സിനിമയില്‍ ആ രംഗങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് സംവിധായകന്‍ അവ പിന്നീട് ഒഴിവാക്കുകയായിരുന്നു. അത് നശിപ്പിക്കപ്പെട്ടുവെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ അരനൂറ്റാണ്ടിനുശേഷം അവ അപ്രതീക്ഷിതമായി കണ്ടെത്തുകയായിരുന്നു

ലോസ് ഏഞ്ചല്‍സ്: അമേരിക്കന്‍ നടിയും മോഡലുമായ മെര്‍ലിൻ മൺറോയുടെ 'ദ മിസ് ഫിറ്റെ'ന്ന ചിത്രത്തിലെ നഗ്നദൃശ്യങ്ങള്‍ കണ്ടെത്തി. നഷ്ടപ്പെട്ടുവെന്ന് കരുതിയ ദൃശ്യങ്ങളാണ് ലഭിച്ചത്. ജോണ്‍ ഹൂസ്റ്റണായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്.

1961ലാണ് സിനിമ ചിത്രീകരിക്കുന്നത്. രംഗത്തില്‍ ബെഡ് ഷീറ്റ് പുതച്ചു കൊണ്ടുവന്ന മെര്‍ലിൻ പെട്ടെന്ന് അത് മാറ്റി നഗ്നയാവുകയായിരുന്നു. ക്ലാര്‍ക്ക് ഗേബിളുമായുള്ള പ്രണയരംഗങ്ങളായിരുന്നു ആ സമയം ചിത്രീകരിച്ചുകൊണ്ടിരുന്നത്. 

സിനിമയില്‍ ആ രംഗങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് സംവിധായകന്‍ അവ പിന്നീട് ഒഴിവാക്കുകയായിരുന്നു. അവ നശിപ്പിക്കപ്പെട്ടുവെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ അരനൂറ്റാണ്ടിനുശേഷം അവ അപ്രതീക്ഷിതമായി കണ്ടെത്തുകയായിരുന്നു. മെര്‍ലിൻ മൺറോയെ കുറിച്ച് പുസ്തകമെഴുതുന്ന ചാള്‍സ് കാസിലോ ആണ് ഈ ദൃശ്യങ്ങള്‍ കണ്ടെടുക്കുന്നത്. 'മെര്‍ലിൻ മൺറോ: ദ പ്രൈവറ്റ് ലൈഫ് ഓഫ് എ പബ്ലിക് ഐക്കണ്‍' (Marilyn Monroe: The Private Life of a Public Icon) എന്ന പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് കാസിലോ.

'മിസ് ഫിറ്റി'ന്‍റെ പ്രൊഡ്യൂസര്‍ ഫ്രാങ്ക് ടൈലറുടെ മകന്‍ കര്‍ട്ടിസ് ടൈലറിന്‍റെ അടുത്താണ് ദൃശ്യങ്ങളുണ്ടായിരുന്നത്. കാസിലോ അദ്ദേഹത്തെ ഇന്‍റര്‍വ്യൂ ചെയ്യുമ്പോഴാണ് 1999 അച്ഛന്‍ മരിച്ച ശേഷം താന്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു ദൃശ്യമുണ്ടെന്ന് കര്‍ട്ടിസ് ടൈലര്‍ വെളിപ്പെടുത്തിയത്. 

അതിന് വളരെ പ്രാധാന്യമുണ്ടെന്ന് കരുതിയാണ് അത് സൂക്ഷിച്ചുവച്ചതെന്നും കര്‍ട്ടിസ് ടൈലര്‍ പറഞ്ഞു. ''അങ്ങനെയൊരു നഗ്നരംഗം സ്ക്രിപ്റ്റിലുണ്ടായിരുന്നില്ല. കൂടുതല്‍ സ്വാഭാവികത തോന്നാന്‍ പക്ഷെ, ആ രംഗം വന്നപ്പോള്‍ മണ്‍റോ ബെഡ്ഷീറ്റ് മാറ്റുകയായിരുന്നു. അത് കണ്ട് ചുറ്റുമുള്ളവര്‍ ഞെട്ടിയിരുന്നു.''

ആര്‍തര്‍ മില്ലറാണ് മിസ് ഫിറ്റിന്‍റെ തിരക്കഥ തയ്യാറാക്കിയിരുന്നത്. മണ്‍റോയുടെ ഭര്‍ത്താവായിരുന്നു മില്ലര്‍. മണ്‍റോയുടെ പൂര്‍ത്തിയായ സിനിമകളില്‍ അവസാനത്തേതാണ് മിസ് ഫിറ്റ്. 

36ആമത്തെ വയസിലാണ് മെര്‍ലിൻ മണ്‍റോ മരിക്കുന്നത്. അവസാന കാലത്ത് രോഗം, വ്യക്തിപരമായ പ്രശ്നങ്ങൾ എന്നിങ്ങനെ പല പ്രശ്നങ്ങളുണ്ടായിരുന്നു അവര്‍ക്ക്. അധികമായ അളവിൽ മരുന്ന് കഴിച്ചതുകൊണ്ടുണ്ടായ മരണത്തിന്‍റെ സാഹചര്യം പലതരത്തിലുള്ള ചര്‍ച്ചകള്‍ക്കും കാരണമായിത്തീര്‍ന്നിരുന്നു. 1999-ൽ മൺറോയെ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് എക്കാലത്തേയും ആറാമത്തെ മികച്ച വനിതാ ചലച്ചിത്രതാരമായി തിരഞ്ഞെടുത്തു. 2009-ൽ ടി.വി. ഗൈഡ് നെറ്റ്‌വർക്ക് മരിലിനെ എക്കാലത്തെയും ചലച്ചിത്രങ്ങളിലെ ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുത്തിരുന്നു.