1952 ലെ നിയമം അനുസരിച്ച് മലേഷ്യയില്‍ 200 ഗ്രാമില്‍ കുടുതല്‍ കഞ്ചാവ് കൈവശം വച്ചതിന് പിടിക്കപ്പെട്ടാല്‍ വധശിക്ഷ വരെ ലഭിക്കും. ഈ നിയമം പരിഷ്കരിച്ച് ആരോഗ്യ രംഗത്ത് ഉപയോഗിക്കാനായി മാത്രം കഞ്ചാവിനെ നിയമവിധേയമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. മരുന്ന് നിയമങ്ങള്‍ പരിഷ്കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് തന്നെ പ്രസ്താവന ഇറക്കി

ക്വലാലംപൂര്‍: ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ബോളിവുഡ് നടന്‍ ഉദയ് ചോപ്ര കഴിഞ്ഞ മാസമാണ് ആവശ്യപ്പെട്ടത്. രാജ്യത്തിന് വലിയ വരുമാനവും വൈദ്യ ശാസ്ത്ര രംഗത്ത് ഒരുപാട് നേട്ടങ്ങളും ഉണ്ടാക്കുന്ന തീരുമാനവുമായിരിക്കും ഇതെന്നും ഉദയ് ചോപ്ര ട്വിറ്ററിലൂടെ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ കഞ്ചാവടിച്ച് കിറുങ്ങിയുള്ള അഭിപ്രായമാണെന്ന് പറഞ്ഞ് എല്ലാവരും കൂടി ഉദയ്നെ ട്രോളുകയായിരുന്നു.

ഇപ്പോഴിതാ കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന ഖ്യാതി സ്വന്തമാക്കാനൊരുങ്ങുകയാണ് മലേഷ്യ. ഉദയ് ചോപ്ര പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണ് കഞ്ചാവിനെ നിയമവിധേയമാക്കാന്‍ തയ്യാറെടുക്കുമ്പോള്‍ മലേഷ്യയും പറയുന്നത്. മയക്ക് മരുന്ന് വ്യാപാരത്തെയടക്കം ശക്തമായി തടഞ്ഞ് നിര്‍ത്തിയിരുന്ന രാജ്യമാണ് മലേഷ്യ. കടുത്ത നിയമങ്ങള്‍ തന്നെയായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്.

ഇപ്പോള്‍ കഞ്ചാവിനെ നിയമ വിധേയമാക്കുന്നതിലൂടെ മരുന്ന് നിര്‍മ്മാണത്തിലും ആരോഗ്യ മേഖലയിലും വലിയ കുതിച്ച് ചാട്ടം നടത്താമെന്നാണ് മലേഷ്യന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നത്. കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലഹരി മരുന്ന് കൈവശം വയ്ക്കുന്നവര്‍ക്ക് വധ ശിക്ഷ അടക്കമുള്ള കടുത്ത നിയമങ്ങളാണ് നിലവില്‍ മലേഷ്യയിലുള്ളത്. ഇത്തരം നിയമങ്ങളെല്ലാം എടുത്തുകളയാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

പാശ്ചാത്യ രാജ്യങ്ങളില്‍ മരുന്ന് നിര്‍മാണത്തിനായി കഞ്ചാവ് നിയമവിധേയമാക്കിയിട്ടുള്ളത് മാതൃകയാക്കിയാണ് മലേഷ്യയുടെ ചുവട് വയ്പ്പ്. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തില്‍ ജല- പ്രകൃതി വിഭവ-ഭൂമി മന്ത്രി സേവ്യര്‍ ജയകുമാര്‍ ഇക്കാര്യത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കഞ്ചാവ് നിയമവിധേയമാക്കിയത് ചൂണ്ടികാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ അവതരണം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം കഞ്ചാവിനെ നിയമവിധേയമാക്കണമെന്ന് പറഞ്ഞ അദ്ദേഹം മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാതെ നോക്കണമെന്നും ആവശ്യപ്പെട്ടു. 

ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള കഞ്ചാവ് ഓയില്‍ കലര്‍ന്ന മരുന്ന് കൊണ്ടുവന്ന മുഹമ്മദ് ലക്മന്‍ എന്ന ഇരുപത്തിയൊമ്പത് കാരന് വധശിക്ഷ വിധിച്ചതോടെയാണ് മലേഷ്യയില്‍ വിഷയം വലിയ ചര്‍ച്ചയായി മാറിയത്. ആരോഗ്യ രംഗത്ത് കഞ്ചാവ് ഉപയോഗിക്കണമെന്ന ആവശ്യം ശക്തമായി മാറുകയായിരുന്നു. 1952 ലെ നിയമം അനുസരിച്ച് മലേഷ്യയില്‍ 200 ഗ്രാമില്‍ കുടുതല്‍ കഞ്ചാവ് കൈവശം വച്ചതിന് പിടിക്കപ്പെട്ടാല്‍ വധശിക്ഷ വരെ ലഭിക്കും. ഈ നിയമം പരിഷ്കരിച്ച് ആരോഗ്യ രംഗത്ത് ഉപയോഗിക്കാനായി മാത്രം കഞ്ചാവിനെ നിയമവിധേയമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. മരുന്ന് നിയമങ്ങള്‍ പരിഷ്കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് തന്നെ പ്രസ്താവന ഇറക്കിയതോടെ കഞ്ചാവ് നിയമവിധേയമാകാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് വ്യക്തമാകുന്നത്.