ആദ്യ ഭാഗം
സ്വപ്‌നത്തിലേക്ക് ഒരു തീവണ്ടി
രണ്ടാം ഭാഗം
മഴ കാത്തൊരു കൊട്ടാരം
മൂന്നാം ഭാഗം:
ഒമ്പത് റാണിമാരും ഒരു രാജാവും!
നാലാം ഭാഗം:
മരുഭൂമിയില്‍ ഒരു മരണക്കിണര്‍ അഭ്യാസി!

അഞ്ചാം ഭാഗം:
ഈ നഗരത്തിന് നീലനിറമാണ്!

പുലര്‍ച്ചെ രണ്ടു മണിക്ക് വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത് .ടൂര്‍ മാനേജര്‍ ഫൈസലായിരുന്നു.മൂന്നുമണിക്ക് ബസ്സിലേക്കെത്തണം എന്നു പറയാനാണ് അവന്‍ വന്നത്. കുളിച്ചു ഫ്രെഷ് ആയി എല്ലാവരും ബസ്സിലേക്ക് നടന്നു. ജോധ്പൂര്‍ സ്റ്റേഷനില്‍ ഞങ്ങള്‍ക്കുള്ള ട്രെയിന്‍ റെഡിയായി നില്‍പ്പുണ്ടായിരുന്നു. ട്രെയിനില്‍ കയറിയപ്പോള്‍ എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഏറ്റവും മുകളിലുള്ള ബര്‍ത്തിലേക്ക് കയറി ഞാനും കിടന്നു.ഏഴുമണിക്കാണ് അബു റോഡ് സ്റ്റേഷനില്‍ എത്തിയത്. അവിടുന്ന് അബുവിലേക്ക് പോവാന്‍ ടെമ്പോ ട്രാവലര്‍ ജീപ്പുകള്‍ റെഡിയായി നില്‍പ്പുണ്ടായിരുന്നു. പത്തു പേര്‍ക്ക് ഒരു ജീപ്പ് എന്ന കണക്കില്‍ ആയിരുന്നു. അവര്‍ വാഹനം ഒരുക്കിയിരുന്നത്. ഞങ്ങള്‍ അഞ്ചു പേരും ജീപ്പിനടുത്തേക്ക് നടന്നു. നിങ്ങളുടെ കമ്പനിയില്‍ കൂട്ടാമോ എന്ന് ഇടയ്ക്കിടെ കളിയായി ചോദിക്കുന്ന ഞങ്ങള്‍ ഇണക്കുരുവികള്‍ എന്നു പേരിട്ട പാലക്കാട്ടുകാരായ അദ്ധ്യാപക ദമ്പതിമാര്‍ മൂന്നു പേരെയും കൂട്ടി ഞങ്ങളുടെ ജീപ്പില്‍ കയറി.

ആരവല്ലി മലനിരകളുടെ വളഞ്ഞു പിരിഞ്ഞു പോവുന്ന വഴിയിലൂടെ ജീപ്പ് കയറ്റം കയറി തുടങ്ങി.എന്നത്തെയും പോലെ ഷഫീക്ക് തമാശ പറഞ്ഞു തുടങ്ങിയിരുന്നു. ജോലിയുടെ ഇടവേളകളില്‍ യാത്രകള്‍ നടത്തുന്ന ഷഫീക്കും സഹിലും മനോഹരമായി യാത്രാ വിവരണങ്ങളും എഴുതുന്നവരാണ്. എങ്കിലും മായാവിയുലെ മമ്മൂട്ടിയെ പോലെ ഇടക്കിടെ ആവശ്യമില്ലാത്തിടത്തൊക്കെ വലിയ വാക്കുകളൊക്കെ പറഞ്ഞു കളയും ഷഫീക്ക്. തലേ ദിവസം സിപ്പ് ലൈന്‍ പോയ സഹിലിന്റെ അനുഭവത്തെ കുറിച്ച് ചോദിച്ചറിയുന്ന തിരക്കിലായിരുന്നു ലേഖ. വീഡീയോ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നി.

