എനിക്ക് മനസിലാവുന്നില്ല, ഒരാള്‍ ഒരു ഡ്രസ്സെടുക്കാന്‍ കടയില്‍ക്കയറി ആദ്യം കണ്ടതുതന്നെ 'ഇതുമതി' എന്നുപറഞ്ഞ് പായ്ക്ക് ചെയ്യുന്നതിന്റെ യുക്തി. 

അത് ധരിക്കാനുള്ളതാണ്. മറ്റുള്ളവര്‍ക്കുമുന്നില്‍ അതുമായി നടക്കേണ്ടതാണ്. എല്ലാത്തരത്തിലും മനസിനിണങ്ങുന്നതാവണം.ചിലപ്പോള്‍ ചിലത് ഇട്ടുനോക്കേണ്ടിവരും. ചിലത് കാണുമ്പോള്‍ ഇഷ്ടം തോന്നും. പക്ഷേ ചേര്‍ച്ചക്കുറവുണ്ടാവും. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയേയുള്ളു പ്രണയത്തിന്റെ കാര്യവും. 

നമുക്ക് ഇണങ്ങിയത് കണ്ടെത്താന്‍ പലപ്പോഴും കൂടുതല്‍ അന്വേഷിക്കേണ്ടിവരും. കാരണം പൂര്‍ണമായും രണ്ടുതരത്തിലുള്ള ഇഷ്ടങ്ങളുള്ള, അഭിപ്രായമുള്ള, വ്യക്തിത്വമുള്ള രണ്ടു വ്യക്തികളാണ് അതിലേര്‍പ്പെടുന്നത് എന്നതുതന്നെ. ഇതൊന്നുമില്ലെങ്കില്‍ ചിലപ്പോള്‍ ഒറ്റപ്രണയം, ഒറ്റവ്യക്തി ഇതിലൊക്കെ പൂര്‍ണമായും ഒതുങ്ങിനില്‍ക്കാനായേക്കും.

(നിര്‍)ഭാഗ്യവാന്‍മാര്‍..! 

അവര്‍ക്കുണ്ടോ പ്രണയത്തിന്റെ രുചിഭേദങ്ങളറിയാനാവുന്നു. അവര്‍ക്കുണ്ടോ നഷ്ടപ്പെടു(ത്തു)ന്നതിന്റെ ആവലാതികളും വേവലാതികളും സുഖവും സമാധാനവും അറിയാനാവുന്നു. 

ശ്വാസംമുട്ടിക്കുന്ന പ്രണയത്തിന്റെ മുഖത്തുനോക്കി എനിക്ക് നിങ്ങളോടുള്ള പ്രണയം നഷ്ടപ്പെട്ടുവെന്നുപറഞ്ഞ് ആ പ്രണയത്തില്‍നിന്നും കുതറിയിറങ്ങിയോടുമ്പോള്‍ കിട്ടുന്ന ആശ്വാസത്തിന്റെ സുഖം മറ്റാര്‍ക്കറിയാനാവും..

ഓരോരുത്തര്‍ക്കും അവരുടെതായ ഒരു 'ലവ് മാപ്പുണ്ട്'.

ഓരോരുത്തര്‍ക്കും അവരുടെതായ ഒരു 'ലവ് മാപ്പുണ്ട്'. ആരോട്, എങ്ങനെയുള്ള ആളുകളോട് എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് പ്രണയം തോന്നാം എന്നൊക്കെ ഈ സാധനമാണ് തീരുമാനിക്കുന്നത്. താടിമുടിതൊട്ട് രാഷ്ട്രീയം വരെ കാരണങ്ങളാണ്. അതുകൊണ്ടാണല്ലോ എല്ലാവരോടും പ്രണയം തോന്നാത്തത്.. ഇതെല്ലാം എന്തായാലും ഒരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍ ഇത്തിരി പാടാണേ. ഇതൊക്കെത്തന്നെയാണ് പലരോടും ഒരേസമയം പ്രണയം തോന്നുന്നതിന്റെ കാരണം. അതുകൊണ്ടുതന്നെ ഓരോ ആളോടുള്ളതും അയാളോട് മാത്രമുള്ള പ്രണയമാണ്.

