Asianet News MalayalamAsianet News Malayalam

ബിഗ് ബോസിലെ  പേളി ഫേക്കാണോ?

ബിഗ് ബോസ് മലയാളം റിവ്യൂ. പേളി മാണി. സുനിതാ ദേവദാസ് എഴുതുന്നു

Malayalam Bigg Boss review Pearlie manney by Sunitha Devadas

പേളി മാണിയും രഞ്ജിനി ഹരിദാസും സാബുവും തമ്മില്‍ കഴിഞ്ഞ എപ്പിസോഡില്‍ പൊരിഞ്ഞ അടി നടന്നപ്പോഴാണ്, അടി കൂടാന്‍ മാത്രം അവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നാലോചിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് പേളിയും അരിസ്റ്റോ സുരേഷും തമ്മിലുള്ള അടുപ്പം ശ്രദ്ധയില്‍ പെട്ടത്. കുറച്ചു ദിവസങ്ങളായി പേളിയും അരിസ്റ്റോ സുരേഷും തമ്മില്‍ വലിയ  അടുപ്പത്തിലാണ്.  പേളി നടത്തുന്ന എല്ലാ അടിയുടെയും വഴക്കിന്റെയും ഭാഗമായി അരിസ്റ്റോ സുരേഷും ഉണ്ട്.

പലപ്പോഴും കാരണം പോലും നോക്കാതെ പേളിക്ക് വേണ്ടി മാത്രം വഴക്കിട്ടും ബഹളം വച്ചും നടക്കാന്‍ സുരേഷിനെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും? താനൊരു ഗെയിം കളിക്കാനാണ് വന്നത് എന്ന് അരിസ്റ്റോ സുരേഷ്  പൂര്‍ണമായും മറന്നു കഴിഞ്ഞിരിക്കുന്നുവെന്നു തോന്നും. ഇപ്പോള്‍ സുരേഷ് നിലകൊള്ളുന്നത് പേളിയെ സംരക്ഷിക്കാനും സപ്പോര്‍ട്ട് ചെയ്യാനും ഇമോഷണലി സുഖപ്പെടുത്താനും മാത്രമാണ്. ശക്തനായ മത്സരാര്‍ത്ഥി ആയിരുന്ന സുരേഷ് പേളിയുമായുള്ള അടുപ്പം തുടങ്ങിയതോടെ ദുര്‍ബലനാവുകയാണ്. 

മോട്ടിവേഷണല്‍ സ്പീക്കറായ മാണിയാണ് പേളിയുടെ ഗുരുവും വഴികാട്ടിയും മാതൃകയും അഭയസ്ഥാനവും എല്ലാം.

പേളിയുടെ ജീവിതവീക്ഷണം 
'ഒരു റൂമില്‍ കയറുമ്പോള്‍ അവിടെ കൂട്ടത്തില്‍ ആര്‍ക്കും വേണ്ടാത്ത ഒരാളുണ്ടാവില്ലേ? ആര്‍ക്കും ഒന്നും നല്‍കാനുണ്ടാവില്ല, പ്രായമായിട്ടുണ്ടാവും. അവരിലേക്ക് നേരിട്ട് പോകാനാണ് എനിക്കിഷ്ടം. ഒരാളുടെ ഭംഗി നോക്കി, സ്റ്റാറ്റസ് നോക്കി ഫ്രണ്ട് ആവാതെ, ഒന്നുമില്ലാത്തവരെ ഹാപ്പി ആക്കാന്‍ ശ്രമിക്കുന്ന ഒരാളെയാണ് എനിക്കിഷ്ടം. ഭംഗിയില്ലെങ്കിലും കുഴപ്പമില്ല. പൈസ ഇല്ലെങ്കിലും കുഴപ്പമില്ല. നാളെ എനിക്ക് അദ്ദേഹത്തിന് നല്‍കാന്‍ എന്റെ പോപ്പുലാരിറ്റിയോ ഭംഗിയോ കഴിവോ ഒന്നുമില്ലെങ്കിലും അദ്ദേഹം എന്നെ സ്നേഹിക്കും'.