മൗണ്ട് അബുവില്‍ എന്തൊക്കെയാണ് കാണാന്‍ പോകുന്നത് എന്ന് ഒരു ഐഡിയയും ഉണ്ടായിരിന്നില്ല.എല്ലായിടവും കൊണ്ടു പോയി കാണിക്കാമെന്നായി ഡ്രൈവര്‍.

ഇണക്കുരുവികള്‍
1700 അടി ഉയരത്തില്‍ ആരവല്ലി കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മൌണ്ട് അബു.രാജസ്ഥാനിലെ ഒരു ഹില്‍ സ്റ്റേഷന്‍ കൂടിയാണ് മൗണ്ട് അബു. ഈ പേരിനു പിന്നില്‍ ഒരു കഥയുണ്ട്. ശിവ വാഹനമായ വസിഷ്ഠ മുനിയുടെ ആശ്രമത്തിലെ ഗോമതാവ് നന്ദിനി ഒരിയ്ക്കല്‍ ഒരു അഗാധ ഗര്‍ത്തത്തില്‍ വീണപ്പോള്‍ രക്ഷിക്കാനായി വന്ന നാഗ ദൈവമായ അര്‍ബുധ ഇവിടെ എത്തി ചേര്‍ന്നു. അങ്ങിനെ ഇവിടം അര്‍ബുധാരണ്യ എന്നറിയപ്പെടാന്‍ തുടങ്ങി. അര്‍ബുദാരണ്യ ലോപിച്ചാണ് അബു ആയത്.

നക്കി ലേക്കിനു മുന്‍പിലാണ് ജീപ്പ് നിന്നത്. നക്കി എന്ന വാക്കിന്റെ അര്‍ത്ഥം നഖം എന്നാണ്. പണ്ട് ദേവന്മാര്‍ നഖങ്ങള്‍ കൊണ്ട് കുഴിച്ചുണ്ടാക്കിയതാണ് ഈ തടാകം എന്നാണ് സങ്കല്‍പ്പം. ദില്‍വാര ക്ഷേത്രത്തിന്റെ ശില്പിയായ രസിയ ബാലം ഒരൊറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണ് ഇതെന്നും പറയുന്നുണ്ട്. മനോഹരമായ മലനിരകള്‍ക്ക് നടുവിലാണ് നക്കി തടാകം സ്ഥിതി ചെയ്യുന്നത്. ചുറ്റുമുള്ള പ്രകൃതിയുടെ സൗന്ദര്യവും ആസ്വദിച്ച് തടാകത്തിലൂടെ ബോട്ടിങ്ങ് നടത്തുന്നവരെ നോക്കി ഞങ്ങള്‍ അവിടെ ഇരുന്നു. സെല്‍ഫി സ്റ്റിക്ക് ഘടിപ്പിച്ച മൊബൈലില്‍ ചേര്‍ന്ന് നിന്നു ഫോട്ടോ എടുക്കുകയാണ് ഞങ്ങളുടെ സഹയാത്രികരായ ഇണക്കുരുവികള്‍. എഴുപത് വയസിലും എത്ര മനോഹരമായാണവര്‍ പ്രണയിക്കുന്നത് എന്ന് ഓര്‍ത്ത് നില്‍ക്കെ ലേഖ അടുത്തേക്ക് വന്നു.അവരെ കാണുമ്പോഴാണ് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമൊക്കെ ആഗ്രഹിച്ചു പോവുന്നത് എന്നു പറഞ്ഞ കമ്പാര്‍ട്ട്‌മെന്റില്‍റ തൊട്ടപ്പുറത്തിരുന്ന ചേച്ചിയെ കുറിച്ചു പറഞ്ഞപ്പോള്‍ അവള്‍ പുഞ്ചിരിച്ചു.ഫോണ്‍ എടുത്ത് വീട്ടിലേക്ക് വെറുതെ ഒന്നു വിളിച്ചു നോക്കി.പരിധിക്കു പുറത്താണെന്ന മറുപടി കേട്ടപ്പോള്‍ ഫോണ്‍ ബാഗിലേക്ക് തന്നെ വെച്ചു.

