1994 ലാണ് ചാരക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.  ചാരവനിത എന്ന ലേബല്‍ ചാര്‍ത്തി കസ്റ്റഡിയിലെടുത്തമാലിദ്വീപ് സ്വദേശി മൂന്നരവര്‍ഷത്തിന് ശേഷമാണ് പുറംലോകം കണ്ടത്

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞ് രണ്ട് ദിവസം കഴിയുമ്പോഴാണ് വിവാദങ്ങളില്‍ മുഴങ്ങി കേട്ട മറിയം റഷീദയുടെ പ്രതികരണം പുറത്തുവരുന്നത്. കാല്‍ നൂറ്റാണ്ടോളം വേട്ടയാടിയ ചാരക്കേസില്‍ നിന്ന് വിമുക്തയായതിന്‍റെ ആശ്വാസത്തെക്കാള്‍ നേരിട്ട പീഡനത്തെക്കുറിച്ചാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്.

കേരള പൊലീസിനും ഐബിക്കുമെതിരെ അതി രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട മറിയം റഷീദ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള പടപ്പുറപ്പാടിലാണ്. പൊലീസിനും ഐബിക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് പറയുന്ന അവര്‍ പീഡനങ്ങള്‍ എന്തിന് വേണ്ടിയായിരുന്നെന്നും ഇതാദ്യമായി പ്രതികരിച്ചു.

നമ്പി നാരായണന്റെ പേര് പറയണമെന്നാതായിരുന്നു അവരുടെ ആവശ്യം. കൃത്യമായ തീരുമാനങ്ങളോടെയാണ് പൊലീസും ഐബിയും
നീങ്ങിയതെന്ന് ഉറപ്പായിരുന്നു. നമ്പി നാരായണന്‍റെ പേര് പറയിക്കാനായി കസ്റ്റഡിയില്‍ ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയത്. ടൈംസ് ഓഫ്
ഇന്ത്യയാണ് മറിയം റഷീദയുടെ പ്രതികരണം പുറത്തുവിട്ടത്.

1994 ലാണ് ചാരക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ചാരവനിത എന്ന ലേബല്‍ ചാര്‍ത്തി കസ്റ്റഡിയിലെടുത്ത മാലിദ്വീപ് സ്വദേശി മൂന്നര
വര്‍ഷത്തിന് ശേഷമാണ് പുറംലോകം കണ്ടത്. മാലിയില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച് സമയമായതിനാലാണ് ഇന്ത്യയിലേക്ക് വന്നത്. ചികിത്സക്കായാണ് എത്തിയത്. എന്നാല്‍ ഇന്ത്യയില്‍ നേരിടേണ്ടിവന്നത് അതിക്രൂരമായ അനുഭവമായിരുന്നു. 

ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവന്‍ സിബി മാത്യൂസ്, സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്‌റായിരുന്ന എസ്.വിജയന്‍ എന്നിവരെ പേരെടുത്ത് പറഞ്ഞാണ് മറിയം റഷീദ വിമര്‍ശിച്ചത്. തന്നെയും ഫൗസിയ ഹസനെയും ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് ഇവരായിരുന്നു. മാലിദ്വീപിൽ പ്ലേഗ്​ ബാധ കാരണം നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് അറിയിച്ചപ്പോള്‍ ഇന്‍സ്‌പെക്‌ടര്‍ വിജയന്‍ പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കുകയായിരുന്നു.

18 ദിവസം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ അനധികൃതമായി താമസിച്ചെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അപ്പോഴൊന്നും കേസിന്‍റെ ഗൗരവം അറിയില്ലായിരുന്നു. കസ്റ്റഡില്‍ വച്ച് ഏറ്റവും കൂടുതല്‍ മര്‍ദ്ദിച്ചത് വിജയനായിരുന്നു. ഐബിയിലെയടക്കം പല ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവരുടെയും പേരുകള്‍ അറിയില്ല. വിജയന്‍റെ ഉദ്ദേശം ഉദ്യോഗത്തിലെ സ്ഥാനകയറ്റമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും മറിയം റഷീദ വ്യക്തമാക്കി.

ഇന്ത്യയില്‍ അനുഭവിക്കേണ്ടിവന്ന പീഡനം ഇപ്പോഴും ഭയപ്പെടുത്തുന്നതാണ്. തനിക്ക് കേസ് കൊടുക്കാനാകുമെന്ന് അറിയില്ലായിരുന്നു. എന്നാല്‍
സുപ്രീം കോടതി വിധിയോടെ കേസ് നല്‍കാനാകുമെന്ന് മനസ്സിലായതായും അവര്‍ വ്യക്തമാക്കി. സിബി മാത്യൂസ്, എസ്.വിജയന്‍ എന്നിവര്‍ക്കും കേരള പൊലീസിനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കസ്റ്റഡി പീഡനത്തിന് കേസ് നല്‍കുമെന്നും മറിയം റഷീദ പറഞ്ഞു.

25 വര്‍ഷത്തോളം പീഡനം നേരിടേണ്ടിവന്ന നമ്പിനാരായണന് 50 ലക്ഷം മതിയായ നഷ്ടപരിഹാരമല്ല. ജോലി നഷ്ടപ്പെട്ടെന്ന് മാത്രമല്ല ഇത്രയും കാലം നാണംകെട്ട് ജീവിക്കേണ്ടി വന്നെന്നും അവര്‍ ചൂണ്ടികാട്ടി.