ഇതാണ് പേളിക്ക് തന്റെ ജീവിതബന്ധങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാട്. വളരെ ചെറുപ്പം തൊട്ടു തന്നെ അനാഥാലയങ്ങളിലും ആശുപത്രികളിലും മിഷനറീസ് ഓഫ് ചാരിറ്റിയുടെയും മറ്റും പ്രവര്‍ത്തങ്ങളിലും ഇടപെടുന്ന ആളാണ് പേളി. ചെറുപ്പം മുതലേ പേളിയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു അനാഥനെ/കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തണമെന്നതാണ്. 

പേളിയുടെ ഏറ്റവും അടുത്ത വ്യക്തി അച്ഛന്‍ മാണിയാണ്. മോട്ടിവേഷണല്‍ സ്പീക്കറായ മാണിയാണ് പേളിയുടെ ഗുരുവും വഴികാട്ടിയും മാതൃകയും അഭയസ്ഥാനവും എല്ലാം. പേളിയുടെ സ്വപ്നം തന്നെ അച്ഛനെ പോലെ ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ ആവുക എന്നതാണ്. അതിന്റെ തുടക്കമെന്ന നിലയില്‍ അച്ഛനോടൊപ്പം ചേര്‍ന്ന് പേളി & മാണി ഷോ എന്ന പേരില്‍ ആരംഭിച്ചും കഴിഞ്ഞു. 

നിങ്ങളോര്‍ക്കുന്നുണ്ടോ, സുരേഷ് പേളിക്ക് പാടി കൊടുക്കുന്ന പാട്ടുകള്‍?

പേളിയും അരിസ്‌റ്റോ സുരേഷും തമ്മില്‍ എന്ത്? 
ഇവിടെ നിന്നാണ് അരിസ്റ്റോ സുരേഷുമായുള്ള പേളിയുടെ ബന്ധത്തെ നോക്കി കാണേണ്ടത്. പേളി ബിഗ് ബോസ് വീട്ടില്‍ എത്തി നോക്കിയപ്പോള്‍ പേളിയുടെ കാഴ്ചപ്പാടില്‍, കൂട്ടത്തിലെ ആര്‍ക്കും വേണ്ടാത്ത, പ്രായമായ, ഒന്നുമില്ലാത്ത ഒരാള്‍ സുരേഷ് ആയിരുന്നു. സുരേഷിലേക്ക് നടക്കുമ്പോള്‍ തന്നെയാവും പേളി തിരിച്ചറിഞ്ഞിട്ടുണ്ടാവുക, താന്‍ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന, ആരുമില്ലാത്ത ആളും വിവാഹം പോലും കഴിക്കാത്ത ഈ മനുഷ്യനാണെന്ന്. സുരേഷിലെത്തിയപ്പോള്‍ പേളി മനസ്സിലാക്കി, തന്റെ അച്ഛനെ പോലെ ഉപദേശിക്കുകയും നിയന്ത്രിക്കുകയും പാട്ട് പാടുകയും ചെയ്യുന്ന ആളാണ് അരിസ്‌റ്റോ സുരേഷ് എന്ന്. 

പേളിയുടെ എല്ലാ സങ്കല്‍പ്പങ്ങളും ആഗ്രഹങ്ങളും അരിസ്റ്റോ സുരേഷില്‍ ഒത്തുചേര്‍ന്നതോടെ പേളി സുരേഷിന്റെ തോളില്‍ തലചായ്ച്ചു. നിങ്ങളോര്‍ക്കുന്നുണ്ടോ, സുരേഷ് പേളിക്ക് പാടി കൊടുക്കുന്ന പാട്ടുകള്‍? അവയൊക്കെ ഒരു തരം  താരാട്ടുപാട്ടുകളാണ്. 'വണ്ണാത്തി പുള്ളും  കുഞ്ഞും വാതില്‍ക്കല്‍ വന്നിട്ടുണ്ട്, എന്നുണ്ണി കണ്ണാ നീയും വായോ' എന്നൊക്കെ സുരേഷ് പാടി കൊടുക്കുമ്പോള്‍ പേളിയുടെ ഉള്ളിലെ മുറിവുകള്‍ സുഖപ്പെടുകയാണ്. പേളിയുടെ ഉള്ളിലെ അച്ഛന്റെ ചെല്ലക്കുട്ടി സുരേഷിലേക്ക് ഓടിയെത്തുന്നു. 

പേളി തേടി നടക്കുന്നത് മുഴുവന്‍ പാമ്പറിങ്ങും കെയറിങ്ങുമാണ്.