കുന്നുകയറി ഗുഹയ്ക്കുള്ളിലൂടെ
ആധാര്‍ ദേവി ക്ഷേത്രത്തിലേക്കാണ് പിന്നീട് പോയത്. 365 പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍. കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്ന മനോഹര ദൃശ്യങ്ങള്‍ ആസ്വദിച്ച് തുക്കെ പടികള്‍ കയറുമ്പോള്‍ കുഞ്ഞുടുപ്പിട്ട പെണ്‍കുട്ടികള്‍ ഉത്സാഹത്തോടെ ചാടി കയറി ഞങ്ങളെ കടന്നു പോയി.പടികളുടെ ഇരു വശവും രാജസ്ഥാനി വളകളും ആഭരണങ്ങളും ചില്ലിട്ടു വെച്ച പെയിന്റിങ്ങുകളും വില്‍ക്കാന്‍ വെച്ച കടകള്‍. ഭക്തി ഗാന സീഡികള്‍ വില്‍പ്പനക്ക് വെച്ച കടകളില്‍ നിന്ന് അനുരാധാ പൗഡ്വാളും കുമാര്‍ സാനുവും ഉച്ചത്തില്‍ പാടുന്നു.ആരവല്ലി കുന്നിന്‍ മുകളിലെ ഒരു ഗുഹക്കുള്ളില്‍ പാറയുടെ ഉള്ളിലൂടെ കുനിഞ്ഞു കയറിയാലേ ദുര്‍ഗ ദേവിയുടെ വിഗ്രഹത്തിനു മുന്‍പിലെത്തു. 365 പടികള്‍ കയറി അവിടെയെത്തുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ്.

ബ്രഹ്മകുമാരിസ് സ്പിരിച്ച്വല്‍ യൂണിവേഴ്‌സിറ്റിയിലേക്കായിരുന്നു അടുത്ത യാത്ര.ലോക പ്രശസ്തമായ ബ്രഹ്മകുമാരിസ് വേള്‍ഡ് സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണിത്. വെള്ള വസ്ത്രധാരിയായ ഒരാള്‍ വന്ന് ഞങ്ങളെ സ്വീകരിച്ചു വലിയൊരു ഹാളിലേക്ക് കൊണ്ടു പോയി. ഏകദേശം 132 രാജ്യങ്ങളിലായി 8500 ശാഖകളും അനവധി പ്രവര്‍ത്തകരുമുള്ള സ്ഥാപനത്തെ കുറിച്ചും അവരുടെ ആദര്‍ശങ്ങളെ കുറിച്ചും തത്വങ്ങളെ കുറിച്ചും പതിനഞ്ച് മിനിറ്റ് അയാള്‍ സംസാരിച്ചു.

സെല്‍ഫി സ്റ്റിക്ക് ഘടിപ്പിച്ച മൊബൈലില്‍ ചേര്‍ന്ന് നിന്നു ഫോട്ടോ എടുക്കുകയാണ് ഞങ്ങളുടെ സഹയാത്രികരായ ഇണക്കുരുവികള്‍. എഴുപത് വയസിലും എത്ര മനോഹരമായാണവര്‍ പ്രണയിക്കുന്നത് എന്ന് ഓര്‍ത്ത് നില്‍ക്കെ ലേഖ അടുത്തേക്ക് വന്നു.അവരെ കാണുമ്പോഴാണ് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമൊക്കെ ആഗ്രഹിച്ചു പോവുന്നത് എന്നു പറഞ്ഞ കമ്പാര്‍ട്ട്‌മെന്റില്‍റ തൊട്ടപ്പുറത്തിരുന്ന ചേച്ചിയെ കുറിച്ചു പറഞ്ഞപ്പോള്‍ അവള്‍ പുഞ്ചിരിച്ചു.

