പക്ഷെ, ഇങ്ങനെ കാണാതാവുന്ന ആയിരക്കണക്കിന് കുട്ടികളില്‍ ഒരാള്‍ മാത്രമായിരുന്നു ഹസ്സന്‍. പൊലീസ് സമീപ പ്രദേശങ്ങളില്‍ ഒരുപാട് അന്വേഷണം നടത്തിയെങ്കിലും ഹസ്സനെ കണ്ടെത്താനായിരുന്നില്ല. 

ദില്ലി: പതിനഞ്ച് വയസുകാരന്‍ ഹസ്സന്‍ അലി ദില്ലിയിലെ ഒരു അമ്യൂസ്മെന്‍റ് പാര്‍ക്ക് കാണാന്‍ പോവുകയായിരുന്നു. അവനൊരു ബസിലായിരുന്നു. കൂടെ വേറെയും ഒരുപാട് ശിശുഭവനിലെ കുട്ടികളുണ്ട്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹസ്സന്‍ തന്‍റെ വീട്ടില്‍ നിന്ന് ഓടിപ്പോയത്. വീട്ടിലേക്ക് തിരികെ പോവാനാവശ്യമുള്ള അത്ര കാര്യങ്ങള്‍ അവന് ഓര്‍മ്മയില്ലായിരുന്നു. ഒരുപാട് ക്ഷേത്രങ്ങള്‍ നിറഞ്ഞ ഒരു തെരുവിലൂടെ ബസ് പോവുകയായിരുന്നു. പെട്ടെന്ന്, അവന്‍റെ വലതുവശത്തുള്ള ഒരു ഇസ്ലാമിക് ബുക്ക് ഷോപ്പ് അവന്‍റെ ശ്രദ്ധയില്‍ പെട്ടു. അവനറിയാതെ സീറ്റില്‍ നിന്ന് എഴുന്നേറ്റുപോയി. പെട്ടെന്ന് വല്ലാത്തൊരു ഗൃഹാതുരത്വം ഉള്ളില്‍ നിറയുന്നതുപോലെയും. 

അവന് വിശ്വസിക്കാനായില്ല. അവന്‍ അടുത്തിരുന്ന സുഹൃത്ത് മൈക്കിളിന്‍റെ ചെവിയില്‍ പറഞ്ഞു, 'ഇവിടെ നിന്നാണ് ഞാന്‍ ഓടിപ്പോയത്. ഇവിടെയായിരുന്നു എന്‍റെ മദ്രസ്സ.'

ഓടിപ്പോയതിങ്ങനെ

സ്കൂളില്‍ നിന്ന് ഓടിപ്പോകുമ്പോള്‍ അവന് വെറും ആറ് വയസായിരുന്നു പ്രായം. അന്ന്, വീട്ടുകാരവനെ മദ്രസയില്‍ പോകാന്‍ നിര്‍ബന്ധിക്കുമായിരുന്നു. അവന് കളിച്ചു നടക്കാനായിരുന്നു ഇഷ്ടം. അത്തരം ഒരിടത്തുനിന്നും ഓടിപ്പോവാന്‍ എപ്പോഴും അവനാഗ്രഹിച്ചു. അങ്ങനെ ഒരുദിവസം അവനത് ചെയ്തു. അവന്‍റെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു. ഏഴ് ദിവസം അവര്‍ പൊലീസ് സ്റ്റേഷനിലായിരുന്നു. ഹസ്സന്‍റെ പിതാവ് കൂലിപ്പണിക്കാരനായ സലീം അലി പറയുന്നു. 

പക്ഷെ, ഇങ്ങനെ കാണാതാവുന്ന ആയിരക്കണക്കിന് കുട്ടികളില്‍ ഒരാള്‍ മാത്രമായിരുന്നു ഹസ്സന്‍. പൊലീസ് സമീപ പ്രദേശങ്ങളില്‍ ഒരുപാട് അന്വേഷണം നടത്തിയെങ്കിലും ഹസ്സനെ കണ്ടെത്താനായിരുന്നില്ല. പക്ഷെ, ഹസ്സന്‍ പത്ത് കിലോമീറ്ററിലധികം ഓടിയിരുന്നു. ദില്ലി അതിര്‍ത്തി കടന്ന് ഹരിയാനയിലെ ഗുഡ്ഗാവിലെത്തിയിരുന്നു ഹസ്സന്‍.

