Asianet News MalayalamAsianet News Malayalam

ഭാര്യയുമായി വഴക്കിട്ടു, വീട്ടിൽ നിന്നിറങ്ങി നടന്നു തീർത്തത് 420 കിലോമീറ്റർ

ഒരാഴ്ച മുമ്പ് താൻ ഭാര്യയുമായി വഴക്കിട്ടുവെന്നും തല ചൂടുപിടിച്ചപ്പോൾ ഒന്ന് നടക്കാൻ ഇറങ്ങിയതാണെന്നും ഇയാൾ പറഞ്ഞു. ഒരു തരത്തിലുള്ള വാഹനവും ഉപയോഗിക്കാതെ, ആ മനുഷ്യൻ വെറും ഏഴു ദിവസത്തിനുള്ളിൽ 420 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു. 

Man goes for a walk following a row with wife, covered 420 kilometers
Author
Italy, First Published Dec 5, 2020, 2:14 PM IST

ഭാര്യയുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയ ഒരാൾ നടന്ന് തീർത്തത് 420 കിലോമീറ്റർ. ഒരാഴ്ച മുഴുവൻ അയാൾ ആ നടത്തം തുടർന്നു. ഇറ്റലിയിലെ മിലാന് വടക്ക് നഗരമായ കോമോയിലാണ് സംഭവം. പേര് വെളിപ്പെടുത്താത്ത 48 -കാരൻ കഴിഞ്ഞ മാസം ഒരു ദിവസം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് രോഷാകുലനായി. തലപെരുത്ത അയാൾ ശാന്തനാകാനായി ഒന്ന് നടന്നു വരാമെന്ന ചിന്തയിൽ വീട് വിട്ടിറങ്ങി. എന്നാൽ അയാൾ ആ നടത്തം നിർത്തിയത് ഒരാഴ്ച കഴിഞ്ഞാണ്.  

420 കിലോമീറ്ററോളം നടന്ന അദ്ദേഹത്തെ ഒരാഴ്ചയ്ക്ക് ശേഷം, അഡ്രിയാറ്റിക് തീരത്തുള്ള ഗിമാരയിൽ ഒരു പൊലീസ് പട്രോളിംഗ് കാർ തടയുകയായിരുന്നു.  ഇറ്റലിയിൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ആളുകൾ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസുകാർ ഗിമാറയിലെ തെരുവുകളിൽ പട്രോളിംഗ് നടത്തുകയായിരുന്നു. അപ്പോഴാണ് രാവിലെ രണ്ട് മണിക്ക് ഒറ്റയ്ക്ക് ഒരു മനുഷ്യൻ നടക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. അവർ കാർ നിർത്തി, ചോദ്യങ്ങൾ ചോദിക്കുകയും, പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അയാളുടെ ഭാര്യ അയാളെ കാണാത്തതിന്റെ പേരിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ ഘട്ടത്തിലാണ് ആ മനുഷ്യൻ തന്റെ ഇതിഹാസ നടത്തത്തിന്റെ കഥ പറഞ്ഞത്.

ഒരാഴ്ച മുമ്പ് താൻ ഭാര്യയുമായി വഴക്കിട്ടുവെന്നും തല ചൂടുപിടിച്ചപ്പോൾ ഒന്ന് നടക്കാൻ ഇറങ്ങിയതാണെന്നും ഇയാൾ പറഞ്ഞു. ഒരു തരത്തിലുള്ള വാഹനവും ഉപയോഗിക്കാതെ, ആ മനുഷ്യൻ വെറും ഏഴു ദിവസത്തിനുള്ളിൽ 420 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു. അതായത് അയാൾ ഒരു ദിവസം ശരാശരി 60 കിലോമീറ്ററോളം നടന്നു കാണണം. “ഞാൻ ഒരു വാഹനവും ഉപയോഗിച്ചിട്ടില്ല. ഈ ദിവസങ്ങളിലെല്ലാം വഴിയിൽ കണ്ട കുറെ നല്ല ആളുകളാണ് എനിക്ക് ഭക്ഷണവും വെള്ളവും നൽകിയത്. അൽപ്പം ക്ഷീണമുണ്ടെന്നതൊഴിച്ചാൽ, എനിക്ക് കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ല” അയാൾ പറഞ്ഞു. അയാളുടെ അസാധാരണമായ ഈ വിശദീകരണം കേട്ട പൊലീസ് അയാളുടെ പേരിൽ കേസൊന്നും എടുക്കാതെ വിട്ടയച്ചു. പക്ഷേ കർഫ്യൂ ലംഘിച്ചതിന് 35,000 രൂപ പിഴ ഈടാക്കിയിട്ടാണ് അവർ അയാളെ വിട്ടത്.  

Follow Us:
Download App:
  • android
  • ios