രാജസ്ഥാനിലെ തന്നെ ഏറ്റവും മനോഹരവും പ്രശസ്തവുമായ ദില്‍ വാരാ ജൈന ക്ഷേത്രത്തിലേക്കായിരുന്നു പിന്നീട് പോയത്.മൗണ്ട് അബുവില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരെ ഒരു ചെറിയ ഗ്രാമത്തിലാണ് ദില്‍ വാരാ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ജീപ്പിറങ്ങി ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ ഞങ്ങള്‍ നടന്നു. മൊബലോ ക്യാമറയോ അകത്തേക്ക് കൊണ്ടു പോവാനാവില്ല.കര്‍ശനമായ പരിശോധനയാണവിടെ ഉള്ളത ്.ഞങ്ങള്‍ അകത്തേക്ക് കയറി.വെണ്ണക്കല്ലില്‍ തീര്‍ത്ത വിസ്മയം കണ്ട് എല്ലാവരും വാ പൊളിച്ചു നിന്നു പോയി.താജ്മഹലിനു പോലും ഇത്രയും സൗന്ദര്യമില്ല എന്നു പറഞ്ഞ ഉത്തരേന്ത്യക്കാരായ ദമ്പതികളുടെ കമന്റ് എല്ലാവരും ശരി വെച്ചു. പതിനൊന്നിനും പതിമൂന്നിനുമിടയിലുള്ള നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട വെള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത തികച്ചും വ്യത്യസ്തങ്ങളായ അഞ്ച് ക്ഷേത്രങ്ങളാണിവിടെയുള്ളത്. വിമല്‍ വസാഹി ക്ഷേത്രം, ലുണ വസാഹി ക്ഷേത്രം,പീതല്‍ഹാര്‍ ക്ഷേത്രം,ഖര്‍താര്‍ വസാഹി ക്ഷേത്രം, ശ്രീ മഹാവീര്‍ സ്വാമി ക്ഷേത്രം എന്നിങ്ങനെ അഞ്ചു ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണിത്.മച്ചിലും തൂണിലും മനോഹരമായ ശില്പ്പവേലകള്‍.സുഖകരമായ തണുപ്പാണുള്ളില്‍. കൊത്തുപണികളാല്‍ അലംകൃതമായ ഈ ക്ഷേതങ്ങള്‍ എത്ര കണ്ടാലും മതി വരില്ല.രാജസ്ഥാനില്‍ പോകുന്ന ഒരു സഞ്ചാരിയും ഒരിക്കലും ഈ ക്ഷേത്രങ്ങള്‍ കാണാതെ തിരിച്ചു പോകരുത്.

ഗുരു ശിഖര്‍
നക്കി ലേക്കിനടുത്ത് ഒരുക്കിയ ഉച്ച ഭക്ഷണത്തിനു സമയമായിരുന്നു.പിന്നീട് ഗുരു ശിഖറിലേക്കായിരുന്നു യാത്ര. രാജസ്ഥാനിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ഗുരു ശിഖര്‍. സമുദ്രനിരപ്പില്‍ നിന്ന് 5,676 അടി ഉയരത്തിലാണ് ഗുരു ശിഖര്‍ സ്ഥിതി ചെയ്യുന്നത്. ഒരു കുന്നിന്‍ മുകളില്‍ ജീപ്പ് നിര്‍ത്തി. മഹാവിഷ്ണുവിന്റെ അവതാരമായ ദത്താത്രേയ മുനിയുടെ ഒരു ക്ഷേത്രം മലമുകളിലാണ്. പാറകെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്ക് കയറി പോവുന്ന പടികള്‍ കണ്ടപ്പോള്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അഞ്ചു പേരും വരുന്നില്ലെന്ന് പറഞ്ഞു. നട്ടുച്ച വെയിലില്‍ നൂറ്റി അമ്പതോളം പടികള്‍ കയറുക എന്നത് ആയാസകരം തന്നെയാണ്.. ഇവിടെയുള്ള ഒരു ഗുഹയ്ക്കുള്ളില്‍ മുനിയുടെ പാദസ്പര്‍ശം ഉണ്ടായത് കൊണ്ടാണത്രേ ഇവിടം ഗുരു ശിഖര്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. 

