നഗര ജീവിതത്തിന്‍റെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് വിയറ്റ്നാമീസ് കാടുകൾക്കുള്ളില്‍ വ്യത്യസ്ത ജീവിതം നയിക്കുന്ന ഒരു മനുഷ്യന്‍റെ ജീവിതം
നഗര ജീവിതത്തിന്‍റെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് വിയറ്റ്നാമീസ് കാടുകൾക്കുള്ളില്‍ വ്യത്യസ്ത ജീവിതം നയിക്കുന്ന ഒരു മനുഷ്യനുണ്ട്. ഒരു വർഷത്തെ വിചിത്രമെന്ന് തോന്നിക്കുന്ന ജീവിതം കൊണ്ട് അയാൾ നേടിയെടുത്തത് പലർക്കും അസാധ്യമെന്ന് തോന്നുന്ന ജീവിതമാണ്. ഒഴുകുന്ന ഒരു ഗ്രാമം തന്നെ അയാൾ സൃഷ്ടിച്ചു. അജ്ഞാതനായി തുടരാൻ അയാൾ ആഗ്രഹിക്കുന്നത് കൊണ്ടാണെന്ന് കരുതുന്നു, തടാകത്തില്‍ ഒഴുകുന്ന ഗ്രാമം നിർമ്മിച്ചയാളെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. മുളയുൾപ്പെടെയുള്ള മരങ്ങൾ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ പ്രാദേശികമായി ലഭ്യമായ പ്രകൃതി വിഭവങ്ങളെ പൂർണമായും ഉപയോഗിച്ചുകൊണ്ട് വെള്ളത്തിന് മുകളില്‍ ഒരു തറ നിര്‍മ്മിച്ച് ഒന്നിലധികം കുടിലുകൾ തീര്‍ത്തിരിക്കുകയാണ് അയാൾ. മരങ്ങളും ചെടികളും വെച്ചു പിടിപ്പിച്ചു. ദൂരക്കാഴ്ചയില്‍ തോന്നുക ഒരു കുഞ്ഞ് ദ്വീപ് ഒഴുകി നടക്കുന്നു എന്നാണ്.
ജീവനുള്ള ഒരു ചെറിയ എക്കോസിസ്റ്റമായാണ് ഈ ഗ്രാമം പ്രവർത്തിക്കുന്നത്. ഭക്ഷണവും താമസവും അതിജീവനവുമെല്ലാം വെള്ളത്തിന് മുകളില്‍ അനങ്ങിക്കൊണ്ട്. നഗരത്തിന്‍റെ തിരക്കുകളെ തന്ത്രപരമായി അതിജീവിക്കുക എന്നതായിരുന്നു ലക്ഷ്യം. വനപ്രദേശങ്ങളില്‍ കഴിഞ്ഞുകൂടാൻ ഈ അജ്ഞാതൻ തീരുമാനിക്കുന്നു. എന്നാല്‍ വിയറ്റ്നാമിന്‍റെ ഈർപ്പമുള്ള വനപ്രദേശങ്ങളിലെ പാമ്പ് ശല്യം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മറികടക്കാനാണ് തടാകത്തില്‍ ഒഴുകുന്ന ഒരു ഗ്രാമം എന്ന ആശയം നിലവില്‍ വന്നത്. നിർമ്മിതിയുടെ ഹൃദയം മുളയാണ്. പ്രദേശത്ത് സമൃദ്ധമായി ലഭ്യമായത്. മുളയുടെ ഭാരക്കുറവും ഉറപ്പും ഉപയോഗിച്ച് തടികൾ ഒരുമിച്ച് കെട്ടി യോജിപ്പിച്ച് ഉയർത്തിയ പ്ലാറ്റ്ഫോം രൂപപ്പെടുത്തി.ഫ്ലോർ, ഭിത്തികൾ, മേൽക്കൂര എന്നിവയ്ക്ക് മുള ഉപയോഗിച്ചു. പരമ്പരാഗത പ്രാദേശിക മരപ്പണി സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരുന്നു നിർമാണം.
ഒറ്റമുറിയില്‍ തുടങ്ങിയ നിര്‍മിതി പിന്നാലെ മാസങ്ങൾ കൊണ്ട് വലുതാവുകയായിരുന്നു. കായ്കൾ ഉണ്ടാകുന്ന ചെറിയ ചെടികളും അടുക്കളയും വിശ്രമിക്കാനുള്ള ഇടവും ജൈവമാലിന്യം നിർമ്മാർജനം ചെയ്യാനുള്ള സൗകര്യവുമുൾപ്പെടെ വിധഗ്ദമായാണ് നിർമ്മാണ പ്രവർത്തനം നടത്തിയിട്ടുള്ളത്. വൈദ്യുതിയോ മോട്ടറുകളോ യന്ത്ര ഉപകരണങ്ങളോ ഉപയോഗിക്കാതെയാണ് ഇവിടുത്തെ ജീവിതം. പരിസ്ഥിതിയുമായി പരമാവധി അടുത്തിടപഴകുകയാണ് ലക്ഷ്യം. ഒന്നും പാഴാക്കുന്നില്ല. എല്ലാം പുനരുപയോഗിക്കുകയോ ഉൽപ്പാദന ചക്രത്തിലേക്ക് പുനരേകീകരിക്കുകയോ ചെയ്യുകയാണ്. വെള്ളത്തില്‍ തന്നെ പൊങ്ങിക്കിടക്കുന്നതിനാൽ അസ്ഥിരമായ ഭൂപ്രദേശം, അമിത ഈർപ്പം, പ്രാണികൾ എന്നിവയിൽ നിന്ന് രക്ഷനേടാം. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ സ്ഥിരമായ വിളവെടുപ്പ് ഉറപ്പാക്കിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മീൻപിടുത്തത്തെ ആശ്രയിക്കുന്നത് കുറവാണ്.
ഒരു കൗതുകത്തിനപ്പുറം, വിയറ്റ്നാമിൽ നിർമ്മിച്ച വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ ഗ്രാമം ആധുനിക സിസ്റ്റത്തിന് പുറത്തുള്ള ജീവിതത്തിന്റെ ഒരു തീവ്രമായ പരീക്ഷണമായി പ്രവർത്തിക്കുന്നു. പരമ്പരാഗത സാങ്കേതികവിദ്യകളുടെ ഉപയോഗം, വൈദ്യുതി, യന്ത്രങ്ങൾ തുടങ്ങിയവയെ ആശ്രയിക്കാതെ അതിജീവനം സാധ്യമാണെന്ന് കാണിക്കുക കൂടെയാണ് പേരുവെളിപ്പെടുത്താത്ത ഈ മനുഷ്യൻ.