അരിസ്‌റ്റോ സുരേഷിന്റെ താരാട്ടു പാട്ടുകള്‍ 
പേളി അടിസ്ഥാനപരമായി വളരെയേറെ ഇന്‍സെക്യൂരിറ്റി ഉള്ള വ്യക്തിയാണ്. അരിസ്‌റ്റോ സുരേഷിന്റെ താരാട്ടു പാട്ടുകള്‍ പേളിയുടെ അരക്ഷിതത്വത്തെ സുഖപ്പെടുത്തുന്നുണ്ട്. പേളിക്കും സുരേഷിനും പൊതുവായുള്ള ഒരു കാര്യം പാട്ടാണ്. വീട്ടില്‍ നിന്നും വിട്ടപ്പോള്‍ പേളിക്ക് നഷ്ടപ്പെട്ട അച്ഛന്റെയും കുടുംബത്തിന്റെയും തണലാണ് അരിസ്‌റ്റോ സുരേഷ് തിരിച്ചു നല്‍കിയത്. തുണിക്കട നടത്തിയിരുന്ന പേളിയുടെ അച്ഛന്‍ പെട്ടന്നൊരു ദിവസമാണ് മോട്ടിവേഷണല്‍ സ്പീക്കര്‍ ആയത്. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, താന്‍ പേളിയെ പാംപര്‍ ചെയ്തിട്ടില്ല, കൊഞ്ചിച്ചിട്ടില്ല, അതിനാല്‍ പേളി സ്ട്രോങ് ആണ് എന്നാണ്. 

പക്ഷേ ആ അവകാശവാദത്തെ  ബിഗ് ബോസ് വീട്ടില്‍ സംശയത്തോടെ മാത്രമേ നമുക്ക് കാണാനാവൂ.  പേളി തേടി നടക്കുന്നത് മുഴുവന്‍ പാമ്പറിങ്ങും കെയറിങ്ങുമാണ്. ബിഗ് ബോസിലും അതാണ് തേടുന്നത് . അത് കിട്ടിയത് സുരേഷില്‍ നിന്നായതു കൊണ്ടാണ് അവിടെ പോയി ഒട്ടിയതും.  പേളിക്ക് എപ്പോഴും നില്ക്കാന്‍ ഒരു തണല്‍ വേണം.  ഈ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കല്‍ ക്ലാസുകള്‍, അരക്ഷിതനായ മനുഷ്യന് തണലും പലപ്പോഴും മനുഷ്യനെ മയക്കുന്ന കറുപ്പുമാണ്, താല്‍കാലിക ക്ഷേമനിധി. പക്ഷേ ജീവിതത്തിന്റെ സാധാരണം എന്ന് തോന്നുന്ന പല ഘട്ടങ്ങളിലും ഇത് വിലപ്പോവില്ല. കാരണം ഒരു മോട്ടിവേഷണല്‍ ക്ലാസ്സിന്റെ ലളിതയുക്തികള്‍ക്കും അപ്പുറം ജീവിതം സങ്കീര്‍ണ്ണമായി നില്‍ക്കുന്നു എന്നതു തന്നെ.

ശരിക്കും എന്താണ് പേളിക്ക് പ്രകോപനമുണ്ടാവാന്‍ കാരണം?

ഐ ആം  പേളി മാണി
സാഹിത്യവും മോട്ടിവേഷണല്‍ സ്പീച്ചുമില്ലാത്ത ജീവിതം പേളി ആദ്യമായി അറിയുന്നത് ബിഗ് ബോസ് വീട്ടിലെത്തിയപ്പോഴാണ്. ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌കിന്റെ ഭാഗമായി  പ്രേത കഥ പറയുന്ന പേളി, അത് ഗൗരവമായി കാണാതെ തമാശയാക്കുന്നുണ്ട് . കേള്‍വിക്കാര്‍ പേടിക്കുന്നതിനു പകരം ചിരിക്കുന്നു. ഒരു തമാശ പോലെ സാബു അടക്കമുള്ളവര്‍ നാലു തവണ ചെരിപ്പെറിയുന്നതും അതില്‍ പേളി പൊട്ടിത്തെറിക്കുന്നതും ആണ് രഞ്ജിനിയും പേളിയും സാബുവും തമ്മിലുള്ള വലിയ വഴക്കില്‍ അവസാനിക്കുന്നത് . അതിന്റെ വിശദീകരണമായി പേളി പറയുന്നത്, ഷിയാസ് വരുന്നതിനു മുമ്പ്, പേളിയുടെ വ്യക്തി ജീവിതം മുഴുവന്‍ മനസ്സിലാക്കി വന്നെന്നും അത് പേളിയെ ഹരാസ് ചെയ്യുന്ന രീതിയില്‍ പറഞ്ഞുവെന്നുമാണ്.  ആ മാനസികാവസ്ഥയില്‍ ചെരിപ്പ് എറിഞ്ഞപ്പോള്‍ വിഷമമായി എന്നുമാണ്. ഐ ആം  പേളി മാണി എന്ന് പറഞ്ഞാണ് പേളി വഴക്കിടുന്നതും കരയുന്നതും. പേളി എന്തിനാണ് ഇത്ര ബഹളം വക്കുന്നതെന്നു ആര്‍ക്കും മനസ്സിലായുമില്ല. ശരിക്കും എന്താണ് പേളിക്ക് പ്രകോപനമുണ്ടാവാന്‍ കാരണം?

