''പിറ്റേന്ന് രാവിലെ അയാളെന്നെ വിളിച്ചു. അയാളെന്നോട് പറഞ്ഞു അയാള്‍ മകളേയും കൂട്ടി രാജ്യം വിട്ടുവെന്ന്. അയാള്‍ ചെക്ക് റിപബ്ലിക്കിലെത്തിയിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. ''
അച്ഛനും അമ്മയും പിരിയേണ്ടി വന്നാല്‍ കുഞ്ഞുങ്ങളെ അത് വേദനിപ്പിച്ചേക്കാം. അവരുടെ കാര്യത്തില്‍ ആരും ജനാധിപത്യമൊന്നും കാണിക്കാറില്ല. അച്ഛന്‍ രാജ്യം കടത്തിയ മകള്‍ക്കായി ഈ അമ്മയ്ക്ക് പതിനെട്ട് മാസമാണ് പോരാടേണ്ടി വന്നത്. അതും ഇന്‍റര്‍നാഷണല്‍ നിയമത്തിനുമുന്നില്‍.
യോക് ഷയറില്‍ നിന്നുള്ള ട്രേസിയാണ് കുഞ്ഞിനെ തിരികെ കിട്ടാന്‍ നിയമയുദ്ധം നടത്തിയത്. കുഞ്ഞിനെ അവളറിയാതെ രാജ്യം കടത്തിയതാകട്ടെ മുന്‍പങ്കാളിയും. രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി എന്നതിനാല്‍ തന്നെ കുഞ്ഞിനായുള്ള യുദ്ധം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. വിദേശ കോടതി, വക്കീല്‍ കൂടുതല്‍ ചെലവുകള്‍ അതങ്ങനെ നീണ്ടുപോകുന്നു.
അയാളെന്താണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് ഒരിക്കല്‍ പോലും എന്നെ അറിയിച്ചിരുന്നില്ല, ട്രേസി പറയുന്നു. '' ബ്രാഡ്ഫോര്‍ഡില്‍ അയാള്‍ താല്‍ക്കാലികമായി താമസിക്കുന്ന സ്ഥലത്തേക്ക് ഒറ്റരാത്രി ഒരുമിച്ച് താമസിക്കാന്‍ എന്നും പറഞ്ഞാണ് അയാള്‍ മോളെയും കൊണ്ടുപോയത്. അവള്‍ക്ക് പോകാനിഷ്ടമില്ലെന്ന് അവള്‍ പറഞ്ഞിരുന്നു. പക്ഷെ, അതിലെന്തെങ്കിലും തെറ്റുള്ളതായി ഞാന്‍ കരുതിയില്ല. അങ്ങനെയൊരു ബന്ധം അച്ഛനും മകളുമായി നിലനില്‍ക്കുന്നത് നല്ലതാണെന്നാണ് ഞാന്‍ കരുതിയത്. ''
''പിറ്റേന്ന് രാവിലെ അയാളെന്നെ വിളിച്ചു. അയാളെന്നോട് പറഞ്ഞു അയാള്‍ മകളേയും കൂട്ടി രാജ്യം വിട്ടുവെന്ന്. അയാള്‍ ചെക്ക് റിപബ്ലിക്കിലെത്തിയിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ പൊലീസിനെ വിളിച്ചു. അവരവനെ വിളിച്ചു സംസാരിച്ചു. പക്ഷെ, ഇന്‍റര്‍നാഷണല്‍ ട്രീറ്റി പ്രകാരം ഇക്കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാനാകില്ലെന്ന് പോലീസും വ്യക്തമാക്കി. അയാളാണെങ്കില്‍ എന്നെ ഒരുതരത്തിലുമറിയിക്കാതെയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. ''
ട്രേസി ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള യുവാവുമായി പരിചയപ്പെടുന്നത് 2005ലാണ്. അയാളന്ന് ബ്രാഡ്ഫോഡില്‍ ജോലി ചെയ്യുകയാണ്. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ട്രേസി കുഞ്ഞിന് ജന്മം നല്‍കി. പിന്നീടവര്‍ ചെക്ക് റിപബ്ലിക്കിലുള്ള അയാളുടെ ഗ്രാമത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. അവിടെയാണയാളുടെ കുടുംബം. പക്ഷെ, ഇടയ്ക്കെപ്പോഴോ അവരുടെ ബന്ധം തകര്‍ന്നു തുടങ്ങിയിരുന്നു.
2016ല്‍, ട്രേസിയുടെ അമ്മയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അവര്‍ മകളുമായി യു.കെയിലേക്ക് തിരിച്ചെത്തി. ദമ്പതികളെന്ന പോലെയായിരുന്നില്ല അവരുടെ ജീവിതം. പക്ഷെ, മകളെ അവരിരുവരും സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്തു.
