മധുവിന്റെ കൊല; പ്രതികൂട്ടില്‍ കേരളീയ ജീവിതം

First Published 3, Mar 2018, 7:04 PM IST
Madhus killing prosecute life in Kerala
Highlights
  • ആഗോളവല്ക്കരിക്കപ്പെട്ട ഉപഭോഗസംസ്‌കാരത്തിന് അതിന്റെ പൗരസങ്കല്പത്തിന് മധു എന്ന ആദിവാസി യുവാവിന്റെ ജിവിതം പൂര്‍ണ്ണമായും തന്നെ പുറത്തായിരുന്നു.

കേരളീയ ജീവിതത്തെ, അതിന്റെ പൗരസമൂഹത്തെ ആഴത്തില്‍ ഉലച്ചസംഭവമായിരുന്നു മധു എന്ന ആദിവാസി യുവാവിന്റെ അവസ്ഥ. ആദിവാസി ജീവിതത്തിന്റെ ഒരു നഗ്ന ചിത്രമായിരുന്നു മധുവിന്റെ മരണത്തിലൂടെ കേരളീയ സമൂഹം തിരിച്ചറിഞ്ഞത്. മതേതര ജനാധിപത്യ സമൂഹത്തിന്റെ നെടുനായകത്വത്തിന്, മുത്തങ്ങ സമരം ശക്തമായ പരിക്കേല്‍പ്പിച്ചിരുന്നു. കേരളീയ മാതൃകയുടെ ശബ്ദഘോഷങ്ങള്‍ക്കപ്പുറത്ത് നിലകൊള്ളുന്ന ജനസമൂഹമാണ് ആദിവാസികളെന്ന് മുത്തങ്ങസമരം ലോകത്തിന് കാട്ടിക്കൊടുത്തു. ആഗോളവല്ക്കരിക്കപ്പെട്ട ഉപഭോഗസംസ്‌കാരത്തിന് അതിന്റെ പൗരസങ്കല്പത്തിന് മധു എന്ന ആദിവാസി യുവാവിന്റെ ജിവിതം പൂര്‍ണ്ണമായും തന്നെ പുറത്തായിരുന്നു. അത്തരമൊരു ജീവിതത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നിടത്താണ് കേരളീയ ജീവിതത്തിന്റെ പരിപൂര്‍ണ്ണപരാജയം സംഭവിക്കുന്നത്. 

കേരളീയ ജിവിതത്തിലെ ആദിവാസി എന്നത് സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ അരികിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ലിബറല്‍ ജനാധിപത്യവും ന്യൂനപക്ഷവും തമ്മിലുള്ള ബന്ധം ആദിവാസികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കേരളീയ ജനാധിപത്യത്തിലെ ഏറ്റവും കുറഞ്ഞ ന്യൂനപക്ഷ പ്രതിനിധാനങ്ങളില്‍ ഒന്നാണ് ആദിവാസി ജനസമൂഹം. കേരളീയ ലിബറല്‍ ജനാധിപത്യ പ്രക്രിയയില്‍ സക്രിയമായി ഇടപെടല്‍ ആവശ്യമായ സാമുദായിക ശക്തി ഈ ജനവിഭാഗങ്ങള്‍ക്കില്ല. അതുകൊണ്ടുതന്നെ ഒരു നൂതനമായ ജനാധിപത്യ മാതൃകയിലൂടെ മാത്രമേ ആദിവാസി വിഭാഗങ്ങള്‍ക്ക് തങ്ങളുടെ ജൈവസാന്നിധ്യം ഉറപ്പിക്കാന്‍ രാഷ്ട്രീയ ഘടനയില്‍ സാധിക്കയുള്ളൂ. ലോകമെങ്ങുമുള്ള ആദിവാസി ജനവിഭാഗങ്ങള്‍ ഇത്തരമൊരു അന്വേഷണത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നാലാം വ്യാവസായിക കാലഘട്ടത്തിലെ ആദിവാസി ജീവിതം ഏങ്ങനെയായിരിക്കണം എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാണ്. വികാസത്തിന്റെ കുതിച്ചുച്ചാട്ടങ്ങള്‍ക്കിടയില്‍ ആദിവാസി ജനവിഭാഗങ്ങള്‍ അതിജീവസത്തിന്റെതായ സ്വത്വാന്വേഷണത്തിലാണ്.