സെല്‍ഫ് അഫര്‍മേഷന്‍ തിയറി
സെല്‍ഫ് അഫര്‍മേഷന്‍ തിയറിയാണ് ഇവിടെ പേളിയെ കൊണ്ട് 'ഐ ആം  പേളി മാണി' എന്നും രഞ്ജിനിയെ കൊണ്ട് 'ഐ ആം രഞ്ജിനി ഹരിദാസ്' എന്നും സാബുമോനെ കൊണ്ട് ഒരു പടി കൂടി കടന്നു 'ദിസ് ഈസ് ആലപ്പുഴ ജില്ലയില്‍ പത്തിയൂര്‍ വില്ലേജില്‍ എരിവമുറിയില്‍ വാവക്കുഞ്ഞു മകന്‍ കുഞ്ഞുണ്ണൂണ്ണി മകന്‍ അബ്ദുസ്സമദ് മകന്‍ സാബുമോന്‍' എന്നും പറയിപ്പിക്കുന്നത് . 

സെല്‍ഫ് ഇമേജിന് കോട്ടം തട്ടുന്ന സംഭവങ്ങളുണ്ടാവുമ്പോള്‍ മനുഷ്യന്‍ അരക്ഷിതനാവും. അപ്പോള്‍ സെല്‍ഫ് ഇന്റഗ്രിറ്റി നിലനിര്‍ത്താന്‍ സ്വയം മോട്ടിവേറ്റ് ചെയ്യാന്‍ അറിയാതെ തന്നെ സെല്‍ഫിനെ അഫര്‍മേറ്റ് ചെയ്യും. ഉറപ്പിച്ചു നെഞ്ചില്‍ കൈ വച്ച് പറയും, 'നീ ആരാണെന്ന് നിനക്കറിയില്ലെങ്കില്‍, നീ എന്നോട് ചോദിക്ക്...അപ്പോ ഞാന്‍ നിനക്കു പറഞ്ഞു തരാം, നീയാരാണെന്നും, ഞാനാരാണെന്നും...' ഒക്കെ . 

എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ പോസിറ്റിവ് സെല്‍ഫ് ഇമേജ് നിലനിര്‍ത്താനുള്ള ഒരു ത്വര ഉണ്ട്. മോട്ടിവേഷന്‍ സ്പീക്കറുടെ മകളും മോട്ടിവേഷന്‍ സ്പീക്കറുമായ പേളിക്കതു കുറച്ചധികമുണ്ട്. 

കരയുന്ന, പിണങ്ങുന്ന, വഴക്കിടുന്ന, പരാതി പറയുന്ന ഒരു പേളിയാണ് ഉള്ളത്. 

ബിഗ് ബോസ് വീട്ടിലെ പേളി എന്താണിങ്ങനെ?  
പേളിയുടെ അച്ഛന്‍ അങ്ങനെയാണ് പേളിയെ രൂപപ്പെടുത്തിയത്. പേളിയുടെ അച്ഛന്‍ മാണിയുടെ മോട്ടിവേഷന്‍ തിയറിയുടെ ജീവിക്കുന്ന മോഡല്‍ ആണ് പേളി. എപ്പോഴും പുഞ്ചിരിയോടെ ഇരിക്കുക, എല്ലാവരെയും മോട്ടിവേറ്റ് ചെയ്യുക, എല്ലാത്തിനെയും പോസിറ്റിവ് ആയി കാണുക, ശുഭാപ്തി വിശ്വാസം കാത്തു സൂക്ഷിക്കുക, സെല്‍ഫ് റെസ്‌പെക്ട് അവനവനും മറ്റുള്ളവരും കളയാതിരിക്കുക തുടങ്ങി അച്ഛന്‍ പേളിയെ പഠിപ്പിച്ച മോട്ടിവേഷന്‍ പാഠങ്ങള്‍ കുറച്ചധികമുണ്ട്. 

