Asianet News MalayalamAsianet News Malayalam

പാബ്ലോ എസ്കോബാർ മരിച്ച് വർഷങ്ങൾ കഴിഞ്ഞു, മെഡെലിൻ നഗരത്തിന് ആ ഭൂതകാലത്തില്‍ നിന്നും മോചനം കിട്ടിയോ?

എസ്കോബാറിന്റെ സ്വാധീനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം താമസിച്ച മൊണാകോ കെട്ടിടം കഴിഞ്ഞ വർഷം മേയർ ഇടിച്ചു നിരത്തുകയുണ്ടായി.

Medellin still haunted by the memories of drug lord Pablo Escobar
Author
Medellín, First Published Jan 5, 2021, 12:27 PM IST
  • Facebook
  • Twitter
  • Whatsapp

അക്രമാസക്തമായ ഒരു ഭൂതകാലമുള്ള നഗരമാണ് മെഡെലിൻ. കുപ്രസിദ്ധമായ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാറിന്റെ ആസ്ഥാനമായിരുന്നു അത്. അയാൾ തന്റെ സാമ്രാജ്യം പടുത്തുയർത്തിയത് ആ മണ്ണിലാണ്. 1988 -ൽ ടൈം മാഗസിൻ ലോകത്തെ ഏറ്റവും അപകടകരമായ നഗരം എന്നാണ് മെഡെലിനെ വിശേഷിപ്പിച്ചത്. മയക്കുമരുന്ന് നേതാക്കൾ രാജാക്കന്മാരായി ജീവിച്ചിരുന്ന ഒരിടം. ജഡ്ജിമാരും പൊലീസുകാരും സ്ഥിരമായി വധിക്കപ്പെട്ടിരുന്നു അവിടെ. തെരുവുകളിൽ ചോര ഒഴുകി, അക്രമം ഭരിച്ചു, ആളുകൾ കൊല ചെയ്യപ്പെട്ടു. എന്നാൽ, ഇന്ന് സാഹചര്യങ്ങൾക്ക് കുറെയൊക്കെ മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി തെരുവുകളിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ കുറഞ്ഞു. നഗരം ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറി. അതിവേഗം വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥയും, ശക്തമായ നിയമവാഴ്ചയും അവിടെ ഉണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പക്ഷെ ഇന്നും നഗരം പൂർണമായും അതിന്റെ ഭൂതകാലത്തിൽ നിന്ന് മോചനം നേടിയിട്ടില്ല. നഗരത്തിലെ യുവാക്കളെ ആ ഇരുണ്ട ഭൂതകാലം ഇന്നും വേട്ടയാടുന്നു. 

ദരിദ്രനിൽ നിന്ന് ശതകോടീശ്വരനായി വളർന്ന, പാവപ്പെട്ടവർക്കായി വീടുകളും ആശുപത്രികളും പണിത എസ്കോബാറിന് ഒരു നായകന്റെ പരിവേഷമാണ്. അയാളുടെ നഗരം കാണാൻ വിനോദ സഞ്ചാരികൾ അവിടേയ്ക്ക് ഒഴുകി എത്തുന്നു. എന്നാൽ, അയാളോടുള്ള ഈ ആരാധന നഗരത്തിലെ യുവതലമുറയെ തെറ്റായി സ്വാധീനിക്കുന്നു എന്ന് മെഡെലിൻ നഗരത്തിലെ മേയർ ആശങ്കപ്പെടുന്നു. സമീപവർഷങ്ങളിൽ, മെഡെലിൻ അതിന്റെ അക്രമാസക്തമായ ഭൂതകാലത്തിൽ നിന്ന് തിരിച്ചുവരവ് നടത്തുകയുണ്ടായി. പല അന്താരാഷ്ട്ര അംഗീകാരങ്ങളും നഗരത്തെ തേടിവന്നു. എന്നിരുന്നാലും 25 ദശലക്ഷം ആളുകളുള്ള ഈ നഗരത്തിൽ എസ്‌കോബാറിന്റെ ഈ ചരിത്രം ഇന്നും നിഴൽ വീഴ്ത്തുന്നു. പ്രത്യേകിച്ചും മയക്കുമരുന്ന് സംഘത്തിൽ അകപ്പെട്ട 6,000 -ത്തോളം യുവാക്കളിൽ അതിന്റെ സ്വാധീനം അപകടകരമാംവിധം കൂടുതലാണ്. “ഞങ്ങൾ ഈ ഭയാനകമായ മാഫിയ സംസ്കാരം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു” മേയർ ഫെഡറിക്കോ ഗുട്ടിറസ് പറഞ്ഞു. “ഞങ്ങളുടെ നഗരത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആളുകളോട് ഞാൻ പറയും, നിങ്ങൾക്ക് സ്വാഗതം. പക്ഷേ ഞങ്ങളുടെ ഇരകളുടെ കഥയെ മാനിക്കുക. അവ ഇപ്പോഴും നിലവിലുണ്ട്. വളരെയധികം വേദന ഇപ്പോഴും ഇവിടെ ബാക്കിയുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു. 