മധുവിന്റെ ജീവിതം വികസനസൂചികയുടെ പൊള്ളിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നവകൂടിയാണ്. ആദിവാസി ജനവിഭാഗങ്ങളും മറ്റ് ജനവിഭാഗങ്ങളുടെ വികസനവും തട്ടിച്ചുനോക്കുമ്പോള്‍ കാണുന്ന അന്തരമാണിത്. കേരളത്തില്‍ ആദിവാസികള്‍ നേരിടുന്ന അതിജീവന പ്രതിസന്ധിയെ ഇത് അടിവരയിടുന്നു. വികസനത്തിലെ ഈ വിടവ് നികത്താന്‍ കഴിയാത്ത അതിപ്രാധാന്യമര്‍ഹിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ആസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ കാണുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ ഈ വിടവ് നികത്തല്‍ പ്രക്രിയുടെ ആക്കം കൂട്ടുന്നുണ്ട്. ' closing the gap'  എന്ന ഇത്തരമൊരു പദ്ധതി നമ്മുക്കും അനിവാര്യമായിരിക്കുകയാണ്. ആദിവാസി ജനവിഭാഗങ്ങളും മറ്റ് ജനവിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം യാഥാര്‍ത്ഥ്യത്തില്‍ ഇരു ജനവിഭാഗങ്ങളുടെയും ജീവിത സംസ്‌കാരത്തെത്തന്നെ അട്ടിമറിക്കുകയാണ്. ആധുനീക ജനാധിപത്യ ജീവിതത്തില്‍ കാണുന്ന അതുല്ല്യതയുടെതായ ഈ വ്യത്യാസം ജനാധിപത്യ സാമൂഹ്യഘടനയുടെ അടിസ്ഥാന ശിലകളെത്തന്നെ അട്ടിമറിക്കുന്നു. അതിന്റെ ഉദാത്തമായ പൗര സങ്കല്പത്തെ അപ്രസക്തമാക്കുന്നു.

ഭാവിയിലെ ഇന്ത്യ ഏങ്ങനെ ആയിരിക്കണം എന്ന് ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യന്‍ കോണ്‍സ്റ്റിയുന്റ് അസംബ്ലി ചര്‍ച്ചയില്‍ ആദിവാസികള്‍ക്ക് വേണ്ടി സംസാരിച്ച ആദിവാസി നേതാവ് ജയ്പാല്‍ സിങ്ങിന്റെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്.

' നിങ്ങള്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് ആദിവാസികളെ പഠിപ്പിക്കാന്‍ കഴിയില്ല. നിങ്ങള്‍ അവരില്‍ നിന്ന് ജനാധിപത്യ വഴികള്‍ പഠിക്കണം. ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യവാദികളാണ് അവര്‍.'

അതുല്ല്യതയുടെ ആഴമേറിയ യാഥാര്‍ത്ഥ്യങ്ങളില്‍ ജീവിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ മനസിലാക്കണമെങ്കില്‍ ആദിവാസി ജീവിതത്തെ പഠിക്കേണ്ടതുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ( ജയ്പാല്‍ സിങ്ങ് 1928 ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്ക്‌സില്‍ ബ്രിട്ടിഷ് ഇന്ത്യയുടെ ഹോക്കി ക്യാപ്റ്റന്‍ ആയിരുന്നു.

ഇതേ കോണ്‍സ്റ്റിയുന്റ് അസംബ്ലി ചര്‍ച്ചയില്‍ സര്‍ദാര്‍ പട്ടേല്‍ പ്രഖ്യാപിച്ചു, ഇന്ത്യയിലെ ഓരോ ആദിവാസിയെയും ജയ്പാല്‍ സിങ്ങിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള പരിശ്രമത്തെ കുറിച്ച്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ എന്താണ് സംഭവിച്ചത് ?  നെഹ്‌റുവിന്റെ പഞ്ചശീലതത്വങ്ങളും അതിപ്രാധാന്യമുള്ളതാണ്. പണ്ഡിറ്റ് നെഹ്‌റുവിന്റെ വാക്കുകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് ജയ്പാല്‍ സിങ്ങ് ഇത്രയും കൂട്ടിച്ചേര്‍ത്തു. അതായത്, സ്വതന്ത്ര ഇന്ത്യയില്‍ ഒരു നൂതന അദ്ധ്യായം, അവിടെ തുല്ല്യ അവസരം ഉണ്ടാകും. അവഗണിക്കപ്പെടുകയില്ല വേണ്ടതെന്ന്. ഈ ഇന്ത്യന്‍ സ്വപ്‌നമാണ് മധുവിന്റെ കൊലപാതകത്തിലൂടെ അട്ടിമറിക്കപ്പെടുന്നത്. ജീവിക്കാനുള്ള അവകാശത്തെത്തന്നെ നിഷേധിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. 

