സാർഡീനിയ അതിമനോഹരമായ ഒരു ദ്വീപാണ്. മനോഹരമായ കടൽത്തീരങ്ങൾ, തെളിഞ്ഞ കടൽ, ശുദ്ധമായ വായു ഇതെല്ലാം ആ ദ്വീപിനെ സുന്ദരമാക്കുന്നു. ആ ദ്വീപിലെ അനേകം ഗ്രാമങ്ങളിൽ ഒന്നാണ് ലൊലോവേ. എന്നാൽ, മറ്റ് ഗ്രാമങ്ങളിൽ നിന്ന് വ്യത്യസ്‍തമാണ് ലൊലോവേ. കാലം നിശ്ചലമായ അവിടത്തെ വായുവിൽ അസ്വസ്ഥതയുടെയും നിഗൂഢതയുടെയും മൂടൽമഞ്ഞ് നിറഞ്ഞു നിൽക്കുന്നു. കുത്തനെയുള്ളതും ഇടുങ്ങിയതുമായ ഇടവഴികളിലൂടെ അലഞ്ഞുനടക്കുമ്പോൾ പേടിപ്പിക്കുന്ന നിശബ്‍ദത നിങ്ങളെ വരിഞ്ഞുമുറുക്കും. ഇന്ന് അവിടെ കുറച്ച് വീടുകൾ മാത്രമാണ് അവശേഷിക്കുന്നത്. അവയിൽ പലതും തകർന്നുകിടക്കുന്നു. ഒരുപാട് പേടിപ്പിക്കുന്ന കഥകളും ഐതിഹ്യങ്ങളും നിറഞ്ഞതാണ് ആ പ്രേതഗ്രാമം.

1950 -ൽ 500 -ൽ കൂടുതൽ ജനസംഖ്യയുണ്ടായിരുന്നു. എന്നാൽ, ഇന്ന് വെറും 13 ആളുകളാണ് അവിടെ താമസിക്കുന്നത്. ഒരുകാലത്ത് സെഡ്രിനോ നദിക്കും സോളോഗോ നദിക്കും ഇടയിലുള്ള താഴ്‌വരയിലെ നിരവധി ഗ്രാമങ്ങളിൽ ഏറ്റവും വലുതായിരുന്നു ഇത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഇതിനെ മുനിസിപ്പാലിറ്റിയായി തരംതിരിച്ചിരുന്നു, ഇപ്പോൾ തലസ്ഥാനത്തിന് കീഴിലുള്ള ഏക ഗ്രാമമാണിത്. ഇന്ന് അവിടെ കനത്ത നിശബ്ദത മാത്രമാണ് ഉള്ളത്. ഒരു ആശുപത്രിയോ എന്തിന് ഡോക്ടറോ, സ്കൂളോ, പോസ്റ്റ് ഓഫീസോ, കടകളോ ബാറുകളോ ഒന്നും തന്നെയില്ലാത്ത ഒരു പ്രേതഗ്രാമമാണ് അതിന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മാത്രമാണ് വൈദ്യുതി ഇവിടെയെത്തിയത്. കുറച്ചുമാറി ഒരു ചെറിയ ഇടവക പള്ളി ഉണ്ട്. പക്ഷേ, പേരിന് പോലും അവിടെ ഒരു പുരോഹിതനില്ല. ഞായറാഴ്‍ചതോറും തലസ്ഥാനത്ത് നിന്ന് ഒരച്ഛൻ വന്നാണ് ഇവിടെ കുർബാന നടത്തുന്നത്. എന്താണ് ആ ഗ്രാമത്തിന് സംഭവിച്ചത്?

ഇത്രമേൽ ആളുകൾ ഉപേക്ഷിച്ച് പോകാൻ എന്താണ് കാരണം? ഗ്രാമം ഇങ്ങനെ നശിക്കാൻ കാരണം അതിൻമേൽ വന്നുവീണ ഒരു ശാപമാണ് എന്നാണ് അവിടത്തുകാർ വിശ്വസിക്കുന്നത്. വിശുദ്ധ മേരി മഗ്‍ദലീനിലെ മഠത്തിലെ കന്യാസ്ത്രീകളാണ് ഗ്രാമത്തെ ശപിച്ചത്. ആ കഥ ഇങ്ങനെയാണ്: സാന്താ മരിയ മദ്ദലേനയിലെ ഗോതിക് ദേവാലയം നടത്തുന്ന ഫ്രാൻസിസ്‍കൻ കന്യാസ്ത്രീകൾക്ക് പ്രാദേശിക ഇടയന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടു. ഇതിനെ തുടർന്ന് ആ കന്യാസ്ത്രീകൾ പുറത്തുപോകാൻ നിർബന്ധിതരായി. മഠത്തിൽ നിന്ന് ഓടിപ്പോകുന്നതിനിടയിൽ, അവർ ശപിക്കുകയായിരുന്നു. “ലോലോവേ, നീ സമുദ്രത്തിലെ വെള്ളം പോലെയാകട്ടെ: നീ വളരുകയില്ല, ഒരിക്കലും മരിക്കുകയുമില്ല!” ഇങ്ങനെ പറഞ്ഞുകൊണ്ടവർ ഗ്രാമം വിട്ടോടിപ്പോയി. എന്നാൽ പിന്നീട് തകർച്ചയുടെ ഒരു നീണ്ട ചരിത്രമായിരുന്നു ആ ഗ്രാമത്തിനുണ്ടായത്.