Medellin still haunted by the memories of drug lord Pablo Escobar

എസ്കോബാറിന്റെ സ്വാധീനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി അയാൾ താമസിച്ച മൊണാകോ കെട്ടിടം കഴിഞ്ഞ വർഷം മേയർ ഇടിച്ചു നിരത്തുകയുണ്ടായി. അവിടെ അതിന് പകരമായി മയക്കുമരുന്ന് മാഫിയ കൊന്നൊടുക്കിയ ആളുകളുടെ ഓർമ്മയ്ക്കായി ഒരു സ്മാരകം പണികഴിപ്പിക്കാൻ അദ്ദേഹം പദ്ധതിയിടുന്നു. എന്തുകൊണ്ടാണ് മൊണാക്കോയെ നശിപ്പിക്കാൻ മേയർ തീരുമാനിച്ചതെന്ന ചോദ്യത്തിന്, നഗരത്തിന് പുതുജന്മം നല്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. എസ്‌കോബാറിന്റെ ഭീകരഭരണം മയക്കുമരുന്ന് വിൽപ്പനക്കാരെയും, സാധാരണ പൗരന്മാരെയും മാത്രമല്ല കൊന്നൊടുക്കിയത്, വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ച അക്കാദമിക്, കലാകാരന്മാർ, ജഡ്ജിമാർ, പത്രപ്രവർത്തകർ, രാഷ്ട്രീയക്കാർ, വ്യവസായികൾ അങ്ങനെ പലരുടെയും ജീവൻ ഇല്ലാതാക്കി. 

1983 -നും 1994 -നും ഇടയിൽ കൊളംബിയയിലെ മയക്കുമരുന്ന് അക്രമത്തിൽ 46,612 പേരാണ് കൊല്ലപ്പെട്ടത്. വിയറ്റ്നാമിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇത്. 1990 -കൾ മുതൽ അധികാരത്തിൽ വന്ന മെഡെലിനിലെ മേയർമാർ സാമൂഹിക, വിദ്യാഭ്യാസ പദ്ധതികളിലൂടെ മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനത്തെ ചെറുക്കാൻ കഠിനമായി പരിശ്രമിക്കുന്നു. പണ്ടത്തെ പോലെ ഇല്ലെങ്കിലും, ഇപ്പോഴും മയക്കുമരുന്ന് സംഘങ്ങളും, മയക്കുമരുന്ന് കടത്തുകാരും നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. മയക്കുമരുന്നിന്റെ നീണ്ട ചരിത്രം അവിടെ ജനങ്ങളുടെ മനസ്സിൽ നിന്നും, ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി മായ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഭരണാധികാരികൾ.  

Follow Us:
Download App:
  • android
  • ios