ഞങ്ങള്‍ അഞ്ചു പേരും മുകളിലേക്ക് കയറി. പകുതി കയറിയപ്പോഴാണ് അരികിലായി ഒരു ചെറിയ അമ്പലം കണ്ടത്. ലേഖയും ട്രീസയും ഷഫീക്കും ഷൂ അഴിച്ചു വെച്ച് ക്ഷേത്രത്തിലേക്ക് കയറി.അമ്പലത്തിനു ചാരി ഷീറ്റ് വലിച്ചു കെട്ടിയ പന്തലിനടിയില്‍ ചെറിയൊരു കടയുണ്ട്.ഞാനും സഹിലും അവരേയും കാത്ത് അവിടിരുന്നു. ക്ഷേത്രത്തിലേക്കെത്തണമെങ്കില്‍ വീണ്ടും കയറണം. ഹണിമൂണ്‍ ആഘോഷിക്കാന്‍ വന്ന ഉത്തരേന്ത്യക്കാരി പടികളിലേക്ക് നോക്കി ബാപ്പരേ എന്ന് നിലവിളിച്ചു. അമ്പലത്തിലേക്കു യ കൂട്ടുകാര്‍ പുറത്തേക്ക് വന്നു.ദൂരേ നക്കി തടാകവും ആരവല്ലി മലകള്‍ക്കിടയിലൂടെ പാമ്പിനെ പോലെ പുളഞ്ഞു കിടക്കുന്ന ഞങ്ങള്‍ വന്ന വഴിയും നോക്കി നില്‍ക്കുമ്പോള്‍ ഞാനാകെ ഉണ്‍കൃതിയിലാണ്ടു പോയി എന്ന ഷഫീക്കിന്റെ കമന്റ് കേട്ട് എല്ലാവരും പൊട്ടിചിരിച്ചു. സാമാന്യം വലിയൊരു മണി തൂക്കിയിട്ട വിശാലമായ ഒരു ക്ഷേത്ര മുറ്റത്തേക്കാണ് ഞങ്ങള്‍ എത്തിയത്. 1411 ല്‍ പണികഴിപ്പിച്ച ഈ മണി അടിച്ചാല്‍ അതിന്റെ ശബ്ദം കിലോ മീറ്ററുകള്‍ അകലെ വരെ മുഴങ്ങി കേള്‍ക്കും എന്നാണവര്‍ പറഞ്ഞത്. 

കൈവരികള്‍ കെട്ടിയ മുറ്റത്ത് നിന്ന് താഴോട്ടു നോക്കിയാല്‍ കാണുന്ന കാഴ്ച്ച അതി മനോഹരമാണ്.വീശിയടിക്കുന്ന തണുത്ത കാറ്റ്.മനോഹരമായ പ്രകൃതി.സൂര്യാസ്തമയം വരെ അവിടെ നില്‍ ക്കാന്‍ തോന്നി.സഞ്ചാരികള്‍ വളരെ കുറവായിരുന്നു.ഷാരൂഖ് ഖാനെ പോലെ കൈകള്‍ വിടര്‍ത്തി വെച്ച് ഫോട്ടോക്ക് പോസ് ചെയ്യുകയാണ് ഷഫീക്ക്..സണ്‍ സെറ്റ് പോയിന്റിലേക്ക് പോവാമെന്ന് പറഞ്ഞു ഡ്രൈവര്‍ വിളിക്കുന്നത് വരെ ഞങ്ങള്‍ അവിടെ നിന്നു.ഫോട്ടോഗ്രാഫിയും യാത്രയും ഭ്രാന്താണ് ഷഫീക്കിന്.കാണുന്ന കാഴ്ചകള്‍ എല്ലാം ക്യാമറയിലേക്ക് പകര്‍ത്തുന്നതിനിടയില്‍ പല വിദേശ സ്ത്രീകളും അവന്റെ ക്യാമറക്ക് മുന്‍പില്‍ ഒരു സൂപ്പര്‍ മോഡലിനെ പോലെ നിന്ന് കൊടുക്കാറുണ്ട്. എല്ലാവരും തിരക്കിട്ട് ഇറങ്ങുന്നതിനിടയില്‍ അവന്റ വിലപിടിപ്പുള്ള ക്യാമറയിലേക്ക് നോക്കി ഒരു ഫോട്ടോ എടുത്ത് കൊടുക്കാമോ എന്ന ചോദ്യവുമായി ഒരു സുന്ദരി വന്നു പെട്ടു.ഞങ്ങള്‍ നാലു പേരും താഴേക്ക് ഇറങ്ങി.

