നമ്മൾ എല്ലാവരും നമ്മുടെ മക്കളുടെ സുരക്ഷയെകുറിച്ചോർത്ത് ആശങ്കപ്പെടുന്നവരാണ്. പുറത്തു പോയാൽ തിരിച്ചെത്തുന്നതുവരെ ഒരുപക്ഷേ നമ്മുടെ ഉള്ളിൽ തീയായിരിക്കും. എന്നിരുന്നാലും അതിന്റെ പേരിൽ അവരെ പുറത്തേക്ക് വിടാതിരിക്കാനോ, അവരുടെ ജീവിതം തടസ്സപ്പെടുത്താനോ നമ്മൾ ശ്രമിക്കാറില്ല. എന്നാൽ, റഷ്യയിൽ അടുത്തകാലത്തായി ഒരമ്മ മകളുടെ സുരക്ഷയെ കുറിച്ചോർത്ത് വേവലാതിപ്പെട്ട് അവളെ വീടിന് വെളിയിൽ വിടാതെ പൂട്ടിവച്ചിരുന്നു എന്ന വിചിത്രമായ വാർത്തയാണ് പുറത്തുവന്നത്. അതും ഒന്നും രണ്ടും മാസമല്ല. 26 വർഷമാണ് ആ മകൾ വീടിനുള്ളിൽ തന്നെ കഴിഞ്ഞത്. തികച്ചും ആരോഗ്യവതിയായിരുന്നിട്ടും ആ 42 കാരി വീടിന് പുറത്ത് കാലുകുത്താനാകാതെ വർഷങ്ങളോളം കഴിഞ്ഞു എന്നത് ഒരു ഞെട്ടലോടെയാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തത്.  

പടിഞ്ഞാറൻ റഷ്യയിലെ അരെഫിൻസ്‍കി ഗ്രാമത്തിലെ നഡെഷ്‍ദ ബുഷുവ 16 വയസ്സുള്ളപ്പോൾ മുതൽ പുറത്തിറങ്ങാതെ അമ്മയുടെ കൂടെ വീട്ടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. എന്നാൽ, ഈ മാസം അവൾ വീടുവിട്ട് പുറത്തിറങ്ങാൻ തീരുമാനിച്ചതിന് പിന്നിൽ ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അമ്മ റ്റയാനായാണത്. തീരെ വയ്യാതായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വേണ്ടിയാണ് 26 വർഷത്തിനിടെ ഇതാദ്യമായി അവർ പുറത്തിറങ്ങിയത്. എന്നാൽ, മകളെ ഇങ്ങനെ പൂട്ടിവച്ചതിന് ആ അമ്മ പറയുന്ന ന്യായീകരണം “പുറംലോകത്തിന്റെ അപകടങ്ങളിൽ നിന്ന് അവളെ സംരക്ഷിക്കാൻ” വേണ്ടിയാണ് ഇതെന്നാണ്.

സ്ത്രീകളായ അയൽവാസികളോട് ചോദിച്ചപ്പോൾ, റ്റയാന എല്ലായ്പ്പോഴും തന്റെ മകളെ വളരെയധികം സംരക്ഷിച്ചിരുന്നുവെന്നും, പക്ഷേ, പെട്ടെന്നാണ് കാര്യങ്ങൾ ശരിക്കും കൈവിട്ടു പോയതെന്നും പറയുന്നു. ഗ്രാമത്തിലെ മറ്റ് കൗമാരക്കാരോടൊത്ത് പുറത്തുപോകുന്നത് അമ്മ വിലക്കിയപ്പോൾ എട്ടാം ക്ലാസിലായിരുന്നു നഡെഷ്‍ദ. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇരുവരും പൂർണമായും ഒറ്റപ്പെട്ട് കഴിയാൻ തുടങ്ങി. നഡെഷ്‍ദ അതിന് ശേഷം സ്‍കൂളിൽ പോയിട്ടില്ല. എന്നാൽ, പലരും റ്റയാനയെ ഇതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല. കോഴി തന്റെ ചിറകിൻ കീഴിൽ കുഞ്ഞുങ്ങളെ ഒതുക്കിവയ്ക്കും പോലെ അവർ തന്റെ മകളെ പൊതിഞ്ഞു കൊണ്ടുനടന്നു. മകൾ ആദ്യമെല്ലാം അമ്മയെ എതിർത്തെങ്കിലും പിന്നീട് ആ പുതിയ ജീവിതവുമായി അവൾ പൊരുത്തപ്പെടുകയായിരുന്നു.

