Asianet News MalayalamAsianet News Malayalam

പണം കൊണ്ട് സന്തോഷം വാങ്ങാനാവുമോ? കഴിയുമെന്ന് പുതിയ പഠനം...

അതായത്. ചുരുക്കത്തിൽ പുതിയ പഠനം പറയുന്നത് പണമുണ്ടായിട്ടെന്താ കാര്യം എന്ന നമ്മുടെ ചിന്ത തെറ്റാണ് എന്നും പണം മനുഷ്യർക്ക് കൂടുതൽ സാധ്യതകൾ നൽകുമെന്നുമാണ്.

Money can buy happiness, a new study says
Author
Pensilvânia, First Published Jan 29, 2021, 10:41 AM IST

'പണം കൊണ്ട് സന്തോഷം വാങ്ങാൻ പറ്റില്ല' എന്ന് പണ്ട് മുതലേ ആളുകൾ പറയുന്ന ഒരു കാര്യമാണ്. എന്നാൽ, സത്യത്തിൽ പണം കൊണ്ട് സന്തോഷവും, മനഃസമാധാനവും വാങ്ങാൻ പറ്റുമോ? പറ്റുമെന്ന് വേണം പറയാൻ. അടുത്തകാലത്തായി നടന്ന ഗവേഷണങ്ങളും പഠനങ്ങളും ഇത് സ്ഥിരീകരിക്കുന്നു. മുൻപ് 2010 -ൽ നൊബേൽ സമ്മാന ജേതാക്കളായ സാമ്പത്തിക വിദഗ്ധർ നടത്തിയ പഠനത്തിൽ കൂടുതൽ പണം നമ്മെ കൂടുതൽ  സന്തോഷവാന്മാരാക്കുന്നു എന്ന് കണ്ടെത്തുകയുണ്ടായി. പക്ഷേ, അതിന് ഒരു നിശ്ചിത അളവും അന്നത്തെ പഠനത്തിൽ ​ഗവേഷകർ പറഞ്ഞിരുന്നു. ഏകദേശം 54 ലക്ഷം രൂപാ വർഷത്തിൽ കിട്ടിയാലാണ് നമുക്ക് സന്തോഷം നേടാനാവുക. അതിൽക്കൂടുതലെത്ര പണം നാമുണ്ടാക്കുന്നുവെന്നതിൽ കാര്യമില്ല. ഈ നിശ്ചിത അളവിൽ കൂടുതൽ പണമുണ്ടാകുന്നത് വീണ്ടും നമ്മുടെ സന്തോഷം വർധിപ്പിക്കില്ല എന്നാണ് അന്ന് ​ഗവേഷകർ പറഞ്ഞിരുന്നത്. എന്നാൽ, പുതിയ പഠനത്തിൽ പറയുന്നത് അങ്ങനെയൊരു പണത്തിന്റെ കണക്കില്ല, എത്ര കൂടുതൽ പണം ഉണ്ടാകുന്നുണ്ടോ അത്രയധികം നമുക്ക് സന്തോഷമുണ്ടാകുമെന്നാണ്. 

Money can buy happiness, a new study says

ഈ പുതിയ പഠനം അനുസരിച്ച്, പണത്തിന് യഥാർത്ഥത്തിൽ സന്തോഷം നൽകാൻ കഴിയുമെന്നും, കൂടുതൽ പണം കൂടുതൽ സന്തോഷം തരുമെന്നും പറയുന്നു. 1,725,994 സാമ്പിളുകളെ അടിസ്ഥാനമാക്കി പെൻ‌സിൽ‌വാനിയ സർവകലാശാലയാണ് ഈ പഠനം നടത്തിയത്. ഉയർന്ന വരുമാനം നമ്മുടെ വൈകാരികക്ഷേമത്തെ മെച്ചപ്പെടുത്തുമെന്നും, ജീവിതത്തിൽ കൂടുതൽ സംതൃപ്തി നൽകുമെന്നും ഗവേഷകർ കണ്ടെത്തി. പഠനത്തിന്റെ പ്രധാന രചയിതാവാണ് പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ വാർ‌ട്ടൺ സ്കൂൾ ഫോർ ബിസിനസിലെ ഗവേഷകൻ  മാത്യു കില്ലിംഗ്സ്‌വർത്ത്. അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സിലെ 33,391 മുതിർന്നവരിൽ നിന്ന് സ്മാർട്ട്‌ഫോണുകളുടെ സഹായത്തോടെ സാമ്പിളുകൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ വരുമാനത്തിനൊപ്പം സന്തോഷവും വർദ്ധിക്കുമെന്ന് ഗവേഷണ സംഘം കണ്ടെത്തിയത്.

