കൊറോണ വൈറസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാദിക്കുമ്പോഴും, സ്ഥിതി വ്യത്യസ്‍തമാന്നെന്നാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും തെളിയിക്കുന്നത്. രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ കൊവിഡ് -19 കേസുകൾ മെയ് മാസത്തിൽ അതിവേഗം വർദ്ധിക്കുകയും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വളരെ കൂടുകയും ചെയ്‍തു. ഒരുകാലത്ത് 'കൊറോണ വിമുക്തം' എന്നവകാശപ്പെട്ടിരുന്ന ഗോവ, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇന്ത്യയിലെ കൊവിഡ് -19 കേസുകളിൽ 37 ശതമാനവും മഹാരാഷ്ട്രയിൽ മാത്രമാണ്. നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടും, മുൻകരുതലുകൾ എടുത്തിട്ടും അതിനെ വേണ്ട രീതിയിൽ ചെറുക്കാൻ നമുക്കായിട്ടില്ല. എന്നാൽ, ഇനി സ്ഥിഗതികൾ കൂടുതൽ വഷളാകാൻ പോവുകയാണ്. മഴക്കാലം വരുന്നതോടെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും കൂടുതൽ സമ്മർദ്ദത്തിൽ ആകുമെന്നതിൽ സംശയമില്ല.  

ജൂൺ ഒന്നിന് തന്നെ കേരള തീരത്ത് വർഷകാലമെത്തിയിട്ടുണ്ട്. എന്നാൽ, ഇതിനെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ കൈക്കൊണ്ടില്ലെങ്കിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, വെള്ളക്കെട്ട് തുടങ്ങിയ രൂപങ്ങളിൽ ദുരിതങ്ങൾ നമ്മെ തേടിയെത്താൻ സാധ്യതയുണ്ട്. 1.3 ബില്യൺ ജനങ്ങളുള്ള ഇന്ത്യയിൽ മഹാമാരിക്കെതിരെയുള്ള പോരാട്ടം ഇതിനകം തന്നെ സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ മഴക്കാലം കൂടി വന്നാൽ അത് കൂനിമേൽ കുരു എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചേക്കാം. കഴിഞ്ഞ രണ്ടുവർഷമായി കേരളം അതിശക്തമായ കാലവർഷത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കേരളം മാത്രമല്ല, കർണാടകയുടെയും, മഹാരാഷ്ട്രയുടെയും, ഗുജറാത്തിന്റെയും അവസ്ഥ ഇതുതന്നെയാണ്. 2018 -ൽ കേരളത്തിൽ പട്ടണങ്ങളും നഗരങ്ങളും വെള്ളത്തിനടിയിലായി. ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ മാസങ്ങളോളമാണ് നീണ്ടുപോയത്. അന്ന് ലക്ഷകണക്കിന് ആളുകൾ സ്വന്തം വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചു. മഹാമാരിക്കെതിരെ പോരാടി രാജ്യത്തിന്റെ വിഭവങ്ങൾ ഇതിനകം തന്നെ വറ്റിപ്പോകുന്ന ഈ ഘട്ടത്തിൽ, വർഷക്കാലം കൂടി വന്നാൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.  ഇപ്പോൾ രാജ്യത്ത് വന്നിറങ്ങുന്ന ആളുകളെ ക്വാറന്റൈനിൽ പാർപ്പിക്കാൻ സർക്കാർ പാടുപെടുന്നു. അതിനിടയിൽ പ്രളയം പോലുള്ള ദുരന്തങ്ങൾ കൂടുതലാളുകളെ വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കുമ്പോൾ ഇത്രയും ആളുകൾക്ക് കഴിയാനാവശ്യമായ സ്ഥലം കണ്ടെത്തുന്നതും, ദുരിതാശ്വാസ ക്യാമ്പുകളിൽ സാമൂഹിക അകലം പാലിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതും വെല്ലുവിളികളാകും. 