26 വർഷങ്ങൾക്ക് ശേഷം അവളെ വെളിയിൽ കണ്ടപ്പോൾ നാട്ടുകാർ അവളുടെ കോലം കണ്ട് ഞെട്ടിപ്പോയി. 12 വർഷത്തിനിടെ താൻ മുടി കഴുകിയിട്ടില്ലെന്നും, വസ്ത്രങ്ങൾ മാറ്റിയിട്ടില്ലെന്നും വർഷങ്ങളായി പൂച്ചയ്ക്ക് കൊടുക്കുന്ന ഭക്ഷണമാണ് കഴിച്ചിരുന്നതെന്നും യുവതി വെളിപ്പെടുത്തി. അമ്മയോടൊപ്പം കഴിഞ്ഞിരുന്ന അവളുടെ വീട്ടിൽ കട്ടിലിലും തറയിലും ചത്ത പൂച്ചകളെയും മാധ്യമങ്ങൾ കണ്ടെത്തി. “കട്ടിലിൽ ചത്ത പൂച്ചകളുണ്ടെങ്കിലെന്താ ഇപ്പൊ? ഒരുപക്ഷേ ഞാനും അധികം താമസിയാതെ ഈ കിടക്കയിൽ തന്നെ കിടന്നു ചാവും. എന്റെ ജീവിതം ആ പൂച്ചകളുടെ ജീവിതത്തേക്കാൾ മോശമാണ്. ഒരു പൂച്ചയ്ക്ക് എന്നെക്കാൾ കൂടുതൽ അവകാശങ്ങളുണ്ട്. ഞാൻ ചത്ത് ജീവിക്കുന്നവളാ” നഡെഷ്‍ദ ബുഷുവ പറഞ്ഞു. ഗ്രാമവാസികൾ പിന്നീട് അവളെ ലോക്കൽ കൗൺസിലിന്റെ തലവനായ വാസിലി ടോവർനോവിന്റെ അടുത്തെത്തിച്ചു.

ഒരു ജോലി കണ്ടെത്തി പാസ്‌പോർട്ട് എടുക്കണമെന്ന് അവൾ പറയുമ്പോളും, പക്ഷേ ജീവിതശൈലിയിൽ മാറ്റം വരുത്താൻ അവൾക്ക് താൽപ്പര്യമില്ലായിരുന്നു. അവൾ അവിടെ നിന്ന് മാറാൻ തയ്യാറായില്ല. 42 -കാരിയെ നിർബന്ധിച്ച് അവിടെ നിന്ന് മാറ്റാൻ കഴിയില്ലെന്നും അവര്‍ ഇതുവരെ വാഗ്ദ്ധാനം ചെയ്‍ത എല്ലാ സഹായങ്ങളും നിരസിച്ചതായും ജില്ലയിലെ സാമൂഹിക സുരക്ഷാ സേവനങ്ങളുടെ ഡയറക്ടർ ലാരിസ മിഖീവ പറഞ്ഞു. അത് അവളുടെ തീരുമാനമാണെന്നും അവർ കൂട്ടിച്ചേർത്തു.  

“അവൾ വികലാംഗയല്ല. അവൾക്ക് മാനസികരോഗവുമില്ല. ഒരു മുതിർന്ന സ്ത്രീയായ അവൾ അമ്മയോടൊപ്പമാണ് താമസിക്കുന്നത്.  ഈ ജീവിതശൈലിയിൽ അവൾക്ക്  പ്രശ്നവുമില്ല. അതുകൊണ്ട് തന്നെ ബലം പ്രയോഗിച്ച് അവളെ അവിടെ നിന്ന് അവളെ മാറ്റാനാവില്ല” മിഖീവ പറഞ്ഞു. നഡെഷ്‍ദ ബുഷുവേയ്ക്ക് മാനസിക പ്രശ്‌നമില്ലെന്ന് പ്രാദേശിക അധികാരികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, മാധ്യമങ്ങളിൽ അതൊരു  ചർച്ചാവിഷയമാവുകയാണ്. കഴിഞ്ഞയാഴ്ച റഷ്യൻ ടെലിവിഷൻ ഷോയായ “ബൈ വേ” -യിലാണ്  നഡെഷ്‍ദ ബുഷുവയുടെ ഞെട്ടിക്കുന്ന കഥ ആദ്യം പ്രത്യക്ഷപ്പെട്ടത്, അതിനുശേഷം ഇത് മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.