പക്ഷെ, ബ്രാഡ്ഫോര്‍ഡിലെത്തിയപ്പോള്‍ ട്രേസിയുടെ പങ്കാളിയും അമ്മയുമായി വഴക്കുണ്ടാവുകയും അയാള്‍ അവിടെനിന്ന് ഇറങ്ങുകയും ചെയ്തു. അയാള്‍ പറയുന്നത് ട്രേസിയുടെ വീട്ടില്‍ താന്‍ അവഗണിക്കപ്പെട്ടുവെന്നും അവിടെ നിന്നും തന്നെ ഇറക്കി വിട്ടു എന്നുമാണ്. 'മകളുടെ പിറന്നാള്‍ ദിവസം പോലും അയാള്‍ക്ക് ആ വീട്ടില്‍ കയറാനായിട്ടില്ല. തനിക്കത് വളരെ വേദനയുണ്ടാക്കി. ഞാനൊരു കുഞ്ഞിനെ പോലെ കരഞ്ഞു. പിന്നീടാണ് അതില്‍ നിന്നും കര കയറിയത്' എന്നും അയാള്‍ പറയുന്നു.
കുഞ്ഞിനെ തിരികെ കൊണ്ടുവന്നത് ഇങ്ങനെ
രണ്ടു രാജ്യത്തുള്ളവരുടെ കുട്ടിയാകുമ്പോള്‍, കുട്ടി കൂടുതല്‍ വര്‍ഷം ജീവിച്ച രാജ്യത്ത് കുട്ടിയെ നിര്‍ത്താനാണ് നിയമം പറയുക. ട്രേസിയുടെ മകളുടെ കാര്യത്തില്‍ കുട്ടിയെ ബ്രാഡ്ഫോര്‍ഡിലേക്ക് മടക്കിക്കൊണ്ടുവരാന്‍ വേണ്ടത്ര വാദമുന്നയിക്കാനും അവള്‍ക്കായിരുന്നില്ല.
'എനിക്ക് അവളില്ലാതെ ജീവിക്കാനാകുമായിരുന്നില്ല. നിയമപരമായി അവളെ ചെക്ക് റിപബ്ലിക്കില്‍ നിര്‍ത്തിയിരുന്നുവെങ്കിലെന്ത് ചെയ്യുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. നിയമം ഒരമ്മയെ ശിക്ഷിക്കില്ലെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.' പതിനെട്ട് മാസത്തിനുള്ളില്‍ ഇടയ്ക്ക് ട്രേസിയ്ക്ക് മകളെ കാണാനുള്ള അനുമതി ലഭിച്ചിരുന്നു. നിയമപോരാട്ടത്തിനൊടുവില്‍ ജൂലൈ ആറിന് മകള്‍ ബ്രാഡ്ഫോഡില്‍ തിരികെയെത്തി.
'മകളെത്തിയ നേരമാണ് തനിക്ക് സമാധാനമായത്. സന്തോഷം കൊണ്ട് ഞാനവളെ കെട്ടിപ്പിടിച്ചു. എടുത്തുകൊണ്ട് വട്ടം ചുറ്റി. അവളെത്തിയ ഉടനെ ഞങ്ങള്‍ കുറേ കെട്ടിപ്പിടിച്ചു, ചിരിച്ചു. എത്രമാത്രം അന്യോന്യം സ്നേഹിക്കുന്നുവെന്ന് പറഞ്ഞു. ' ട്രേസി പറയുന്നു.
മകളെ പിരിഞ്ഞിരുന്ന പതിനെട്ട് മാസവും അവള്‍ ബ്രാഡ്ഫോഡില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. പക്ഷെ, കുഞ്ഞിന് എത്തിയ ഉടനെ അത് പരിചിത ഇടമായി.
കുട്ടിയുടെ അച്ഛന്‍ പറയുന്നത് , അവളെ കൊണ്ടുവന്നത് അവളെ ഒട്ടും ബാധിച്ചിട്ടില്ലെന്നും അവളുടെ ആരോഗ്യവും പഠനവുമെല്ലാം എല്ലാം നല്ലതായിരുന്നുവെന്നുമാണ്.
മകള്‍ പറയുന്നതാകട്ടെ, അച്ഛന് തന്‍റെ സന്തോഷമാണ് വലുതെങ്കില്‍, തന്നോട് സ്നേഹമാണെങ്കില്‍ തന്നെ ഇംഗ്ലണ്ടില്‍ നില്‍ക്കാന്‍ അനുവദിക്കുകയായിരുന്നു വേണ്ടതെന്നാണ്. കാരണം അവള്‍ക്കിഷ്ടം ഇംഗ്ലണ്ടാണ്.
കേസ് ശ്രദ്ധിച്ച വിദഗ്ദ ആന്‍ മേരി ഹച്ചിന്‍സണ്‍ പറയുന്നത്, അമ്മയില്‍ നിന്നുമുള്ള നീണ്ട മാറ്റിനിര്‍ത്തല്‍ കുഞ്ഞിനെ വല്ലാതെ ബാധിച്ചിരുന്നുവെന്നും അതവളുടെ മാനസികാരോഗ്യത്തെ മോശമാക്കിയിരുന്നുവെന്നുമാണ്.
ഇപ്പോഴേതായാലും അമ്മയും മകളും ഹാപ്പിയാണ്. അവരൊരുമിച്ച് ഷോപ്പിങ്ങിന് പോവുകയും സുഹൃത്തുക്കളെ കാണുകയും ഒക്കെ ചെയ്യുന്നു. പിരിഞ്ഞുനിന്ന സമയത്തെയോര്‍ക്കുമ്പോള്‍ ഇപ്പോഴും ഇരുവര്‍ക്കും വേദനയാണെന്നും രണ്ടുപേരും പറയുന്നുണ്ട്.
