Asianet News MalayalamAsianet News Malayalam

ഇനിയഞ്ച് നാൾ; ലോക ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ മജ്‌സിയക്ക് സഹായമെത്തുമോ?

  • പവർ ലിഫ്റ്റിങ്ങിൽ ഒട്ടേറെ ദേശീയ-രാജ്യാന്തര മെഡലുകൾ നേടി മജ്‌സിയ
  • ഇനി മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ നല്ലൊരു തുക കെട്ടിവയ്ക്കണം
  • വരുന്ന നാല് ദിവസത്തിനുള്ളിൽ മജ്‌സിയയ്ക്ക് ഒരു സ്പോൺസറെ കണ്ടെത്തണം
majiziya banu sports
Author
First Published Jul 5, 2018, 11:59 AM IST

കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയിലെ, ഇരുപത്തിനാല് വയസുമാത്രമുള്ള പെണ്‍കുട്ടി. മജ്‌സിയ ബാനു. ഇന്ത്യയിലെ തന്നെ കരുത്തുറ്റ പെണ്‍കുട്ടി. ഓര്‍ക്കാട്ടേരിയില്‍ നിന്ന് തുര്‍ക്കിയില്‍ നടക്കുന്ന രാജ്യാന്തര മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടാന്‍ അവള്‍ വഹിച്ച ഭാരം ഒട്ടും ചെറുതല്ല. 

പവർ ലിഫ്റ്റിങ്ങിൽ ഒട്ടേറെ ദേശീയ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടി മജ്‌സിയ. ഒക്ടോബർ മാസത്തിൽ തുർക്കിയിൽ വെച്ചു നടക്കുന്ന പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. പക്ഷെ, മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ നല്ലൊരു തുക കെട്ടിവയ്ക്കണം. അതിനായി, മജ്‌സിയയ്ക്ക് ഇതുവരെ സ്പോൺസറെ ലഭിച്ചില്ല. ഈ മാസം പത്താം തീയതിക്കുള്ളിൽ രണ്ടു ലക്ഷം രൂപ കെട്ടിവെച്ചില്ലെങ്കിൽ മത്സരത്തിൽ പങ്കെടുക്കാനുള്ള അവളുടെ അവസരം നഷ്ടപ്പെടും. മത്സരിച്ചു മെഡൽ നേടിയാൽ അവള്‍ രാജ്യത്തിന്റെ അഭിമാനമെന്ന് കൊട്ടിഘോഷിക്കപ്പെടും. സ്വീകരണങ്ങളും സമ്മാനങ്ങളുമായി പലരും വരി നില്‍ക്കും. പക്ഷെ, മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായാല്‍ അവളുടെ കണ്ണീര് ആരും കാണാതെ പോകും. 

വരുന്ന നാല് ദിവസത്തിനുള്ളിൽ മജ്‌സിയയ്ക്ക് ഒരു സ്പോൺസറെ കണ്ടെത്തണം. ഇല്ലെങ്കില്‍ അവളുടെ രാജ്യാന്തരമത്സരമെന്ന സ്വപ്നം അവിടെ അവസാനിക്കും. പവര്‍ ലിഫ്റ്റിങ്ങില്‍ ഒരു പെണ്‍കുട്ടി തന്‍റെ കരുത്ത് കാണിക്കുമ്പോള്‍ അവളുടെ കൂടെ നില്‍ക്കാന്‍ കായികപ്രേമികള്‍ തയ്യാറാവേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള പെണ്‍കുട്ടിക്ക് രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ ഇല്ലാത്തതുകൊണ്ട്, സ്വന്തം സ്വപ്നങ്ങള്‍ കണ്ണീരിലവസാനിപ്പിക്കേണ്ടി വരുന്നത് ഒരുപക്ഷെ, കേരളത്തിന് തന്നെ അപമാനമാണ്. 

സര്‍ക്കാര്‍ സഹായത്തിനായി മന്ത്രിയുടെ ഓഫീസ് വരെയെത്തിയിരുന്നു അവളുടെ ശബ്ദം. പക്ഷെ, നിരാശയായിരുന്നു ഫലം. '' സ്പോര്‍ട്സ് കൌണ്‍സിലിനെ സമീപിച്ചിരുന്നു. പക്ഷെ, അവരെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. ചില മത്സരങ്ങളില്‍ സാമ്പത്തികേതര സഹായങ്ങള്‍ നടത്താനേ അവര്‍ക്ക് വകുപ്പുള്ളൂ. അതിലൊന്നാണ് പവര്‍ ലിഫ്റ്റിങ്ങ്. മത്സരത്തില്‍ പങ്കെടുത്ത് തിരികെ വന്നാല്‍ ചില സഹായങ്ങള്‍ കിട്ടും. അതെനിക്ക് മനസിലാകും. പക്ഷെ , സര്‍ക്കാരിന്‍റെ അവഗണനയാണ് ഏറെ വേദനിപ്പിച്ചത്. മുസ്ലീമായതിനാല്‍ മൈനോറിറ്റി വിഭാഗത്തില്‍ പെടുത്തിയുള്ള സഹായത്തിനാണ് അഭ്യര്‍ത്ഥിച്ചത്. പക്ഷെ,  ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സഹായം നല്‍കാന്‍ പറ്റുകയുള്ളൂ എന്ന് മറുപടിയാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചത്. '' മജ്‌സിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ജൂലായ് പത്താം തീയതിക്ക് മുന്‍പ് പണം അടച്ചില്ലെങ്കില്‍ തുര്‍ക്കിയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ല. രണ്ടാം സ്ഥാനക്കാരി മേഘാലയ സ്വദേശിനിയാവും തുര്‍ക്കിക്ക് പോവുക. മുട്ടാവുന്ന വാതിലുകളിലൊക്കെ അവള്‍ മുട്ടി. എല്ലാവരിൽ നിന്നും പോസീറ്റീവ് ആയ പ്രോത്സാഹനങ്ങള്‍ തന്നെയാണ് കിട്ടിയത്. പക്ഷെ പണം മാത്രം കിട്ടിയില്ലെന്നും മജ്‌സിയ പറയുന്നു. 