വിട പറയും നേരം 
കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ ഓടി പടികള്‍ ഇറങ്ങുന്ന ഷഫീക്കിനെ നോക്കി അമ്പലത്തിനു മുന്‍പില്‍ നിന്നയാള്‍ എന്തൊക്കെയോ പറയുന്നുണ്ട്. മദാമ്മയോട് ആക്‌സന്റ് ഇട്ട് സംസാരിചു മടങ്ങുന്ന ഹാങ്ങോവറില്‍ അവനത് ശ്രദ്ധിച്ചതേ ഇല്ല.താഴെ എത്തിയപ്പോഴാണ ക്ഷേത്രത്തില്‍ കയറിയപ്പോള്‍ അഴിച്ചു വെച്ച ഷൂ ഇടാന്‍ മറന്നു പോയി എന്നവന് മനസിലായത്.വീണ്ടും നൂറ്റി എഴുപതുപടികള്‍ കയറി മുകളിലേക്ക് പോകുന്ന അവനെ നോക്കി ചിരിച്ചു വീണു പോയി എല്ലാവരും.തിരിച്ചുള്ള യാത്രയില്‍അവന്റെ വാക്കുകളില്‍ എന്താണ് നടന്നതെന്ന് വിശദീകരിച്ചപ്പോള്‍ കേട്ട് ജീപ്പിലുണ്ടായിരുന്നവരും ആര്‍ത്തു ചിരിച്ചു.

സണ്‍സെറ്റ് പോയിന്റില്‍ എത്തിയപ്പോള്‍ ജനസമുദ്രം. ഗുരു ശിഖറില്‍ നിന്ന് കാണുന്ന അസ്തമയത്തിന്റെ ഭംഗി ഇവിടുന്ന് കിട്ടില്ലെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു.അവിടെ തന്നെ നിന്നാല്‍ മതിയായിരുന്നു എന്നെല്ലാവര്‍ക്കും തോന്നി.പാറകെട്ടുകള്‍ക്കിടയിലൂടെ താഴോട്ട് ഇറങ്ങിയാല്‍ അന്ദര പോയിന്റ് അഥവാ ഹണി മൂണ്‍ പോയിന്റ് കാണാം. കുറച്ചു വഴി പോയപ്പോള്‍ നിറയെ കുപ്പിചില്ലുകള്‍. പ്രകൃതി തന്നെ പണിത ഒരു സ്ത്രീയുടെയും പുരുഷന്റെയും ആകൃതിയിലുള്ള പാറകളാണ് ഇവിടുത്തെ ആകര്‍ഷണം. ഉയരത്തില്‍ നിന്ന് താഴേക്കുള്ളകാഴ്ച മനോഹരമാണ്. ഇവിടെയ്ക്ക് വരുന്ന സഞ്ചാരികളില്‍ കൂടുതലും മധുവിധു ആഘോഷിക്കാന്‍ വരുന്നവരാണ്.ആള്‍ തിരക്കില്ലാത്തൊരിടത്ത് ഒരു പാറ കല്ലില്‍ കയറി ഞങ്ങളിരുന്നു.പ്രണയത്തോടെ കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന്ന യുവമിഥുനങ്ങളുടെ മുഖങ്ങള്‍ക്കിടയിലൂടെ ചായുന്ന സൂര്യനെ ക്യാമറയിലാക്കുന്ന ഷഫീക്കിന്റെ മുന്‍പില്‍ ഊഴം കാത്തുനില്‍ക്കുന്ന നവദമ്പതിമാരുടെ നീണ്ട നിര. ഇരുള്‍ പരക്കുന്നതുവരെ അവിടിരുന്നു.