പ്രണയ പരാജയം വന്നപ്പോള്‍ തനിക്ക് എല്ലാത്തില്‍ നിന്നും മാറി ഒറ്റക്കിരിക്കണമായിരുന്നുവെന്നു പേളി ഒരിക്കല്‍ പറഞ്ഞു. അവള്‍ക്ക് അത്തരം സമയത്ത് അവളെ തുറന്നു കാട്ടണം എന്നുണ്ട്. അച്ഛന്‍ സമ്മതിച്ചില്ല.  അച്ഛന്റെ നിര്‍ബന്ധത്താലും സഹായത്താലും ജോലിയില്‍ നിന്നും മാറി നില്‍ക്കാതെ ജോലിയിലും സ്‌റ്റേജിലും തുടര്‍ന്നുവെന്നാണ് പേളി പറയുന്നത്. 

അതാണ് പേളിയുടെ അച്ഛന്റെ മോട്ടിവേഷന്‍ തിയറിയും ക്ലാസും. മൃദുല വികാരങ്ങള്‍ക്കും സാധാരണ ജീവിതത്തിനും പരാജയത്തിനും ഒന്നും അവിടെ ഇടമില്ല . ജീവിതമെന്ന റിയാലിറ്റി ഷോ നടന്നു കൊണ്ടിരിക്കുകയാണ്. അവിടെ അഭിനയിച്ചു കൊണ്ടേയിരിക്കണം. സന്തോഷവതിയാണെന്നും താന്‍ കരുത്തയാണെന്നും ആത്മവിശ്വാസമുള്ളവളാണെന്നും തന്‍േറടി ആണെന്നും ഒക്കെ ആളുകളെ വിശ്വസിപ്പിച്ചു കൊണ്ടേയിരിക്കണം. അതാണ് മോട്ടിവേഷന്‍ വഴിയേ നിയന്ത്രിക്കുന്ന പേളിയുടെ ജീവിതം. 

പേളിയ്ക്ക് ബിഗ് ബോസ് വീട്ടില്‍ വന്നപ്പോള്‍ എന്ത് സംഭവിച്ചുവെന്നാണ് മത്സരാര്‍ത്ഥികളുടെയും പ്രേക്ഷകരുടെയും പ്രധാന ചോദ്യം . കാരണം എല്ലാവരും കണ്ടു കൊണ്ടിരുന്ന എനര്‍ജെറ്റിക്കായ, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന, ചളി പറയുന്ന, ബൈക്ക് റൈഡ് ചെയ്യുന്ന  പേളി ബിഗ് ബോസ് വീട്ടില്‍ ഇല്ല.  പകരം എപ്പോഴും കരയുന്ന, പിണങ്ങുന്ന, വഴക്കിടുന്ന, പരാതി പറയുന്ന ഒരു പേളിയാണ് ഉള്ളത്. 

ജീവിതമാണ് പേളിയുടെ റിയാലിറ്റി ഷോ.

പേളിയുടെ ജീവിതം ഒരു റിയാലിറ്റി ഷോ 
ജീവിതമാണ് പേളിയുടെ റിയാലിറ്റി ഷോ. അല്ലാതെ ബിഗ് ബോസ് വീടല്ല. പേളിയുടെ ജീവിതമെന്ന റിയാലിറ്റി ഷോയുടെ സ്‌ക്രിപ്റ്റ് റൈറ്ററും ഡയറക്ടറുമാണ് പേളിയുടെ അച്ഛന്‍ മാണി. അവളുടെ ജീവിതം എന്ന വലിയ റിയാലിറ്റി ഷോ തുടരാനാണ് അവള്‍ക്ക് ആഗ്രഹം. അവള്‍ക്ക് അച്ഛനെ പോലെ മോട്ടിവേഷണല്‍ സ്പീക്കറാവാനാണു ആഗ്രഹം എന്നവള്‍ പറയാറുണ്ട്.  തന്‍ ശക്തയും കരുണയുള്ളവളും ആണെന്ന് ഒരു സെല്‍ഫ്  ഇമേജ് പേളി ഉണ്ടാക്കിയിട്ടുണ്ട്, ഒരു ബുള്ളറ്റ് റൈഡര്‍ ഗേള്‍. എന്നാല്‍ ബിഗ് ബോസിലെ പേളി അതല്ല, അച്ഛന്‍ മാണിയുടെ സഹായമില്ലാതെ എങ്ങനെ  ഒറ്റക്ക് നില്‍ക്കണം എന്ന വലിയ സംഘര്‍ഷത്തിലാണ് പേളി. 

