ലൈംഗിക അതിക്രമ അനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു പറയുമ്പോൾ അതിജീവിച്ച പലർക്കും മാനസിക ആഘാതവും സൃഷ്ടിച്ചേക്കാം. തങ്ങൾ അഭിമുഖീകരിച്ച ആ ദുരനുഭവങ്ങളുടെ നിമിഷങ്ങൾ ദൃശ്യങ്ങൾ കണക്കെ വീണ്ടും മനസിലെത്തിയേക്കാം.
കടുത്ത വേദനയിലൂടെയാണ് കടന്നു പോകേണ്ടി വരുന്നുണ്ടാവുക. ഈ വേദന ഒറ്റക്ക് കടിച്ചു പിടിച്ചു സഹിക്കുക അരുത്. കൂട്ടുകാരുടെ, പ്രിയപ്പെട്ടവരുടെ പിന്തുണ തേടാൻ മടിക്കരുത്. അരക്ഷിതത്വം തോന്നുന്നുവെങ്കിൽ നിങ്ങൾക്ക് ഏറ്റവും വിശ്വസ്തത തോന്നുന്ന ഒരാൾക്കൊപ്പം സമയം ചെലവിടാൻ ശ്രമിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെയോ സംരംഭങ്ങളുടെയോ പിന്തുണ തേടുക. അതിജീവിച്ചവർക്ക് പരിഗണന നൽകി സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങളോടെ അത്തരത്തിൽ പിന്തുണ നൽകുന്നുണ്ട്.

'മീറ്റൂ' മുന്നേറ്റത്തിന്‍റെ മൂന്നാം ഘട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യയിപ്പോൾ. മുൻതവണത്തേക്കാൾ കരുത്തോടെ കൂടുതൽ സ്ത്രീകൾ തുറന്നു പറച്ചിലുകളുമായി മുന്നോട്ടുവരുന്നു. ‘പ്രമുഖൻ’മാരും, പുരോഗമന പ്രാസംഗികരുമായ പല എഴുത്തുകാരും മാധ്യമപ്രവർത്തകരും കലാകാരും ലൈംഗികമായി നടത്തിയ കടന്നുകയറ്റത്തിന്‍റെയും, അതിക്രമങ്ങളുടെയും നേരനുഭവം തുറന്നു പറയുന്നു അവർ. അക്കാദമിക മേഖലയിലെ ലൈംഗിക അതിക്രമകാരികളുടെ പട്ടിക (LoSHA) കഴിഞ്ഞ വർഷം റയ സർക്കാർ പുറത്തുവിട്ടതോടെയാണ് ഇന്ത്യയിൽ ഈ മുന്നേറ്റത്തിന് ആരംഭമാവുന്നത്. ഇന്ത്യൻ സ്ത്രീവാദ പ്രസ്ഥാനത്തെ സംബന്ധിച്ച് ഏറെ പ്രതീക്ഷാനിർഭരമായ ഘട്ടമാണിതെങ്കിലും ലൈംഗിക കൈയേറ്റങ്ങൾ നേരിടേണ്ടി വന്ന ചിലരെയെങ്കിലും ഇത് പരവശരാക്കുകയും ചെയ്യുന്നുണ്ട്.
ലൈംഗിക അതിക്രമ അനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു പറയുമ്പോൾ അതിജീവിച്ച പലർക്കും മാനസിക ആഘാതവും സൃഷ്ടിച്ചേക്കാം. തങ്ങൾ അഭിമുഖീകരിച്ച ആ ദുരനുഭവങ്ങളുടെ നിമിഷങ്ങൾ ദൃശ്യങ്ങൾ കണക്കെ വീണ്ടും മനസിലെത്തിയേക്കാം. നിന്‍റെ തെറ്റാണെന്ന കുറ്റപ്പെടുത്തലുകൾ, നിങ്ങൾക്കറിയാവുന്ന ഒരാൾ നേരിട്ട ലൈംഗിക അതിക്രമങ്ങൾ, നിങ്ങളെ അക്രമിച്ചയാൾ ചെയ്ത മറ്റ് ലൈംഗിക കൈയേറ്റങ്ങളെക്കുറിച്ചുള്ള അറിവുകൾ ഇവയെല്ലാം മാനസിക ആഘാതങ്ങൾക്ക് വഴിവെച്ചേക്കും.
എത്രകാലം മുമ്പ് സംഭവിച്ചതാണെങ്കിലും ദുരനുഭവങ്ങളുടെ ഓർത്തെടുക്കലും തുറന്നു പറച്ചിലും വേദനാകരമാവാം
അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടില്ലാത്തവർക്കു പോലും ഇത് സംഭവിക്കാം. നടുക്കുന്ന ചില അനുഭവങ്ങൾ കൂടുതലായി വായിക്കുകയോ കേൾക്കുകയോ ചെയ്യുമ്പോൾ പോലും സംഭവിക്കാവുന്നതാണിത്. ആരോഗ്യകരവും ശക്തവുമായ മുന്നേറ്റം ഉറപ്പാക്കുന്നതിന് ഓരോരുത്തരും ഒരൽപ്പം കരുതലുകളെടുക്കുന്നത് പ്രധാനമാണ്.