അവന്‍ തനിയെ അലയുന്നത് കണ്ട് ഒരു പൊലീസുദ്യോഗസ്ഥന്‍ അവനോട് എവിടെ നിന്നാണെന്നും അവന്‍റെ മാതാപിതാക്കളുടെ പേരെന്താണെന്നും ചോദിച്ചിരുന്നു. ഹസ്സന്‍ മറുപടി പറഞ്ഞത്, താന്‍ മദ്രസയില്‍ നിന്ന് ഓടിപ്പോന്നതാണെന്നും പിതാവിന്‍റെ പേര് സലീം എന്നും, മാതാവിന്‍റെ പേര് ഹമീദ എന്നാണെന്നുമായിരുന്നു. പക്ഷെ, വളരെ സാധാരണമായ പേരുകളായിരുന്നു അത്. എവിടെയാണ് മദ്രസ എന്നോ, തന്‍റെ വീടെന്നോ പറഞ്ഞുകൊടുക്കാന്‍ ഹസ്സനായതുമില്ല. പൊലീസിന് അവന്‍റെ വീട്ടുകാരെ കണ്ടെത്താനായില്ല. അങ്ങനെ അവനെ അവര്‍ ഒരു ശിശുഭവനത്തിലാക്കി. 

പല സ്ത്രീകളെയും കാണുമ്പോള്‍ കൂടെയുള്ള മുതിര്‍ന്നവര്‍ ഇതാണോ നിന്‍റെ ഉമ്മ എന്ന് ചോദിക്കും. അല്ലെന്ന് പറഞ്ഞ് താന്‍ കരയുമെന്ന് ഹസ്സന്‍ പറയുന്നു. പന്ത്രണ്ടാമത്തെ വയസില്‍ ഹസ്സന്‍ അടുത്തുള്ള മറ്റൊരു ശിശുഭവനത്തിലെത്തിക്കപ്പെട്ടു. പക്ഷെ, അവനും രണ്ട് സുഹൃത്തുക്കളും ഒരു മാസത്തിനുള്ളില്‍ അവിടെ നിന്നും ഓടിപ്പോയി. ഒരു ജീവനക്കാരന്‍ അന്യായമായി മര്‍ദ്ദിച്ചതായിരുന്നു കാരണം. 

ഒമ്പത് വര്‍ഷത്തിനുള്ളില്‍ മൂന്ന് ചില്‍ഡ്രന്‍സ് ഹോമുകളിലാണ് അവന്‍ കഴിഞ്ഞത്. അവന് പലയിടങ്ങളും ഇഷ്ടമായില്ല. പക്ഷെ, ഒരിടത്ത് ഒരു സ്ത്രീ അവനെ സ്വന്തം മകനെ പോലെ സ്നേഹിച്ചു. അവിടെ മറ്റ് കുട്ടികളോടും അവന്‍ കൂട്ടായിരുന്നു. 

താന്‍ വീട്ടുകാരെ കണ്ടെത്തുന്നതിനെ കുറിച്ച് മറന്നു തുടങ്ങിയിരുന്നു. അവരെ ഇനി കണ്ടെത്താനാവില്ലെന്നും കരുതി. ഹസ്സന്‍ പറയുന്നു. പക്ഷെ, ആ ബസ് യാത്ര അതെല്ലാം മാറ്റിമറിച്ചു. താന്‍ ഓടിപ്പോന്ന ആ തെരുവ് അവന്‍ തിരിച്ചറിഞ്ഞു. 

തിരികെ മാതാപിതാക്കള്‍ക്കരികിലേക്ക്

ഹസ്സന്‍ ആ തെരുവില്‍ വീണ്ടുമെത്തി. അവന്‍റെ സംരക്ഷകരിലൊരാളായ ആഷിഖ് അലി ഗൂഗിള്‍ മാപ്പില്‍ അവിടെ അടുത്തൊരു മദ്രസ ഉണ്ടോയെന്ന് നോക്കി. തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ അലിയും ഹസ്സനും വേറെ രണ്ട് കുട്ടികളും ബുക്ക് ഷോപ്പിനടുത്തിറങ്ങി. 