മഹാമാരിയുടെ പ്രധാന  കേന്ദ്രങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിലാണെങ്കിൽ സ്ഥിതിഗതികൾ ഒട്ടും ആശ്വാസകരമല്ല. അവിടെയും അധികം താമസിയാതെ വർഷകാലം എത്തും. മഴക്കാലത്ത് ദുർഗന്ധം വമിക്കുന്ന വെള്ളക്കെട്ടുകൾ അവിടെ പതിവാണ്. ഒരു നല്ല മഴ പെയ്താൽ മതി, മുംബൈ നഗരം വെള്ളത്തിൽ മുങ്ങാൻ. ഈ വർഷവും അത് സംഭവിച്ചാൽ, ഒരേസമയം രണ്ടു പ്രശ്നങ്ങളോടാകും ഭരണകൂടത്തിന് പോരാടേണ്ടിവരിക. തിരക്കേറിയതും ജനസാന്ദ്രതയുള്ളതുമായ ചേരികളാൽ നിറഞ്ഞ അവിടെ ഇതൊരു വലിയ വെല്ലുവിളി തന്നെയാണ്. അടഞ്ഞുപോയ അഴുക്കുചാലുകൾ വൃത്തിയാക്കാനും, പ്രളയത്തിന് തയ്യാറെടുക്കാനും ഭരണകൂടത്തിന് ഇനിയും ദിവസമുണ്ട്. എന്നാൽ, അതിനകത്ത് കാര്യങ്ങൾ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കൂടുതൽ ദുരന്തങ്ങൾ വിളിച്ചു വരുത്തുന്നത് പോലെയാകും അത്. ജൂൺ പകുതിയോടെ നദികൾ കരകവിയുന്നതോടെ അസം, ബംഗാൾ, ബീഹാർ എന്നിവിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകും. പലയിടത്തും നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നതും, ആളുകൾ കൂടുതൽ പുറത്തിറഞ്ഞി നടക്കുന്നതും രോഗവ്യാപനം വർധിക്കാൻ ഇടയാക്കുന്നു. 

വാക്സിൻ വിപണിയിൽ വരുന്നതുവരെ നാം ജാഗ്രത പാലിക്കണം. "കേസുകൾ വർധിച്ചാൽ, ആ പ്രദേശങ്ങളെ ഉടനെ തന്നെ ഒറ്റപ്പെടുത്തണം. അവിടെയുള്ളവർ സാമൂഹിക അകലം പാലിക്കാൻ കൂടുതൽ ജാഗ്രത കാണിക്കണം. കൂടാതെ പൊസിറ്റീവ് കേസുകൾ തിരിച്ചറിയുന്നതിനായി വ്യാപകമായി പരിശോധനകളും നടത്തണം. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഈ മൺസൂൺ മാസങ്ങൾ പനിക്കാലം കൂടിയാണ്. അതിനാൽ, പനിയുടെ ആദ്യ ലക്ഷണങ്ങൾ പോലും നാം അവഗണിക്കരുത്. ഹോട്ട്‌സ്‌പോട്ടുകളിൽ പരിശോധനകൾ വർദ്ധിപ്പിക്കേണ്ടതുമാണ്.  ആളുകൾ ശുചിത്വത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകണം" ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫസർ രാജേഷ് സുന്ദരേശൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.  

അടുത്തതായി, മഴക്കാലത്ത് വെള്ളത്തിൽ പകരുന്ന രോഗങ്ങൾ കൂടുതലാണ്. സ്വകാര്യ ആശുപത്രികൾ, ജില്ലാ, ഉപജില്ലാ ആശുപത്രികൾ എന്നിവ കൊറോണ വൈറസ് കേസുകൾ കൈകാര്യം ചെയ്യാനും, ചെറിയ സ്വകാര്യ ക്ലിനിക്കുകൾ, പ്രാഥമിക, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവ മഴക്കാല സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്നതിനും ഉപയോഗിക്കേണ്ടിവരും. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയണം. മഴക്കാലത്ത് ജലാശയങ്ങളെ ക്ലോറിനേറ്റ് ചെയ്യുന്നതും പ്രധാനമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് നല്ല നിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ലഭ്യമാണെന്ന് സർക്കാർ ഉറപ്പാക്കേണ്ടതായുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ആളുകൾ ഒത്തുചേരേണ്ട സാഹചര്യം വന്നാൽ ശാരീരിക അകലം പാലിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കണം. പൊതു ഇടങ്ങൾ അണുവിമുക്തമാക്കുന്നതിനൊപ്പം, മാസ്കുകളും ശുചിത്വ ഉൽപ്പന്നങ്ങളും എളുപ്പത്തിൽ ലഭ്യമാകുമെന്ന് ഓരോ സർക്കാരുകളും ഉറപ്പാക്കണം. ഏതായാലും പ്രളയത്തെ നേരിട്ട നമുക്ക് ഒറ്റക്കെട്ടായി നിന്നാൽ ഇതിനെയും നേരിടാൻ സാധിക്കുമെന്നതിൽ സംശയമില്ല.