കുതിരക്കാരുടേയും വാഹനങ്ങളുടേയും തിരക്കിലൂടെ കൂട്ടം തെറ്റാതിരിക്കാന്‍ ബുദ്ധിമുട്ടി.അബു റോഡ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ എഴുമണി.ട്രെയിന്‍ വരാന്‍ ഇനിയും രണ്ട് മണിക്കൂര്‍ എടുക്കും എന്നു പറഞ്ഞപ്പോള്‍ സ്റ്റേഷനു പുറത്തേക്കിറങ്ങി.കുറഞ്ഞ വിലയില്‍ വസ്ത്രങ്ങളും ബാഗുകളും കിട്ടണമെങ്കില്‍ രാജസ്ഥാനിന്റെ തെരുവിലൂടെ നടന്നാല്‍ മതി.ഒന്‍പതു മണി വരെ രാജസ്ഥന്റെ മധുര പലഹാരങ്ങള്‍ രുചി നോക്കിയും കടകളില്‍ കയറി ഇറങ്ങിയും ഞങ്ങള്‍ നടന്നു.അടുത്ത ദിവസം കാണാമെന്ന് സഹിലിനോടും ഷഫീക്കിനോടും യാത്ര പറഞ്ഞ് ഞങ്ങളുടെ കമ്പാര്‍ട്ട്‌മെന്റിലേക്ക് കയറി.ഇനി മടക്ക യാത്രയാണ്.രണ്ടു ദിവസത്തെ യാത്രക്കു ശേഷം പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങണം

രാജസ്ഥാനിലെ കൊട്ടാരങ്ങള്‍ക്കിടയില്‍ വെച്ചു കാണുമ്പോഴെല്ലാം ഇടക്ക് ഞങ്ങളുടെ അടുത്തേക്ക് വരു,നിങ്ങളുടെ പോസിറ്റീവ് എനര്‍ജി ഞങ്ങള്‍ക്കും കിട്ടട്ടേ എന്നു പറയുന്ന തമിഴ് കുടുംബത്തിന്റെ കൂടെയായിരുന്നു മിക്ക സമയവും ഞങ്ങള്‍. അവരുടെ നാടായ തേനിയെ കുറിച്ചും റിട്ടയറായശേഷം പോയ യാത്രകളെകുറിച്ചുമെല്ലാം പറയുന്നത് കേട്ട് വെറുതേ ഇരുന്നു.രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ട്രെയിന്‍ പാലക്കാട് സ്റ്റേഷനില്‍ എത്തി. വിട പറയലിന്റെ നേരം. ട്രീസയോടും സഹിലിനോടും ഷഫീക്കിനോടും പിന്നെ സ്വന്തം കുടുംബത്തെ പോലെ അടുപ്പം തോന്നിയ പല നാട്ടില്‍ നിന്നുവന്ന സഹയാത്രികരോടും യാത്ര പറയുമ്പോള്‍ മനസിലെവിടെയോ ഒരു നീറ്റല്‍..

അവസാനിച്ചു

ആദ്യ ഭാഗം
സ്വപ്‌നത്തിലേക്ക് ഒരു തീവണ്ടി
രണ്ടാം ഭാഗം
മഴ കാത്തൊരു കൊട്ടാരം
മൂന്നാം ഭാഗം:
ഒമ്പത് റാണിമാരും ഒരു രാജാവും!
നാലാം ഭാഗം:
മരുഭൂമിയില്‍ ഒരു മരണക്കിണര്‍ അഭ്യാസി!

അഞ്ചാം ഭാഗം:
ഈ നഗരത്തിന് നീലനിറമാണ്!