ്ഞുങ്ങളെ വേട്ടക്കാരനു വിട്ടുകൊടുത്ത് ഒന്നും സംഭവിച്ചില്ലെന്ന് നടിച്ചു തിരിഞ്ഞു നടക്കുന്ന കഴിവുകെട്ടവർ.
 

Follow Us:
Download App:
  • android
  • ios