കായികതാരങ്ങള്‍ക്കാകെ ആവേശമായവള്‍

ഇതുപോലെ അനവധി പ്രതിസന്ധികള്‍ മറികടന്നു തന്നെയാണ് ഒക്ടോബര്‍ 13 മുതല്‍ 22 വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിന് മജ്‌സിയ യോഗ്യത നേടിയത്. ലക്‌നൌവിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കി. ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ 370 കിലോ ഉയര്‍ത്തി രാജ്യത്തിന്റെ അഭിമാനനേട്ടമായി മജ്‌സിയ. പതിനാല് രാജ്യക്കാരെ പിന്നിലാക്കി ഈ കരുത്തുറ്റ നേട്ടം കരസ്ഥമാക്കിയ മജ്‌സിയ പവര്‍ലിഫ്റ്റിങ് പരിശീലനം തുടങ്ങിയത് വെറും പത്ത് മാസം മുന്‍പ് മാത്രമാണ്. 52 കിലോ വിഭാഗത്തില്‍ മജ്‌സിയയടക്കം 16 മത്സരാര്‍ഥികളാണുണ്ടായിരുന്നത്. ആ മത്സരത്തിനൊടുവില്‍ 370 കിലോഗ്രാം ഉയര്‍ത്തിയ മജ്‌സിയ രണ്ടാം സ്ഥാനം നേടി. ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് അത് നല്‍കിയ ആവേശം ചില്ലറയായിരുന്നില്ല. ഹിജാബ് ഊരിവയ്ക്കാതെയായിരുന്നു മജ്‌സിയ മത്സരത്തില്‍ പങ്കെടുത്തത്. ഹിജാബ് ധരിച്ച് ഭാരമുയര്‍ത്തിയ മജ്‌സിയയുടെ ചിത്രം സഹിതം ഇന്തോനേഷ്യന്‍ പത്രങ്ങള്‍ വാര്‍ത്ത നല്‍കി.

majiziya banu sports

അന്നും സാമ്പത്തിക പ്രയാസം വില്ലനായിരുന്നു ഈ കായികതാരത്തിന്. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ രണ്ട് ലക്ഷത്തോളം രൂപ വേണം. പിന്നെ, അത് കണ്ടെത്താനുള്ള ഓട്ടമായി. അതിനിടെ മറ്റൊരു കാര്യം കൂടിയറിഞ്ഞു. രണ്ട് ലക്ഷമെന്നത് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ അടക്കേണ്ട തുക മാത്രമാണ്.  ചെലവ് എങ്ങനേയും നാലര ലക്ഷത്തോളം വരും. എന്തു വിലകൊടുത്തും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെന്ന നിശ്ചദാര്‍ഢ്യം മജ്‌സിയക്ക് കരുത്തായി നിന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റിങ് സൊസൈറ്റി, ഏറാമല സര്‍വിസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും നിരവധി വ്യക്തികളും മജ്‌സിയക്ക് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയെന്ന സ്വപ്‌നത്തിനൊപ്പം ചേര്‍ന്നു. എന്നിട്ടും നാലര ലക്ഷം രൂപ കിട്ടിയില്ല. അവസാനം സ്വര്‍ണം പണയം വെച്ചും മറ്റും ചാംപ്യന്‍ഷിപ്പിന് പോവുകയായിരുന്നു അവള്‍. 

പ്രതിസന്ധികള്‍ കൂടെത്തന്നെയുണ്ടെങ്കിലും മജ്‌സിയ  ബാനുവിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. എവിടെ നിന്നെങ്കിലും സഹായം കിട്ടും. തുര്‍ക്കിയിലെ മത്സരത്തില്‍ ഭാരമുയര്‍ത്തും. അതിലൂടെ ഏറ്റവും കരുത്തുള്ള പെണ്‍കുട്ടി ഇന്ത്യയുടെ മജ്‌സിയ ബാനുവാകും. 

Follow Us:
Download App:
  • android
  • ios