ബീജിംങ്: സ്കൂളിൽ പൊങ്ങച്ചം കാട്ടാനായി വിദ്യാർത്ഥികൾ ഐഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നിരുന്ന കാലത്താണ് സിയോവേ വാങിനും തനിക്ക് ഒരു ഐഫോണ്‍ വേണമെന്ന മോഹമുദിച്ചത്. എന്നാൽ ഫോൺ വാങ്ങാനുള്ള പണം തന്റെ കൈവശമില്ലാതിരുന്നതിനാൽ സിയോവേ കണ്ടെത്തിയ മാർ​ഗമായിരുന്നു രണ്ടു കിഡ്‌നികളില്‍ ഒരെണ്ണം വിൽക്കുകയെന്നത്. തുടർന്ന് വൃക്കദാനത്തിനായി ചൈനയിലെ ഒരു ആശുപത്രിയെ സമീപിക്കുകയും ചെയ്തു. 

ശസ്ത്രക്രിയക്ക് ശേഷം മറ്റ് പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലെന്നും  എല്ലാം കഴിഞ്ഞ് സാധാരണപോലെ തന്നെ ജീവിതം നയിക്കാമെന്നും സിയാവോ വാങിനെ ആശുപത്രി അധികൃതർ അറിയിച്ചു. 2,22640 രൂപയാണ്  ശസ്ത്രക്രിയയ്ക്ക് വിധേയനായ സിയാവോ വാങിന് പ്രതിഫലം കിട്ടിയത്. വാങിന്റെ ആ​ഗ്രഹ പ്രകാരം  ഐഫോണ്‍ 4 ഫോണുകളില്‍ ഒന്ന് ഇതിലൂടെ  സ്വന്തമാക്കാനുമായി. പക്ഷേ ജീവിതം വെച്ചുള്ള ചൂതാട്ടത്തിനിടയില്‍  നല്ല വില കിട്ടിയെങ്കിലും വാങ് വിധേയനായ ശസ്ത്രക്രിയ അത്ര വിജയകരം ആയിരുന്നില്ലെന്ന് മാത്രം. ആ ശസ്ത്രക്രിയ വാങിനെ ശിഷ്ടജീവിതം കിടക്കയില്‍ തന്നെ കിടത്തി. ശസ്ത്രക്രിയയെ തുടര്‍ന്ന് ഉണ്ടായ മുറിവ് ഉണങ്ങിയില്ല എന്നതായിരുന്നു അതിന് കാരണം.

മുറിവിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് അടുത്ത വൃക്കയിലേക്ക് കൂടി പിടിച്ചതോടെ ജീവിക്കാന്‍ നിരന്തരം ഡയാലിസിസിന് വിധേയമാകേണ്ട സ്ഥിതിയില്‍ വാങിനെ എത്തിച്ചു. വിവരം അറിയാൻ മാതാപിതാക്കള്‍ വൈകിയതിനാൽ വലിയ ചികിത്സ നടത്തേണ്ട സ്ഥിതിയിലാണ്. സാധാരണക്കാരായ മാതാപിതാക്കൾക്ക് മകന്റെ ചികിത്സാ ചെലവ് താങ്ങുന്നതിലും അപ്പുറമാണ്. മകന്റെ കാര്യത്തില്‍ ഇപ്പോള്‍ മാതാപിതാക്കള്‍ വലിയ പ്രതിന്ധിയില്‍ ആയിട്ടുണ്ട്.

ചൈനയിലെ കുട്ടികള്‍ ആപ്പിള്‍ ഐ ഫോണിന്റെ കടുത്ത ആരാധകരാണ്. പൈപ്പര്‍ ജെഫ്രി 2017 ല്‍ നടത്തിയ ഒരു സര്‍വേയില്‍ അടുത്ത ഫോണ്‍ ഐഫോണ്‍ ആയിരിക്കുമെന്നാണ് ചൈനയിലെ 82 ശതമാനം കുട്ടികള്‍ പറഞ്ഞത്. ഏഴു വര്‍ഷം മുൻമ്പ് 17 വയസ്സുള്ളപ്പോള്‍ ആയിരുന്നു ഒരു കിഡ്‌നി കൊടുത്ത് വാങ് ഐഫോണ്‍ 4 സ്വന്തമാക്കിയത്.


Read More  ഐഫോണ്‍ ഉപയോഗിക്കുന്നയാളാണോ എന്നാല്‍ ചൈനയില്‍ സ്ഥാനക്കയറ്റമില്ല