Asianet News MalayalamAsianet News Malayalam

യെമനിൽ കുട്ടികൾ പട്ടിണി കിടന്നു മരിക്കുന്നു, രാജ്യത്തെ തകർത്തെറിഞ്ഞ് മഹാമാരി...

അഞ്ചുവർഷത്തെ യുദ്ധത്തിനുശേഷം തകർന്നടിഞ്ഞ യെമനിൽ ആരോഗ്യസംവിധാനങ്ങൾ വളരെ മോശമാണ്. കൊറോണ വൈറസ് പോലുള്ള ഒരു മഹാമാരിയെ നേരിടാൻ മാത്രം സജ്ജമല്ല അത്.   

Millions of children face deadly hunger in Yemen
Author
Yemen, First Published Jul 2, 2020, 9:35 AM IST

യുദ്ധത്തിൽ തകർന്ന യെമൻ 2022 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യമായി മാറുമെന്ന് 2019 -ൽ ഇറക്കിയ ഒരു റിപ്പോർട്ടിൽ ഐക്യരാഷ്ട്രസഭ പറയുകയുണ്ടായി. അവിടെയുള്ള ജനസംഖ്യയുടെ 79 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 65 ശതമാനം അങ്ങേയറ്റം ദരിദ്രരായി കണക്കാക്കപ്പെടുന്നു. എന്നാൽ, ഈ ദുരിതത്തിനിടയിൽ അപ്രതീക്ഷിതമായി വന്ന കോറോണവൈറസ് എന്ന മഹാമാരി അവരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ഇപ്പോൾ. ഓർക്കാപ്പുറത്ത് അവർക്കേറ്റ ഒരു കനത്ത പ്രഹരമാണ് ഈ രോഗം. ഇതുവരെ സഹായിച്ചിരുന്ന പല രാജ്യങ്ങളും സഹായങ്ങൾ കുത്തനെ വെട്ടിക്കുറച്ചത് ദശലക്ഷക്കണക്കിന് കുട്ടികളെ പട്ടിണിയുടെ വക്കിലെയ്‌ക്കെത്തിക്കുമെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു.   

യെമനിൽ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം വർഷാവസാനത്തോടെ 2.4 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുഎൻ ഏജൻസിയുടെ Yemen five years on: children, conflict and Covid-19 എന്ന പുതിയ റിപ്പോർട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. അഞ്ചുവർഷത്തെ യുദ്ധത്തിനുശേഷം തകർന്നടിഞ്ഞ യെമനിൽ ആരോഗ്യ സംവിധാനങ്ങൾ വളരെ മോശമാണ്. കൊറോണ വൈറസ് പോലുള്ള ഒരു മഹാമാരിയെ നേരിടാൻ മാത്രം സജ്ജമല്ല അത്.   

കൊറോണ വൈറസ് മൂലം ഇതുവരെ 302 പേർ മരിച്ചതായി യെമൻ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാര്യമായ രീതിയിൽ ടെസ്റ്റുകളും മറ്റും നടത്താത്തത് മൂലം യഥാർത്ഥ കണക്കുകൾ ഇപ്പോഴും വ്യക്തമല്ല. യെമനായുള്ള യുണിസെഫിന്റെ പ്രതിനിധി സാറാ ബെയ്‌സോലോ നയന്തി പറഞ്ഞു: “ഞങ്ങൾക്ക് അടിയന്തിര ധനസഹായം ലഭിച്ചില്ലെങ്കിൽ, ഞങ്ങളുടെ കുട്ടികൾ പട്ടിണി കിടന്ന് മരിച്ചു പോകും."  ഓഗസ്റ്റ് അവസാനത്തോടെ ആരോഗ്യം, പോഷകാഹാരം എന്നിവക്കായി 54.5 മില്യൺ ഡോളർ വിതരണം ചെയ്തില്ലെങ്കിൽ, ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം 23,000 -ത്തിലധികം കുട്ടികൾ മരിക്കാനുള്ള സാധ്യതയുണ്ടെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു. അഞ്ച് വയസ്സിന് താഴെയുള്ള അഞ്ച് ദശലക്ഷം കുഞ്ഞുങ്ങൾക്ക് മാരകമായ രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകളും ലഭ്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 

മുൻപ് സഹായിച്ചിരുന്ന രാജ്യങ്ങൾ ഇപ്പോൾ സഹായം പിൻവലിക്കുന്നതും, വാഗ്ദാനം ചെയ്ത ദുരിതാശ്വാസതുകയിൽ ഗണ്യമായ കുറവുവന്നതും അന്താരാഷ്ട്ര ദുരിതാശ്വാസ ഏജൻസികളെ ആശങ്കപ്പെടുത്തുന്നു. യെമനിൽ കൊവിഡ് -19 അതിവേഗം പടരുന്നുവെന്നതും, സ്ഥിരീകരിച്ച ആളുകളിൽ 25 ശതമാനം പേരും കൊല്ലപ്പെട്ടുവെന്നതും ആശങ്കയ്ക്ക് ഇടനൽകുന്ന മറ്റൊരു കാര്യമാണ്. ആഗോള ശരാശരിയുടെ അഞ്ചിരട്ടിയാണ് യെമനിലെ മരണനിരക്ക്. ഇതൊന്നും പോരാതെ, യെമന്റെ ആരോഗ്യ സംവിധാനം പകുതിയും പ്രവർത്തനരഹിതമാണ്, രാജ്യത്തെ 333 ജില്ലകളിൽ 18 ശതമാനത്തിലും ഡോക്ടർമാരില്ല. ജലവും ശുചിത്വ സംവിധാനങ്ങളും തകർന്നതിനാൽ കോളറ കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു അവിടെ. ഏകദേശം 9.6 ദശലക്ഷം കുട്ടികൾക്ക് സുരക്ഷിതമായ വെള്ളമോ, ശുചിത്വമോ ഒന്നും തന്നെയില്ല. കൂടാതെ രാജ്യത്തെ ഏകദേശം 30 ദശലക്ഷം ആളുകളും ജീവിക്കുന്നത് ഭക്ഷ്യസഹായത്തിലൂടെയാണ്. ലോകത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയാണ് യുദ്ധം മൂലം അവിടെ ഉണ്ടായിട്ടുള്ളത് എന്ന് ഏജൻസി വ്യക്തമാക്കി. ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കിൽ കുട്ടികളുടെ ശ്മശാന ഭൂമിയായി തീരും യെമൻ എന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

Follow Us:
Download App:
  • android
  • ios