മനുഷ്യന്റെ ഇടപെടല്‍: മൃഗങ്ങളുടെ ജീവിതശൈലി മാറുന്നു
കാലിഫോര്ണിയ: നേപ്പാളിലെ കടുവകളും കാലിഫോര്ണിയയിലെ സാന്റാക്രൂസ് മലനിരകളിലെ ചെന്നായ്ക്കളും ഇപ്പോള് രാത്രി ഉറങ്ങാറില്ല. അവയുടെ ഉറക്കം പകലാണ്. ഇരപിടുത്തമാകട്ടെ, രാത്രിയിലും.
വര്ധിച്ചു വരുന്ന മനുഷ്യസാന്നിധ്യം സഹിക്കാനാവാതെ ജന്തുലോകത്ത് പല മൃഗങ്ങളും രാത്രിജീവികളായി തീരുന്നുവെന്നാണ് സയന്സ് മാഗസിനില് പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. തങ്ങളുടെ ആവാസവ്യവസ്ഥകളിലേക്കും വിഹാര കേന്ദ്രങ്ങളിലേക്കും കടന്നുകയറിയുള്ള മനുഷ്യന്റെ പ്രവൃത്തി അസഹനീയമായതാണ് മൃഗങ്ങള് അവരുടെ 'പകല് ലോകം' വെട്ടിച്ചുരുക്കി രാത്രി ലോകത്തിന്റെ ഭാഗമാകാന് തീരുമാനിച്ചതിനു പിന്നിലെന്ന് പഠനം പറയുന്നു.
ബെര്ക്ക്ലി സര്വകലാശാലയിലെ ഗവേഷകന് കെയ്റ്റ്ലിന് ഗെയ്നോറാണ് ഇത്തരമൊരു പഠനം നടത്തിയത്. ആറ് ഭൂഖണ്ഡങ്ങളിലെ 62 ജീവി വര്ഗ്ഗങ്ങളില് നടന്ന 72 ഓളം പഠനങ്ങളില് നിന്നാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചേര്ന്നതെന്ന് കെയ്റ്റ്ലിന് പറയുന്നു.
വിചിത്രവും രസകരവുമെന്നു ഒറ്റനോട്ടത്തില് തോന്നാമെങ്കിലും സസ്തനികളിലെ ഈ പെരുമാറ്റ വ്യതിയാനം ആഗോള ആവാസവ്യവസ്ഥയെ എങ്ങനെയാണു ബാധിക്കുക എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. നൂറ്റാണ്ടുകളുടെ പരിണാമപ്രക്രിയയുടെ ഭാഗമായി ഓരോ ജീവികളും സ്വായത്തമാക്കിയ ജീവിതശൈലികള് അവയ്ക്കോരോന്നിനുമുണ്ട്. മൂങ്ങയുടെ രാത്രി സഞ്ചാരവും കുയിലിന്റെ കാക്കക്കൂട്ടിലെ മുട്ടയിടലും എല്ലാം ഇത്തരത്തില് പരസ്പര പൂരകങ്ങളായി കിടക്കുന്നവയാണ്. ഓരോ പ്രവൃത്തിയ്ക്കും അതിന്റെതായ ധര്മ്മങ്ങള് പ്രകൃതിയോടും അതിന്റെ ആവാസ വ്യവസ്ഥയോടും നിര്വഹിക്കാനുണ്ട്. ലോകത്തിന്റെ നിലനില്പ്പിനെ തന്നെ ബാധിക്കുന്നവയാണ് അവയോരോന്നും. 6.5 കോടി വര്ഷങ്ങള്ക്കു മുമ്പാണ് സസ്തനികള് ഭൂമിയിലുണ്ടാകുന്നത്. അത്രയും പഴക്കമുള്ള അവരുടെ ശീലങ്ങളെയാണ് മനുഷ്യര് കടന്നു കയറ്റങ്ങളിലൂടെ മാറ്റിമറിക്കുന്നത്.
ഇവയുടെ ജീവിതശൈലികളില് വരുന്ന സമൂല മാറ്റങ്ങള് ആവാസവ്യവസ്ഥയില് എന്ത് പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. മനുഷ്യന്റെ സാന്നിധ്യത്തില് നിന്ന് രക്ഷപെടാന് പകല് കൂടുതല് സമയം ഉറങ്ങുകയും ഇരപിടുത്തമുള്പ്പെടെ ജോലികള് രാത്രിയിലേക്ക് പരമാവധി ചുരുക്കുകയുമാണ് ഇപ്പോള് മൃഗങ്ങള്. കടുവകള്, ആനകള്, ചെന്നായ്ക്കള് തുടങ്ങി വിവിധ മൃഗങ്ങള് ഈ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. ഇവയുടെയെല്ലാം ഉറക്ക ശീലങ്ങളെ മനുഷ്യസാന്നിധ്യം വന്തോതില് മാറ്റിമറിക്കുന്നുണ്ടെന്ന് പഠനം പറയുന്നു.
ജീവികള്ക്ക് അലോസരം തോന്നാന് മനുഷ്യന് അവരെ അക്രമിക്കുകയോ പെരുമാറുകയോ വേണമെന്നില്ല. മറിച്ച് മനുഷ്യന്റെ സാന്നിധ്യം തന്നെ അവരില് ഭയം സൃഷ്്ടിക്കുകയാണ് ചെയ്യുന്നത്. കരുത്ത് കൊണ്ട് മനുഷ്യനെ ജയിക്കാന് കഴിയുമ്പോള് പോലും ജന്തുവര്ഗത്തിലെ ഒട്ടുമിക്ക ജീവികള്ക്കും മനുഷ്യനോട് ഭയമാണ്. മനുഷ്യന്റെ നിഴലില് പോലും വരാന് പല ജീവികളും തയാറല്ല. ഇതുകൊണ്ടൊക്കെയാണ് മനുഷ്യ സാന്നിധ്യമുള്ള ഇടങ്ങളില് നിന്നും മൃഗങ്ങള് കൂട്ടത്തോടെ പിന്വലിക്കുകയും സൈ്വര്യവിഹാരങ്ങള്ക്ക് രാത്രി തെരഞ്ഞെടുക്കുകയും ചെയ്യുന്നത്. എന്നാല് മൃഗങ്ങള് ഇത്തരത്തില് രാത്രി സഞ്ചാരികളായി മാറുന്നത് തീര്ത്തും മോശമായ അവസ്ഥയല്ലെന്നും വാദങ്ങളുണ്ട്. ഒരുപക്ഷെ മനുഷ്യരും മൃഗങ്ങളും തമ്മിലെ സുഖകരമായ സഹവാസത്തിന്റെ സൂചനകളാവാം ഈ പെരുമാറ്റ വ്യതിയാനമെന്നാണ് ചിലരുടെ ഭാഷ്യം.