ഗ്രാമത്തെ കുറിച്ച് വ്യക്തമായ രേഖകൾ ഒന്നും ഇല്ലെങ്കിലും, ലഭ്യമായ വിവരങ്ങൾ വച്ച് നോക്കിയാൽ 19 -ാം നൂറ്റാണ്ടിന്റെ അവസാനം വരെ അത് വളർന്നിട്ടില്ല എന്നാണ്. കരം അടച്ച രസീതുകൾ നോക്കിയാൽ അന്നത്തെ കാലത്ത് 30 കുടുംബങ്ങളോളം ഉണ്ടായിരുന്നു. എന്നാൽ, ആ കുടുംബങ്ങൾ വളരുകയോ, ഇല്ലാതാവുകയോ ചെയ്‍തില്ല." എന്റെ അമ്മൂമ്മയും മൂത്തവരും ഒക്കെ പറഞ്ഞുകേട്ട ഒരുപാട് കഥകളുണ്ട്. അതിലൊന്ന്, ആട്ടിടയൻമാരുമായുള്ള ബന്ധമറിഞ്ഞ് കന്യാസ്ത്രീകളെ പുറത്താക്കാൻ തുനിഞ്ഞപ്പോൾ, ഗ്രാമത്തിന് പുറത്തിറങ്ങും മുൻപ് അവർ ഇരുകൈകളും കുരിശ് പോലെ വച്ച് ശാപവചനങ്ങൾ പറഞ്ഞു എന്നാണ്. എന്നിട്ട് ലോലോവേ പതുകെ പതുക്കെ നശിക്കും എന്നും അവർ കൂട്ടിച്ചേർത്തു" ഗ്രാമനിവാസിയായ സിയോ ബാർഡോ പറഞ്ഞു. ഇപ്പോൾ ഇവിടെ ആകെ 13 പേരെ താമസമുള്ളൂ. ഇനിയും ഒരുപക്ഷേ ജനസംഖ്യ കുറഞ്ഞു വന്നേക്കാം എന്നുമവർ പറഞ്ഞു.

ഇറ്റലിയിൽ ഇതുപോലെ ആൾതാമസം കുറഞ്ഞ 5000 ഓളം ഗ്രാമങ്ങളുണ്ട്. അതൊക്കെ ഇനി ഒരു പത്ത് വർഷത്തിനകത്ത് പൂർണമായും നാമാവശേഷമാകാം. എന്നാൽ, ആളുകളെ ഗ്രാമത്തിലേക്ക് ആകർഷിക്കാൻ കൗൺസിലർമാർ പല പുതിയ പദ്ധതികളും ആവിഷ്‍കരിക്കുന്നുണ്ട്. ഒരു യൂറോയ്ക്ക് വീട്, തിരികെ വരുന്നവർക്ക് ഇൻസെന്‍റീവ് അങ്ങനെ പലതും. എന്നാൽ, ഇന്നത്തെ കാലത്തെ യുവാക്കൾ മോഡേൺ ജീവിതരീതി വിട്ട് പരമ്പരാഗത രീതി പിന്തുടരാൻ താല്‍പര്യപെടുന്നവരല്ല. അതുകൊണ്ട് തന്നെ ഇപ്പോൾ ഈ ഗ്രാമങ്ങൾ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കാൻ പദ്ധതിയിടുകയാണ്. സിയോ സാൽവറ്റോർ ഇതുപോലെ നഗരത്തിന്റെ ബഹളത്തിൽ നിന്ന് വിട്ട് ഇവിടെ താമസമാക്കിയ ഒരാളാണ്. എനിക്ക് ഇവിടെയാണ് ഇഷ്‍ടം. ഇവിടത്തെ വായുവും, ജീവിതരീതിയും വളരെ മികച്ചതാണ്." അദ്ദേഹം പറഞ്ഞു. എന്നാൽ, ഗ്രാമത്തെ പഴയ പ്രതാപത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ഉദ്ദേശത്തിലാണ് ഗ്രാമീണർ. നൂറ്റാണ്ടുകളായുള്ള ശാപത്തിൽ നിന്ന് ഗ്രാമത്തിന് മോക്ഷം കിട്ടുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.