ഇന്ത്യൻ ഹെർപറ്റോളജിസ്റ്റ് നീലം കുമാർ ഖൈറിന്റെ പേരിൽ വളരെ രസകരമായ ഒരു റെക്കോർഡുണ്ട്. അദ്ദേഹം എഴുപത്തിരണ്ടോളം വിഷമുള്ള പാമ്പുകൾക്കൊപ്പം 72 മണിക്കൂർ ഒരു ചില്ലുകൂടിനുള്ളിൽ ചെലവഴിച്ചു. എന്തിനാണെന്നോ? പ്രകോപിപ്പിക്കുമ്പോൾ മാത്രമേ പാമ്പുകൾ കടിക്കുകയുള്ളൂവെന്ന് തെളിയിക്കാൻ. ഈ പ്രവൃത്തിയിലൂടെ അദ്ദേഹം ഒരു ഗിന്നസ് റെക്കോർഡും നേടിയെടുത്തു.  

1980 -കളിലാണ് സംഭവം. ഇത് നടക്കുന്നതിന് ഒരുവർഷം മുൻപ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ പതിനെട്ടോളം ഉഗ്രവിഷമുള്ളതും, ആറ് അല്പം മാത്രം വിഷമുള്ളതുമായ പാമ്പുകളുമായി 50 മണിക്കൂർ ചെലവിട്ട് പീറ്റർ സ്നെമാരിസ് എന്നൊരാൾ റെക്കോർഡ് സ്ഥാപിക്കുകയുണ്ടായി. എന്നാൽ, പാമ്പുകളുടെ നാടായ ഇന്ത്യയ്ക്കാണ് ഈ റെക്കോർഡിന് കൂടുതൽ അർഹത എന്ന് തോന്നിയ നീലം അത് നേടിയെടുക്കാൻ ആഗ്രഹിച്ചു. പൊലീസിനെപ്പോലുള്ള പ്രാദേശിക അധികാരികളുടെ എതിർപ്പ് അദ്ദേഹം അവഗണിച്ചു. അവർ അദ്ദേഹത്തെ ഗൗരവമായി എടുക്കുകയോ പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കുകയോ ചെയ്തില്ല. എന്നിട്ടും 1980 ജനുവരി 20 -ന് നീലം കുമാർ എഴുപത്തിരണ്ടോളം വിഷമുള്ള പാമ്പുകളുമായി ഒരു ഗ്ലാസ് കൂടിനുള്ളിൽ കഴിഞ്ഞു.  

തന്റെ ഇരുപതുകളുടെ തുടക്കത്തിൽ ബോംബെക്ക് സമീപമുള്ള മാത്തേരനിൽ ഒരു ഹോളിഡേ ഹോമിന്റെ മാനേജരായി ജോലി ചെയ്യുമ്പോഴാണ് നീലം കുമാറിന് പാമ്പുകളോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. പാമ്പുകൾ ഒരുപാടുള്ള സ്ഥലമായിരുന്നു അത്. സ്റ്റാഫിലെ മറ്റ് അംഗങ്ങൾ കാഴ്ചയിൽ തന്നെ അവരെ കൊന്നൊടുക്കിയെങ്കിലും, അദ്ദേഹത്തിന് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ല. “മാത്തേരനിലെ എന്റെ സ്ഥലത്ത് പാമ്പുകൾ പതിവായിരുന്നു. അത്തരം മനോഹരമായ ജീവികളെ കൊല്ലുന്നത് ഞാൻ വെറുത്തു. അവയിൽ ഭൂരിഭാഗവും നിരുപദ്രവകാരികളായിരുന്നു. അതിനാൽ ഞാൻ അവയെ പിടിച്ച് സഹ്യാദ്രി കുന്നുകളിൽ വിട്ടയക്കാൻ തുടങ്ങി. ഒരിക്കൽ ഞാൻ ഒരു പാമ്പിനെ പിടിച്ച് ബോംബെയിലെ ഹാഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയി. വിഷമുള്ള അവയെ ഈ വിധത്തിൽ കൊണ്ടുപോകുന്നത് വളരെ അപകടകരമാണെന്ന് എല്ലാവരും എന്നോട് പറഞ്ഞു. എന്നാൽ, ഈ സംഭവം എന്റെ ധൈര്യം വർദ്ധിപ്പിക്കുകയും പാമ്പുകളോടുള്ള സ്നേഹം കൂട്ടുകയും ചെയ്തു” അദ്ദേഹം ഇന്ത്യാ ടുഡേയോട് പറഞ്ഞു. 

നിലം കുമാറും 72 പാമ്പുകളും (27 മോണോസെല്ലേറ്റ് കോബ്രകൾ, 24 റസ്സലിന്റെ വൈപ്പറുകൾ, ഒൻപത് ബൈനോസലേറ്റ് കോബ്രകൾ, എട്ട് ബാൻഡഡ് ക്രെയ്റ്റുകൾ, നാല് സാധാരണ പാമ്പുകൾ) ഗ്ലാസ് കൂടിനകത്ത് മൂന്ന് പകലും രാത്രിയും ചിലവഴിച്ചു. 72 മണിക്കൂർ കഴിഞ്ഞപ്പോൾ നീലം കുമാർ പഴയ റെക്കോർഡ് തകർത്ത് ഗിന്നസ് റെക്കോർഡിൽ ഇടം നേടി. എന്നാൽ, അത് അദ്ദേഹത്തിന്റെ സാഹസികതയുടെ തുടക്കം മാത്രമായിരുന്നു. അദ്ദേഹം തന്റെ വീട്ടുമുറ്റത്ത് ഒരു ചെറിയ സ്‌നേക്ക് പാർക്ക് സ്ഥാപിച്ചു. പിന്നീട് 1986 -ൽ പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ സഹായത്തോടെ വലിയ രീതിയിൽ അദ്ദേഹം കത്രാജ് സ്നേക്ക് പാർക്ക് സൃഷ്ടിച്ചു, ഇത് ഇപ്പോൾ രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക് എന്നറിയപ്പെടുന്നു.  

ഒരു അനിമൽ അനാഥാലയം ആരംഭിച്ച ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു നീലം കുമാർ. തന്റെ ജീവിതം മുഴുവൻ മൃഗങ്ങൾക്കായി അദ്ദേഹം സമർപ്പിച്ചു. പ്രകൃതിയെയും പരിസ്ഥിതിയെയും ബഹുമാനിക്കാൻ ഒരു പുതിയ തലമുറയെ പ്രചോദിപ്പിക്കാൻ അദ്ദേഹം ഇന്നും ശ്രമിക്കുന്നു. അതിനായി അദ്ദേഹം  Uttara School of Environment, Rural Development and Extension സ്ഥാപിക്കുകയും ചെയ്‌തു.