പേളിയും അച്ഛനും കൂടി ഉള്ള ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പേളിയും അച്ഛനും ആവര്‍ത്തിച്ച് പറയുന്നുണ്ട് 'വീട്ടിലും പുറത്തും പേളി ഒരാളാണ്. ഇതിലും എനര്‍ജെറ്റിക്കാണ് വീട്ടില്‍ പേളി . അതിന്റെ പത്തിലൊന്നു എനര്‍ജിയും കുരുത്തക്കേടും മാത്രമേ സ്റ്റേജില്‍ കാണിക്കാറുള്ളു' എന്നൊക്കെ. എന്നാല്‍ പേളി ഒറ്റയ്ക്ക് ബിഗ് ബോസ് വീട്ടില്‍ എത്തിയപ്പോള്‍ പേളി പറയുന്നുണ്ട് 'ഇതാണ് ഞാന്‍. എന്റെ വീട്ടില്‍ ഞാന്‍ ഇങ്ങനെ ഒതുങ്ങി കൂടിയാണ്. സ്റ്റേജില്‍ മാത്രമേ മറ്റേ പേളിയുള്ളു' എന്ന്. അച്ഛന്റെ കൂടെയുള്ള പേളിയും ഇല്ലാത്ത പേളിയും തമ്മിലുള്ള വ്യത്യാസമാണ് ഇത്. 

 

അരിസ്റ്റോ സുരേഷും പേളിയുടെ അച്ഛനും തമ്മിലുള്ള വ്യത്യാസം 
പേളി ബിഗ് ബോസില്‍ വന്നപ്പോള്‍ മാണിയുടെ സ്ഥാനത്തു അരിസ്‌റ്റോ സുരേഷാണ് വരുന്നത്. ചില കാര്യങ്ങളില്‍ പേളിയുടെ അച്ഛനും തമ്മില്‍ സാമ്യമുണ്ടെങ്കിലും വ്യാത്യാസങ്ങളാണ് കൂടുതല്‍. രണ്ടു പേരും നന്നായി പാടും, സുരേഷ് താരാട്ട് പാട്ടു പാടും, മിടുക്കരുമാണ്. ഇതാണ് പേളിയുടെ അച്ഛനും സുരേഷും തമ്മിലുള്ള സാമ്യം. എന്നാല്‍ സുരേഷ് ഒരു പച്ച മനുഷ്യനാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലും തിയറിയിലും എല്ലാ ഇമോഷനുകള്‍ക്കും ഇടമുണ്ട്, തോല്‍വിക്കും ഇടര്‍ച്ചകള്‍ക്കും ഇടമുണ്ട്. 

സുരേഷിന്റെ തണലില്‍ പേളി തന്റെ വികാരങ്ങളും തോന്നലുകളും പച്ചയായി പ്രകടിപ്പിക്കാന്‍ തുടങ്ങി, എങ്കിലും മാണിയുടെ സ്വാധീനത്തില്‍ ഇടയ്ക്കിടെ ഐ ആം  പേളി മാണി എന്നും ദിസ് ഈസ് പേളി മാണി എന്നും ഉരുവിടും.   

ബിഗ് ബോസിലെ പേളി നമ്മെ പഠിപ്പിക്കുന്ന ബോധ്യപ്പെടുത്തുന്ന പാഠം എന്താണ്? 
പേര്‍സണാലിറ്റി ( personality=വ്യക്തിത്വം എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്) എന്ന വാക്ക്  ഗ്രീക്ക് നാടകത്തിലെ പെര്‍സോണ (Persona) എന്ന വാക്കില്‍ നിന്നാണ്.    Per ( mask ) എന്നും sona (voice ) എന്നുമുള്ള രണ്ടു വാക്കുകളാണ് പേര്‍സണാലിറ്റി എന്ന വാക്കിന്റെ ആധാരം. അതായത്  പേഴ്‌സണാലിറ്റി എന്ന് വച്ചാല്‍ മാസ്‌ക്കിന് പുറകില്‍ നിന്നും വരുന്ന ശബ്ദം.  