സര്‍ദാര്‍ പട്ടേല്‍, ജയ്പാല്‍ സിങ്ങിന് നല്‍കിയ ഉറപ്പ് നിരന്തരം ലംഘിക്കുക കൂടിയാണ് ചെയ്യപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് യാതൊരു ഭയവും ഉണ്ടാകുന്ന സന്ദര്‍ഭം ഉണ്ടാകില്ല. മധുവിനെപ്പോലുള്ളവരുടെ ജിവിതം സര്‍ദാര്‍ പട്ടേലിന്റെ വാക്കുകളില്‍ നിന്ന് ബഹുദൂരം പിന്നോട്ടു പോയിരിക്കുന്നു.

കാട്ടുജാതിക്കാരനായതില്‍ അഭിമാനിക്കുന്നു എന്ന ജയ്പാല്‍ സിങ്ങിന്റെ തിരിച്ചറിവ് മധുവിലും പൂര്‍ണ്ണമായ ഒരു വസ്തുതയാണ്. നാഗരികരുടെ ആക്രമണങ്ങള്‍ക്ക് ബദല്‍ തന്നെയായിരുന്നു മധുവിന് കാട്. ഇത്തരമൊരു തിരിച്ചറിവ് ലോകത്തിലെ പല ആദിവാസി വിഭാഗങ്ങളും പൂര്‍ണ്ണമായി പങ്കുവെക്കുന്നുണ്ട്.

പ്രത്യേകിച്ച് നാഗരിക സംസ്‌കാരം പ്രകൃതിയുടെ അതിരുകളെ ഭേദിച്ചുകൊണ്ടിരിക്കുന്ന ഒരു ചരിത്രയാഥാര്‍ത്ഥ്യം കൂടിയാണിത്. ഓരോ നാഗരികനും വനത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞുകൊണ്ടിരിക്കേണ്ട ചരിത്രയാഥാര്‍ത്ഥ്യം കൂടിയാണിത്. ഒരോ നാഗരികനും വനത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു കൊണ്ടിരിക്കേണ്ട ചരിത്ര സന്ദര്‍ഭം കൂടി ഇവിടെ ഉടലെടുത്തിരിക്കുന്നു. 

ഇന്ന് ആള്‍ക്കൂട്ട വിചാരണയുടേയും, കൊലപാതകത്തിന്റെയും മദ്ധ്യത്തില്‍ നിന്ന് കൊണ്ട് കേരളീയ നവോത്ഥാനത്തിന്റെ അതിരുകളില്‍ കാണുന്ന ശൂന്യതകൂടി മധുവിന്റെ ജീവിതാവസ്ഥയില്‍ നിന്ന് വായിച്ചെടുക്കാനാകും. സി. അച്ചുതമേനോന്‍ കേരളീയ നവോത്ഥാനത്തിന്റെ പ്രധാന സവിശേഷതകളെക്കുറിച്ച് എഴുതുമ്പോള്‍, അതിലൊന്നും തന്നെ ആദിവാസി സമൂഹത്തിന്റെ സംഭാവനകളില്ല. കാലാസ്ഥാ വ്യതിയാനത്തിന്റെ വ്യാപകമായ ദുരന്തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ജീവിതത്തില്‍ ആദിവാസി ജീവിതത്തിന്റെ പ്രാധാന്യം ലോകം കൂടുതല്‍ തിരിച്ചറിയുന്ന ഒരു കാലം കൂടിയാണിത്. മധുവിന്റെ കൊലപാതകം നാഗരിക സംസ്‌കാരത്തിന്റെ അമാനുഷികമായ, പ്രകൃതി വിരുദ്ധമായ നിലനില്‍പ്പിനെ വെളിപ്പെടുത്തുന്നു. അതുവഴി കേരളീയ ജിവിതത്തെ വിചാരണ ചെയ്യുന്നു. അതിന്റെ ഫാസിസ്റ്റ് സമൂഹ നിര്‍മ്മാണ പ്രക്രിയയെ തുറന്നു കാട്ടുന്നുണ്ട് മധുവിന്റെ മരണം.

loader