ടിന്‍ററിലൂടെ തുടങ്ങി വിവാഹത്തിലെത്തിയൊരു ബന്ധം. സംഗതി ടിന്‍ററൊക്കെ വെറുതെ ചാറ്റ് ചെയ്യാനുള്ള ആപ്പാണ് എന്നൊക്കെ പറയുമെങ്കിലും സംഗതി അത് മാത്രമല്ലെന്ന് പറയുകയാണ് ഈ ദമ്പതികള്‍. ടിന്‍ററെന്ന ഡേറ്റിങ്ങ് ആപ്പിലൂടെയാണ് രണ്ടുപേരും പരിചയപ്പെടുന്നത്. പിന്നീട് ഫേസ്ബുക്ക് സുഹൃത്തുക്കളായി. കാണാനും സംസാരിക്കാനും തുടങ്ങി. ഏഴ് മാസമായി രണ്ടുപേരും വിവാഹിതരായിട്ട്. ഫേസ്ബുക്കിലാണ് ഇരുവരുടേയും പ്രണയകഥ എഴുതിയിരിക്കുന്നത്. 

പോസ്റ്റില്‍ നിന്ന്: എന്‍റെ പഴയ ബന്ധങ്ങളൊന്നും അത്ര നല്ലതൊന്നുമായിരുന്നില്ല. എന്‍റെ ഫോണില്‍ ടിന്‍റര്‍ ഡൗണ്‍ലോഡ് ചെയ്തത് സുഹൃത്തുക്കളാണ്. അങ്ങനെയാണ് ഓംകാറിനെ പരിചയപ്പെടുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഓംകാറുമായി ഞാന്‍ മാച്ചായി. ഞങ്ങള്‍ ചാറ്റ് ചെയ്തു തുടങ്ങി. അങ്ങനെ ഫേസ്ബുക്കില്‍ സുഹൃത്തുക്കളായിരിക്കാം എന്ന് പറഞ്ഞു. ഫേസ്ബുക്കില്‍ സുഹൃത്തുക്കളായി. ക്ലീഷേയാണെന്നറിയാം. എന്നാലും പറയുകയാണ് നമ്മള്‍ തമ്മിലെന്തോ ഒരു ബന്ധം നേരത്തേയുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിപ്പോയി. അങ്ങനെ ഞങ്ങളൊരുമിച്ച് കോഫി കുടിക്കാന്‍ പോയി. അവസാനം ഞാന്‍ തന്നെ ചോദിച്ചു, എന്താ എന്നെ പുറത്തുപോകാനൊന്നും വിളിക്കാത്തെ എന്ന്. അങ്ങനെ, ആള് ഒരു വലിയ മെസ്സേജ് അയച്ചു. 

ഞങ്ങള്‍ ഡേറ്റിങ്ങ് തുടങ്ങി. പരസ്പരം കാണാനും മറ്റുമായി ഞങ്ങള്‍ സമയം കണ്ടെത്തി. പല സാഹസികതകളും കാണിച്ചു. സംഗതി സീരിയസായിത്തുടങ്ങി. ഞാന്‍ സിന്ധിയും ഓംകാര്‍ മഹാരാഷ്ട്രീയനുമായിരുന്നു. മാത്രമല്ല ടിന്‍ററിലൂടെയാണ് നമ്മള്‍ പരിചയപ്പെട്ടതെന്നറിഞ്ഞാല്‍ നമ്മുടെ മാതാപിതാക്കള്‍ അംഗീകരിക്കില്ലെന്നും ഞങ്ങള്‍ക്ക് തോന്നി. അവസാനം അച്ഛന്‍ സംഗതി കണ്ടുപിടിച്ചു. അച്ഛനോട് ഞാന്‍ തുറന്നു പറഞ്ഞു. ടിന്‍റര്‍ ഒരു ഡേറ്റിങ്ങ് ആപ്പാണെന്നും അതിലൂടെയാണ് പരിചയപ്പെട്ടതെന്നും. പിന്നീട്, ഓംകാര്‍ എന്‍റെ വീട്ടില്‍ വന്നു. അച്ഛനെയും അമ്മയേയും കാലില്‍ത്തൊട്ട് വന്ദിച്ചു. മൂന്ന് മണിക്കൂറോളം സംസാരിച്ചു. അവര്‍ക്ക് അവനെ ഇഷ്ടമായി. പിന്നീട് അവന്‍റെ വീട്ടുകാര്‍ക്കും നമ്മുടെ കാര്യത്തില്‍ സമ്മതമായി. 

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസമായി. അതിന് മുമ്പ് അവന്‍റെ അമ്മ മരിച്ചത് ഞങ്ങളെ ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ പരിചയപ്പെട്ട വഴിയെ പലരും കളിയാക്കാറുണ്ട്. പക്ഷെ, സ്നേഹമാണ് വലുത്. അത് എങ്ങനെ സംഭവിച്ചുവെന്നതിലല്ല. നമ്മളിപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുകയാണ്.