2018 ഓഗസ്റ്റിൽ നാടിനെ കണ്ണീരിലാഴ്ത്തി കൊണ്ട് ശ്രീനഗറിൽ വച്ചാണ് ഇന്ത്യൻ ആർമിയിലെ മേജർ കൗസ്തുബ് റാണെയും, മറ്റ് മൂന്നുപേരും രക്തസാക്ഷിത്വം വരിക്കുന്നത്. ശ്രീനഗറിൽ നിന്ന് 125 കിലോമീറ്റർ അകലെയുള്ള ബന്ദിപോര ജില്ലയിലെ ലൈൻ ഓഫ് കൺട്രോളിന് അടുത്ത് വച്ചാണ് നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിനിടയിൽ അവർക്ക് ജീവൻ വെടിയേണ്ടി വരുന്നത്. രണ്ട് വർഷത്തിനിപ്പുറം റാണെയുടെ ഭാര്യ തന്റെ ഭർത്താവിന്റെ പാത പിന്തുടർന്ന് ഇന്ത്യൻ ആർമിയിൽ ചേർന്നിരിക്കയാണ്. കശ്മീരിൽ രക്തസാക്ഷിത്വം വരിച്ച തന്റെ പ്രിയതമന് കനിക കൗസ്തുബ് റാണെ നൽകുന്ന ഏറ്റവും അനുയോജ്യമായ ആദരാഞ്ജലി. 

ചെന്നൈയിലെ ഇന്ത്യൻ ആർമിയുടെ ഓഫീസർ ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ അവർ ശനിയാഴ്ചയാണ് ഇന്ത്യൻ ആർമിയിൽ ചേർന്നത്. ജേണലിസ്റ്റ് ശിവ് അരൂർ പങ്കിട്ട കനികയുടെ ഒരു വീഡിയോയിൽ തന്റെ ഭർത്താവിന്റെ സ്വപ്നം നിറവേറ്റാനാണ് താൻ ഈ തീരുമാനം കൈകൊണ്ടത് എന്നാണ് അവർ പറഞ്ഞത്. “ഇത് ഒരു എളുപ്പമുള്ള കാര്യമായിരുന്നില്ല. ഒരുപക്ഷേ എനിക്ക് പകരം അദ്ദേഹമായിരുന്നാലും ഇത് തന്നെ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നിറവേറ്റാനാണ് ഞാൻ അദ്ദേഹത്തിന്റെ സ്ഥാനത്ത് വന്നിരിക്കുന്നത്” ലെഫ്റ്റനന്റ് കനിക റാണെ പറയുന്നു. ശാരീരികക്ഷമതയേക്കാൾ മനസ്സിന്റെ ശക്തിയാണ് ഇതിന് ആവശ്യമെന്നാണ് പരിശീലനത്തിനെ കുറിച്ച് ചോദിച്ചപ്പോൾ കനിക റാണെ പറഞ്ഞത്. “മനസ്സിന് ശക്തിയുണ്ടെങ്കിൽ, നിങ്ങൾക്ക് എന്തും മറികടക്കാൻ കഴിയും. ഇവിടെ വരുന്നതിന് മുമ്പ് ഞാൻ 100 മീറ്റർ പോലും ഓടിയിരുന്നില്ല, ഇപ്പോൾ ഞാൻ 40 കിലോമീറ്റർ ഓടുന്നു” അവർ പറഞ്ഞു. 

ഗർവാൾ റൈഫിൾസിലാണ് ആദ്യമായി മേജർ കൗസ്തുബ് റാണെ നിയമിതനായത്. പിന്നീട് 36 രാഷ്ട്രീയ റൈഫിൾസ് -ലേക്ക് മാറ്റപ്പെട്ടു. മേജർ റാണെ കരസേനയിൽ ആറുവർഷത്തെ സേവനം പൂർത്തിയാക്കിയിരുന്നു. മൂന്ന് വയസുള്ള ഒരു മകനുമുണ്ട്. പേര് അഗസ്ത്യ. കഴിഞ്ഞ വർഷം, അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിന് ധീരതയ്ക്കുള്ള അവാർഡ് പ്രഖ്യാപിക്കുകയുണ്ടായി. അന്ന് അദ്ദേഹത്തിന് വേണ്ടി അത് വാങ്ങിയത് കനികയായിരുന്നു. ഇതോടെ തന്റെ ഭർത്താവിന്റെ സ്ഥാനത്ത് നിന്ന് രാജ്യത്തെ സേവിക്കാൻ അവർ ആഗ്രഹിച്ചു. 

മുമ്പ് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്തിരുന്ന ആ 29 -കാരി കഴിഞ്ഞ വർഷം മെറിറ്റിൽ സർവീസ് സെലക്ഷൻ ബോർഡ് പരീക്ഷ പൂർത്തിയാക്കി.  2019 ഒക്ടോബറിൽ 49 ആഴ്ചത്തെ കോഴ്‌സിനായി ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (ഒടിഎ) ചേർന്നു. പരിശീലനത്തിനൊടുവിൽ ഭർത്താവിന്റെ സ്വപ്നം പൂർത്തിയാക്കാൻ അവർ യൂണിഫോം ധരിച്ചു.   "അദ്ദേഹത്തിന്റെ കാല്പാടുകൾ പിന്തുടരാനായിരുന്നു എനിക്ക് ആഗ്രഹം" കനിക പറഞ്ഞു. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് കനികയെ കൂടാതെ, ഇരുനൂറ്റി മുപ്പത് ഓഫീസർ കേഡറ്റുകൾ കൂടി പരിശീലനം പൂർത്തിയാക്കി.  

(ചിത്രം: Twitter, ShivAroor)