സന്നദ്ധമായിട്ടില്ലെങ്കിൽ ഇപ്പോൾ വേണ്ട
ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് മുന്നോട്ടു വരുന്ന ഘട്ടത്തിൽ ഈ മുന്നേറ്റത്തിനൊപ്പം നിൽക്കുന്നതും ഐക്യദാർഢ്യപ്പെടുന്നതും നിർണായകമായി തോന്നിയേക്കാം. എന്നാൽ, എത്രകാലം മുമ്പ് സംഭവിച്ചതാണെങ്കിലും ദുരനുഭവങ്ങളുടെ ഓർത്തെടുക്കലും തുറന്നു പറച്ചിലും വേദനാകരമാവാം. നിങ്ങൾ തുറന്നു പറയാൻ ഉദ്ദേശിക്കുന്നുവെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ വേദനക്കും നിങ്ങളുടെ അനുഭവങ്ങൾക്കും അതിന്‍റേതായ സാധുതയുണ്ട്. മാനസിക ആരോഗ്യം വിലയായി നൽകി തുറന്നു പറച്ചിൽ നടത്തേണ്ട ബാധ്യത നിങ്ങൾക്കില്ല.
വേണ്ട എന്ന് തോന്നുന്ന സമയത്ത് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുക
സമൂഹ മാധ്യമങ്ങളിൽ നിന്നു വിട്ടു നിൽക്കാം
ഓൺലൈനിൽ വരുന്ന ഇത്തരം കുറിപ്പുകളും അനുഭവങ്ങളും ഒരു പക്ഷെ പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാം. ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കിൽ നിങ്ങൾക്ക് അൺഫോളോ ചെയ്യാം, വാട്ട്സ്ആപ്പ് മ്യൂട്ട് ചെയ്തു വെക്കാം, ബ്ലോക്ക് ചെയ്യാം. അതിന്‍റെ പേരിലൊന്നും കുറ്റബോധം തോന്നേണ്ടതില്ല. വേണ്ട എന്ന് തോന്നുന്ന സമയത്ത് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുക, വേണം എന്ന് മനസു പറയുമ്പോൾ തിരിച്ചു വരാമല്ലോ
ആനന്ദം നൽകുന്നത് എന്താണെന്നു വെച്ചാൽ ചെയ്യുക
നിങ്ങൾക്ക് സന്തോഷം പകരുന്ന എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുക. കൂട്ടുകാരുമായി സംസാരിക്കുകയോ നന്നായൊന്ന് നടന്നു വരികയോ, ഒന്ന് ഉറങ്ങുകയോ പാചകം ചെയ്യുകയോ, ഓമന മൃഗങ്ങളുമായി സമയം ചെലവിടുകയോ ചെയ്യാം. ഇനി അൽപം ധ്യാനം വേണമെങ്കിൽ അതുമാവാം.
ഈ വേദന ഒറ്റക്ക് കടിച്ചു പിടിച്ചു സഹിക്കുക അരുത്
നിങ്ങൾ എവിടെയെന്ന് ഉറപ്പാക്കുക
വൈകാരികമായ ഇത്തരം ഉള്ളടക്കങ്ങളുമായി ഇടപഴകുന്നത് ഒരൽപ്പം സ്ഥലജലവിഭ്രമം സൃഷ്ടിച്ചേക്കാം. നമ്മൾ എവിടെയാണ് എന്ന് മറന്നു പോയേക്കാം, വർത്തമാന കാലവുമാണ് ബന്ധം മുറിഞ്ഞു പോകുന്നതായി തോന്നിയേക്കാം. അതു തിരിച്ചു പിടിക്കാനും നിങ്ങൾ അതിജയിച്ച് പുതുകാലത്തിലാണ് ജീവിക്കുന്നത് എന്നും മനസുകൊണ്ട് ഉറപ്പുവരുത്തുക. അതിനായി ചില ഗ്രൗണ്ടിങ് ടെക്നിക്കുകളും പ്രയോജനപ്പെടുത്താം.
വേദന ഒറ്റക്ക് സഹിക്കണ്ട
കടുത്ത വേദനയിലൂടെയാണ് കടന്നു പോകേണ്ടി വരുന്നുണ്ടാവുക. ഈ വേദന ഒറ്റക്ക് കടിച്ചു പിടിച്ചു സഹിക്കുക അരുത്. കൂട്ടുകാരുടെ, പ്രിയപ്പെട്ടവരുടെ പിന്തുണ തേടാൻ മടിക്കരുത്. അരക്ഷിതത്വം തോന്നുന്നുവെങ്കിൽ നിങ്ങൾക്ക് ഏറ്റവും വിശ്വസ്തത തോന്നുന്ന ഒരാൾക്കൊപ്പം സമയം ചെലവിടാൻ ശ്രമിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെയോ സംരംഭങ്ങളുടെയോ പിന്തുണ തേടുക. അതിജീവിച്ചവർക്ക് പരിഗണന നൽകി സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങളോടെ ആൾട്ടർനേറ്റിവ് സ്റ്റോറി അത്തരത്തിൽ പിന്തുണ നൽകുന്നുണ്ട്.
ഇതൊരൽപ്പം വെല്ലുവിളികൾ നിറഞ്ഞ സമയമാണ്. പക്ഷെ, നമ്മൾ അതിജീവിക്കുക തന്നെ വേണം. അവരവരോടും നമുക്കു ചുറ്റുമുള്ളവരോടും സഹാനുഭൂതിയോടെ (സഹതാപത്തോടെയല്ല) ഇടപഴകി നമ്മളതു സാധ്യമാക്കും. വേദനിക്കപ്പെട്ടവരേ, മറക്കാതിരിക്കുക തലകുനിച്ചു നിൽക്കേണ്ടത് നമ്മളല്ല, അവരാണ്, നമ്മുടെ ജീവിതത്തിനും ശരീരത്തിനും നേരെ അതിക്രമം കാണിക്കാൻ മുതിർന്ന അവർ, അവർ മാത്രം.
(ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ പഠനം പൂർത്തിയാക്കിയ അഹ്ല മാട്ര, ബംഗളുരുവിൽ ക്ലിനിക്കൽ സൈകോളജിസ്റ്റാണ്.)