ഓരോ പ്രണയവും പ്രണയിയും അനുഭവങ്ങളുടെ ഓരോ ദ്വീപാണ്. നമ്മുടെ തിരിച്ചറിവുകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുന്നതില്‍ ഇവയ്ക്ക് മുഖ്യമായ പങ്കുണ്ട്. ഒറ്റനോട്ടത്തില്‍ പരസ്പരം ആകൃഷ്ടരാവുന്നവരുണ്ട്. ചിലപ്പോള്‍ അടുത്തുകഴിയുമ്പോഴാവും ഇഷ്ടങ്ങളല്ല, ഇഷ്ടക്കേടുകളാണ് കൂടുതലുള്ളതെന്ന് മനസ്സിലാവുന്നത്. അപ്പോള്‍ ചെയ്യാവുന്നത്/ചെയ്യേണ്ടത് മാന്യമായി പരസ്പരം കൈകൊടുത്തോ കെട്ടിപിടിച്ചോ പിരിയുക എന്നുള്ളതാണ്. അതൊന്നുമൊരു ക്രൈമല്ലല്ലോ. പോരുകോഴികളെപ്പോലെ ജീവിതകാലംമുഴുവനും ഒരു കൂരയ്ക്കുകീഴില്‍ തീര്‍ന്നുപോവുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് അത്. സമാധാനവും സ്വാതന്ത്ര്യവും ഇല്ലാത്ത എല്ലാ ബന്ധങ്ങളില്‍നിന്നും ധൈര്യമായി ഇറങ്ങിപ്പോരൂ...

അതെങ്ങനെ? 

പ്രണയിക്കാന്‍ പേടിയാണല്ലോ നമുക്ക്. ധൈര്യമായി പ്രണയിക്കൂ, പുതിയൊരാളെക്കൂടി മനസിലാക്കാന്‍ പറ്റുമല്ലോ, പുതിയൊരു അനുഭവം കൂടി കിട്ടുമല്ലോ, പുതിയൊരു ലോകം കൂടി കാണാമല്ലോ എന്ന് പറയാന്‍ നമ്മളില്‍ എത്രപേര്‍ക്കാവും?

രണ്ടാമതൊരു പ്രണയമെന്നത് 'മറ്റേ' സര്‍ട്ടിഫിക്കറ്റ് ചാര്‍ത്തിക്കൊടുക്കാവുന്നത്രയും വലിയ കുറ്റമാണല്ലോ.

നമ്മളിപ്പോഴും തുരുമ്പെടുത്ത സദാചാരബോധംകൊണ്ടുള്ള മുറിവുകളില്‍ ആനന്ദം കണ്ടെത്തുന്നവരാണല്ലോ. രണ്ടാമതൊരു പ്രണയമെന്നത് 'മറ്റേ' സര്‍ട്ടിഫിക്കറ്റ് ചാര്‍ത്തിക്കൊടുക്കാവുന്നത്രയും വലിയ കുറ്റമാണല്ലോ. അതുകൊണ്ടാണല്ലോ ഒരു പ്രണയം തകരുമ്പോഴേക്കും നമ്മുടെ കുഞ്ഞുങ്ങള്‍ മരക്കൊമ്പുകളിലോ വിഷക്കുപ്പികളിലോ റെയില്‍പാളങ്ങളിലോ അഭയം തേടുന്നത്. ഒരുമിച്ച് ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ മരിക്കാമെന്ന് കൗമാരങ്ങള്‍ കൈകൊരുക്കുന്നത്. അങ്ങനെ നീയിപ്പോ മറ്റൊരാളുടൊപ്പം സുഖിക്കേണ്ടെന്ന് കത്തിവീശുന്നത്.

പ്രണയമെന്നത് പൂര്‍ണതയ്ക്കായുള്ള ഓരോ വ്യക്തിയുടെയും തിരച്ചിലാണ്. അവിടെ ആണെന്നോ പെണ്ണെന്നോ ഇല്ല. മൂത്തതെന്നോ ഇളയതെന്നോ ഇല്ല. 
എന്നാല്‍ പൂര്‍ണതയോ കിട്ടുന്നുമില്ല. ഇതല്ല ഇതല്ല എന്ന തേടല്‍ മാത്രമാണ് അതിന്റെ പൊരുള്‍. പ്രണയം പ്രണയം മാത്രമാണ്. നിങ്ങളതിന് എടുത്താല്‍ പൊങ്ങാത്ത ഉത്തരവാദിത്തങ്ങള്‍ നല്‍കരുതേ. വിവാഹത്തിലേക്ക് ക്രാഷ്‌ലാന്റ് ചെയ്ത് അതിന്റെ ഭംഗി നഷ്ടപ്പെടുത്തരുതേ.

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍ മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ, അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!