എല്ലാ പേഴ്‌സണാലിറ്റി ഡെവലപ്മെന്റ് മോട്ടിവേഷണല്‍ ക്ലാസ്സുകളും ലക്ഷ്യം വെക്കുന്നത് പേഴ്‌സണാലിറ്റി ഡെവലപ്പ് ചെയ്യാനാണ് . എന്ന് വച്ചാല്‍ ഒരുവന്റെ  ഈഗോ വളര്‍ത്താന്‍. എന്നാല്‍ മനുഷ്യന്‍ എന്ന നിലയില്‍ നമ്മളെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിസ്സഹായരും ദുര്‍ബലരുമാണ്.  വേദനിക്കുന്നവരും വീഴുന്നവരുമാണ്. അതിനെ നിരാകരിക്കുന്ന, അവഗണിക്കുന്ന ഏത് വ്യക്തിത്വവികസനവും സംശയത്തോടെ മാത്രമേ നമുക്ക് നോക്കി കാണാനാവും. 

ബിഗ് ബോസ് എന്ന ഷോ യഥാര്‍ത്ഥ ആളുകളെ തുറന്ന് കാട്ടുകയാണ്.

അരിസ്‌റ്റോ സുരേഷിനെ പേളിയിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നത് എന്താണ്? 
പേളിയെ ഒരു ഭാഗ്യവും അഭിമാനവുമായിട്ടാണ് സുരേഷ് കാണുന്നത്. അതുകൊണ്ടു തന്നെ പേളിയെ സംരക്ഷിക്കുക, പേളിയ്ക്ക് വേണ്ടി അടിയുണ്ടാക്കുക , പേളിയ്ക്ക് വേണ്ടി പാട്ടു പാടുക എന്നത് മാത്രമാണ് ഇപ്പോള്‍ സുരേഷിന്റെ ജീവിതം. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു മനുഷ്യന്റെ ജീവിതത്തില്‍ വളരെ പെട്ടന്നാണ് പേളി എന്ന വസന്തം വന്നു നിറഞ്ഞത്, പേളിയെ താരാട്ടു പാടിയും കൊഞ്ചിച്ചും ലാളിച്ചും സ്നേഹിച്ചുമാണ് സുരേഷിന്റെ ബിഗ് ബോഗ് ജീവിതം മുന്നോട്ട് പോവുന്നത്. 

സ്‌ക്രീനില്‍ കാണുന്ന റിയാലിറ്റി ഷോ ആണോ (real) യഥാര്‍ത്ഥം അതോ, ജീവിതത്തിലെ റിയാലിറ്റി ആണോ യഥാര്‍ത്ഥം എന്ന സംശയം ഈ ഷോയിലെ ഒരോ അംഗത്തെ കുറിച്ചും നമുക്ക് സംശയിക്കാവുന്നതാണ്. പലപ്പോഴും നവമാധ്യമങ്ങളിലെ ഫേക്ക് ഐഡി ഒരു വ്യക്തിയുടെ റിയല്‍ ഐഡി ആവുന്നതുപോലെ, ബിഗ് ബോസ് എന്ന ഷോ യഥാര്‍ത്ഥ ആളുകളെ തുറന്ന് കാട്ടുകയാണ്. അവിടെയാണ് പേളി വ്യത്യസ്ഥയാവുന്നത് - സാബുവും രഞ്ജിനിയും തങ്ങളുടെ ജീവിതത്തിന്റെ തുടര്‍ച്ചയായി ബിഗ് ബോസില്‍ ഇടപെടുമ്പോള്‍ പേളിക്ക് ആ തുടര്‍ച്ച സാധ്യമാവുന്നില്ല. ഈ തുടര്‍ച്ചയില്ലായ്മയിലെ ഇടര്‍ച്ചയാണ് പേളിയെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രം ആക്കി മാറ്റുന്നത്. 

Follow Us:
Download App:
  • android
  • ios