അമേരിക്കയിലെ കാര്‍നെഗി മെലണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍ മണലും മുരിങ്ങയുടെ ഇലകളും കായ്കളും ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്

ഭാവിയില്‍ ലോകം നേരിടാനിരിക്കുന്ന ഏറ്റവും വലിയ ഭീഷണി കുടിവെള്ളക്ഷാമം ആയിരിക്കും. ഇപ്പോള്‍ തന്നെ ശുദ്ധജലമില്ലായ്മയുടെ പരിണിതഫലങ്ങള്‍ ലോകമാകെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 2.1 ബില്ല്യണ്‍ ജനങ്ങള്‍ ശുദ്ധജലമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.

എന്നാല്‍, ലോകത്തിന്റെ ശുദ്ധജലമില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ നമ്മുടെ മുരിങ്ങ മതിയാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കയിലെ കാര്‍നെഗി മെലണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. മുരിങ്ങയിലൂടെ ജലം എളുപ്പത്തില്‍ ശുദ്ധീകരിച്ചെടുക്കാമെന്നും ഇവര്‍ പറയുന്നു. മണലും മുരിങ്ങയുടെ ഇലകളും കായ്കളും ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഇതിനെ 'എഫ് സാന്‍ഡ്' എന്നാണ് വിളിച്ചത്. മുരിങ്ങ വിത്തുകളിലെ പ്രോട്ടീനുകള്‍ മണലിലടങ്ങിയിരിക്കുന്ന സിലിക്കയുമായി ചേര്‍ന്ന് ശുദ്ധീകരണത്തിന് സഹായിക്കും. എഫ് സാന്‍ഡ് പുനരുപയോഗിക്കാനും കഴിയും.

മുരിങ്ങയില്‍ വലിയ തോതില്‍ ഡിസോള്‍വ്ഡ് ഓര്‍ഗാനിക് കാര്‍ബണ്‍ (ഡിഒസി) അടങ്ങിയിട്ടുണ്ട്. ഇത് ജലത്തിലുള്ള ബാക്ടീരിയകളുടെ വളര്‍ച്ചയെ 24 മണിക്കൂറിനുള്ളില്‍ ഇല്ലാതാക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. മുരിങ്ങയുടെ വിത്തുകളും ഇലകളും ജലം ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണം നടത്തിയ അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. വരള്‍ച്ചയെ അതിജീവിക്കാന്‍ മുരിങ്ങയ്ക്ക് കഴിയും. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ വെള്ളം ശുദ്ധീകരിക്കാന്‍ മുരിങ്ങ ഉപയോഗിക്കാം. പരമ്പരാഗതമായി വെള്ളം ശുദ്ധീകരിക്കാന്‍ മുരിങ്ങ ഉപയോഗിച്ചിരുന്നു. മുരിങ്ങയില്‍ നിന്നും ഭക്ഷ്യ എണ്ണയെടുക്കാം. എണ്ണ എടുത്തതിനു ശേഷമുള്ള പിണ്ണാക്ക് പണ്ട് കാലങ്ങളില്‍ ജലം ശുദ്ധീകരിക്കാനായി ഉപയോഗിച്ചിരുന്നു ഈ പിണ്ണാക്കിന് ജലം ശുദ്ധീകരിക്കാനുള്ള കഴിവുണ്ടെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

കടപ്പാട്: ഇന്ത്യാടൈംസ്