തെരുവിലൂടെ നടന്നപ്പോള്‍ കളിസ്ഥലവും പള്ളിയുമെല്ലാം ഹസ്സന്‍ തിരിച്ചറിഞ്ഞു. മദ്രസയിലെ ഒരു അധ്യാപകനാണ് ഹസ്സനെ തിരിച്ചറിഞ്ഞത്. അദ്ദേഹം ഹസ്സന്‍റെ മുത്തച്ഛനെ അറിയിച്ചു. ഹസ്സന്‍റെ ശബ്ദം കേട്ടതും അദ്ദേഹം വികാരാധീനനായിപ്പോയി. 

മുത്തച്ഛന്‍ ചില പ്രശ്നങ്ങള്‍ കാരണം ഹസ്സന്‍റെ വീട്ടുകാരുമായി നല്ല ബന്ധമില്ലെന്നും ഹസ്സന്‍റെ മാതാവിന്‍റെ സഹോദരിയോട് അവന്‍റെ മാതാവിനെ വിളിക്കാന്‍ പറയാമെന്നും പറഞ്ഞു. ഇളയുമ്മ ഹസ്സനെ കണ്ടതും ഞെട്ടിപ്പോയി. അവര്‍ പെട്ടെന്ന് അവന്‍റെ മാതാവിനെ വിളിച്ചു. നഷ്ടപ്പെട്ടുപോയ അവരുടെ മകനെ തിരികെ കിട്ടി എന്ന് പറഞ്ഞു. അവരാകെ അമ്പരന്ന് പോയി. മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ ഹസ്സന്‍ കരയുകയായിരുന്നു. 

അവസാനം അവന്‍ അവന്‍റെ മാതാപിതാക്കളെ കണ്ടു. അവന്‍ താമസിക്കുന്ന ശിശുഭവനിലെത്തുകയായിരുന്നു അവര്‍. അവരവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആദ്യത്തെ പതിനഞ്ച് മിനിറ്റ് അവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ പോലുമായില്ല. കുറേ സ്നേഹവും സംരക്ഷണവും കിട്ടിയതുപോലെ തോന്നി എനിക്ക് ഹസ്സന്‍ പറയുന്നു. 

തിരികെ വീട്ടിലെത്തിയ ഹസ്സന് അവന്‍റെ അമ്മ ഇഷ്ടപ്പെട്ട ഇറച്ചിക്കറിയുണ്ടാക്കികൊടുത്തു. പിതാവ് മോട്ടോര്‍ബൈക്കും സഹോദരി ഫോണും വാങ്ങിനല്‍കാമെന്ന് പറഞ്ഞു. അവനെ കാണാതായ ശേഷം അവന്‍റെ ഒരു സഹോദരി മരിച്ചുപോയിരുന്നു. 'അവളുടെ മൃതദേഹം നമ്മള്‍ കണ്ടതാണ്. അവളൊരിക്കലും തിരികെ വരില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷെ, ഹസ്സനെന്നെങ്കിലും തിരികെ വരുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചിരുന്നു' സലീം പറയുന്നു. 

ആ അക്കാദമിക് വര്‍ഷം കഴിയുന്നതുവരെ ഹസ്സന്‍ ശിശുഭവനത്തില്‍ തന്നെ കഴിഞ്ഞു. അവന്‍ പറയുന്നു, അവിടെ നിന്നും പോകുമ്പോള്‍ അവനാ ശിശുഭവനവും അവിടുത്തെ സുഹൃത്തുക്കളേയുമെല്ലാം മിസ് ചെയ്യും. പക്ഷെ, അവനേറ്റവുമിഷ്ടം വീട്ടില്‍ പോകാനാണ് എന്ന്. ഇനിയുമവന് മാതാപിതാക്കളേയും സഹോദരങ്ങളേയും പിരിയാന്‍ വയ്യ.