ഈ പഠനം ഉയർന്ന വരുമാനം ദൈനംദിന ജീവിതത്തെ മെച്ചപ്പെടുത്തുന്നതായും, മൊത്തത്തിലുള്ള ജീവിതത്തിൽ കൂടുതൽ സംതൃപ്തി നൽകുന്നതായും കണ്ടെത്തുകയുണ്ടായി. "Experienced well-being rises with income, even above $75,000 per year" എന്ന ഈ പഠനം പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Money can buy happiness, a new study says

"നിങ്ങൾക്ക് കൂടുതൽ പണമുണ്ടാകുമ്പോൾ, നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ തെരഞ്ഞെടുപ്പുകൾ ലഭിക്കുന്നു. ഈ മഹാമാരി സമയത്ത് ചുറ്റിലും നോക്കിയാൽ നമുക്ക് അത് കാണാൻ സാധിക്കും. ഇന്നത്തെ കാലത്ത് ജോലി നഷ്ടമായ ആളുകൾക്ക് ജീവിക്കണമെങ്കിൽ ഏറ്റവും പെട്ടെന്ന് അടുത്ത ജോലിയ്ക്ക് കയറേണ്ടതായി വരുന്നു. എന്നാൽ, സാമ്പത്തികമുള്ള ഒരാൾക്ക് ഒരു മികച്ച ജോലിക്കായി കാത്തിരിക്കാം. അതാണ് വ്യത്യാസം. ഒരാളുടെ ജീവിതത്തിലെ വലുതും ചെറുതുമായ തീരുമാനങ്ങളിലുടനീളം പണം ഒരു നിർണായക പങ്ക് വഹിക്കുന്നു. പണം ഒരു വ്യക്തിക്ക് കൂടുതൽ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വയംഭരണാധികാരം നൽകുന്നു.” കില്ലിംഗ്സ്‌വർത്ത് പറഞ്ഞു.  

അതായത്. ചുരുക്കത്തിൽ പുതിയ പഠനം പറയുന്നത് പണമുണ്ടായിട്ടെന്താ കാര്യം എന്ന നമ്മുടെ ചിന്ത തെറ്റാണ് എന്നും പണം മനുഷ്യർക്ക് കൂടുതൽ സാധ്യതകൾ നൽകുമെന്നുമാണ്. നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള തെരഞ്ഞെടുപ്പും ജീവിതവും മനുഷ്യരെ കൂടുതൽ കൂടുതൽ സന്തോഷമുള്ളവരാക്കുമെന്നും പഠനം പറയുന്നു. അത് നേടണമെങ്കിൽ പണം കൂടിയേ തീരൂവെന്നും അങ്ങനെ പണം മനുഷ്യന്റെ സന്തോഷത്തെയും സംതൃപ്തിയെയും വലിയ തോതിൽ സ്വാധീനിക്കുമെന്നും പുതിയ പഠനം നടത്തിയ ​ഗവേഷകർ സൂചിപ്പിക്കുന്നു. 

(ചിത്രങ്ങൾ പ്രതീകാത്മകം)


 

Follow Us:
Download App:
  • android
  • ios